Image

ആ പെൺകുട്ടി (ഇ മലയാളി കഥാമത്സരം 2024: സന്ധ്യ ഇ)

Published on 23 October, 2024
ആ പെൺകുട്ടി (ഇ മലയാളി കഥാമത്സരം 2024: സന്ധ്യ ഇ)

സാഹിത്യോത്സവവും പുസ്തകപ്രദർശനവുമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കവിയരങ്ങും രാത്രി കലാപരിപാടികളും. അഞ്ച് ദിവസത്തെ ആഘോഷം. പ്രോഗ്രാം കൺവീനറുടെ ഫോൺ വന്നപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു. സാധാരണ ആ സമയത്ത് കോൾ എടുക്കാറില്ല. അത്യാവശ്യം ഒന്നുമുണ്ടാവില്ല എന്നറിയാം. നാട്ടിലുള്ള ചില സമ്മേളനങ്ങൾക്ക് വരാനുള്ള ക്ഷണമോ ചിലപ്പോൾ പുസ്തക പ്രകാശനമൊക്കെയാവും കാര്യം.  അല്ലാതെ വരാറുള്ള ഒരേ വിളി ഒരേയൊരു വിളി മരുമകൻ്റെയാണ്. ആറുമാസം മുമ്പ് അവൻ പോയി.  പ്രാതൽ കഴിഞ്ഞ് കൈകഴുകുമ്പോളായിരുന്നു രണ്ടാമത്തെ വിളി. കൈ തുടച്ച് സാവധാനം ഫോൺ എടുക്കുമ്പോൾ ഭവ്യമായ ശബ്ദം." സാർ, ഭദ്രപാലാണ് ... ഫെസ്റ്റിവൽ... സ്ഥലത്ത് നടക്കുന്നതറിയാമല്ലോ.സാർ വരണമെന്നും ദീർഘമായി സംസാരിക്കണമെന്നുമാണ് ഞങ്ങളുടെ മോഹം. മലയാളത്തിന്റെ പ്രശസ്ത കഥാകാരനെ കേൾക്കാൻ  കാത്തിരിക്കുന്നവരുണ്ട്. കഴിഞ്ഞവർഷം സാറിന് വരാനായില്ലല്ലോ. ഈ വർഷം ഞങ്ങളെ നിരാശപ്പെടുത്തരുത്.  മറുപടി പറയാൻ അല്പസമയമെ ടുത്തു.  ഇപ്പോൾ അങ്ങനെയാണ്. പെട്ടെന്ന് വാക്കുകൾ വരില്ല. തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഇക്കാലത്തും ഉണ്ടെന്നത് സന്തോഷവും ആശ്വാസവും തന്നെ. പക്ഷേ അയാൾ പറഞ്ഞത് സത്യമാകാനിടയുണ്ടോ ? കഴിഞ്ഞ വർഷം അവർ തന്നെ വിളിച്ചിരുന്നോ?  രണ്ടുമൂന്നു വർഷമായി

താൻ മുഖ്യധാരാമാധ്യമങ്ങളിലും ഓണ,വിശേഷാൽപ്പ തിപ്പുകളിലും എഴുതുന്നേ ഇല്ലല്ലോ! എന്നിട്ടും തന്നെ മറന്നില്ല എന്ന് അത്ഭുതം തന്നെയാണ്. 
 

നാടൊട്ടുക്കും ചെറുതും വലുതുമായ സാഹിത്യോത്സവങ്ങളാണ്. ഒന്നിലും പങ്കെടുക്കാൻ താല്പര്യം തോന്നാറില്ല.  കഷ്ടപ്പെട്ട് യാത്ര ചെയ്ത് സമ്മേളന സ്ഥലത്ത് പോകലും സംഘാടകരുടെ കൃത്രിമോപചാരങ്ങൾ സ്വീകരിക്കലും  മോഡറേറ്റർ കനിഞ്ഞ് തരുന്ന അൽപസമയം സംഘാടകർ നിർദ്ദേശിച്ച വിഷയത്തെക്കുറിച്ച് സംസാരിക്കയും ചെയ്തിട്ട് എന്തു കാര്യം! മിക്കപ്പോഴും ശുഷ്കമായിരിക്കും മുന്നിലെ സദസ്സ്. സമാന്തരമായി ചില തീപ്പൊരി സെഷനുകൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ആളുകൾക്ക് ആളിക്കത്തുന്നതിനോടും അലറി വിളിക്കുന്നതിനോടും സെൻസേഷൻ ഉണ്ടാക്കുന്നതിനോടുമാണ് താല്പര്യം. പരിചയമുള്ള ഒന്നോ രണ്ടോ പേർ വന്നെങ്കിലായി. മിക്കവാറും മധ്യവയസ്കരാവും കാണികൾ. ചിലർ കോട്ടുവായിടുകയോ ഫോണിൽ നോക്കിയിരിക്കുകയോ ചെയ്യുന്ന കാണാം. ചോദ്യങ്ങൾ ഉണ്ടാകാറില്ല.പരിപാടി  കഴിഞ്ഞ് ഭക്ഷണം കഴിച്ച് തിരിച്ചു കാറിൽ കയറുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നൽ ബാക്കിയാവും.

അങ്ങനെയായിരുന്നോ മുമ്പ് ? സമ്മേളനങ്ങൾക്ക് ധാരാളമായി പോയിരുന്നില്ലെങ്കിലും താൻ വരുന്നു എന്നറിഞ്ഞ് കാണാൻ, കേൾക്കാൻ ആശിച്ചു നിന്നിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാർ. അന്ന് താനും ചെറുപ്പമായിരുന്നു. കാണാൻ വന്ന പലരും  നന്നായി വായിക്കുന്നവരായിരുന്നു. മലയാളസാഹിത്യം

മാത്രമല്ല ലോക സാഹിത്യവും. കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ വിലയിരുത്താനും താരതമ്യം ചെയ്ത് പറയാനും അവർ പ്രാപ്തരായിരുന്നു. പലപ്പോഴും സമ്മേളനാനന്തരമാണ് ക്രിയാത്മകവും സർഗാത്മകവുമായ ചർച്ചകൾ നടക്കാറ്. ചിലപ്പോൾ നിന്ന നിൽപ്പിൽത്തന്നെ. മുന്തിയ ഹോട്ടലുകളിലേക്കും മദ്യപാന സദസ്സിലേക്കുമുള്ള ക്ഷണങ്ങൾ ധാരാളമുണ്ടായിരുന്നുവെങ്കിലും അതിനൊന്നും പോകാറില്ലായിരുന്നു. കഴിയുംവേഗം വീട്ടിലെത്തുകയെ ന്നതായിരുന്നു രീതി. ചില സന്ദർഭങ്ങളിലെങ്കിലും ആസ്വാദകർ തൻ്റെ കഥകൾ അവരുടെ ജീവിതത്തിലും കാഴ്ചപ്പാടിലും ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ചും പറയാറുണ്ട്. മടക്കയാത്രയിൽ മുഴുവൻ അങ്ങനെയുള്ള വാക്കുകൾ ചെവിയിൽ മുഴങ്ങും. കാറിൽ ചെറിയ ശബ്ദത്തിൽ വയ്ക്കാറുള്ള സംഗീതത്തിന്റെ അകമ്പടിയോടെ.
 
സാഹിത്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാൻ പൊതുവെ താല്പര്യമില്ലായിരുന്നുവെങ്കിലും വാക്കുകളുടെ ശക്തി അപാരമാണ് എന്ന തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാക്കുകൾ ഏറ്റവും കരുതലോടെയും സൂക്ഷിച്ചും ഉപയോഗിക്കണമെന്നും. പക്ഷേ എഴുതുമ്പോൾ ബോധപൂർവ്വമുള്ള അത്തരമൊരു ഇടപെടലും ആകുമായിരുന്നില്ല. ഒറ്റയിരിപ്പിൽ ഒരു ധ്യാനത്തിലെന്നപോലെ പിറന്നു വീഴാറുള്ളവയായിരുന്നു കഥകൾ. രണ്ടാമത്തെയും മൂന്നാമത്തെയും വായനയിൽ പോലും വലിയ തിരുത്തുകൾ വേണ്ടി വരാറില്ല. അഭിപ്രായത്തിനോ നിർദ്ദേശങ്ങൾക്കോ ആയി മറ്റൊരാളെ  കാണിക്കാറുമില്ല. തന്നെ

സംബന്ധിച്ചിടത്തോളം പ്രണയം പോലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് എഴുത്തും. മറ്റൊരാളുടെ ഇടപെടൽ അതിനു നശിപ്പിക്കുകയേയുള്ളൂ. തൻ്റെയുള്ളിലെ  വായനക്കാരനെയായിരുന്നു എന്നും വിശ്വാസം. അയാളാകട്ടെ നിതാന്ത ജാഗ്രതയോടെയിരിക്കുന്നവനും. പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കഥകൾ തുലോം വിരളമായിരുന്നുവെങ്കിലും അതിന് കാരണക്കാരൻ ആ വായനക്കാരൻ തന്നെയാണ്. അയാൾ ഉൾക്കനം വന്നവനായതുകൊണ്ട് പറയുന്നത് മുഖവിലയ്ക്കെ ടുക്കാതെ വയ്യ.

എന്തായിരുന്നു താൻ കഥകളിലൂടെ പറയാൻ ആഗ്രഹിച്ചിരുന്നത് ? പലപ്പോഴുമത് താൻ കാണാൻ ആഗ്രഹിച്ചിരുന്ന ലോകത്തെക്കുറിച്ചായിരുന്നു. സമാധാനവും സന്തോഷവും കുഞ്ഞാടുകളായി മേഞ്ഞു നടക്കുന്ന,  മനുഷ്യർ മനുഷ്യരെ ശത്രുക്കളായി കാണാത്തതിനാൽ യുദ്ധം ഉണ്ടാകാത്ത,  പ്രകൃതി നശിപ്പിക്കപ്പെടാത്തതും സ്ത്രീ അപമാനിക്കപ്പെടാത്തതുമായ ലോകം. ഒരുപക്ഷേ ഭാവനയിൽ മാത്രം ഉണ്ടാകുന്ന ഒന്ന്. അത്തരം ലോകങ്ങൾ പുലർന്നുവരണമെന്നാഗ്രഹിച്ചവർ  കഥകൾ ഇഷ്ടപ്പെട്ടു. സമത്വവും അധികാരമില്ലായ്മയും ആ കഥകളിൽ വായിച്ച് ആളുകൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ കഥകൾ എന്ന് വ്യാഖ്യാനിച്ചു കൊണ്ടിരുന്നു. താനൊന്നും പറഞ്ഞില്ല. ഓരോരുത്തരും അവയിൽ എന്താണോ  കാണുന്നത് അതങ്ങനെയാകട്ടെ എന്നു കരുതിയതല്ലാതെ. ചിലപ്പോഴൊക്കെ തന്നെപ്പോലെ ഒറ്റപ്പെട്ടവരുടെ കഥകളെഴുതി. പുറത്തേക്ക് കേൾക്കാ നാകാത്ത  അവരുടെ സങ്കടങ്ങളെക്കുറിച്ചെഴുതി.

രക്ഷകനെപ്പോലെയോ കൂട്ടുകാരനെപ്പോലെയോ ചിലർ ആ കഥകളിൽ വന്നുചേരുകയും ഏകാകികളുമായി  സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. മറ്റു ചിലപ്പോൾ സ്നേഹം കിട്ടാത്ത കുട്ടികളെക്കുറിച്ചും അവഗണിക്കപ്പെടുന്ന മൃഗങ്ങളെക്കുറിച്ചുമെഴുതി. നദികളെയും മരങ്ങളെയും കുറിച്ചും എഴുതി. പക്ഷേ അവയിൽ ഒന്നിലും സന്ദർഭത്തിന് ഉതകാത്ത ഒന്നും -  വയലൻസോ സെക്സോ  കുത്തിനിറച്ചില്ല. അതിൻ്റെ ആവശ്യം തോന്നിയില്ല. പക്ഷേ ഇവയൊന്നും ഇല്ലാത്ത കഥകൾ യാഥാർത്ഥ്യത്തെ മറച്ചു പിടിക്കുകയും മനപ്പൂർവം കാണാതിരിക്കുകയോ ചെയ്യുകയാണെന്ന ആരോപണം കാര്യമായി ഉണ്ടായിരുന്നു. നേർത്ത ശബ്ദങ്ങൾ മാത്രം കേൾപ്പിക്കുന്ന കഥകൾ കാലാഹരണപ്പെട്ടുവെന്നും പച്ചയായ മനുഷ്യരുടെ ലോകം തൻ്റെ കഥകൾക്ക് പുറത്താണെന്നും കഥാകാരൻ അത്തരത്തിൽ മനുഷ്യരോട് നീതിപുലർത്തുന്നില്ല എന്നും ചില വായനക്കാർ തുറന്നെഴുതാനും പറയാനും തുടങ്ങി. അതിനോടൊന്നും പ്രതികരിക്കാതെ തൻ്റെ ഉള്ളിൽ മുളപൊട്ടുകയും താൻ പറഞ്ഞാലേ ആ കഥ കഥയാകൂ എന്ന് ഉത്തമ ബോധ്യം ഉണ്ടാക്കുകയും ചെയ്തവയെല്ലാം എഴുതി. അവ എണ്ണത്തിൽ തുലോം കുറവായിരുന്നുവെങ്കിലും.  കാലാഹരണപ്പെട്ട കഥകൾ എന്ന പ്രതികരണങ്ങളുടെ എണ്ണം കൂടിയതുകൊണ്ടാവും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആനുകാലികങ്ങളിൽ പലതും  കഥ ആവശ്യപ്പെടാത്തതും. ഇക്കാര്യങ്ങളൊക്കെ കഥാകൃത്തെന്ന തൻ്റെ ആത്മവിശ്വാസത്തെ ബാധിച്ചുവോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഒറ്റ ഉത്തരത്തിൽ ഒതുക്കാൻ ആവില്ല. മറ്റെന്തു കുറവുകളുണ്ടെങ്കിലും ഒരാൾക്കൂട്ടത്തിൽ തന്നെ വ്യത്യസ്തനാക്കിയത് തനിക്ക് നല്ല കഥകളെഴുതാനാവും എന്ന വിശ്വാസമായിരുന്നു.

ആളുകൾക്കത് ഇഷ്ടമാണെന്നും. കഥകളെഴുതാത്ത താൻ താനല്ല. പക്ഷേ എപ്പോൾ വേണമെങ്കിലും എഴുതാവുന്ന വിധത്തിൽ ഉള്ളിൽ  കഥ കൊണ്ടുനടക്കുന്നുണ്ട് എന്നതു മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു കാര്യം എന്ന് താനാരോടും പറഞ്ഞിട്ടില്ല. പറയാനും പോകുന്നില്ല.

മൂന്നുമണിക്കൂർ യാത്രയുണ്ട് സമ്മേളന നഗരിയിലേക്ക്. മുമ്പാണെങ്കിൽ അതൊരു ദൂരമേയല്ല. ഇപ്പോൾ ഒരു ദിവസത്തെ യാത്ര സമം ഒരാഴ്ചത്തെ ദേഹാസ്വാസ്ഥ്യമാണ്.  വേണമെങ്കിൽ എന്തെങ്കിലും മുട്ടു ന്യായം പറഞ്ഞൊഴിവാകാമായിരുന്നു.  പക്ഷേ പോകണം എന്ന് തോന്നുന്നു. ഇനിയെത്രനാൾ തന്നെ സംഘാടകർ വിളിക്കും ? അഥവാ വിളിച്ചാൽത്തന്നെ പോകാനാകും?അതുമാത്രമോ, വർഷങ്ങളായി നല്ല രീതിയിൽ നടന്നുവരുന്ന സാഹിത്യോത്സവമാണ്. ഇത്തവണ വിദേശ പ്രതിനിധികൾ ഏറെയുണ്ട് പത്രങ്ങളിൽ നല്ല കവറേജും ഉണ്ടാകും. "മാറുന്ന കഥയും കാലവും " എന്നതാണ് വിഷയം. കൂടെ ഏറ്റവും പുതിയ എഴുത്തുകാരിലൊരാൾ. അനേകം വായനക്കാരുണ്ടയാൾക്ക്. നേരത്തെത്തന്നെ അക്കാദമി അവാർഡ് ജേതാവായി. രണ്ടുപേരും രണ്ടു കാലത്തിൻ്റെ പ്രതിനിധികൾ. ഏറെ പറയാനുണ്ടാവും. കേൾക്കാനും. ഒരുപാടാളുകൾ ഈ സെഷന് ഉണ്ടാകാനാണ് സാധ്യത. പ്രത്യേകിച്ച് യുവകഥാകൃത്തുള്ള തിനാൽ. ഇങ്ങനെയൊരു അവസരം ഇനി കിട്ടിയെന്നു വരില്ല. തനിക്കു പറയാനുള്ളതും ഇതുവരെ പറഞ്ഞിട്ടില്ലാത്തതുമായ ചിലതുണ്ട്. കേൾവിക്കാർ തീർച്ചയായും അത്ഭുതപ്പെടും. അടുത്ത ദിവസത്തെ പത്രങ്ങളിൽ പ്രധാന വാർത്തയായി കൊടുക്കും.

മൊബൈൽ ഫോൺ ഉണ്ടെങ്കിലും ഉപയോഗിക്കാറില്ല. ഡ്രൈവർ സമദാണ് അത് കൈകാര്യം ചെയ്യാറ്. ഭദ്രപാലിൻ്റെ  നമ്പർ അതിൽ ചേർത്തിട്ടുണ്ട്. സ്ഥലത്തെ ത്താറായപ്പോൾ ഭദ്രനെ വിളിച്ചു എടുക്കുന്നില്ല. മൂന്നുവട്ടം വിളിച്ചപ്പോഴാണ് എടുത്തത്. ശബ്ദത്തിൽ തിരക്കുണ്ടായിരുന്നു. "സാറ് നേരെ സ്റ്റേജിനടുത്തേക്ക് പോരു. ഞങ്ങളവിടെയുണ്ട്. " കാറിൽ നിന്ന് ഇറങ്ങാൻ അയാളും ബാഡ്ജ് കുത്തിയ ഒന്നു രണ്ടു പേരും സഹായിച്ചു. ഭക്ഷണം കഴിച്ചിരുന്നില്ല. നല്ല വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നിടത്തിറങ്ങാനും തിരിച്ചു കാറിൽക്കയറുവാനുള്ള ബുദ്ധിമുട്ടോർത്താണ് ഹോട്ടലുകളിലൊന്നും നിർത്താഞ്ഞത്. സമദ് പലവുരു ചോദിച്ചതുമാണ്.  "സാർ ഒന്നുമറിയേണ്ട. വന്നിറങ്ങുമ്പോൾ മുതൽ പോകുന്നത് വരെയുള്ള സകല കാര്യവും ഞാൻ ഏറ്റു " എന്നായിരുന്നു ഭദ്രൻ ഫോണിൽ അറിയിച്ചത്.  ഇവിടെ എന്തെങ്കിലും ഏർപ്പാടുകൾ ഉണ്ടാകും എന്നും കരുതി. ഭദ്രനോട്  പറയാമെന്നു കരുതിയെങ്കിലും അയാൾ  ഓടി നടക്കുകയായിരുന്നു. സ്റ്റേജിനു പിറകിലുള്ള മുറിയിൽ കസേരയിൽ കൊണ്ടിരുത്തി ഫാനിട്ടു തന്ന് " സാർ അരമണിക്കൂർ നേരത്തെ ആണല്ലോ " എന്ന് ചിരിച്ച് പോയതാണ്. സാരമില്ല. കുറച്ചു കഴിഞ്ഞാവാം.

പത്തു മണിക്കായിരുന്നു സെഷൻ. യുവകഥാകൃത്തിനെ പരിപാടിക്ക് മുമ്പ് കാണാനും അല്പം സംസാരിക്കാനും കാത്തിരിക്കുകയായിരുന്നുവെങ്കിലും കണ്ടില്ല. "സമയമായി സാർ, പോകാം. പിന്നെ ഈ ഒരു മണിക്കൂർ മുഴുവൻ സാറിന് കിട്ടും. നമ്മുടെ ... സെഷൻ മാറ്റിക്കൊ ടുക്കണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. ഇന്നല്ല നാളെയെ വരാനാകൂ എന്ന് അവസാന നിമിഷമാണ് അറിയിച്ചത്.

നാളെ "പുതിയ കാലത്തിൻ്റെ ശബ്ദം " എന്ന സെഷനിലേക്ക് അയാളെ മാറ്റി. അതിൽ പ്രമുഖ ആനുകാലികങ്ങളുടെ എഡിറ്റർമാരും ഉണ്ട്. ഒരു കണക്കിന് അതു നന്നായി.  സാറിന് ആരുടെയും ഇടപെടലില്ലാതെ സുഖമായി സംസാരിക്കാമല്ലോ." ഭദ്രൻ്റെ ചിരിയിൽ ഒരു " ആക്ക "ലുണ്ടായിരുന്നു എന്ന് തനിക്ക് വെറുതെ തോന്നിയതാവുമോ ? യുവകഥാകൃത്ത് അടുത്ത ദിവസത്തേക്ക് മാറിയതിനും ഒരു കാരണമുണ്ടാവാം എന്ന തോന്നലും തോന്നലാവാം.

 ഹാളിന് പുറത്ത് നിറയെ ആളുകൾ. സന്തോഷം തോന്നി. ഹോ! ഇത്രയും പേരോട് താനിന്ന് മുമ്പെങ്ങും സംസാരിച്ചിട്ടില്ലാത്ത വിധം ഹൃദയം കൊണ്ട് സംവദിക്കും. ഇതുവരെ വെളിപ്പെടുത്താത്ത ചില രഹസ്യങ്ങളും പങ്കുവെക്കും. ഭദ്രൻ്റെ കൈപിടിച്ച് സ്റ്റേജിലെത്തി. പുറത്തുനിന്ന ചിലരൊക്കെ അകത്തേക്ക് കടന്നിരുന്നു. ഭദ്രൻ പരിപാടിയുടെ വിവരണവും യുവകഥാകൃത്ത് വരുന്നില്ലെന്ന്  ക്ഷമാപണവും നടത്തി. അത് കേട്ടതും പുറത്തുനിന്നിരുന്നവരും ഹാളിനുള്ളിൽ ഉണ്ടായിരുന്ന കുറച്ചുപേരിൽ ഭൂരിഭാഗവും ധൃതിയിൽ പുറത്തിറങ്ങി. വന്നത് ഒരബദ്ധമായി എന്നതുപോലെ. സമാന്തരമായി പരിപാടികളുള്ള മറ്റു വേദികളിലേക്കോ അല്ലെങ്കിൽ അലസമായി എവിടെയെങ്കിലും ഇരിക്കാനോ. തന്റെ ഒറ്റയ്ക്കുള്ള സംഭാഷണം കേൾക്കുന്നതിലും നല്ലതതാണ് എന്ന് തോന്നിപ്പിക്കും വിധം. ലോകം ചെറുപ്പക്കാരുടേതാണ് എന്ന് പലരും പറയാറുണ്ടെങ്കിലും ഏവർക്കും അവരുടെ സ്ഥാനമുണ്ട് എന്ന് വാദിച്ചു ജയിക്കാറുള്ളത് വെറുതെയായിരുന്നു എന്ന് ബോധ്യപ്പെട്ടു. സ്റ്റേജിൽ നിന്നും നോക്കുമ്പോൾ കാണുന്നവരെ എണ്ണാൻ വളരെ എളുപ്പമായിരുന്നു. ഒമ്പതു പേരും മൈക്ക്

ഓപ്പറേറ്ററും. "സാരമില്ല, സാരമില്ല. ഇങ്ങനെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. പറയാനുള്ളത് മുഴുവൻ പറയൂ. കൂട്ടത്തിൽ ഒരാളെങ്കിലും ഉണ്ടാവും നല്ല ശ്രോതാവായി. " അതൊരു ആത്മസംഭാഷണമായിരുന്നു. ധാരാളം സമയമുണ്ട്. വെറുതെ ഒന്നു കണ്ണടച്ചിരുന്നു. ഒമ്പതു പേരിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ആ പ്രിയ ശ്രോതാവിനെ മനസ്സിൽ ധ്യാനിച്ച്, അങ്ങനെയുള്ള അനേകം പേർ നിറഞ്ഞിരിക്കുന്ന മറ്റൊരു വേദിയിലാണ് താനെന്ന് സ്വയം വിശ്വസിപ്പിച്ച് വളരെ സാവധാനം പറഞ്ഞു തുടങ്ങി. പരിഭവമോ പരാതിയോ ഇല്ലാതെ. എഴുതിയ ചില കഥകളെക്കുറിച്ച്, അവയുടെ പശ്ചാത്തലത്തെക്കുറിച്ച്, സൃഷ്ടിയിൽ അനുഭവിച്ച നോവുകളെക്കുറിച്ച്, ... .ആരും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചിലർ ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു. മറ്റു ചിലർ പരസ്പരം സംസാരിച്ചു. അതൊന്നും കണ്ണിൽപ്പെടാതിരിക്കാൻ നർത്തകർ ചെയ്യും പോലെ ഹാളിന്റെ അങ്ങേയറ്റത്തുള്ള ഒരു ബിന്ദുവിലേക്ക് കണ്ണുപായിച്ച് സംസാരം തുടർന്നു. അപ്പോഴതാ പൊട്ടുപോലെ ഒരു രൂപം. അതൊരു പെൺകുട്ടിയാണ്. വളരെ ചെറിയൊരു പെൺകുട്ടി. എവിടുന്നോ ധൃതിയിൽ ഓടി വരും പോലുണ്ട്. ചെമ്പിച്ച, അഴിച്ചിട്ട തലമുടി കാറ്റിൽപ്പറക്കുന്നുണ്ട്. തോളിലിട്ട അവളെക്കാൾ വലിയ ബാഗ് അവളെ ഒരു വശത്തേക്ക് വലിക്കുന്നുണ്ട്. അവൾ ആദ്യമൊന്നു ശങ്കിച്ചെങ്കിലും പിന്നീട് കാണികൾ കുറവെന്നു കണ്ട് ധൈര്യത്തോടെ മുന്നിലെ സീറ്റുകളിലൊന്നിൽ വന്നിരുന്നു. ബാഗ് താഴെ വച്ച്  തന്നെത്തന്നെ ഉറ്റു നോക്കി. ഇടയിൽ ഒരു ചെറിയ നോട്ട് പുസ്തകവും പേനയും ബാഗിൽ നിന്നും 
പുറത്തെടുത്തു. താൻ പറയുന്നതെന്തൊക്കെയോ കുറിച്ചെടുത്തു. കഥാനുഭവങ്ങൾ പറയുന്നത് വിടർന്ന കണ്ണുകളോടെ കേട്ടിരുന്നു. അവളെ ശ്രദ്ധിക്കാതിരിക്കാൻ

കഴിയുമായിരുന്നില്ല. ആ മുഖത്തെ കൗതുകവും കണ്ണിലെ തിളക്കവും തൻ്റെ ഉള്ളിൽ നിന്ന് വാക്കുകളെ  കാന്തം പോലെ പുറത്തേക്കെടുക്കുന്നത് അറിയുന്നുണ്ടായിരുന്നു. അതിനു ശേഷം  പറയാൻ തീരുമാനിച്ചതിനപ്പുറം മറ്റെന്തൊക്കെയോ ഉള്ളിൽനിന്ന് കെട്ടഴിഞ്ഞു വീണുകൊണ്ടിരുന്നു. കഥകളിലൂടെ എത്ര എഴുതിയിട്ടും തീരാത്ത ഒറ്റപ്പെടലിന്റെ വ്യഥ, അടക്കിവെച്ച കണ്ണീർ, സ്നേഹത്തിനും സ്പർശത്തിനുമുള്ള മോഹം, ഇനിയും ജനിച്ചിട്ടില്ലാത്ത കുഞ്ഞിന് കരുതിവെച്ച വാത്സല്യം, പലവിധ നിരാശകൾ, മടുപ്പുകൾ, എന്നിട്ടും ബാക്കിയാവുന്ന ജീവിതാഭിനിവേശം,... . അത്രയൊന്നും പറയണമെന്നുദ്ദേശിച്ചിരുന്നില്ല. എത്രയോ മണിക്കൂറുകൾ സംസാരിച്ചു കഴിഞ്ഞതായി തോന്നി.ഇല്ല. എന്നിട്ടും സമയത്തിന് അഞ്ച് മിനിറ്റ് ബാക്കിയുണ്ടായിരുന്നു. കണ്ണീർ ഒഴുകുന്നത് കഴുത്തലെത്തിയപ്പോഴാണ് അറിഞ്ഞത്.  അത്രയും നേരം താൻ അവളോടു മാത്രം സംസാരിക്കുകയായിരുന്നു.  തൻ്റെ ആ ഏക ശ്രോതാവി നോട്. ആരെന്നോ  എവിടെന്നോ അറിയാത്ത,  ഒറ്റയ്ക്ക് വന്ന  ആ പെൺകുട്ടിയോട്. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നോക്കിയിരിക്കേ പെൺകുട്ടി പലയാളുകളുമായി രൂപം മാറുന്നതു കണ്ടു. ചിലരെയൊക്കെ തനിക്ക് പരിചയമുണ്ടായിരുന്നു. താൻ കാണാനാഗ്രഹിച്ചവരുണ്ടായിരുന്നു. ചിലർക്ക് ജന്മം കൊടുത്ത് താൻ തന്നെയായിരുന്നു. ചിലരെ മറന്നു പോയിരുന്നു. മറ്റു ചിലരാവട്ടെ തന്നോട് കരുണയാർന്ന നോട്ടം സമ്മാനിച്ചു കൊണ്ടിരുന്നു. അനുനിമിഷം കൂടുതൽ കൂടുതൽ പേർ വരികയും ഹാൾ നിറയുകയും ചെയ്തു. ഒടുവിൽ നീണ്ടകരഘോഷം മുഴങ്ങി. മതി, മതി എന്ന് താൻ പലതവണ ആംഗ്യം കാണിച്ചപ്പോഴാണ് അതു നിന്നത്.  പതിയെ ആളുകളൊക്കെ സ്ഥലം വിട്ടു.  ഹാളിൽ

താനും അവളും മൈക്കുകാരനും മാത്രം. അവൾ ധൈര്യത്തോടെ സ്റ്റേജിലേക്ക് കയറി വന്നു. തൊഴുതു. "ഞാൻ വളരെ ദൂരത്തു നിന്നും വരികയാണ്. അങ്ങയെ കേൾക്കാൻ വേണ്ടി, പറ്റുമെങ്കിൽ കാണാൻ വേണ്ടി മാത്രം. കഥകൾ മുഴുവനും വായിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞാൽ  ആ കഥകളിൽ ഗവേഷണം ചെയ്യണമെന്നാണ് മോഹം. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ക്ലാസിലാണ്. ഞാനും ഒറ്റക്കാണ്. അമ്മയും അച്ഛനും വേർപിരിഞ്ഞു. ഹോസ്റ്റലിലായിരുന്നു എപ്പോഴും. വല്ലാതെ സങ്കടം വരുമ്പോൾ ഞാൻ സാറിൻ്റെ കഥകൾ വായിക്കും. മന്ത്രശക്തിയാലെന്നപോലെ അവയെന്റെ സങ്കടങ്ങൾ തുടച്ചുനീക്കും. സാറിനെ നേരിട്ട് കാണാൻ പറ്റുന്ന ഒരവസരം നോക്കിയിരിക്കുകയായിരുന്നു. ഇന്ന് സ്കൂളുള്ള ദിവസമാണ്. ഒരു നുണ പറഞ്ഞ് വന്നതാണ് ". അവൾ ചിരിച്ചു. ആ ചിരി  മരണത്തെ അകറ്റുന്ന ഒരു ദിവ്യൗഷധം പോലെ തനിക്കനുഭവപ്പെട്ടു.  അതുവരെ തോന്നിയ മൗഢ്യവും വിഷാദവും വിട്ടകലുന്നതായും തോന്നി. താനിനിയും എഴുതും. ഇവൾക്കായി. ഇവളുടെ സങ്കടങ്ങൾ മാറ്റാനായി. ചിരി കാണാനായി.

 തിരക്ക് കാണിച്ച് ഭദ്രപാൽ ഓടി വന്നു. നേരത്തെ കൂടെ വന്നവരൊന്നും ഉണ്ടായില്ല. സ്റ്റേജിൽ നിന്ന് ഇറങ്ങാൻ സഹായിക്കവേ അയാൾ പറഞ്ഞു. "ഊണ് അറേഞ്ച് ചെയ്തിട്ടുണ്ട്. പ്രധാന വേദിക്ക് അടുത്ത്. നമുക്ക് അങ്ങോട്ട് പോകാം. വൗച്ചർ ഒപ്പിടുകയുമാവാം." വിശക്കുന്നുണ്ടായിരുന്നില്ല, ഒട്ടും. ഊണു കഴിക്കാനിരുന്നാൽ, മറ്റുള്ളവരോട് എന്തെങ്കിലും സംസാരിക്കേണ്ടി വന്നാൽ ആ പെൺകുട്ടി പറഞ്ഞ വാക്കുകളിലൂടെ പകർന്നു കിട്ടിയ ഊർജ്ജം കൈമോശം വരുമോയെന്നു ഭയന്നു. അതു  നഷ്ടപ്പെടുത്താൻ വയ്യ.  

"വേണ്ട, ഇപ്പോൾ വിശപ്പില്ല. മടങ്ങും വഴി ഒരിടത്തിറങ്ങാ നുണ്ട്. അവർക്ക് ഭക്ഷണവുമായി കാത്തിരിക്കും." ഭദ്രൻ നിർബന്ധിച്ചില്ല. അയാൾക്ക് വേറെ ജോലി ഉണ്ടായിരുന്നു.

ടൗൺ പരിസരം വിട്ട് അല്പദൂരം കൂടി കഴിഞ്ഞു. റോഡിൽ നടന്നു പോയിരുന്ന പെൺകുട്ടികളിൽ അവളെ തിരഞ്ഞു. അവളുടെ പേരെന്തായിരുന്നു? കഷ്ടം, ചോദിച്ചില്ല. സമദിനോടു പറഞ്ഞ് ഭദ്രനെ വിളിച്ചു. ഒരുപക്ഷേ വീഡിയോയിലോ ഫോട്ടോയിലോ അവൾ പതിഞ്ഞു കാണണം. പതിവുപോലെ മൂന്നാമത്തെ തവണയാണ് അയാൾ ഫോൺ എടുത്തത്. ശബ്ദത്തിൽ മുമ്പത്തേക്കാൾ തിരക്ക്.  "ഭദ്രാ, ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങും മുമ്പ് ഒരു പെൺകുട്ടി സംസാരിച്ചുകൊണ്ടിരുന്നില്ലേ?  അവളെ അറിയാമോ?  യൂണിഫോമിൽ വന്നൊരു കുട്ടിയായിരുന്നു.  തോളിൽ വലിയ ബാഗ് ഒക്കെ ഇട്ട്? " ഭദ്രൻ രണ്ടുമൂന്നു നിമിഷം ഒന്നും പറഞ്ഞില്ല. പിന്നെ "പെൺകുട്ടിയോ? ഏത് പെൺകുട്ടിയുടെ കാര്യമാണ് സർ പറയുന്നത്? അവിടെ അങ്ങനെ ആരും ഉണ്ടായില്ലല്ലോ? അവസാനത്തെ പത്തു പതിനഞ്ചു മിനിറ്റ് മൈക്ക് ഓപ്പറേറ്റർ വിഷ്ണുവും സാറും മാത്രമേ ഉണ്ടായുള്ളൂ എന്നും സാർ അതുപോലും ശ്രദ്ധിക്കാതെ സംസാരിച്ചുകൊണ്ടിരുന്നു എന്നും ഇപ്പോൾ അവൻ പറഞ്ഞതേയുള്ളൂ" എന്നാശ്ചര്യപ്പെട്ടു.

തനിക്ക്  അലോസരം തോന്നി. " കഥകൾ പറയാനറിയാത്തവർ പറയരുത്. പ്രത്യേകിച്ചും കേൾക്കുന്നവർ വിശ്വസിക്കാത്ത തരം കഥകൾ" എന്നോ മറ്റോ പറഞ്ഞു താൻ ഫോൺ വെച്ചു. കുറച്ചുദിവസം കഴിഞ്ഞ് തിരക്കൊഴിയുമ്പോൾ വീഡിയോയോ സദസ്സിൻ്റെ ഫോട്ടോയോ തരാൻ പറയണം അവനോട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക