Image

കല്ലിലും കടൽചിപ്പിയിലും കല! (വിജയ് സി. എച്ച്)

Published on 22 October, 2024
കല്ലിലും കടൽചിപ്പിയിലും കല! (വിജയ് സി. എച്ച്)

'വല്ലഭനു പുല്ലും ആയുധം' എന്ന പഴഞ്ചൊല്ലിൽ ഒട്ടും പതിരില്ലെന്നു ബോധ്യപ്പെടും ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയുടെ പ്രതിഭ നേരിട്ടറിഞ്ഞാൽ!

പക്ഷിത്തൂവലും, കല്ലും, കടൽചിപ്പിയും കണ്ണഞ്ചിപ്പിക്കുന്ന കലാരൂപങ്ങളാക്കി അവർ മാറ്റുന്നു. ശ്രീജ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്കു പതിവായി യാത്രകൾ നടത്തിക്കൊണ്ടിരിക്കുന്നതു തൻ്റെ കരവിരുതുകൾക്ക് വേണ്ട സാധനങ്ങൾ ശേഖരിക്കാനും, അതതിടത്തെ ശിൽപശാസ്ത്രങ്ങൾ നേരിൽ കണ്ടറിയാനുമാണ്.

തൻ്റെ ഭാവനകളെ വിരിയിച്ചെടുക്കാൻ കൽകഷ്ണങ്ങളും, കക്കത്തോടും, കിളിപൂടകളും, കൂടാതെ കേൻവാസും ഒരേ പാടവത്തോടെ ഉപയോഗപ്പെടുത്തുന്ന കലാകാരിയുടെ വേറിട്ട സർഗരീതികൾ കൗതുകത്തോടെ ആർക്കും കേട്ടുകൊണ്ടിരിക്കാം...

🟥 കല്ലിലെ രചനകൾ

ഒഡീഷയിലെ ഹിരാക്കുഡിൽ പോയി കൊണ്ടുവന്നതാണ് റോയൽ ചിത്രങ്ങൾ തീർക്കാൻ അനുയോജ്യമായ കല്ലുകൾ. ഹിരാക്കുഡിലെ പ്രത്യേക തരം വെള്ളാരം കല്ലുകളാണ് മൈസൂർ, താഞ്ചൂർ, സുർപൂർ പെയ്ൻ്റിങ്ങുകൾക്കായി ഉപയോഗിച്ചത്. ഈ മൂന്നു ശിൽപലേഖന രൂപങ്ങളും വിജയനഗര രാജാക്കന്മാരുടെ പ്രോത്സാഹനത്താൽ ജന്മമെടുത്ത രചനാ രീതികളാണ്. എന്നാൽ, ഡെക്കാൻ മേഖലയിൽ നിലനിന്നിരുന്ന വിജയനഗര സാമ്രാജ്യത്തിൻ്റെ പതനത്തോടെ (1565) കലാകാരന്മാർ തെന്നിന്ത്യയിലെ മറ്റു നഗരങ്ങളായ മൈസൂർ, തഞ്ചാവൂർ, സുരപുരം എന്നിവിടങ്ങളിലേയ്ക്കു പാലായനം ചെയ്തു. തുടർന്ന്, പുതിയ കേന്ദ്രങ്ങളിൽ അൽപം വിഭിന്നമായ റോയൽ രചനകൾ രൂപപ്പെട്ടു. അവയാണ് കാലക്രമേണ മൈസൂർ, താഞ്ചൂർ, സുർപൂർ ശൈലികളായി അറിയപ്പെടുവാൻ തുടങ്ങിയത്. സ്വർണ്ണം ചാലിച്ചെഴുതിയവയെന്നാണ് മൈസൂർ രീതി അറിയപ്പെടുന്നത്. താഞ്ചൂർ വരകളിൽ മുത്തും പൊന്നുമാണ് മുന്നിട്ടുനിൽക്കുന്നതെങ്കിൽ, സുർപൂർ രചനകളുടെ സവിശേഷത വൈരക്കല്ലും, പവിഴവുമാണ്. കൂടാതെ മുഗൾ, പേർഷ്യൻ പരിഷ്കാരങ്ങളും മെല്ലെ മെല്ലെ കലാകാരന്മാരെ സ്വാധീനിച്ചു. ഹിരാക്കുഡ് കല്ലിൻകഷ്ണങ്ങളിൽ ഇപ്പറഞ്ഞ ഓരോ രചനാരീതിയുടെയും തനിമ നിലനിർത്തിക്കൊണ്ട് ചായമിടുകയെന്നതായിരുന്നു എനിയ്ക്കു നേരിടേണ്ടിവന്ന ഘോരമായ വെല്ലുവിളി. കാര്യമറിയുന്ന ഒരു കലാനിരൂപകൻ കണ്ടാൽ, കൽചീളുകളിൽ ചിത്രീകരിച്ചിരിക്കപ്പെട്ടിരിയ്ക്കുന്നത് ഏതു ഗണത്തിൽപെട്ട പണിയാണെന്ന് വിലയിരുത്തേണ്ടേ? അനുഭവിച്ച സർഗവേദനകൾ ചില്ലറയല്ല!

🟥 അസ്സം കല്ലിൽ രാജസ്ഥാൻ വരകൾ

കാപ്പിപ്പൊടി നിറമുള്ള അസ്സം കല്ലുകളിലാണ് രാജസ്ഥാൻ ശൈലികൾ വരച്ചിട്ടത്. ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും ദൃശ്യങ്ങളും കഥാരംഗങ്ങളും നിറഞ്ഞു നിൽക്കുന്നതിനാൽ രാജസ്ഥാൻ വരകൾ രജപുത് പെയ്ൻ്റിങ്സ് എന്നും അറിയപ്പെടുന്നു. അസ്സം ശിലകളിൽ പൗരാണികത തുളുമ്പുന്ന രംഗങ്ങൾ വരച്ചാൽ ഒരു പ്രത്യേക തരം ചേലാണ് അതിനു ലഭിക്കുന്നത്. നിരവധി രാജസ്ഥാൻ വർക്കുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. കുറെയെണ്ണം പണിപ്പുരയിലുമാണ്.

🟥 കടപ്പ കല്ലിൽ ഗുഹാചിത്രങ്ങൾ

കലർപില്ലാത്ത കറുപ്പാണ് കടപ്പ കല്ലുകളുടെ പ്രത്യേകത. അതിനാൽ ഗുഹാചിത്രങ്ങളും മ്യൂറലുകളും വരച്ചിടാൻ തെക്കൻ ആന്ധ്രയിലെ കല്ലുകളാണ് ഉത്തമം. തിരഞ്ഞെടുത്ത ചില അജന്ത, എല്ലോറ, ഭീംബട്ക ഗുഹാചിത്രങ്ങളും, ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള ലാമ ചിത്രങ്ങളും ഞാ൯ പുനരാവിഷ്കരിച്ചത് കടപ്പ കല്ലുകളിലാണ്. മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളുമുള്ള ഇടുക്കി ജില്ലയിലെ മറയൂരിലെയും, ചെറുശിലായുഗസംസ്കാര ലിഖിതങ്ങളുള്ള വയനാട്ടിലെ എടയ്ക്കൽ ഗുഹയിലെയും ചില ദൃശ്യങ്ങളും കടപ്പ കല്ലുകളിൽ ഞാൻ വരച്ചുണ്ടാക്കിയിട്ടുണ്ട്.

🟥 ചാലിയാർ കല്ലിൽ ഗോത്ര രചനകൾ

പെയ്ൻ്റിങ്ങിനു ഉചിതമായ കല്ലുകൾ ലഭിയ്ക്കാൻ കേരളത്തിലും ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും, കുറച്ചെണ്ണം ലഭിച്ചത് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നാലാമത്തെ നദിയായ ചാലിയാറിൽ നിന്നു മാത്രമാണ്. നീലഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ ചില സുന്ദര ശിലാപാളികൾ എനിയ്ക്കു സമ്മാനിച്ചു. ദീർഘകാല ഭൗമപ്രവർത്തനങ്ങളാൽ പ്രത്യേക രീതിയിൽ പരപരപ്പ് ആർജിച്ച അവയുടെ പ്രതലങ്ങൾ ട്രൈബൽ ആർട്ടിന് ഏറ്റവും ചേർന്നതായിരുന്നു. മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ ഗോത്രമായ ഗോണ്ട് ജനതയുടെ നാടോടി ജീവിതങ്ങളാണ് ഞാൻ കേരളക്കല്ലുകളിൽ വരച്ചത്. കൂടാതെ, മഹാരാഷ്ട്രയിൽ പിറവികൊണ്ട വർലി ആർട്ട് എന്നറിയപ്പെടുന്ന ഗോത്രകലയ്ക്കും ചായം ചാലിച്ചു. സൗറ, ചൗരപഞ്ചസിക, മധുബാനി, അപഭ്രംശ രീതികളിലും വർക്കുകൾ ചെയ്തു.

🟥 കവിതയെഴുതി ഇരുനൂറോളം കല്ലുകളിൽ

അഞ്ചു മുതൽ പത്തിഞ്ചു വരെ വലിപ്പമുള്ള ഉരുണ്ടതും, പരന്നതും, നീണ്ടതുമായ കല്ലുകളാണ് കലാപരതയ്ക്ക് തിരഞ്ഞെടുത്തത്. ഗോൾഡൻ, സിൽവർ, കോപ്പർ, ബ്രാസ്സ് വർണങ്ങളിലുള്ള അക്രിലിക് മെറ്റാലിക് പെയ്ൻ്റുകളും, അനുയോജ്യമായ ബ്രഷുകളും ഉപയോഗിച്ചാണ് കല്ലുകളിൽ കവിത രചിച്ചത്. ഇതുവരെ ഇരുനൂറോളം കല്ലുകൾക്ക് ചാരുതയേകാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തിയുണ്ട്.

🟥 ചിപ്പികളിൽ പ്രകൃതി പുനർജനിച്ചു

കടൽചിപ്പികൾ വാങ്ങാൻ പോയത് കന്യാകുമാരി, രാമേശ്വരം, തൂത്തുക്കുടി, കച്ച് എന്നിവിടങ്ങളിലേക്കാണ്. മുത്ത് ഉൾപ്പെടെയുള്ള ചിപ്പികൾ (മുത്തുച്ചിപ്പികൾ) വാങ്ങിയത് ഹൈദരാബാദിൽ നിന്നാണ്. വലിയ വില കൊടുത്തു വാങ്ങേണ്ടിവന്ന ഏറ്റവും വലിയ കടൽചിപ്പിയ്ക്ക് 42 സിഎം നീളവും 28 സിഎം വീതിയുമുണ്ടായിരുന്നു. ഗർജിച്ചു നിൽക്കുന്നൊരു സിംഹത്തെയാണ് അതിൽ വരച്ചത്. കച്ചിൽ നിന്നു കൊണ്ടു വന്ന 37 സിഎം നീളവും 17 സിഎം വീതിയുമുള്ള ചിപ്പിയ്ക്കു ലഭിച്ചത് ഒരു ജിറാഫാണ്. മയിലും, വേഴാമ്പലും, നീലപൊന്മാനും മുതൽ സൂര്യകാന്തിയും, നിശാഗന്ധിയും, കൃഷ്ണകിരീടവും വരെ ചിപ്പിപ്പുറത്തെത്തിയതിനു ശേഷം, പ്രകൃതിയുടെ നിത്യസൗന്ദര്യങ്ങളായ കായലും, കടലും, പുഴയും, പർവതവും, വെള്ളച്ചാട്ടവുമെത്തി. 2018-ലെയും, 19-ലെയും വെള്ളപ്പൊക്കങ്ങളും കടൽചിപ്പികളെ സചിത്രമാക്കി. വർണവൈവിധ്യങ്ങൾക്കൊപ്പം 'ഹേപ്പി സോൾസ്' പോലെയുള്ള അമൂർത്ത ചിത്രങ്ങളും ചിപ്പികൾക്ക് ചേതനയേകി. പേരെടുത്ത കലാനിരൂപകർ പരക്കെ പ്രകീർത്തിച്ച 207 ശ്രേഷ്ഠമായ വർക്കുകളാണ് 'കടൽചിപ്പികളുടെ കലാകാരി' എന്ന സ്ഥാനനാമം എനിയ്ക്ക് നേടിത്തന്നത്.

🟥 ധന്യമായിത്തീർന്ന ശംഖുകൾ

രണ്ടര അടി പൊക്കത്തിൽ കൊച്ചു കൊച്ചു ശംഖുകളെക്കൊണ്ടു നിർമിച്ച കുരിശ് കൊള്ളാമെന്ന് പറയാത്തവരായി ആരുമില്ലായിരുന്നു! എറണാകുളം പറവൂർ ചെട്ടിക്കാട്ടെ അന്തോണീസ് പുണ്യാളൻ്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിന് ആ വെൺ ശംഖു കുരിശ് അർപ്പണം ചെയ്തു. തൃശ്ശൂരിലെ അതിപ്രശസ്ത വടക്കുംനാഥൻ ക്ഷേത്രം ശംഖിൽ പുനർനിർമിയ്ക്കാൻ മൂന്നു മാസം തികച്ചുമെടുത്തു. മൂന്നടി നീളവും, രണ്ടരയടി പൊക്കവുമുള്ള അമ്പലത്തിന് വലുതും ചെറുതുമായ 15 കിലോ ശംഖ് വേണ്ടിവന്നു. പൂരനഗരിയിലെ സ്വരാജ് റൗണ്ടിലുള്ള അമ്പലത്തിൻ്റെ അതേ ശില്പകലാ രീതിയിലാണ് രാജ്യത്തെ പ്രഥമ മുസ്ലീം പള്ളിയായ, കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് കെട്ടിയത്. തലസ്ഥാന നഗരിയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ചെറു മാതൃക തീർക്കാൻ 23 കിലോ ശംഖ് അത്യാവശ്യമായിരുന്നു. നാലടി പൊക്കത്തിൽ മൂന്നരയടി വീതിയിൽ ഏഴു നില പാണ്ഡ്യൻ ശൈലി ഗോപുരം പണിഞ്ഞത് ഊണും ഉറക്കവുമില്ലാത്ത രണ്ടര മാസംകൊണ്ടാണ്. വടക്കുംനാഥൻ ക്ഷേത്രവും, അനന്തപുരിയിലെ മഹാവിഷ്ണു ക്ഷേത്രവും ശില്പശാസ്ത്രപരമായി വളരെ വ്യത്യസ്തമാണ്. ആദ്യത്തേത് കേരളത്തിൻ്റെ തനതു രീതിക്കൊരു ദൃഷ്ടാന്തമാണെങ്കിൽ, രണ്ടാമത്തേത് തെന്നിന്ത്യൻ പൊതു സംസ്കൃതി.

