Image

അകന്നുപോയ പക്ഷികള്‍ (ചിഞ്ചു തോമസ്)

Published on 23 October, 2024
അകന്നുപോയ പക്ഷികള്‍ (ചിഞ്ചു തോമസ്)

അവിചാരിതമായി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഉണ്ണിക്കുട്ടൻ  എന്ന തത്തമ്മയെപ്പറ്റി  ഞാൻ മുൻപ് രണ്ടു കഥകളിൽ വിവരിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം എത്ര ആഴത്തിലുള്ളത് എന്ന് ചോദിച്ചാൽ അവൻ പറന്ന് പോയിട്ട് ഒരു വർഷമായെങ്കിലും ഇപ്പോഴും എന്നെ കാണാൻ വരികയും എന്റെ വീടിന്റെ മേൽക്കൂരയിൽ വന്നിരുന്നു എന്നെ വിളിക്കുകയും ചെയ്യും.അത്രയും ദൃഢമുള്ളതാണ് അവൻ എനിക്കു തന്നിട്ടു പോയ വാക്ക്. അവൻ എന്റെ ജീവിതത്തിൽ ഉണ്ടാക്കിവെച്ച ശൂന്യത മാറ്റാൻ പിന്നെയും രണ്ട് തത്തമ്മകളേയും രണ്ട് സൺകൊന്യുറുകളെയും വാങ്ങിയ കഥകളാണ് ഞാനിവിടെ പറയാൻ പോകുന്നത്.

ഉണ്ണിക്കുട്ടൻ പോയി കുറച്ചു നാളുകൾ കഴിഞ്ഞ് പിന്നെയും ഒരു പച്ച തത്തമ്മയെ വാങ്ങി.അവൻ വലിയ ദേഷ്യക്കാരനായിരുന്നു. എത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും സംസാരമില്ല സ്നേഹമില്ല അടുപ്പമില്ല. അവൻ ആകെ  ആഗ്രഹിക്കുന്ന കാര്യം പുറത്തേക്ക് പറന്നു പോകണമെന്ന് മാത്രമായിരുന്നു എന്നവൻ ഗ്ലാസ്സിലൂടെ വെളിയിലേക്ക് നോക്കിയിരിക്കുന്നത് കാണുമ്പോൾ എനിക്ക് മനസ്സിലായിരുന്നു. എങ്കിലും ഞാൻ അവനെ ഇടയ്ക്കിടയ്ക്ക് ബലമായി പിടിച്ചുവെച്ച് ഉമ്മ കൊടുത്തു. അവൻ പുറത്ത് തത്തമ്മകളുടെ ശബ്ദം കേൾക്കുമ്പോൾ കേൾക്കുമ്പോൾ പ്രതീക്ഷകളോടെ ചിലച്ചുകൊണ്ടിരുന്നു. എന്നോ പുറത്തുപോയി അവരെപ്പോലെ പറക്കാമെന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു.അവന് ഭക്ഷണത്തിനോട് ആദ്യമുള്ള തത്തമ്മയുടെ കൊതി ഉണ്ടായിരുന്നില്ല. ഞാൻ കൊടുത്ത ദോശയോ ഏത്തക്ക അപ്പമോ വാൾനട്ടോ ഒന്നുംതന്നെ അവൻ കഴിച്ചില്ല. അവന് ആകെ ഇഷ്ട്ടമുള്ള ഭക്ഷണം ആപ്പിളും സൺഫ്ലവർ സീടുമായിരുന്നു. അതും അവൻ ആവശ്യത്തിന് മാത്രം കഴിച്ചു. 

അവന് ഒരു പക്ഷിയെ കൂട്ട് കൊടുക്കാൻ  ഞാൻ തീരുമാനിച്ചു. അതിനായി  വേറൊരു തത്തമ്മയെവാങ്ങാൻ പോയിട്ട് സൺകൊണ്യൂറുമായി ഞങ്ങൾ വീട്ടിൽ വന്നു.നാലു മാസം പ്രായമുള്ള കുഞ്ഞിപ്പക്ഷി. അതിനെ കുഞ്ഞുങ്ങളെ നോക്കേണ്ടുന്നപോലെ നോക്കേണ്ടിവന്നു. വായിൽ ബർഡ്സ് സിറിലാക് സിറിഞ്ചിൽ ഒഴിച്ചു കൊടുത്തു. അവനെ പാപച്ചൻ എന്ന് വിളിച്ചു. പാപച്ചൻ സ്നേഹത്തോടെ തത്തമ്മയുടെ അരികിലേക്ക് പോയപ്പോൾ അവൻ നിർദ്ധാക്ഷണ്യംഅതിനെ കൊത്തിയോടിച്ചു. പിന്നെ തത്തമ്മയെ അടുത്തുകണ്ടാൽ പേടി തൊട്ടുതീണ്ടാത്ത പാപ്പച്ചൻ അതിനെ ഓടിക്കാൻ തുടങ്ങി.അങ്ങനെ തത്തമ്മക്ക് കൂട്ടിന് വാങ്ങിയ പാപ്പച്ചനെക്കാണുമ്പോൾ ദേഷ്യക്കാരൻ തത്തമ്മ ഓടടാ ഓട്ടം. പാപ്പച്ചൻ ഞങ്ങളെ ആത്മാർഥമായി സ്നേഹിച്ചു. പാപ്പച്ചന്റെ ശബ്ദം അസ്സഹനീയമായിരുന്നു. ചെവിക്കല്ല് അടിച്ചുപോകുമോ എന്നു ഞങ്ങൾ ഭയന്നു. ചെവിയുടെ അടുത്തിരുന്നു കീറ്റിയാൽ പിന്നെ കുറേ നേരത്തേക്ക് ബീപ് ശബ്ദം ചെവിയിൽ മുഴങ്ങാൻ തുടങ്ങി.പാപ്പച്ചന്  ഇഷ്ട്ടമല്ലാത്ത കാര്യങ്ങൾ നമ്മൾ ചെയ്താൽ അവന്റെ ചുണ്ടുകൾക്കൊണ്ട് നമ്മുടെ കൈവിരലുകൾ ഇറുക്കിക്കളയും. നമ്മൾ അതിവേദനകൊണ്ട് കരയും.അങ്ങനെ അവൻ സ്നേഹം കൊണ്ട് ശ്വാസം മുട്ടിച്ചു ചെവി പൊട്ടിച്ചു മാംസം ഇറുക്കിച്ചു. പക്ഷേ ഈ ഉപദ്രവങ്ങൾ സഹിച്ചു പാപ്പച്ചനെ  സ്നേഹിച്ചുപോരുന്ന ഒരേയൊരു വ്യക്തി ഞാനായിരുന്നു. എന്റെ ഭർത്താവും മകനും അവരെ ആവശ്യത്തിന് വെറുത്തു തുടങ്ങിയിരുന്നു.ആ രണ്ടു പക്ഷികളും അമ്പിനും വില്ലിനും അടുക്കാത്ത സ്ഥിതിക്ക് അവർക്ക് കൂട്ടിന് അവരുടെ കൂട്ടരെത്തന്നെ ഓരോന്നുവെച്ചു വാങ്ങാൻ പിന്നെയും ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെ ഇളം ചാര നിറത്തിലുള്ള ഒരു കുഞ്ഞു തത്തമ്മയെയും ഒരു സൺകൊണ്യുറിനെയുംകൂടെ വാങ്ങി.പച്ച തത്തമ്മക്ക് ചാര നിറത്തിലുള്ള തത്തമ്മയെയും കണ്ണിൽ പിടിച്ചില്ല. കലികാലം!അവൻ അതിനേയും ഓടിച്ചു.കുറച്ചു കഴിഞ്ഞ് ചാരനിറത്തിലുള്ള ഞങ്ങളുടെ  കുഞ്ഞി പച്ച തത്തമ്മയെ ഓടിക്കാൻ തുടങ്ങി.പുതിയ സൺകൊണ്യൂറിനെ കുട്ടപ്പൻ എന്ന് വിളിച്ചു.സൺകൊണ്യൂർ രണ്ടുപേരും സ്നേഹത്തിലായി. അവർ ഞങ്ങളെയും അഗാഥമായി സ്നേഹിച്ചു. അവരുടെ കൂട്ട ബഹളം അപ്പോൾ എങ്ങനെ ഉണ്ടായിരുന്നു  എന്നോ?ചെവിയിൽ ഓരോ കിലോ പഞ്ഞി തിരുകിയാലോ എന്ന് ആലോചിച്ചിരിന്നു. അവർക്ക് എന്നോടുള്ള സ്നേഹം കാരണം ഭക്ഷണം കഴിച്ചു ഒന്നു നടന്ന് കടിക്കാനുള്ളതൊക്കെ കടിച്ചു പൊട്ടിച്ചിട്ടു എന്റെ ദേഹത്ത് വലിഞ്ഞു കയറി തോളിൽ വന്നിരിക്കും.ഓരോ ചെവിക്കീഴിൽ ഓരോന്നുവെച്ച്. അവരുടെ ചുണ്ടുകൾ എന്റെ ദേഹത്തുരച്ചു വൃത്തിയാക്കും

.ഞാൻഅവർക്ക്ഒരുവൃക്ഷമായിരുന്നു എന്നെനിക്ക് ഇപ്പോൾ തോന്നുന്നു.അവരുടെ നഖങ്ങൾ ഉണ്ടാക്കിയ  മുറിവുകൾ ഉണങ്ങാൻ ദിവസങ്ങൾ എടുത്തു. എന്നെ കണ്ടില്ല എങ്കിൽ അവർ അലമുറയിട്ട് കിയോ കിയോ കരഞ്ഞു. അവർ രണ്ടുപേരും  ചേർന്നു പച്ച തത്തമ്മയെ കുത്താൻ ഓടിച്ചു. അങ്ങനെ നടന്നു അവരുടെ ദിനചര്യകൾ!
അതേസമയം ചാരനിറത്തിലുള്ള കുഞ്ഞിതത്തമ്മ ബഹളക്കാരനായിരുന്നില്ല. പിങ്ക് നിറത്തിൽ ചുണ്ടുകളുള്ള ചാരസുന്ദരൻ ഭക്ഷണം കഴിച്ചു കിയോ എന്ന് ചെറുതായി ശബ്ദിച്ചു. അവൻ ചിറകടിച്ചു പറന്നുയർന്നു പലപ്പോഴും.അവനെക്കാണാൻ ഒരു മാലാഖയെപ്പോലെയുണ്ട് എന്ന് എപ്പോഴും പറഞ്ഞു. അവൻ വീടിന്റെയുള്ളിൽ പറന്നു നടന്ന് ഭിത്തിയിലും ഗ്ലാസ്സിലും മിക്കപ്പോഴും  ഇടിച്ചു വീണു.അങ്ങനെ ഒരുദിവസം അവൻ ഭിത്തിയിലിടിച്ചു എഴുന്നേൽക്കാതെ  കിടന്നു. ഞാൻ ഓടിച്ചെന്നു അവനെയെടുത്തു. അവന് കുഴപ്പമൊന്നുമില്ലാത്തപോലെ ഭക്ഷണം കഴിച്ചു.അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. അവൻ തളർന്നു വീണു. ഞാൻ പേടിച്ച് കരഞ്ഞു. അവനെ വിളിച്ചു കരഞ്ഞു. അവന്റെ ശരീരം തളർന്നു പോകുമ്പോലെ എനിക്ക് തോന്നി. അവൻ എന്റെ കരച്ചിൽകേട്ട് അവസാനമായി എന്റെയടുത്തു വരാൻ ശ്രമിച്ചു.പിന്നെ രണ്ടു ചെറിയ ശബ്ദത്തോടെ അവൻ ജീവൻ വെടിഞ്ഞു. അവന്റെ കണ്ണുകൾ ഞാൻ അടച്ചു.അവനെ മാവിൻചുവട്ടിൽ കുഴിച്ചിട്ടു.അവന്റെ തല ഇടിക്കരുതായിരുന്നു എന്നെനിക്ക് എന്തേ തോന്നിച്ചില്ല എന്നാലോചിച്ചു എന്റെയുള്ളം നീറി.അവൻ എന്റെയടുത്തു വന്നില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഈ ലോകത്ത് ഇപ്പോഴും  ജീവിച്ചിരുന്നേനെ. അവൻ തലയിടിച്ച ഭിത്തിയിൽ ഞാൻ എണ്ണകൊണ്ട് കുരിശു വരച്ചു. എന്റെ തെറ്റ്.ഞാൻ ചെയ്ത പാപം. കുഞ്ഞി മരിച്ചതുകൊണ്ട് ദേഷ്യക്കാരൻ പച്ച തത്തമ്മയെ ഉണ്ണിക്കുട്ടൻ എന്നെക്കാണാൻ മേൽക്കൂരയിൽ വന്നിരുന്ന ഒരു ജൂൺ പതിനാലാം തീയതി ഞാൻ പറത്തിവിട്ടു. ഉണ്ണിക്കുട്ടൻ അവനെ കൂടെക്കൂട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ ആ ദേഷ്യക്കാരൻ തത്തമ്മ ഉണ്ണിക്കുട്ടനോടും അടിയുണ്ടാക്കി. എന്നിട്ട് എങ്ങോ ഇരുന്ന് ഉറക്കെ കരഞ്ഞു. എന്നോട് എന്തോ പറയും പോലെ. മോൻ പൊക്കോ എന്ന് ഞാൻ ഉറക്കെ പറഞ്ഞു. ഐ ലവ് യു എന്നും പറഞ്ഞു. പിന്നെ അവൻ പറന്നു പോയി. ഇടയ്ക്കൊരുനാൾ എന്നെക്കാണാൻ അവൻ വന്നു.അവന്റെ കഴുത്തിനു ചുറ്റും കറുപ്പ് പിങ്ക് നിറങ്ങൾ ഉള്ള വരയുണ്ട്. വന്നത് അവൻ തന്നെയായിരുന്നു. ഞാൻ അവനെക്കണ്ടു ബിസ്‌ക്കറ് വേണോ എന്ന് ചോദിച്ചു.അവന് ആകെയുള്ള ആഗ്രഹം ബിസ്‌ക്കറ്റ് കഴിക്കുക മാത്രമായിരുന്നു. അവൻ ഒന്നും മിണ്ടാതെ പറന്നു പോയി. പിന്നെ ഒരിക്കലും അവൻ എന്നെ തേടി വന്നിട്ടില്ല.

അവസാനം രണ്ടു സൺകൊണ്യൂർ മാത്രമായി വീട്ടിൽ. അവരുടെ ബഹളം ആർക്കും സഹിക്കാൻ കഴിഞ്ഞില്ല. അവർ എന്നെ എത്രെ സ്നേഹിക്കുന്നുവോ അത്രേയേറെയുണ്ട് എന്നെ കണ്ടില്ലെങ്കിലുള്ള ബഹളവും. അവരെ സ്വതന്ത്രരായി പറത്തി വിടാൻ കഴിയില്ല. അവർ ദുബായിലെ ഈ കാലാവസ്ഥ അതിജീവിക്കില്ല. അല്ലായിരുന്നു എങ്കിൽ ഒരിക്കലും അവരെ തിരിച്ചു വാങ്ങിച്ചിടത്തു എന്റെ ഭർത്താവ് പറഞ്ഞതനുസരിച്ചു തിരിച്ചേൽപ്പിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു.കുട്ടപ്പൻ ഭക്ഷണം കഴിഞ്ഞു പറന്നു വന്ന് എന്റെ തോളിലിരുന്നു കലപില എന്നോട് സംസാരിക്കുമായിരുന്നു. അവൻ എന്നോട് പല വർത്തമാനങ്ങളും പറയാൻ ആഗ്രഹിച്ചിരുന്നു.അവന്റെ വലിപ്പമുള്ള കണ്ണുകൾ എന്നെ എപ്പോഴും പരതിക്കൊണ്ടിരുന്നു. ഇത്രെയും നാൾ ഞാൻ കൊടുത്തിട്ടും കഴിക്കാത്ത റംബൂട്ടാൻ അന്ന് കുട്ടപ്പൻ എന്റെ കൈയിൽനിന്ന് കൊത്തിയെടുത്തു കഴിച്ചു.അന്ന് വൈകിട്ട്  ആപ്പിൾ കഴിച്ചു വയർ നിറഞ്ഞിരുന്ന  പാപ്പച്ചനെയും കുട്ടപ്പനെയും ഞാൻ പോര്ട്ടബിൾ കേജിൽ എടുത്തുവെച്ചു കൂടടച്ചു. ഞാൻ കരയുന്നതുകണ്ടു അവർ എന്നെ നോക്കി അനങ്ങാതെ നിന്നു. എന്റെ ഭർത്താവും മകനും അവരെ എടുത്തുകൊണ്ട് പോകുന്നത് കാണാൻ വയ്യാതെ ഞാൻ തിരിഞ്ഞു നിന്നു.അവരെ നല്ല അറബിയുടെ വീട്ടിൽ കൊടുത്തയക്കാം എന്ന് കടക്കാരൻ എന്റെ ഭർത്താവിന് ഉറപ്പ് കൊടുത്തിരുന്നു.പക്ഷികളെ വീട്ടിൽ വളർത്തി അവരുടെ സന്തോഷം നശിപ്പിക്കരുത് എന്നെനിക്ക് ഈ കാലയളവിൽ മനസ്സിലായിരുന്നു.അങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പക്ഷികൾ ഓരോന്നും നാലു വഴിക്ക് പിരിഞ്ഞു. എന്നന്നേക്കുമായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക