Image

കന്മദം പൂക്കുമ്പോൾ .... (ചെറുകഥ: എം ജി വിനയചന്ദ്രൻ)

Published on 23 October, 2024
കന്മദം പൂക്കുമ്പോൾ .... (ചെറുകഥ: എം ജി വിനയചന്ദ്രൻ)

പ്രേംകൃഷ്ണൻ്റെ മേശക്ക് മുൻവശം ഓഫീസിലെ മറ്റ് സഹപ്രവർത്തകർക്ക് ഒരിടളത്താവളമാണ്. പ്രവൃത്തി ദിവസങ്ങളിൽ കൃത്യസമയത്ത് ഹാജർ പുസ്തകത്തിൽ ഒപ്പുവച്ച് സ്വന്തം ഇരിപ്പിടത്തിൽ ഉപവിഷ്ടനാകുന്ന  
 

പ്രേംകൃഷ്ണനുമായിട്ടുള്ള നർമ്മസല്ലാപം എല്ലാവരുംഇഷ്ടപ്പെടുന്നു. 

അയാളുടെ വാക്കിലും നോക്കിലുമുള്ള

കാന്തികശക്തിയിൽ ആകൃഷ്ടരായി പോകും ആരും, പ്രത്യേകിച്ച് സ്ത്രീ സഹപ്രവർത്തകർ. 

അയാൾ ഓഫിസിൽ എല്ലാവരുടേയും പ്രിയ സുഹൃത്താണ്, ഒരാൾ ഒഴിച്ച്, അരുൺബാബു. 

സിവിൽ സ്റ്റേഷൻ്റെ മൂന്നാംനിലയിലുള്ള ഓഫീസ് ദീർഘചതുരാകൃതിയിലാണ്. 

കിഴക്ക് വശത്തെഭിത്തിയോട് ചേർന്നയിടം ഉള്ളിലെക്കുള്ള വഴിയായി ഒഴിച്ചിട്ട്, പിന്നിലേക്ക് നാല് വരിയായി ജീവനക്കാർക്കുള്ള മേശയും കസേരയും ക്രമീകരിച്ചിരിക്കുന്നു.പുറത്ത് നീണ്ട വരാന്തയിൽ തെക്കേ അരികിൽനിന്ന് അകത്തേക്കുള്ള വാതിൽ കടന്നാൽ ആദ്യ വരിയിൽ രണ്ടാമതാണ് പ്രേംകൃഷ്ണണൻ്റെ സ്ഥാനം.

തലസ്ഥാന നഗരിയിലെ ഓഫിസിൽ നിന്നും സ്ഥലം മാറ്റത്തിലൂടെ വന്ന 

പ്രേംകൃഷ്ണൻ അടുത്തൊരു 

ലോഡ്ജിൽ മാസവാടകക്ക്

താമസിക്കുന്നു. ആഴ്ചാവസാനം വീട്ടിലേക്ക് പോകും.നഗരപരിധിയിൽ നിന്ന് അകലെയാണ് വീട്. ദിവസമുള്ള യാത്രയുടെ യാന്ത്രികത അയാൾ ഇഷ്ടപ്പെടുന്നില്ല.

പ്രേംകൃഷ്ണൻ്റെ സ്ഥലമാറ്റ ഉത്തരവിനൊപ്പം ചൂടുള്ള ഒരുവാർത്ത കൂടി എത്തിയിരുന്നു." ആള് സ്ത്രീ വിഷയത്തിൽ അതീവതല്പരനാണ് അടവുകൾ പഠിച്ചവൻ, പയറ്റിതെളിഞ്ഞവൻ "

ഓഫിസിൽ ആളെത്തും മുൻപേ ജീവചരിത്രമെത്തുന്നത് സ്വാഭാവിക നടപടി ക്രമം! അതിന് പുരുഷനോ സ്ത്രീയോ എന്ന് വകഭേദമില്ല. സ്ത്രീയാണെങ്കിൽ അല്പം നീലിമ കൂടും.

രതിജരബാധിച്ചവരുടേയും 

ചാട്ടംപിഴച്ച കുറുക്കുന്മാരുടെയും അസൂയയും, നിരാശയും ചേർത്ത് പൊലിപ്പിച്ച ജല്പനങ്ങൾ.

റോസ് മേരി സ്ഥലംമാറി വന്ന അവസരത്തിലും,മുമ്പേ എത്തിയിരുന്നു ഉദ്യോഗപർവ്വത്തിലെ ഇക്കിളി കഥകൾ,

ഒരുപുരുഷ സഹപ്രവർത്തകന് ഇഷ്ടമുള്ള കറികൾ റോസ് മേരി വീട്ടിൽ നിന്ന് കൊണ്ട് വന്ന് ഒപ്പമിരുന്ന് വിളമ്പി കൊടുത്ത് ഉച്ചഭക്ഷണം കഴിക്കുന്നത് പതിവായിരുന്നെന്നും, രണ്ടു പേരെയും സംശയാസ്പദമായ സാഹചര്യങ്ങളിൽ ഒരുമിച്ച് കണ്ടിരുന്നുവെന്നുമുള്ള കല്പിത കഥകൾ വാമൊഴിയായി എത്തിയിരുന്നു! അതിൽ ഭ്രമിച്ച് അഭിരമിച്ച് റോസ് മേരിയെ സമീപിച്ച,അരുൺബാബു ആദ്യ ദിവസം തന്നെ ചുവട് പിഴച്ച് ഇളിഭ്യനായത്  മറ്റൊരുപകഥയായി ഉദ്യോഗപർവ്വത്തിൽ ഇടം പിടിച്ചിട്ടുണ്ടാകണം, ഭാവിയിൽ 

അയാൾക്ക് മുന്നേ കൊടി 

പിടിച്ച് പറക്കാൻ.

പ്രേംകൃഷ്ണൻ്റ സ്വഭാവ സർട്ടിഫിക്കറ്റിൽ വ്യാകുലപ്പെട്ടത് അരുൺബാബുവാണ്.

വനിതകൾ കൂടുതലുള്ള ഓഫിസിൽ  "വിഷയ ദാരിദ്ര്യം " അനുഭവിക്കുന്നവരെ സ്വയം കണ്ടെത്തി,പ്രശ്നപരിപരിഹാര  ത്തിനായി സമീപിച്ച് നിരാശപ്പെട്ടെങ്കിലും ശ്രമം തുടരുന്ന തൻ്റെ ഏദൻ തോട്ടത്തിലെക്ക് മറ്റൊരാൾ കടന്ന് വരുന്നതിൻ്റെ ആകുലത അയാൾ ഉള്ളിലൊതുക്കി, തലസ്ഥാനത്തു നിന്നുള്ള ആളല്ലെ സ്വാധീനം ഉണ്ടാകും ഉത്തരവ് റദ്ധാക്കും എന്ന് സമാധാനിച്ചിരുന്നു.

വനിതാ ജീവനക്കാർക്കിടയിൽ 

പ്രേംകൃഷണൻ ചർച്ചാവിഷയമായി. 

സ്ത്രീ തല്പരനെന്ന അപഖ്യാതിയുമായി എത്തുന്ന സഹപ്രവർത്തകനെ മുൻവിധിയോടെ സമീപിക്കാൻ റോസ്മേരിയും, ഇന്ദുലേഖയും തയ്യാറല്ലായിരുന്നു. 

വിവാഹിതരെങ്കിലും, പ്രണയ മർമ്മരം നിലക്കാത്ത ഹൃദയത്തിനുടമകളായ സ്ത്രൈണതയുടെ ജൈവഗ്രന്ഥികൾ സജീവമായി തുടിക്കുന്ന അവർ പ്രേം കൃഷ്ണൻ്റെ വരവിനായി കാത്തിരുന്നു. അത്രമേൽ സ്ത്രീ മനസ്സുകളെ വശീകരിക്കാൻശക്തിയുള്ള

പഞ്ചബാണനെ എങ്ങനെഎതിരേൽക്കണം ?

അകലം പാലിച്ചോ? 

സൗഹൃദത്തിന് അതിർ വരമ്പിട്ടൊ? മറ്റുള്ളവർ പലവഴികൾ ചിന്തിച്ചു.

ആ ദിവസംഎത്തി,അരുൺബാബുവിൻ്റെ

വിശ്വാസം തെറ്റിച്ചു കൊണ്ട് പ്രേം 

കൃഷണൻ വന്നു. അതൊരു തിങ്കളാഴ്ച ആയിരുന്നു,നല്ല ദിവസം, ഓഫിസിൽ എല്ലാവരും ഹാജരുണ്ടായിരുന്ന ദിവസം.

ആദ്യ കാഴ്ചയിൽ തന്നെ മാന്യനെന്ന് തോന്നുന്ന ആകർഷണീയമായ ശരീരഭാഷയും വേഷവിധാനവും, 

ഷർട്ട് ഇൻ ചെയ്ത് പാൻ്റ് ധരിച്ചിരിക്കുന്നു. നെഞ്ചോട് ചേർന്ന് നിൽക്കുന്ന വയർ ആകാരഭംഗി കൂട്ടുന്നു.

തിളക്കമുള്ള മുഖത്തിനിണങ്ങുന്ന ചിരിയും മേൽമീശയും,വിശാലമായ നെറ്റിത്തടത്തിൻ്റെ ഇടത് വശത്തേക്ക് ചരിച്ച് ചീകി വച്ചിരിക്കുന്ന ഇടതൂർന്ന നീണ്ടമുടി.

"കൊള്ളാം കാഴ്ചയിൽ ഒരു ചുള്ളൻ ചെക്കൻ, ഈ സാറിനോ മുപ്പത്തഞ്ച് വയസ്" റോസ് മേരി തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞു.

ഇന്ദുലേഖയും മിഴിചിമ്മിനിന്നു,

നിശബ്ദയായി.

തവളയ്ക്ക് ബൽറ്റിട്ടതു പോലെ ഷർട്ട് ഇൻ ചെയ്ത് വരുന്ന ബഷീറിനേയും, ഒറ്റാലു പോലുള്ള ഷർട്ട് ധരിച്ച് വരുന്ന തോമസിനേയും, ദിവസങ്ങളോളം അലക്കാത്ത ഒരേ വസ്ത്രം ധരിച്ചെത്തുന്ന ഷിബുവിനെയും, മദ്യപിച്ചെത്തി വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതിന് വേലവിലക്ക് നേരിട്ട സുഭാഷിനെയും പോലെ, വസ്ത്രധാരണത്തിൽ ശ്രദ്ധയില്ലാത്ത പുരുഷന്മാർക്കിടയിൽ അല്പം

വേറിട്ടുനിന്ന അരുൺബാബുവിനെയും അതിശയപ്പിച്ചു,

പ്രേംകൃഷ്ണൻ്റെ പുരുഷസൗന്ദര്യം.

അയാളുടെ വരവ് ഓഫീസിലാകെ ഒരോളമുണർത്തി! 

ജോലിയിൽ പ്രവേശിച്ച പ്രേoകൃഷ്ണൻ പുരുഷ സഹപ്രവർത്തകരെയെല്ലാം അടുത്ത് ചെന്ന് പരിചയപ്പെട്ടു. തങ്ങൾക്കരുകിലേക്ക് തുറന്ന ചിരിയും സംസാരവുമായി അയാൾ എത്തുമെന്ന് കരുതിയിരുന്ന വനിതകളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പ്രേംകൃഷ്ണൻ എല്ലാവരേയും ഒരുനോട്ടം കൊണ്ടു മാത്രം പരിചയപ്പെട്ടു.

അയാളിൽ നിന്ന് അകലം പാലിക്കാൻ കാത്തിരുന്നവരിൽ നിന്ന് അയാൾ അകലം പാലിച്ചു! 

സ്ത്രീകളുടെ മുൻവിധിയെ തോൽപ്പിച്ചു കൊണ്ട് അടവിൻ്റെ ആദ്യപടി. 

അടുത്ത ദിവസവും പ്രേം കൃഷ്ണൻ്റെ നിലപാടിൽ മാറ്റമുണ്ടായില്ല. അയാൾ സ്ത്രീ സഹപ്രവർത്തകരുടെ ആരുടെയും അരികിലെക്ക് പോയില്ല.എല്ലാവരോടും ചിരിച്ചു കൊണ്ട് ഗുഡ് മോണിങ്ങ് പറഞ്ഞു സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന്.  "ഇത്രയും മാന്യനായ ഒരു മനുഷ്യനെ നമ്മൾ വെറുതെ സംശയിച്ചു " മിതഭാഷിയായ സുഭാഷിണി ഉച്ചയൂണ് സമയത്ത് കുറ്റബോധം പോലെ പറഞ്ഞു.

വനിതാ കൂട്ടായ്മ ഏക മനസ്സോടെ അതംഗീകരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ വനിതാ

സഹപ്രവർത്തകർ ഊഴം വച്ച് പ്രേംകൃഷ്ണനോട് സംസാരിച്ചു പരിചയപ്പെട്ടു. ആർക്കെങ്കിലും സംശയം അവശേഷിച്ചിരുന്നുവെങ്കിൽ അതും നീക്കി അയാളുടെ പക്വതയുള്ള സഭ്യമായ വാക്കുകൾ.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 

എല്ലാവരുടേയും പ്രിയ മിത്രമായി മാറി പ്രേംകൃഷ്ണൻ,ഓഫിസിലാകെ അനുരോധ ഊർജ്ജo പ്രസരിപ്പിക്കുന്ന സഹപ്രവർത്തകൻ.ഓഫീസ് നടപടി ക്രമങ്ങളിലും, സർവ്വീസ് ചട്ടങ്ങളിലും അറിവുള്ള അയാൾ ഓഫീസ് മേധാവിക്ക് മുന്നിലും അംഗീകരിക്കപ്പെട്ടു.

രാവിലെ ഓഫീസിൽ എത്തുന്ന എല്ലാവരും പ്രേംകൃഷ്ണൻ്റെ മേശക്ക് മുന്നിൽ നിന്ന് അല്പസമയം  സംസാരിക്കും. അരുൺബാബു മാത്രം ഉപചാരം പറഞ്ഞ് കടന്ന് പോകും.

എല്ലാ വനിതാ സഹപ്രവർത്തകരോടും ഒരേ ആവേഗത്തിൽ സംസാരിക്കുന്ന പ്രേം രണ്ട് പേരോട് അതിൽ വെത്യാസം വരുത്തും, റോസ് മേരിയോടും, ഇന്ദുലേഖയോടും സംസരിക്കുമ്പോൾ! പ്രണയിനികളെ ഒറ്റനോട്ടത്തിലറിയും അയാളിലെ കാമുകൻ.

അവരിലെ അനുരാഗത്തിൻ്റെ തന്ത്രികളെ മെല്ലെ തൊട്ടുണർത്തിയോ അയാൾ ?

"സറിനൊരു പ്രത്യേക മണമാണ്, സുഖമള്ളൊരു ഗന്ധം,പെർഫ്യൂമിൻ്റെതല്ല മുന്നിൽ അറിയാതെ നിന്നു പോകും" 

റോസ് മേരി ഉള്ളിലുള്ളത് ഇന്ദുലേഖയോട്  തുറന്ന് പറഞ്ഞു.

കണ്ണിൽ നോക്കി സംസാരിക്കുന്ന അയാളുടെ ശൈലിയാണ് ഇന്ദുലേഖ ശ്രദ്ധിച്ചത്.സംസാരത്തിനിടയിൽ കൺകോണുകൾ ചിമ്മുന്നത് തൻ്റെ നേർക്ക് മാത്രമോ? 

സ്വയം കാറോടിച്ച് വരുന്ന റോസ് മേരിയാണ് ഓഫിസിൽ ഏറ്റവും ഭംഗിയിൽ അണിഞ്ഞൊരുങ്ങി വരുന്നത്. 

കോട്ടൺ സാരി വടിവോടെ ഞ്ഞൊറിഞ്ഞുടുത്ത്, പിൻകഴുത്തിറങ്ങിയ  ബ്ലൗസ് ധരിച്ച്, ഷാംപൂ മണക്കുന്ന മുടിയും, റോസ് പൗഡറും ലിപ്സ്റ്റിക്കും തേച്ച് മുഖം മിനുക്കി റോസ് മേരിയുടെ വരവ് ഒരാനചന്തമാണ്. ആ ചന്തം നന്നായി ആസ്വദിക്കുന്നവർ ഉണ്ടെന്നവർക്കറിയാം. ഇയ്യിടെയായി അവർ തൻ്റെ സൗന്ദര്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. 

റോസ് മേരിയിൽ പ്രേം കൃഷ്ണൻ്റെ ആദ്യനോട്ടം പതിഞ്ഞു!

കണ്ണിൽ നോക്കി സംസാരിക്കുന്ന പ്രേo കൃഷ്ണൻ്റ നോട്ടം ഇടയ്ക്കിടെ സ്ഥാനം തെറ്റുന്നതും അതൊരു കോരിത്തരിപ്പായി ഉള്ളിൽ നിറയുന്നതും റോസ് മേരി അറിയുന്നു.

അഴകളവിൻ്റെ അനുപാതം തെറ്റാത്ത ശരീരഘടനയുള്ള ഇന്ദുലേഖയ്ക്ക് ചുരിദാർ വേഷം നന്നായി ഇണങ്ങും.

അവളുടെ ശാലീനഭാവത്തിൻ്റെയും, മൂക്കുത്തിയിലെ കല്ലിൻ്റെയും, ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയുടെയും ഭംഗി, താഴ്ന്ന സ്വരത്തിൽ പ്രശംസിച്ചത്, ആസ്വദിച്ച ഇന്ദുലേഖ  ചിരിയിൽ നാണം കലർത്തി പരിഭവിച്ചു, "പോ സാറെ എനിക്കിതൊന്നും ഇഷ്ടമല്ല "

അതിലെ ഇഷ്ടം പ്രേം കൃഷ്ണൻ തിരിച്ചറിഞ്ഞു!

ജീവിതത്തിൽ എത്രയോപുരുഷൻമാരെ നമ്മൾ പരിചയപ്പെടുന്നു അവരിൽ ചിലരോട് മാത്രം അടങ്ങാത്തൊരിഷ്ടം  തോന്നുന്നത് എന്തുകൊണ്ടാണ്,

നമുക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ

മോഹിക്കുന്നത് അവരിൽനിന്ന്

കിട്ടുമെന്ന പ്രതീക്ഷയാവാം, ഇന്ദുലേഖ വെറുതെ ചിന്തിച്ചു !

പുരുഷ സഹപ്രവർത്തകരുമായി അധികം സംസാരിക്കാത്ത ഇന്ദുലേഖ, പ്രേംകൃഷ്ണൻ്റെ മേശക്ക് മുന്നിൽ നിന്ന് ശബ്ദം താഴ്ത്തി സംസാരിക്കുന്നതും, സംസാരപ്രിയയായ റോസ്മേരി ഒരു പടികൂടി കടന്ന്, അയാൾക്കരുകിൽ മേശമേൽ ചാരിനിന്ന് സംസാരികുന്നതും പതിവായി കാണുന്ന അരുൺബാബുവിൻ്റെ മനസ്സിൽ ചൊറിയണം കുത്തി, "ഇയ്യാളിതെന്ത് വശീകരണ വിദ്യയാണ് പ്രയോഗിച്ചത് " അരുൺ സ്വയം ചോദിച്ചു, ഒപ്പം സമാന ചിന്താഗതിയുള്ളവരുമായി 

സംശയം പങ്ക് വച്ചു.

അഭിനിവേശം മൂത്ത് തന്നെ സമീപിച്ച പുരുഷ പുംഗവന്മാർക്ക് മുന്നിൽ ലക്ഷമണരേഖ വരച്ച റോസ്മേരി ഇയ്യാൾക്ക് മുന്നിൽ തലകുനിച്ചുവോ?  ശീലാവതി ഇന്ദുലേഖയും ഭാവശുദ്ധിയെ മറന്നുവോ? പാവം സ്കൂൾ മാഷിൻ്റെ കഷ്ടകാലം. അരുൺബാബുവിൻ്റെ 

കുടില ചിന്തകൾ കാട്കയറി.

അന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് പ്രേംകൃഷ്ണനൊപ്പമാണ് റോസ് മേരി ഇറങ്ങിയത്. കുറച്ച് നാളത്തെ പരിചയത്തിൽ നിന്ന് റോസ് ഉറപ്പിച്ചു അദ്ദേഹം വിശ്വസ്തനായ ഒരു സഹപ്രവർത്തകനാണ്. സ്വകാര്യ ജീവിതം പോലും തുറന്ന് പറയാവുന്ന ആത്മ സുഹൃത്ത്.സംസാരിച്ച് നടന്ന് കാർ പാർക്കിങ്ങ് സ്ഥലത്തെത്തിയപ്പോൾ റോസ് ചോദിച്ചു "സറിനെ ലോഡ്ജിന് മുന്നിലേക്ക് വിടണോ "

"വേണ്ട, അധിക ദൂരമില്ലല്ലോ, നടക്കാം, ഒരു വ്യായാമമാവട്ടെ, ചോദിച്ചതിൽ സന്തോഷം " അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു.

അയാളുടെ മറുപടിയിൽ റോസിന് നിരാശ തോന്നി. അവൾ ചോദിച്ചത് ഭംഗിവാക്കായിരുന്നില്ല!

രാത്രിയിൽ, അറിയപ്പെടുന്ന കെട്ടിട നിർമ്മാതാവായ ഭർത്താവ് എത്താൻ വൈകും, കുട്ടികൾ ഉറങ്ങി, സഹായിയായ സ്ത്രീയും കിടന്നു.റോസ് മേരി വെറുതെ ഓർത്തൂ, പ്രേംകൃഷ്ണനെ ഒന്ന് വിളിച്ചാലൊ, ആദ്യമായിട്ടാണ് രാത്രിയിൽ. അദ്ദേഹവുമായി സംസാരിക്കുന്നത് ഒരു സുഖാനുഭവമാണ്. റോസ് ഫോൺ എടുത്തു, അത്ഭുതം അയാളുടെ മിസ്ഡ് കാൾ! രണ്ട് റിങ്ങ് മാത്രം!

റോസ് തിരികെ വിളിച്ചു,

"സർ എന്നെ വിളിച്ചിരുന്നോ?"

"സോറി, എൻ്റെ ഒരു സുഹൃത്ത് രവിയെ വിളിച്ചപ്പോൾ നമ്പർ മാറിപ്പോയതാണ് "

"അതിനെന്താ സർ, സാരമില്ല, ഭക്ഷണം കഴിച്ചോ, ഉറങ്ങാൻ സമയമായോ"

"കഴിച്ചു, ഉറങ്ങുന്നതിന് മുമ്പ് കുറച്ച് വായിക്കും, ഒരു ശീലമാണ് "

തുടർന്ന് സംസാരിക്കുമെന്ന പ്രതീക്ഷയിൽ റോസ് ഒരു നിമിഷം കാത്തിരുന്നു, ഇല്ല!

" ശരി സർ ഗുഡ് നൈറ്റ് "

"ശുഭരാത്രി റോസ്, നാളെ കാണാം "

അപ്പോഴും അയാളുടെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞുവോ?

അടുത്ത ദിവസം രാവിലെ റോസ് മേരി താഴെ, ഓഫിസിലേക്ക് ലിഫ്റ്റ് കാത്ത് നിൽക്കുമ്പോൾ പ്രേംകൃഷ്ണനും എത്തി. ലിഫ്റ്റിൽകയറുന്നത് താൽപ്പര്യമില്ലാത്ത

അയാൾക്കൊപ്പംപടികൾ കയറുമ്പോൾ സ്നേഹം കലർന്ന പരിഭവത്തിൽ അവൾ ചോദിച്ചു:

"ഇന്നലെ രാത്രിയിൽ സറിന് കൂടുതൽ ഒന്നും പറയാനില്ലായിരുന്നോ, 

ഞാൻ പ്രതീക്ഷിച്ചു, വല്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു "

"രാതിയിൽ ഒരു കുടുംബിനിയോട് ആവശ്യമില്ലാതെ സംസാരിക്കുന്നത് ശരിയാണോ " അർത്ഥഗർഭമായ അയാളുടെ മറുപടിയിൽ രസിച്ച റോസ് 

" അതിന് നമ്മൾ നല്ല കൂട്ട്കാരല്ലേ, അപ്പോൾ ആവാം " 

അത് പറയുമ്പോൾ അവളുടെ മുഖത്തെ ലോലിതഭാവം അയാൾ ശ്രദ്ധിച്ചു! 

താൻ പ്രതീക്ഷിച്ച അനുരാഗ വീഥിയിലേക്ക് അവളെ എത്തിക്കാനായതിൽ സന്തോഷിച്ച

അയാൾ പറഞ്ഞു :

"അതെ, ശരിയാണ് പക്ഷെ സ്ത്രീ പുരുഷ സൗഹൃദത്തിൻ്റെ പരിധി നിശ്ചയിക്കുന്നത് സ്ത്രീ തന്നെയായിരിക്കണം, 

ഇഷ്ടത്തോടെ, അത് പുരുഷൻ്റെ സമ്മർദ്ദത്തിനൊ, നിർബന്ധത്തിനോ വഴങ്ങിയാകരുത്‌"

"എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നന്നായിരുന്നു''

റോസ് വിടർന്ന ചിരിയോടെ പറഞ്ഞു.

" അതായത് പുരുഷ സുഹൃത്തിനെ ഗേറ്റിന് വെളിയിൽ നിർത്തണോ, പൂമുഖത്തിരുത്തണോ അതോ സ്വീകരണമുറിയിൽ കയറ്റി ഇരുത്തണോ

അത് സ്ത്രീയുടെ സ്വതന്ത്രമായ തീരുമാനമായിരിക്കണം, സമ്മതമില്ലാതെ കടന്ന് വരാൻ അനുവദിക്കരുത് "

പ്രേംകൃഷ്ണൻ്റെ വിശദീകരണം കേട്ട റോസ് വരാന്തയലൂടെയുള്ള നടത്തം ഒരു നിമിഷം നിർത്തി ഇടoവലം നോക്കി വശ്യമായ ചിരിയോടെ ചോദിച്ചു:

"സറിന് ഞാനെൻ്റെ മനസ്സിൻ്റെ വാതിൽ തുറന്ന് തന്നാലോ "

പ്രേംകൃഷ്ണൻ, റോസ് മേരിയുടെ കണ്ണുകളിലേക്ക് നോക്കി ചെറുതായി ചിരിച്ചു. ആ ഗൂഢസ്മിതത്തിൻ്റെ അർത്ഥം മനസ്സിലാക്കിയ റോസ് ഇളകിച്ചിരിച്ചു കൊണ്ട് ഓഫീസിനുള്ളിലേക്ക് വേഗത്തിൽ നടന്ന് കയറി, പിറകെ അയാളും, അത് കണ്ട് കണ്ണിൽ ഇരുട്ട് കയറിയ അരുൺ ബാബു തൻ്റെ ചാനൽ വാർത്തയുടെ അടുക്കള വാതിൽ വലിച്ചു തുറന്നു!

മാസങ്ങൾ കടന്ന് പോയി.

പ്രേoകൃഷ്ണൻ, റോസ് മേരി, ഇന്ദുലേഖാ ത്രികോണ സൗഹൃദത്തിൻ്റെ നിറം പിടിപ്പിച്ച കല്പിത കഥകൾ പലത് ഓഫിസിനുള്ളിലും ഇടനാഴിയാലും അടക്കം പറഞ്ഞ് നടന്നു. 

 അതിൽ ചിലത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തങ്ങിനിന്നു, മഴ തിമിർത്ത് പെയ്ത ഒരു വൈകുന്നേരം ഓഫിസിൽ നിന്ന് റോസ് മേരിക്കൊപ്പം കാറിൽ കയറിപ്പോയ പ്രേം ലോഡ്ജിന് മുന്നിൽ ഇറങ്ങാതെ എവിടേക്കാണ് പോയത്? 

റിക്കാഡ് മുറിയിൽ നിന്ന് പുറത്ത് വന്ന ഇന്ദുലേഖയുടെ കവിൾത്തടം ചുവന്ന് കണ്ടതെങ്ങനെ? 

ഉത്തരം തേടി അരുൺ ബാബു ശൂന്യതയിൽ പരതി നടന്നു. 

അപ്പോഴും അക്ഷോഭ്യനായി മന്ദസ്മിതത്തോടെനിന്നു പ്രേംകൃഷ്ണൻ ഗോപികമാരെപ്പോലെ റോസ് മേരിയും, ഇന്ദുലേഖയും.

കാലം ആർക്ക് വേണ്ടിയുംകാത്ത്നിന്നില്ല.

കൺമുന്നിലൂടെ മൂന്ന് വർഷങ്ങൾ അറിയാതെ കടന്നു പോയി.

പ്രേംകൃഷ്ണന് തലസ്ഥാന നഗരിയിലേക്ക്സ്ഥലംമാറ്റംലഭിച്ചു.

സഹപ്രവർത്തകർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. 

വേർപിരിയലിൻ്റെ നൊമ്പരം അലട്ടിയ മനസ്സുമായി റോസ്മേരി പ്രേo

കൃഷ്ണൻ്റെ വലത്കൈത്തലം മുറുകെപിടിച്ച്പറഞ്ഞു: 

"റിയലി ഐ മിസ് യു,എന്നെമറക്കുമോ"

അപ്പോഴും അയാൾ കള്ളച്ചിരി ചിരിച്ചു! അയാളുടെ ഗന്ധം അവളുടെ ഉടലാകെ

 പടന്നുവോ?

ഇത്രയുംനാൾആരോടും പരിഭവമില്ലാതെ എല്ലാവർക്കും സ്നേഹവും, പ്രണയവും, സൗഹൃദവും മാത്രം നൽകി നടന്ന് അകലുന്ന പ്രേംകൃഷ്ണനെ നിർനിമേഷയായി നോക്കി നിന്ന ഇന്ദുലേഖയുടെ നഗ്നമായ പിൻകഴുത്തിൽ മൃദുവായി ചുംബിച്ചു, നനുനനുത്തോരു കാറ്റ്, പ്രേംകൃഷ്ണൻ്റെ രതിനിശ്വാസം പോലെ!

Join WhatsApp News
Seena Aji 2024-10-24 14:48:14
കഥ നന്നായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക