2024-26 കാലഘട്ടത്തിലേക്കുള്ള ഫോമാ നേതൃത്വം ചുമതലയേറ്റെടുക്കുന്ന വേളയിൽ തന്നെ ഭാവിയിലും ഫോമയെ നയിക്കാൻ തയ്യാറായി കഴിവു തെളിയിച്ച ആളുകൾ രംഗത്ത് വരുന്നു എന്നത് ഈ സംഘടനയുടെ പ്രസക്തിയും, ശക്തിയും വിളിച്ചോതുന്നതാണ്. 2026-28 പീരിയഡിലെ ഫോമാ പ്രസിഡണ്ടായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വിൻസൺ സേവ്യർ പാലത്തിങ്കൽ തൻ്റെ ലക്ഷ്യങ്ങളെയും, മൽസര രംഗത്ത് പ്ലാൻ ചെയ്യുന്ന തന്ത്രങ്ങളെയും കുറിച്ച് ഇ-മലയാളിയോട് മനസ്സ് തുറന്നു.
അമേരിക്കൻ മലയാളിയും ഫോമയും.
ആറു ലക്ഷത്തോളം മലയാളികൾ അമേരിക്കയിലുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. ഇതിൽ ഇമ്മിഗ്രൻ്റായി വന്നവരും അമേരിക്കയിൽ ജനിച്ചവരും ഉൾപ്പെടും. ഇവരിൽ എത്ര ശതമാനം ആളുകൾക്ക് ഫോമയെക്കുറിച്ച് അറിയാമെന്നോ, എത്ര ശതമാനം പേരുടെ ജീവിതത്തിൽ ഫോമ ഏതെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നോ ചോദിച്ചാൽ കേവലം അഞ്ച് അല്ലെങ്കിൽ ഏറ്റവും കൂടിയത് ഒരു പത്തു ശതമാനം മാത്രം എന്നായിരിക്കും ഒരു സാമാന്യം നീതിപൂർവ്വകമായ ഉത്തരം. അമേരിക്കൻ മലയാളികളെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നു എന്ന് അഭിമാനിക്കുന്ന ഒരു ഓർഗനൈസേഷൻ്റെ പ്രസക്തി വിളിച്ചോതുന്ന ഒരു ഉത്തരമല്ല അത്. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ ഭൂരിപക്ഷം മലയാളികളുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന, അവരുടെ ജീവിതത്തിൽ പ്രസക്തമായ അജൻഡയും, പ്രവത്തന പരിപാടികളും ഫോമക്കുണ്ടാകണം. ജീവിതത്തിൻ്റെ നാനാതുറകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മലയാളി സമൂഹത്തിന് മൊത്തത്തിൽ അഭിമാനിക്കാനാവുന്നതും, പ്രയോജനകരമെന്നു തോന്നുന്നതുമായ കർമ്മ പരിപാടികൾ വിഭാവനം ചെയ്യാനും, നടപ്പാക്കാനും ഫോമക്ക് സാധിക്കണം. വിദ്യാഭ്യാസ രംഗത്തും, പൊതു രംഗത്തും, ഔദ്യോഗിക, ബിസ്സിനസ് രംഗങ്ങളിലും മലയാളികളുടെ ജീവിതത്തെ സ്പർശിക്കാൻ, അവരെ പ്രോൽസാഹിപ്പിക്കാൻ, അവരുടെ ചിന്തകൾക്കും പദ്ധതികൾക്കും പുതിയ മാനം നൽകാൻ ഫോമക്ക് സാധിക്കണം. അപ്പോഴാണ് അമേരിക്കൻ മലയാളി ഫോമയുടെ ശരിയായ ശക്തിയും, പ്രസക്തിയും മനസ്സിലാക്കുക. അതിന് പറ്റിയ ചില പരിപാടികൾ എൻ്റെ മനസ്സിലുണ്ട്. അവ ഏറ്റവും ഭംഗിയായി ആവിഷ്ക്കരിച്ച് ഫലപ്രാപ്തിയിലേക്ക് എത്തിക്കാൻ ഫോമ പ്രസിഡണ്ട് എന്ന നിലയിൽ സാധിക്കും എന്ന് വിശ്വസിക്കുന്നു.
പാനലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും, തിരഞ്ഞെടുപ്പ് തന്ത്രങ്ങളും.
ഞാൻ 2014ൽ നാഷണൽ വൈസ് പ്രസിഡണ്ടായി നിന്ന് വൻ ഭൂരിപക്ഷത്തിന് ജയിച്ചത് ഒരു പാനലിലും ഇല്ലാതെയാണ്. പാനലുകൾ സ്ഥാനാർത്ഥികൾ തമ്മിൽ ശത്രുതയും വൈരാഗ്യവും ഉണ്ടാക്കി സംഘടയെ ക്ഷയിപ്പിക്കുന്നു എന്ന കാര്യത്തിൽ അന്നത്തെ പോലെ ഇന്നും ഞാൻ വിശ്വസിക്കുന്നു. ഒരു പാനലിൽ നിന്ന് ജയിച്ച് വരുന്നവർ ഒറ്റക്കെട്ടായ പ്രവർത്തനം കാഴ്ചവെക്കുമെന്ന ഒരു ധാരണയുണ്ടായിരുന്നു പണ്ട്. അതും ഒരു മിഥ്യയാണെന്ന് ഈയടുത്ത കാലത്തെ സംഭവ വികാസങ്ങൾ തെളിയിച്ചു. കഴിവുള്ളവരും, കമ്മ്യൂണിറ്റിക്കു വേണ്ടി സ്വന്തം ലാഭേച്ഛ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ളവരുമായ ആരുമായും ഒന്നിച്ച് പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്. പ്രസിഡണ്ടിൻ്റെ വിഷനും, എല്ലാ രീതിയിലുമുള്ള റിസ്ക്കുകളെടുക്കാനുള്ള തയ്യാറെടുപ്പും ഏറ്റവും പ്രധാനമാണ്. പക്ഷേ കൂട്ടത്തിൽ എക്സികൂട്ടീവിലുള്ളവരുടെ കഴിവും, പണിയെടുക്കാനുള്ള തയ്യാറെടുപ്പും അതു പോലെ തന്നെ പ്രധാനമാണ്. ഒരു പാനലിൻ്റെ ഭാഗമായി നിന്ന് ജയിക്കുന്നവരേക്കാൾ തനിക്കൊറ്റക്കു നിന്ന് ജയിക്കാനാകും എന്ന് വിശ്വസിക്കാൻ കെല്പും, ധൈര്യവും, വ്യക്തിത്വവും, ജോലികൾ ആത്മാർത്ഥമായി ചെയ്യാനുള്ള തയ്യാറെടുപ്പും ഉള്ള നേതാക്കൾ സ്വയം മുന്നോട്ട് വരണം എന്നാണ് എൻ്റെ ആഗ്രഹം. അങ്ങിനെയൊക്കെ ആണെന്ന് തോന്നുന്ന നേതാക്കളെ മൽസര രംഗത്തേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും.
സംഘടന വലുതായി, പാനലില്ലാതെ ജയിക്കുന്നത് ദുഷ്ക്കരമാണ് എന്ന കാര്യങ്ങളൊക്കെ ഞാൻ മനസ്സിലാക്കുന്നു. ഇലക്ഷൻ അടുത്തെത്തുമ്പോൾ സ്വയം മൽസര രംഗത്തുള്ള കഴിവുള്ള സ്ഥാനാർത്ഥികളെകൂട്ടി പാനലുണ്ടാക്കുന്നത് എൻ്റെ വിജയത്തിനും, സംഘടനയുടെ ശക്തിക്കും പ്രയോജനകരമായി തോന്നിയാൽ അങ്ങിനെ ചെയ്യാനും ഞാൻ തയ്യാറായിരിക്കും.
ഫോമ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്ന മാറ്റം.
2008 മുതൽ ഫോമയിൽ സജീവമായിട്ടുള്ള ആളാണ് ഞാൻ. ഫൊക്കാനയിലെ തിരഞ്ഞെടുപ്പുകൾ വഴി സംഘടനക്കുണ്ടായ നഷ്ടങ്ങളും ജീർണ്ണതയും മനസ്സിലാക്കി വേറൊരു ദിശയിൽ ഫോമ പോകുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ഒരിക്കലും ഫൊക്കാനക്ക് പോയിട്ടില്ലാത്ത ഞാൻ ഫോമക്ക് വേണ്ടി വളരെയേറെ ആഗ്രഹിച്ചതും, പ്രവർത്തിച്ചതും. 2014 ലെ ഇലക്ഷനിൽ തുടങ്ങി പാനലുകൾ ഉണ്ടാകാൻ തുടങ്ങി. ഫൊക്കാന പോലെ തന്നെ ഇലക്ഷനു ജയിക്കാൻ വേണ്ടി എന്തും ചെയ്യാം എന്ന വിശ്വാസം സ്ഥാനാർത്ഥികളെ നയിക്കാൻ തുടങ്ങി. ലോക്കൽ അസ്സോസിയേഷനുകളിൽ ഇടപെട്ട് തന്നോട് അനുഭാവമുള്ള ഡെലിഗേറ്റ്സിനെ കൃത്രിമമായി ഉണ്ടാക്കുക, പുതിയ ലോക്കൽ അസ്സോസിയേഷനുകൾ ഉണ്ടാക്കി ലോക്കൽ മലയാളി സമൂഹങ്ങളിൽ ഒട്ടും ആശാസ്യമല്ലാത്ത വഴക്കുകളും, വിഭാഗീയതയും വളർത്തുക, ഡെലിഗേറ്റ്സിൻ്റെ യാത്രയും, ഹോട്ടൽ മുറിയും സ്പോൺസർ ചെയ്ത് കൃത്രിമമായി അവരുടെ അനുഭാവവും, വോട്ടും സമ്പാദിക്കുക, ഒരിക്കലും ചെയ്യാൻ പരിപാടിയില്ലാത്ത വൻ സംരഭകളും, സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുക എന്നു വേണ്ട ഡെലിഗേറ്റ്സിൻ്റെ സ്വാതന്ത്ര്യത്തെയും, ഇച്ഛാശക്തിയെയും പൂർണ്ണമായും തനിക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും സ്ഥാനാർത്ഥികളുടേയും പാനലുകളുടേയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇനിയും കൂടുതൽ വളരുന്നതിനു മുമ്പ് ഇല്ലാതാകേണ്ട പ്രവണതകളാണ്. ഈ പ്രവണതകൾക്ക് കൂട്ടുനില്ക്കുന്ന കാര്യങ്ങൾ എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നാണ് തീരുമാനം.
കൺവെൻഷൻ നടത്തിപ്പിനെക്കുറിച്ച് എന്താണഭിപ്രായം.
കൺവെൻഷനുകൾ ഈയിടെയായി പൂർണ്ണമായും ഇലക്ഷൻ കൺവെൻഷനുകളായി മാറി. ഇലക്ഷനില്ലെങ്കിൽ കൺവെൻഷൻ വിജയിക്കുമോ എന്ന് പോലും നേതാക്കൾക്ക് സംശയമാണ്. ഈ അവസ്ഥ മാറണം. പണ്ടത്തെ ആൾക്കാരൊക്കെ പറഞ്ഞു കേട്ടിട്ടുള്ള നല്ല ഫാമിലി കൺവെൻഷനുകൾ തിരിച്ചു വരണം. അതിന് ഇലക്ഷനേയും കൺവെൻഷനേയും സെപ്പറേറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ല വഴി. 2026 ലെ കൺവെൻഷന് തന്നെ പുതിയ കമ്മറ്റി അതിന് ശ്രമിക്കണം എന്നാണ് എൻ്റെ അഭ്യർത്ഥന. 2022 ലെ ഇലക്ഷൻ ഒരു പരാതിയും ആർക്കുമില്ലാതെ ഓൺലൈൻ വോട്ടിംഗിലൂടെ നടത്തിയ ചരിത്രം എനിക്കുണ്ട്. 2026 ലെ ഇലക്ഷൻ ഒരു ക്രമക്കേടുമില്ലാതെ, ഡെലിഗേറ്റുകൾ നേരിട്ട് കാണുക പോലും ചെയ്യാതെ കൺവെൻഷനു മുമ്പ് തന്നെ പൂർണ്ണമായും ഓൺലൈനിൽ നടത്താൻ വേണമെന്ന് വച്ചാൽ നമുക്ക് സാധിക്കും.
നേതാക്കൾ അനിയന്ത്രിതമായി സ്വപ്രചാരത്തിന് കൺവെൻഷൻ വേദികൾ ഉപയോഗിക്കുന്നത് വളരെ ആശാസ്യമല്ലാത്ത മറ്റൊരു കാര്യമാണ്. കൺവെൻഷൻ എപ്പോഴും ഡെലിഗേറ്റ്സിനെ ഫോക്കസ്സ് ചെയ്യുന്ന കാര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കേണ്ടത്. നേതാക്കൾ ചെയ്യുന്നത് നല്ല കാര്യമാണെങ്കിൽ അത് പറയേണ്ടത് ഡെലിഗേറ്റ്സ്ഉം പൊതു മലയാളി സമൂഹവുമാണ്. എനിക്ക് പ്രസിഡണ്ട് എന്ന രീതിയിൽ ഒരു കൺവെൻഷന് നേതൃത്വം കൊടുക്കാൻ സാധിച്ചാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ തീർച്ചയായിട്ടും പ്രതീക്ഷിക്കാം. ഫോട്ടോകളും ഫേസ് ബുക്ക് പോസ്റ്റുകളും വഴി കിട്ടുന്ന മഹത്വത്തേക്കാൾ കൺവെൻഷൻ്റെ ഗുണമേൻമ ഡെലിഗേറ്റ്സ് പറയുന്നതിൽ നിന്നും, ഉണ്ടാക്കാൻ പറ്റിയ നേട്ടങ്ങളിൽ നിന്നും അളക്കുന്ന സ്റ്റൈൽ ആയിരിക്കും എൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ഒരു സ്റ്റൈൽ.
അതുപോലെ തന്നെ കൺവെൻഷനുമായി ബന്ധപ്പെട്ട് വേറൊരു വലിയ മാറ്റം കൂടി എനിക്ക് താൽപര്യമുണ്ട്. നടപ്പാക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം. എങ്കിലും ഇതിന് ശ്രമിക്കണം എന്നാണ് എൻ്റെ ആഗ്രഹം. ഫോമക്ക് ഫോമയുടെ കൺവെൻഷൻ ഓഡ് ഇയറിൽ നടത്താൻ സാധിച്ചാൽ ഫൊക്കാന കൺവെൻഷന് പങ്കെടുക്കേണ്ടവർക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയില്ലാതെ അത് ചെയ്യുന്നതിന് സാധിക്കും. ഫോമ മലയാളി സമൂഹത്തിന് വേണ്ടി ചെയ്യാനാഗ്രഹിക്കുന്ന അർത്ഥവത്തായ കാര്യങ്ങളിൽ ഫൊക്കാന യോടും സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരേ വർഷം രണ്ട് കൺവെൻഷൻ എന്ന രീതി മാറിയാൽ പരസ്പരം സഹകരണത്തിന് കൂടുതൽ വേദികളുണ്ടാകും. ഫൊക്കാന ഫോമ ബന്ധത്തിൽ ആരോഗ്യകരമല്ലാത്ത എന്തെല്ലാം പ്രവണതകളുണ്ടോ അതൊക്കെ മാറ്റാൻ ഫോമാ നേതൃത്വമെടുക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ പ്രസിഡണ്ടായാൽ 2027 അവസാനമോ, 2028 ആദ്യ മോ ഫോമ കൺവെൻഷൻ നടത്താനുള്ള സാദ്ധ്യകൾ ആരായണം എന്ന് ആഗ്രഹിക്കുന്നു.
ഫോമ പ്രവർത്തനങ്ങളിൽ അമേരിക്കൻ കേന്ദ്രീകരണത്തിൻ്റെ ആവശ്യം
അമേരിക്കൻ മലയാളികളുടെ കൃത്യമായ എണ്ണം ആർക്കും ഇല്ലെങ്കിലും ഏതാണ്ട് 6 ലക്ഷം എങ്കിലും ഉണ്ടാകും എന്നാണ് ഒരു ഏകദേശ കണക്ക്. ഈ അമേരിക്കൻ മലയാളി സമൂഹത്തിൻ്റെ ബൗദ്ധികവും, വിദ്യാഭ്യാസ പരവും, സാമ്പത്തികവും, കുടുംബപരവും, ബിസ്സിനസ്സ് സംബന്ധിച്ചതും ഔദ്യോഗികവുമായ വളർച്ചക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ ഫോമക്ക് തുടക്കം കുറിക്കാൻ സാധിക്കും. രാജ്യം മുഴുവനും ഏതാണ്ട് പൂർണ്ണമായും കവർ ചെയ്യുന്ന സംഘടനകളുടെ ഒരു ശൃംഖലയാണ് ഫോമയുടെ കൈയ്യിലിരിക്കുന്നത്. ഗ്രാൻറ് കാന്യൻ യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള വിദ്യാഭ്യാസ പദ്ധതി വഴി ഒട്ടനവധി മലയാളി അമേരിക്കൻ കുടുംബങ്ങളാണ് നേട്ടമുണ്ടാക്കിയത്. ഈ രീതിയിൽ ഉള്ള, അമേരിക്കൻ മലയാളിയെ ഫോക്കസ്സ് ചെയ്യുന്ന കർമ്മ പരിപാടികളാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ ശരിയായ ധർമ്മവും. ഞാൻ പ്രസിഡണ്ടായാൽ അതായിരിക്കും എൻ്റെ പ്രഥമവും പ്രധാനവുമായ ഫോക്കസ്സ്. ഇപ്പോൾ ഫോമയിൽ സജീവമായവരിൽ നിന്നും അല്ലാത്തവരിൽ നിന്നും ഇത്തരത്തിലുള്ള ആശയങ്ങൾക്ക് ഞാൻ കാതോർക്കുന്നു.