Image

ആശുപത്രിക്കടിയില്‍ രഹസ്യ ബങ്കര്‍; നസ്റള്ള ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍

Published on 22 October, 2024
ആശുപത്രിക്കടിയില്‍ രഹസ്യ ബങ്കര്‍; നസ്റള്ള ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍

ജറുസലം: ലബനില്‍ കഴിഞ്ഞ മാസം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്റള്ളയുടെ ഒളിസങ്കേതത്തില്‍ നിന്ന് കോടിക്കണക്കിന് ഡോളറും സ്വർണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേല്‍.

തലസ്ഥാനമായ ബെയ്റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.

ഹിസ്ബുള്ളയുടെ സാമ്ബത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്‍റെ വെളിപ്പെടുത്തല്‍. കണക്കുകള്‍ പ്രകാരം പണമായി 50 കോടി ഡോളറും (ഏകദേശം 4200 കോടി രൂപ) കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണവും ബങ്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഹഗാരി വ്യക്തമാക്കി.

ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്. ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഐഡിഎഫ് അറിയിച്ചു.

അതേസമയം, ഇസ്രയേലിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക