അമേരിക്കയിലെ പ്രസിഡൻഷ്യൽ ഇലക്ഷൻ അടുത്തുവരികയാണ്. ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളാണെങ്കിലും രീതികൾ വ്യത്യസ്തമാണ്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന കക്ഷി പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ അമേരിക്കയിൽ നേരിട്ടുള്ള വോട്ടിങ്ങിലൂടെ ജനങ്ങൾ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു.
എന്നാൽ പ്രസിഡൻ്റാകുന്നത് ജനങ്ങളുടെ വോട്ടിൻ്റെ ഭൂരിപക്ഷം നേടിയതു കൊണ്ടല്ല. മറിച്ച്, 50 സ്റ്റേറ്റുകളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും ഇലക്ടറൽ വോട്ടുകൾ അനുവദിക്കുന്ന ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിലൂടെയാണ്. നവംബർ 5ന് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപും അങ്കത്തട്ടിൽ കയറുമ്പോൾ അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അനുബന്ധ നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
എന്താണ് ഇലക്‌ടറൽ കോളജ്?
പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തുമ്പോൾ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ മാത്രമേ നമ്മൾ ഗൗനിക്കൂ. എന്നാൽ വോട്ടർമാർ വോട്ട് ചെയ്യുന്നത് ഇവർക്കുവേണ്ടി മാത്രമല്ല. 'സ്ലേറ്റ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സ്ഥാനാർഥികളിലേക്കാണ് ഈ വോട്ട് ചെന്നെത്തുന്നത്. ദേശീയതലത്തിൽ ആകെ 538 ഇലക്ടറൽ വോട്ടുകൾ അഥവാ ഇലക്ടർമാർ ആണുള്ളത്. ഒരു സ്ഥാനാർത്ഥി വിജയിക്കാൻ 270 ഉറപ്പാക്കേണ്ടതുണ്ട്.
ഇലക്‌ടർമാർ സാധാരണയായി പാർട്ടി വിശ്വസ്തരാണ്. സ്റ്റേറ്റിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയെയാണ് ഇലക്ടർമാർ പിന്തുണയ്ക്കുക. ഓരോ ഇലക്ടറും ഇലക്ടറൽ കോളജിൽ ഒരു വോട്ടിനെ പ്രതിനിധീകരിക്കുന്നു. 2020-ൽ, പ്രസിഡൻ്റ് ജോ ബൈഡൻ 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് 232 ഇലക്ടറൽ വോട്ടുകൾ നേടിയ ട്രംപിനെ പരാജയപ്പെടുത്തിയത്. പ്രസിഡൻ്റിനെ തിരഞ്ഞെടുക്കേണ്ടത് കോൺഗ്രസ് ആണോ ജനകീയ വോട്ടിലൂടെ ആയിരിക്കണോ എന്നതുസംബന്ധിച്ച് നടന്ന ചർച്ചയിൽ, രാജ്യത്തിൻ്റെ സ്ഥാപകർ എത്തിച്ചേർന്ന ഒത്തുതീർപ്പാണ് യു.എസ്. ഭരണഘടന അനുശാസിക്കുന്ന ഈ സമ്പ്രദായം.
ഓരോ സ്റ്റേറ്റിലെയും ഇലക്ടർമാരുടെ എണ്ണം തുല്യമായിരിക്കുമോ?
അല്ല. ഓരോ സ്റ്റേറ്റിലുമുള്ള കോൺഗ്രസ് അംഗങ്ങളുടെയും സെനറ്റർമാരുടെയും എണ്ണത്തിന് അനുസൃതമായിരിക്കും ഇലക്ടർമാരുടെ എണ്ണം. ഓരോ സ്റ്റേറ്റിനും രണ്ട് സെനറ്റർമാരുണ്ട്, എന്നാൽ ഹൗസിലെ സീറ്റുകളുടെ വിഹിതം ജനസംഖ്യയെ അടിസ്ഥാനമാക്കി വ്യത്യസത്യമായിരിക്കും. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിൽ 54 ഇലക്‌ടർമാരുണ്ട്. ജനസംഖ്യ കുറഞ്ഞ ആറ് സംസ്ഥാനങ്ങൾക്കും കൊളംബിയ ഡിസ്ട്രിക്റ്റിനും മൂന്ന് ഇലക്ടറൽ വോട്ടുകൾ മാത്രമേയുള്ളൂ.
ഒരു സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ഇലക്ടറൽ വോട്ടുകൾ മൂന്നാണ്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സ്റ്റേറ്റായ വയോമിംഗിലെ ഒരു ഇലക്ടറൽ വോട്ട് ഏകദേശം 192,000 ആളുകളെ പ്രതിനിധീകരിക്കുന്നു. അതേസമയം ഏറ്റവും കുറവ് പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നായ ടെക്സസിലെ ഒരു ഇലക്ടറൽ വോട്ട് ഏകദേശം 730,000 ആളുകളെ പ്രതിനിധീകരിക്കുന്നു. രണ്ട് സംസ്ഥാനങ്ങൾ ഒഴികെയുള്ളവയിൽ ജനകീയ വോട്ട് നേടുന്നയാൾക്കു പ്രതിനിധികൾ വോട്ട് ചെയ്യണം. വലിയ മാർജിനിൽ വിജയിക്കുന്നതും കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്നതും ഒരു പോലെയാണ്. അതിനാൽ പ്രചാരണങ്ങൾ ഓരോ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തും. ഒരു നേരിയ ചലനംകൊണ്ട് എല്ലാ ഇലക്ടറൽ വോട്ടുകളും പെട്ടിയിൽ ആകും. നിലവിലെ തിരഞ്ഞെടുപ്പിൽ യുദ്ധഭൂമികൾ എന്നു വിളിക്കപ്പെടുന്ന അരിസോണ, ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിലാണ് കനത്ത പോരാട്ടം ഉണ്ടാവുക.
ജനകീയ ഭൂരിപക്ഷം വോട്ട് നേടിയാലും സ്ഥാനാർത്ഥി തോൽക്കുമോ?
തോൽക്കാം. 2000-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ്ജ് ഡബ്ല്യു. ബുഷും 2016-ൽ ട്രംപും ജനകീയ വോട്ടിന്റെ അടിസ്ഥാനത്തിൽ പരാജിതരായിരുന്നു. അവർ പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഇലക്ടറൽ വോട്ടിലൂടെയാണ്. 1800-കളിൽ ഇങ്ങനെ മൂന്ന് തവണ സംഭവിച്ചു. ഇത് ഈ സംവിധാനത്തിൻ്റെ പ്രധാന പോരായ്മയായി വിമർശകർ പലപ്പോഴും ഉദ്ധരിക്കാറുണ്ട്. വലിയ നഗരങ്ങളിൽ പിന്തുണ ആവശ്യപ്പെടുന്നതിനുപകരം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വോട്ട് തേടാൻ ഇത് സ്ഥാനാർത്ഥികളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഇലക്ടറൽ കോളജിൻ്റെ വക്താക്കൾ പറയുന്നത്.
ഇലക്‌ടർമാർ എപ്പോഴാണ് വോട്ട് ചെയ്യുന്നത്?
ഔദ്യോഗികമായി വോട്ട് രേഖപ്പെടുത്താനും ഫലം കോൺഗ്രസിന് അയയ്ക്കാനും ഇലക്ടർമാർ ഡിസംബർ 17-ന് യോഗം ചേരും. ആ വോട്ടുകൾ ജനുവരി 6 ന് കോൺഗ്രസ് ഔദ്യോഗികമായി കണക്കാക്കും. ജനുവരി 20 ന് പ്രസിഡൻ്റ് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.
ഇലക്‌ടർമാർ എപ്പോഴെങ്കിലും കൂറുമാറാറുണ്ടോ ?
പൊതുവേ, ഇലക്‌ടേഴ്‌സ് മീറ്റിംഗ് വെറുമൊരു ചടങ്ങാണ്. അതത് സംസ്ഥാനങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥിക്ക് റബ്ബർ സ്റ്റാമ്പ് വോട്ട് ചെയ്യുന്നതിനായി അവർ ഒത്തുചേരും. എന്നാൽ 2016-ൽ, 538 ഇലക്‌ടർമാരിൽ ഏഴ് പേരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത് അവരുടെ സംസ്ഥാനത്ത് വിജയിച്ചയാൾക്കല്ല. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരി ക്ലിൻ്റനെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഏഴ് ഇലക്‌ടർമാരിൽ മൂന്ന് പേർ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിന് വോട്ട് ചെയ്തതുകൊണ്ട് ആ തെരഞ്ഞെടുപ്പിൽ ട്രംപ് ആത്യന്തികമായി വിജയിച്ചു. നാഷണൽ കോൺഫറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്‌സിൻ്റെ അഭിപ്രായത്തിൽ, ഇലക്‌ടർമാരുടെ കൂറുമാറൽ തടയാൻ 33 സ്റ്റേറ്റുകളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ക്രിമിനൽ പെനാൽറ്റികൾ ഉൾപ്പെടുന്ന നിയമങ്ങളുണ്ട്.
ഇരുകൂട്ടർക്കും ലഭിക്കുന്ന വോട്ടിന്റെ എണ്ണം തുല്യമായാൽ?
269-269 എന്ന നിലയിൽ ഫലം വരാനുള്ള സാധ്യതയുണ്ടെന്നത് സിസ്റ്റത്തിന്റെ ഒരു പോരായ്മയായാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, യു.എസ്. ഭരണഘടനയുടെ 12-ാം ഭേദഗതി ആവശ്യപ്പെടുന്ന പ്രകാരം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി സഭ (ഹൗസ്), ഓരോ സംസ്ഥാനവും ഒരു യൂണിറ്റായി വോട്ട് ചെയ്തുകൊണ്ട് പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ വിധി തീരുമാനിക്കും. നിലവിൽ, 26 സംസ്ഥാന പ്രതിനിധികൾ റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലും 22 പേർ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുമാണ്. മിനസോട്ട, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങൾ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങൾക്കിടയിൽ കെട്ടുപിണഞ്ഞുകിടക്കുന്നു.
Facts about Electoral College