തൃശ്ശൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, 'പ്രണയത്തിന്റെ നീരാഴിയില്‍' യൂട്യൂബില്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡല്‍(അവതാര്‍) അഭിനയിച്ചിരിക്കുന്ന ഈ ആല്‍ബത്തിന്റെ മുഴുവന്‍ വീഡിയോയും ഓഡിയോയും പൂര്‍ണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്.
സേവ്യര്‍ എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാന്‍ ദൂരെദേശത്തുനിന്നും ബൈക്കില്‍ പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നു വരുന്ന സാറയെകുറിച്ചുള്ള ഓര്‍മ്മകളുമാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ നേരിട്ട് കാണിക്കാതെ പിന്‍ദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. 'ക്ലാര ക്ലെമെന്റ്' എന്ന അവതാര്‍ ആണ് സാറയെ അവതരിപ്പിക്കുന്നത്. കടല്‍തീര ദൃശ്യങ്ങളിലൂടെയാണ് സാറയോടുള്ള സേവ്യറിന്റെ പ്രണയം ചിത്രീകരിച്ചിരിക്കുന്നത്.
കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തില്‍ പാട്ടെഴുത്തും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കേരളവാര്‍ത്ത ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച, സതീഷ് കളത്തിലിന്റെ 'പ്രണയാരവത്തിന്റെ പുല്ലാങ്കുഴല്‍' എന്ന കവിതയുടെ ഗാനാവിഷ്‌ക്കാരമാണ് ഈ ആല്‍ബം. വരികള്‍ക്ക് സംഗീതം നല്കിയതും പാടിയതും എഐ മ്യൂസിക് ജനറേറ്ററായ സുനോയും ദൃശ്യങ്ങള്‍ ജനറേറ്റ് ചെയ്തത് എല്‍.ടി.എക്‌സ്. എഐ, പിക്‌സ് വേര്‍ഴ്‌സ് എഐ, ലിയോണാര്‍ഡൊ എഐ എന്നീ സൈറ്റുകളുമാണ്.
ലിങ്ക്: https://youtu.be/02b8xz