🟥 തൂവൽ ചിത്രങ്ങൾ

ചായത്തിനു പകരം വളർത്തുപക്ഷികളുടെ തിരഞ്ഞെടുത്ത നിറവും തരവും വലിപ്പവുമുള്ള തൂവലുകൾ ഒട്ടിച്ചുള്ള ചിത്രനിർമിതി അപൂർവമായ സർഗവൈഭവത്തിന് അവസരം നൽകുന്നുണ്ടെന്നതിൻ്റെ തെളിവാണ് ഈ ശാഖയിൽ എനിയ്ക്കു ലഭിച്ച എട്ടു റിക്കോർഡുകളും രണ്ടു പുരസ്കാരങ്ങളും. തൂവലുകൾ ചിത്രങ്ങൾക്കൊരു ത്രിതല മാനം നൽകുന്നുവെന്നതിൽ സംശയമില്ല. പൊതുവെ പ്രകീർത്തിക്കപ്പെട്ട 108 വലിയ തൂവൽ ചിത്രങ്ങളിൽ പൂന്തോട്ടവും, സൂര്യാസ്തമയവും മുതൽ നീലപൊന്മാനും, തുമ്പിയും വരെ ഉൾപ്പെടുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴു തരം ഫെസെൻ്റ് പക്ഷികളുടേതു (ഹെവൻലി ബേഡ്സ്) ഉൾപ്പെടെയുള്ളവയുടെ തൂവലുകൾ എൻ്റെ ശേഖരത്തിലുണ്ട്. തത്ത കുടുംബത്തിൽ ഏറ്റവും നീളമുള്ള സപ്തവർണക്കിളിയായ മക്കൗ, പഞ്ചവർണതത്തകൾ, കിഴക്കൻ പാലിയാർട്ടിക്ക് സ്വദേശിയായ മാൻഡാരിൻ താറാവ്, ഗിനിയ കോഴി മുതലായവയോടൊപ്പം 50 തരം പ്രാവുകളും, 60 തരം ചെറുകിളികളും കൂടിയാകുമ്പോൾ തൂവൽ ശേഖരം 300-ൽ അധികം വളർത്തു പക്ഷികളെ പ്രതിനിധാനം ചെയ്യുന്നു. ഏറ്റവുമധികം പക്ഷികളുടെ തൂവൽ ശേഖരത്തിനുള്ള 'ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്' പുരസ്കാരവും, മികച്ച തൂവൽ ചിത്രങ്ങൾക്ക് 'ദ ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡും' അതിനാൽ ലഭിക്കുകയുണ്ടായി. പക്ഷിവളർത്തു വിനോദതൽപ്പരരായ അനിൽ തമ്പി, ഷിജു, സുകു മുതലായവരുടെ തൂവൽ സംഭാവനകളാണ് എൻ്റെ ശേഖരത്തെ ഇത്രയും സമ്പന്നമാക്കിയത്. തൂവലിൽ പണിയെടുക്കുന്നവർക്ക് ത്വക് രോഗങ്ങളും അലർജികളും പിടിപെടാനുള്ള സാധ്യതകളുമുണ്ട്. അതിനാൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തതിനു ശേഷം, ചെറു കീടങ്ങളെയും പൂച്ചികളെയും അകറ്റാൻ ഔഷധങ്ങളും സംരക്ഷണോപാധികളും തൂവലിൽ തളിക്കണം. തൂവൽ സംരക്ഷണ ചുമതലയും ആയാസകരമാണ്.

🟥 പ്രദർശനങ്ങൾ

ഇതു വരെ ആകെ 15 ഏകാംഗ പ്രദർശനങ്ങൾ നടത്താൻ ഭാഗ്യമുണ്ടായി. സാമ്പ്രദായിക കേൻവാസ്/കടലാസ് വരകളെ മാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രഥമ പ്രദർശനം എണ്ണച്ചായാചിത്രങ്ങൾ അണിനിരത്തിക്കൊണ്ടായിരുന്നു. അങ്ങനെ 2014-ൽ, കേരള ലളിതകലാ അക്കാദമി, തൃശ്ശൂരിൽ, 'കേരളത്തിലെ നാട്ടുപൂക്കൾ' എന്ന പേരിൽ 65 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തുമ്പപ്പൂ മുതൽ കാക്കപ്പൂ വരെയുള്ളവയുടെ ഗ്രാമീണ നിർമലത പ്രേക്ഷകരെ ആകർഷിച്ചു. ലോകസഭാംഗമായിരുന്ന സി. എൻ. ജയദേവനാണ് ഷോ ഉദ്ഘാടനം ചെയ്തത്. ഭാവി വർക്കുകളിൽ കൂടുതൽ മികവു പുലർത്താൻ ഉതകുന്ന തരത്തിലുള്ള കുറെ അഭിപ്രായങ്ങൾ സന്ദർശകരിൽ നിന്ന് ലഭിക്കുകയുണ്ടായി. തൂവൽ ചിത്രങ്ങളുടെതായിരുന്നു അടുത്ത പ്രദർശനം. 2015-ൽ, തൃശ്ശൂർ നഗരത്തിലെ ചർച്ച് മിഷൻ സൊസൈറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ അത് അരങ്ങേറി. ഈ പ്രദർശനത്തിൽ വെളിപ്പെടുത്തിയ തൂവൽ ശേഖരവും, തൂവൽ ചിത്രങ്ങളും വിലയിരുത്തിയാണ് വലിയ സമാഹാരത്തിനുള്ള 'ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും', മികച്ച തൂവൽ ചിത്രങ്ങൾക്ക് 'ദ ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡും' ലഭിച്ചത്. മൂന്നാം പ്രദർശനം കൊച്ചിയിലെ ലൂലൂ മാളിൽ ഓയിൽ ചിത്രങ്ങളുടെയും, തൂവൽ ചിത്രങ്ങളുടെയും പ്രകടനമായിരുന്നു. നാലാം പ്രദർശനം ലളിതകലാ അക്കാദമി, തൃശ്ശൂരിൽ, കല്ലിലെ രചനകൾക്കു വേണ്ടിയായിരുന്നു. നിലമ്പൂരിൽ വെച്ച് നടന്ന അഞ്ചാമത്തെ ഉദ്യമം എല്ലാ വർക്കുകളും ചേർത്തുള്ള ഒരു സംയുക്ത പുനർപ്രദർശനവുമായിരുന്നു. 2019-ലും, 20-ലും, 21-ലും യഥാക്രമം ലളിതകലാ അക്കാദമി, തൃശ്ശൂരിലും; അക്കാദമിയുടെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ, തിരുവനന്തപുരത്തും; ഫോർട്ടു കൊച്ചിയിലെ ഡേവിഡ് ഹാളിലും കടൽചിപ്പി വർക്കുകളുടെ പ്രദർശനങ്ങൾ ജനശ്രദ്ധയാകർഷിച്ചു. പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ ജന്മനാടായ പൊന്നാനിയിൽ വച്ചു 2023 ഡിസംബറിൽ നടത്തിയ ലൂമിനസ് വലിയ വിജയമായിരുന്നു. അടുത്ത പ്രദർശനം വളരെ വിഭിന്നമായ ഒരു 'നൊസ്റ്റാൽജിയ' വിഷയമാണ്. അതിൻ്റെ പണിപ്പുരയിലാണിപ്പിൾ.

🟥 അധികൃതർ സഹായിച്ചില്ല

അപേക്ഷകൾ പല വട്ടം നൽകിയെങ്കിലും, കേരള ലളിതകലാ അക്കാദമി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളൊന്നും ഇതുവരെ ഒരു ധനസഹായവും ചെയ്തില്ല. നോക്കാം, ശ്രമിക്കാം മുതലായ സൗജന്യ വാക്കുകളല്ലാതെ ഒരു നയാപൈസയും കിട്ടിയില്ല. മറ്റു വഴികളൊന്നുമില്ലാത്തതിനാൽ സഹായാഭ്യർത്ഥനകൾ തുടരുന്നു.

🟥 കുടുംബപശ്ചാത്തലം

തൃശ്ശൂരിലെ കോട്ടപ്പുറത്ത് ജനിച്ചു വളർന്നു. വാണിജ്യ ശാസ്ത്രത്തിലും അധ്യാപനത്തിലും ബിരുദങ്ങളുണ്ടെങ്കിലും, ചിത്രകലാ അധ്യാപനമാണ് വരുമാന മാർഗം. കേരള വികാസ് കേന്ദ്രയുടെ വനിതാരത്നം പുരസ്കാരവും, ഐ.ഇ.എസ് ജ്വാലയുടെ സ്ത്രീരത്നം അവാർഡും ലഭിച്ചു. മകൻ മഹേശ്വർ വിദ്യാർത്ഥിയാണ്.

കല്ലിലും കടൽചിപ്പിയിലും കല! (വിജയ് സി. എച്ച്)
കല്ലിലും കടൽചിപ്പിയിലും കല! (വിജയ് സി. എച്ച്)
കല്ലിലും കടൽചിപ്പിയിലും കല! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക