Image

കാനഡയില്‍ വിസ നടപടിക്രമങ്ങളില്‍ കാലതാമസം: വിദേശ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

Published on 22 October, 2024
കാനഡയില്‍ വിസ നടപടിക്രമങ്ങളില്‍ കാലതാമസം: വിദേശ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ടൊറൻ്റോ : കാനഡയുടെ സ്റ്റഡി പെർമിറ്റ് സംവിധാനം കൂടുതൽ കർശനമാക്കിയതോടെ ആയിരക്കണക്കിന് രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഫാൾ സെമസ്റ്റർ നഷ്‌ടമായതായി റിപ്പോർട്ട്. സ്റ്റഡി പെർമിറ്റ് സംവിധാനത്തിൽ ഫെഡറൽ ഗവൺമെൻ്റ് നടപ്പിലാക്കിയ പുതിയ മാറ്റങ്ങൾ മൂലമുള്ള അനിശ്ചിതത്വവും വീസ കാലതാമസവുമാണ് എൻറോൾമെൻ്റ് ഇടിവിന് കാരണമെന്ന് ചില കോളേജ് അധികൃതർ പറയുന്നു. ജനുവരിയിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ മാസം, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ 10% കൂടി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.

ഈ ഫാൾ സെമസ്റ്ററിൽ 1,600 പുതിയ രാജ്യാന്തര വിദ്യാർത്ഥികൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഒൻ്റാരിയോ കിംഗ്‌സ്റ്റണിലെ സെൻ്റ് ലോറൻസ് കോളേജ് പ്രസിഡൻ്റ് ഗ്ലെൻ വോൾബ്രെഗ്റ്റ് പറഞ്ഞു. എന്നാൽ, നിലവിൽ 775 പേർ മാത്രമേ കോഴ്‌സുകളിൽ ചേർന്നിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. പല വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് വീസ ലഭിക്കുന്നതിൽ പ്രശ്‌നമുണ്ടായിട്ടുണ്ട്, ഗ്ലെൻ വോൾബ്രെഗ്റ്റ് അറിയിച്ചു. ഒൻ്റാരിയോയിലെ വിവിധ നഗരങ്ങളിൽ കാമ്പസുകളുള്ള മോഹോക് കോളേജിൽ ഈ ഫാൾ സെമസ്റ്ററിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 1,500 വിദ്യാർത്ഥികളാണ് എത്തിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 38% കുറവാണെന്ന് കോളേജ് വൈസ് പ്രസിഡൻ്റ് കാറ്റി ബറോസ് പറയുന്നു. പ്രതീക്ഷിച്ച ട്യൂഷൻ ഫീസ് ലഭിക്കാത്തത് നിലവിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നില്ലെങ്കിലും മുന്നോട്ട് പോകുമ്പോൾ, ഇത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കാറ്റി ബറോസ് പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിനെ വളരെയധികം ആശ്രയിക്കുന്ന കോളേജുകൾക്കും പഠനം തുടരാൻ കാനഡയിലേക്ക് വരണോ എന്ന് തീരുമാനിക്കുന്ന വിദ്യാർത്ഥികൾക്കും – പുതിയ മാറ്റങ്ങൾ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി കോളേജ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കാനഡ ഗവൺമെൻ്റ് റിലേഷൻസ് ആൻഡ് പോളിസി ഡയറക്ടർ മൈക്കൽ മക്ഡോണൾഡ്സ് പറഞ്ഞു. ഈ ഫാൾ സെമസ്റ്ററിൽ വിദേശ വിദ്യാർത്ഥി പ്രവേശനത്തിലെ ഇടിവിനെക്കുറിച്ച് കോളേജുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക