Image

ഒറ്റമുറിവാസി (ഇമലയാളി കഥാമത്സരം 2024: വിനീത് വിശ്വദേവ്)

Published on 24 October, 2024
ഒറ്റമുറിവാസി (ഇമലയാളി കഥാമത്സരം 2024: വിനീത് വിശ്വദേവ്)

സാധരണ ദിവസങ്ങളിൽ മാമ്പലമഠം അമ്പലനട തുറക്കുന്നതിനു മുൻപുള്ള കദനവെടിയൊച്ച കേൾക്കുന്നതിന് മുൻപ് തന്നെ ശബരിനാഥിന്റെ അച്ഛൻ ഗോവിന്ദൻ ഉണരുമായിരുന്നു. അമ്പലത്തിലെ ഉച്ചഭാഷിണിയിലൂടെ പൂന്താനത്തിന്റെ ജ്ഞാനപ്പാന ഒഴുകി വീട്ടിൽ കേട്ട് തുടങ്ങുമ്പോഴേക്കും തൊഴുത്തു വൃത്തിയാക്കലും പശുനെ കറക്കുക്കുകയും കഴിയുമായിരുന്നു. അപ്പോഴേക്കും ഭാര്യ സൗദാമിനിയമ്മ കട്ടൻകാപ്പി ഉണ്ടാക്കി വീടിനു പിൻവശത്തുള്ള വരാന്തയിൽ ഭർത്താവിനെയും കാത്തിരിക്കുന്നുണ്ടാകും. ഗോവിന്ദൻ കട്ടൻകാപ്പി കുടിച്ചതിനുശേഷം അമ്പലത്തിനടുത്തുള്ള ക്ഷീര വികസന സൊസൈറ്റിയിൽ പാൽ കൊണ്ട്പോയി കൊടുക്കുന്നത് പതിവായിരുന്നു. കുറച്ചുനേരം കവലയിലെ അപ്പു നായരുടെ കടയിൽ സുഹൃത്തുക്കളോട് കൊല്ലിവർത്തമാനം വിളമ്പുന്നത് ദിനചര്യയുടെ ഭാഗമായിരുന്നു. അപ്പുനായരുടെ കടയിൽ നിന്നും പത്രവും വാങ്ങി അച്ഛൻ തിരിച്ചു വീട്ടിൽ വന്നാലും ഞാൻ ഉർന്നിട്ടുണ്ടാകില്ലായിരുന്നു. അന്നൊക്കെ പശുനെ കറക്കുന്നതും അവയ്ക്കുള്ള പുല്ലും വൈക്കോലും എല്ലാ സജ്ജമാക്കിയിരുന്നതും പശുക്കളെ കുളിപ്പിക്കുന്നതും മാമ്പല ദേവസ്വം വക പാടത്തേക്കുകൊണ്ടുപോയി മാറ്റിക്കെട്ടുന്നതും തിരിച്ചു തൊഴുത്തിലേക്കു കൊണ്ടുവന്നു കെട്ടുന്നതുമെല്ലാം ഒരു ജോലിയായിതന്നെ ഞാൻ കണ്ടതായി നടിച്ചിരുന്നില്ല.

ഇന്ന് അതെ പാടവരമ്പിലൂടെ ഒരു കിലോമീറ്റർ അകലെയുള്ള പാൽ സൊസൈറ്റിയിൽ പാൽ കൊണ്ടുപോയി കൊടുക്കുമ്പോൾ ഓർമ്മയിൽ ഓടിവരുന്നത് ഒരു കൈയ്യിൽ പാൽപാത്രയും മറുകൈയ്യിൽ സൈക്കിൾ ഹാന്റിലിൽ മുറുക്കെപ്പിടിച്ചുകൊണ്ടു സൈക്കിൾ നിന്ന് ചവുട്ടുന്ന അച്ഛന്റെ മുഖമായിരുന്നു. തന്റെ കുടുംബത്തിലെ അംഗങ്ങൾക്കുവേണ്ടി തിളങ്ങുന്ന കുപ്പായങ്ങൾ നെയ്യാൻ സ്വപനം കണ്ട മനുഷ്യൻ തുന്നിത്തീർക്കുന്നതിനു മുൻപ് തന്നെ ഇഹലോകവാസം അവസാനിപ്പിക്കേണ്ടി വന്നു. ചില കാര്യങ്ങൾ അങ്ങനെയാണ് ഇപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നത് നമുക്ക് വേണ്ടി മറ്റൊരാൾ കാര്യങ്ങൾ നടത്തിത്തരുമ്പോൾ അതിന്റെ വില പലപ്പോഴും നാം കണക്കിലെടുക്കാറില്ല. പക്ഷേ അതു നഷ്ടമായിക്കഴിയുമ്പോൾ അതിന്റെ മൂല്യം സ്വയം അറിഞ്ഞു തുടങ്ങും. റീടേക്കുകളില്ലാത്ത ജീവിതത്തിലെ യാഥാർഥ്യത്തോട് പൊരുത്തപ്പെടുവാൻ കാലം അനുവദിക്കുമ്പോൾ അതിന്റെ ഈരടികളോട് ചേർന്ന് നടന്നുനീങ്ങുന്നവരാണ് എല്ലാ മനുഷ്യരും എന്ന് മനസിലാക്കാൻ നാം ഓരോരുത്തരും വൈകിപ്പോകുന്നു എന്നതാണ് പ്രാപഞ്ചിക സത്യം.

മണവേലി ഗ്രാമവാസികളുടെ പ്രധാന ഉപജീവനമാർഗം എന്നത് കൃഷിയും ചകിരിപ്പിരുത്തവും ക്ഷീരോൽപ്പാദനമായിരുന്നു. ചെറിയ തോതിൽ കൃഷിയും പാൽ ഉൽപാദനവും അമ്മയുടെ വക ചകിരി പിരുത്തവും ഉണ്ടായിരുന്നതിനാൽ ഞാൻ ആലപ്പുഴ എസ്. ഡി. കോളേജിൽ നിന്നും ഡിഗ്രി പഠനം വരെ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. തുടർ പഠനത്തിനായി സാഹചര്യങ്ങൾ ഒരുക്കി അതിന്റെ നീക്കുപോക്കുകൾ നടക്കുന്ന സമയത്താണ് അച്ഛൻ യാത്രയായത്. എന്ത് എങ്ങിനെ ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ പകച്ചു നിൽക്കുന്ന യൗവ്വനകാലം. മനസ്സിലേക്ക് നൂറായിരം ചോദ്യങ്ങളും താൻ നിറവേറ്റേണ്ടതുമായ ഉത്തരവാദിത്വങ്ങളുടെ ധൗത്യപ്പട്ടികയും മുന്നിൽ നിരന്നു വന്നിരുന്നു. തുടർപഠനം എന്ന ആഗ്രഹം മനസ്സിൽ കുടിയിരിക്കുമ്പോഴും ഉപജീവനത്തേക്കാൾ വലിയൊരു തുടർപഠനം മുന്നിൽ ഉണ്ടായിരുന്നില്ല. പഠനകാലത്തു കോളേജ് ലൈബ്രറിയിൽ നിന്നും താൻ എടുത്തു വായിച്ച ബുക്കിൽ "ഓഷോ" കുറിക്കപ്പെട്ട വാക്യം ഓർത്തെടുത്തു. "ജീവിക്കുക എന്നതിനോളം ദുസ്സഹമായ ഒരു കലയും ലോകത്ത് ഇന്നേവരെ പിറവി കൊണ്ടിട്ടില്ല" ജീവിത യാഥാർഥ്യങ്ങളോടു മല്ലടിക്കുന്ന മനുഷ്യന്റെ ചേഷ്ടികളേക്കാൾ വലുതല്ലല്ലോ ഒരു കലയും എന്നത് സത്യം തന്നെയാണ്. അതിനായി നിരന്തരം ശ്രമങ്ങൾ അനുവർത്തിച്ചുകൊണ്ടിരിക്കുക മാത്രമാണ് പോംവഴി. ഇപ്പോഴും ഓരോ മനുഷ്യനും അതിനുവേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ജയപരാജയങ്ങൾ അതിനെ അനുനയിച്ചു വരുന്ന കാര്യങ്ങൾ മാത്രമാണ്. ഒരു പക്ഷേ വിജയിക്കാം മറ്റു ചിലപ്പോൾ തോറ്റു പോയേക്കാം. ലോട്ടറി എടുക്കാതെ ലോട്ടറി അടയ്ക്കണമെന്ന് പറയുന്നപോലുള്ള ജയാപചയങ്ങളുടെ ചൂതാട്ടമാണ് അതിൽ ഉടലെടുക്കുന്നത്.

കുറച്ചുകാലം പശുക്കളെ മേയ്ക്കലും വളർത്തലും കൃഷിപ്പണിയും എല്ലാം ചേർത്ത് ജീവിതം കടന്നുപോയി. വരുമാനസ്രോതസിന്റെ എണ്ണം കൂടുന്നതിനേക്കാൾ വരുമാനം കൂട്ടാനുള്ള ചിന്താഗതികൾ വിശകലനത്തിനായി എന്റെ മുന്നിൽ വന്നു ചേർന്നു. പിന്നീടുള്ള എല്ലാ പരിശ്രമങ്ങളും അതിലേക്കു ലക്ഷ്യം വെയ്ക്കുന്ന തരത്തിൽ കരുക്കൾ നീക്കി തുടങ്ങിയിരുന്നു. മാമ്പലമഠം അമ്പലത്തിൽ നാഗപൂജയും കളമെഴുത്തും പാട്ടും നടക്കുന്ന സമയത്തു ചന്ദ്രാട്ടുപറമ്പിലെ ചന്ദ്രൻപിള്ള സാറിന്റെ മകൻ നാട്ടിൽ അവധിക്കു വന്നിരുന്നു. അദ്ദേഹം വിദേശത്തു സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. വർഷങ്ങളായി വിദേശത്താണ് എന്ന കാര്യം മാത്രമായിരുന്നു എനിക്കറിയാമായിരുന്നത്. ചന്ദ്രൻപിള്ള സാർ എന്നെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടും എന്നെയും കുടുംബത്തെയും നന്നായി അറിയാവുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഒത്താശയോടെ മകനിലൂടെ എനിക്ക് ഒരു വിദേശജോലിക്കായി അവസരമൊരുക്കി തരാമെന്നുള്ള വഴി തെളിഞ്ഞു. വിദേശത്തേക്ക് പോകുന്നതിനായി തുടർ നടപടിക്കുള്ള ഭാരിച്ച പണച്ചിലവുകളുടെയും നടപടികർമ്മങ്ങളുടെയും ചിന്തകൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ചന്ദ്രൻപിള്ള സാറിന്റെ മകൻ അവധി കഴിഞ്ഞു നാട്ടിൽ നിന്നും പോകുന്നതിനു മുൻപ് ഒന്നുകൂടി കണ്ടു സംസാരിക്കാനായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെക്കു പോയി.

വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നൽകുവാൻ ചന്ദ്രൻപിള്ള സാറിന്റെ മകനായ സത്യജിത് എന്നോട് നിർദ്ദേശിച്ചു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ നന്നായി മനസിലാക്കിയ ചന്ദ്രൻപിള്ള സാർ ഒന്നുകൂടി പറഞ്ഞു. നിന്നെക്കൊണ്ടു കൂട്ടിയാൽ കൂടുന്ന പണം സ്വരുക്കൂട്ടുക ബാക്കി നീ അവിടെ ചെന്ന് ജോലി ശമ്പളത്തിൽ നിന്നും സത്യജിത്തിന് തിരികെ കൊടുക്കുക. നിനക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം അവൻ അവിടെ ഏർപ്പാടാക്കി തന്നോളും. എന്റെ തോളിൽ തട്ടി താൻ ഇത്രയും വ്യാകുലപ്പെടേണ്ട എല്ലാത്തിനും പരിഹാരങ്ങൾ ഉണ്ടാക്കാം എന്ന മറുപടി കൂടി സത്യജിത്തിന്റെ ഭാഗത്തു നിന്നും ലഭിച്ചപ്പോൾ "പ്രതീക്ഷകൾ അസ്തമിക്കാത്ത ഇടങ്ങളിലാണ് ജീവിതത്തിന്റെ ഉദയം കാണുക" എന്നപോലെയായിരുന്നു അന്നത്തെ ആദിവസത്തെ ഞാൻ ജീവിതത്തിൽ രേഖപ്പെടുത്തിയത്.

അവധി കഴിഞ്ഞു പോകുന്നതിനു മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഞാൻ സത്യജിത്തിനെ ഏൽപ്പിച്ചു. പിന്നീടുള്ള കാര്യങ്ങൾ വഴിയേ ചന്ദ്രൻപിള്ള സാറിനെ അറിയിക്കാമെന്നും അദ്ദേഹം വേണ്ടവിധത്തിലുള്ള നിർദ്ദേശങ്ങൾ നൽകുമെന്നും പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം സത്യജിത് വിദേശത്തേക്കു തിരികെപ്പോയി. അങ്ങനെ ഭ്രൂണാവസ്ഥയിൽ നിന്നും പൂർണ്ണതയിലെത്താൻ കൊതിക്കുന്ന ജീവിയെപ്പോലെ ഞാനും എന്റെ പ്രതീക്ഷയുടെ കണങ്ങളും മറ്റൊരു കരയിലെ ജീവിതത്തിനായി കാത്തിരുപ്പുകൾ തുടർന്നു. എന്നെപ്പോലെ അമ്മയും മകന്റെ വിദേശ ജോലിയുടെ പ്രതീക്ഷയിലായിരുന്നു. അനിയത്തിയും ചേട്ടൻ വിദേശത്തു പോയി ജോലി ചെയിതു സത്യജിത്തിനെപ്പോലെ നാട്ടിൽ വരുന്നതും തിരിച്ചു പോകുമ്പോൾ എയർപോർട്ടിൽ കൊണ്ടുപോയി ആക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കാൻ തുടങ്ങി. നെഞ്ചിൽ പിരിമുറുക്കം കേട്ടുതുടങ്ങിയെങ്കിലും അമിതപ്രതീക്ഷ നിരാശാലെത്തിക്കുമെന്ന അച്ഛൻ എന്നോട് പറയാറുള്ള അതെ വാചകം അമ്മയ്ക്കും അനിയത്തിക്കുമായി ഒരു ദിവസം അത്താഴത്തിനിരിക്കുമ്പോൾ അവതരിപ്പിച്ചു. ദൈവ നിശ്ചയംപോലെ കാര്യങ്ങൾ നടക്കട്ടെയെന്ന തരത്തിൽ അമ്മയും അതിലൂടെ എന്നെ സ്വാന്തനപ്പെടുത്തി. പിന്നീടുള്ള ഓരോ ദിനരാത്രങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.

രണ്ടു മാസങ്ങൾക്കു ശേഷം മറ്റൊരു ജോലിയുടെ ആവശ്യത്തിനായി ഞാൻ എറണാകുളത്തിന് പോയിരിക്കുന്ന സമയത്തു ചന്ദ്രൻപിള്ള സർ എന്റെ വീട്ടിൽ വന്നിരുന്നു. സത്യജിത്തിന്റെ ഫോൺ വന്നു എന്നും ശബരിനാഥിന്റെ ജോലിയുടെ കാര്യങ്ങൾ ഏകദേശം തയ്യാറായി വരുന്നുണ്ടെന്നും അധികം വൈകാതെ തന്നെ പോകാനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുവാനും മകൻ വരുമ്പോൾ അദ്ദേഹത്തെ നേരിൽ ചെന്നു കാണുവാനും അമ്മയോടു നിർദ്ദേശിച്ചതിനുശേഷം ചന്ദ്രൻപിള്ള സർ വീട്ടിൽ നിന്ന് മടങ്ങിപ്പോയി. വൈകുന്നേരം കുറച്ചധികം വൈകിയെത്തിയ എന്നോട് 'അമ്മ സാറ് വന്നു പറഞ്ഞ കാര്യങ്ങൾ വിശദികരിച്ചു. രാവിലെ തന്നെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ഞാൻ ചന്ദ്രൻപിള്ള സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. സത്യജിത്തിന്റെ കമ്പനിയിലല്ലാതെ മറ്റൊരു കമ്പനിയിലാണ് ജോലി ഒഴിവു വന്നിരിക്കുന്നതെന്നും ജോലി, ശമ്പളം, വിസ, താമസ തുടങ്ങി എല്ലാ കാര്യങ്ങളും അടുത്ത ആഴ്ച വിളിക്കുമ്പോൾ വിശദമായി അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം ഇപ്പോഴേ തന്നെ തുടങ്ങുക. ചന്ദ്രൻപിള്ള സാറിന്റെ വാക്കുകൾ എന്റെ ശരീരമാകെ കുളിരുകോരുന്നൊരു അവസ്ഥയ്ക്കു   കാരണമായി. സാറിനോട് യാത്രപറഞ്ഞു ഞാൻ വീട്ടിലേക്കു പോരുന്ന വഴി വിദേശത്തുപോകുന്നതിനുള്ള പണച്ചിലവിന്റെ ചിന്തകൾ എന്നെ വീണ്ടും അലോസരപ്പെടുത്തി വഴിയിലൂടെ മുന്നേ നടന്നു.

ചന്ദ്രൻപിള്ള സാറിനെ കണ്ടതും അദ്ദേഹം പറഞ്ഞ കാര്യങ്ങളും എല്ലാം ഞാൻ വീട്ടിൽ അവതരിപ്പിച്ചു. പണം തയ്യാറാക്കാനുള്ള പോംവഴി അമ്മ തന്നെ എന്റെ മുന്നിൽ അവതരിപ്പിച്ചു. എനിക്ക് ഇപ്പോൾ തന്നെ ചകിരി പിരുത്തവും പശുവിനെ മേയ്ക്കലും ഒരുമിച്ചു കൊണ്ടുപോകാൻ നടക്കുന്നില്ല. പശുവിനെ വിറ്റു കിട്ടുന്ന കാശു നിന്റെ യാത്രക്കും മറ്റു കാര്യങ്ങൾക്കുമായി വിനിയോഗിക്കാമെന്നു പറഞ്ഞു. അങ്ങനെ അമ്മയുടെ നിർദ്ദേശപ്രകാരം പശുക്കളെ വിൽക്കുന്നതിനായി കറവക്കാരൻ വല്ലഭൻ ചേട്ടനോട് ഏർപ്പാട് നടത്തി. ഏതാനും ദിവസങ്ങൾക്കുശേഷം ചന്ദ്രൻപിള്ള സർ വീട്ടിൽ വരികയും ജോബ് ഓഫർ ലെറ്റർ നിനക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും അതിൽ വിശദവിവരങ്ങൾ ഉണ്ടെന്നും പറഞ്ഞു. ഇവിടുത്തെ ട്രാവൽ ഏജൻസി വഴി വിസിറ്റ് വിസയും ടിക്കറ്റ് എടുക്കാനുമാണ് സത്യജിത് പറഞ്ഞിരിക്കുന്നത്. നാളെത്തന്നെ നമുക്കൊരുമിച്ചു പോയി ട്രാവൽ ഏജൻസിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റിന്റെയും വിസയുടെയും കാര്യങ്ങൾ അന്വേഷണം നടത്താം.
പണം കരുതിയിട്ടുണ്ടോ? 
മറുപടിയെന്നപോലെ അമ്മ പറഞ്ഞു പണം ശരിയാക്കുന്നതിനായി പശുക്കളെ വിൽക്കാൻ ഏർപ്പാടാക്കിട്ടുണ്ട്. നാളെ കച്ചോടാക്കുന്നതിനു ആളുമായി വരുമെന്നാണ് വല്ലഭൻ പറഞ്ഞിരിക്കുന്നത്. ആ പണം സാറിനെ ഏൽപ്പിക്കാം അവനു വേണ്ടുന്ന സഹായങ്ങൾ സാറ് തന്നെ ചെയിതു കൊടുക്കുക. ചന്ദ്രൻപിള്ള സാർ എല്ലാം മൂളി കേട്ടു. രാവിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞുകൊണ്ട് സർ തിരിച്ചു പോയി.

പിറ്റേദിവസം ആലപ്പുഴ എസ്. ഡി. കോളേജിന്റെ അടുത്തുള്ള ഭ്രമണപഥം ട്രാവൽ ഏജൻസിയിൽ വിസയ്ക്കുള്ള ആപ്ലിക്കേഷൻ നൽകാനായി ചന്ദ്രൻപിള്ള സാറിന്റെ കൂടെ ആലപ്പുഴയ്ക്ക് പോയി. ചന്ദ്രൻപിള്ള സാറ് തന്നെ എല്ലാ കാര്യങ്ങളും ഏജൻസിക്കാരുമായി വിശദമായി അന്വേഷിച്ചിരുന്നു. വിസ ആപ്ലിക്കേഷനുള്ള എല്ലാ ഡോക്യൂമെന്റുകളും എന്നിൽ നിന്നും വാങ്ങി ഏജൻസിയിൽ ഏൽപ്പിച്ചു. വിസ അപ്പ്രൂവൽ കിട്ടി വന്നതിനു ശേഷം പണമടച്ചാമതിയായിരുന്നു. ചന്ദ്രൻപിള്ള സാറിന്റെ ഫോൺ നമ്പറായിരുന്നു അവിടെ നൽകിയിരുന്നത്. വിസ വന്നതിനു ശേഷം അവർ വിളിക്കുമെന്നും അപ്പോൾ പണവുമായി എത്തിച്ചേരണമെന്ന നിബന്ധനയിൽ ഞങ്ങൾ അവിടെ നിന്നും തിരിച്ചു വീട്ടിലേക്കു പൊന്നു.

വീട്ടിൽ തിരിച്ചെത്തിയ ഞാൻ അമ്മയുടെ മുഖത്ത് സന്തോഷവും സങ്കടവും പ്രതിഫലിച്ചത് കണ്ടു. വല്ലഭൻ ചേട്ടന്റെ ഇടപാടിൽ നാലു പശുക്കളെയും വിറ്റതിന്റെ സങ്കടവും മകനു പോകാനുള്ള പണം കയ്യിൽ എത്തിച്ചേർന്നതായിരുന്നു സന്തോഷത്തിന്റെയും കാരണം. ഏതാനും ദിവസങ്ങൾക്കു ശേഷം എന്റെ വിസ വന്നുയെന്നും പറഞ്ഞു ട്രാവൽ ഏജൻസിയിൽ നിന്നും ചന്ദ്രൻപിള്ള സാറിന്റെ വീട്ടിൽ ഫോൺ വന്നു. അടുത്തദിവസം സാറുമൊത്തു ഞാൻ ട്രാവൽ ഏജൻസിയിൽ എത്തി. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വിവരം അന്വേഷിച്ചു. പത്തു ദിവസത്തിന് ശേഷം ടിക്കറ്റിനു നിരക്ക് കുറവുണ്ടെന്ന് അവിടെത്തെ ജീവനക്കാരൻ പറഞ്ഞതനുസരിച്ചു അന്നത്തേക്കുള്ള കൊച്ചിയിൽ നിന്നും ഷാർജ വരെയുള്ള എയർ അറേബ്യയുടെ ടിക്കറ്റ് എടുത്തു. ഉപജീവന മാർഗ്ഗത്തിനായി വളർത്തിയ പശുക്കളെ വിറ്റു കിട്ടിയ കാശു വീണ്ടും ജീവിക്കാൻ പ്രേരണയായ   മറ്റൊരുധ്യമത്തിനു മുതൽമുടക്കി.

പ്രവാസ ജീവിതം തുടങ്ങാൻ വിസിറ്റ് വിസയും ടിക്കറ്റുമെടുത്തു ആദ്യ വിമാനയാത്ര നടത്തുമ്പോൾ അന്ന് എന്റെ ഹാൻഡ് ബാഗിൽ രണ്ടു പുസ്തകങ്ങൾ കരുതിയിരുന്നു. ഒന്ന് പ്രവാസിയാകുമോ എന്ന് അറിയാതിരുന്ന കാലത്തു വായിച്ചതായ ബെന്യാമിന്റെ "ആടുജീവിതം" മറ്റൊന്ന് എന്റെ പുസ്തകത്തോടുള്ള അഭിരുചി മനസിലാക്കിയ ചന്ദ്രൻപിള്ള സർ എനിക്ക് പിറന്നാളിന് സമ്മാനമായി വാങ്ങി തന്നിരുന്ന ഒരു പാർക്കർ പേനയും 2010 ൽ പുറത്തിറങ്ങിയ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന പുസ്തകവുമായിരുന്നു. വായിച്ച പുസ്തകങ്ങളായിരുന്നിട്ടു കൂടി ഞാൻ അവ രണ്ടും കൂടെ കൂട്ടിയത് അവയിലെ വരികളും വാക്യങ്ങളും എന്നിൽ അത്രമേൽ പതിക്കപ്പെട്ടതുകൊണ്ടായിന്നുന്നിരിക്കണം എന്ന് കൊച്ചി വിമാനത്താവളത്തിലെ ഫ്ലൈറ്റ് ബോർഡിംഗ് അനൗൺസ്മെന്റിനു വേണ്ടി കാത്തിരിക്കുമ്പോൾ ഞാൻ ഓർത്തുപോയി.

ആടുജീവിതത്തിലെ ബെന്യാമിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയുകയട്ടെ "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്" നജീബിന്റെ അനുഭവം കൺമുന്നിൽ നിലനിൽക്കുമ്പോഴും ഒരു പരിചയവുമില്ലാത്ത അന്യനാട്ടിൽ ജോലി തേടിയെത്തിയിട്ടുണ്ടെങ്കിൽ എന്നെപ്പോലെ പതിനായിരം പ്രവാസികൾ അവനവന്റെ കുടുംബത്തോട് ജീവിതംകൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ് സാരം. ഇതിനെക്കുറിച്ച് എനിക്ക് മുന്നേ വന്ന പ്രവാസിയായവർ എഴുതിയും പറഞ്ഞതുമായതിനാൽ കൂടുതൽ എഴുതിച്ചേർത്താൽ പിന്നെ എന്റെ പ്രവാസ ജീവിതവും മറ്റു പ്രവാസികളിലെപോലെ ക്ലിഷേയായി തോന്നും. അല്ലേലും ഒന്നുമാറി നിന്നു വീക്ഷിച്ചാൽ എന്റെയും നിങ്ങളുടെയും ജീവിതം എപ്പോഴും ഒരു ക്ലിഷേ തന്നെയാണ്. ചിലപ്പോൾ അത് നമ്മളിൽ ഒരു ചിരിപടർത്തും മറ്റു ചിലപ്പോൾ മറ്റുള്ളവർക്ക് ചിരിക്കാൻ അവസരം ഒരുക്കുന്നതായി മാറും. ഇപ്പോഴും ചിലതു ചുരുളഴിയ്ക്കാത്ത കഥകളായി ആ മരുഭൂമിയിൽ കിടക്കുന്നുണ്ടാകും.

ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കു ഷാർജാക്കായിരുന്നതിനാലും ചന്ദ്രൻപിള്ള സാറിന്റെ മകൻ തരപ്പെടുത്തിയ ജോലി ഷാർജലായിരുന്നതിലാനും അവിടെ കമ്പനിയുടെ റെപ്രസന്ററ്റീവ് വന്നു കൂടിക്കൊണ്ടുപോകുമെന്നു നിർദ്ദേശങ്ങളും നൽകിയിരുന്നു. നോക്കിയയുടെ കീപാഡ് മൊബൈൽ വാങ്ങിയിരുന്നു. വിളിച്ചാൽ കിട്ടുന്ന തരത്തിൽ ഞാനും എന്റെ മൊബൈലും സാദാ ഉണർന്നിരിപ്പായിരുന്നു. ചന്ദ്രൻപിള്ള സാറിന്റെ മകനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനു ശേഷം നിരവധി തവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. വിളിച്ചിട്ടു കിട്ടിയില്ലെന്നു മാത്രമല്ല അറബിയിൽ എന്നോട് മറുതലക്കലിരുന്നു പറഞ്ഞത് ആ നമ്പർ നിലവിലില്ലെന്നായിരിക്കും എന്ന് ഞാൻ ഊഹിച്ചെടുത്തു. മണിക്കൂറുകൾ കഴിയുംതോറും എന്റെ കണ്ണിലേക്കു ഇരുട്ട് കേറി വരുന്നതുപോലെ തോന്നി തുടങ്ങി. തോറ്റു ഓടാൻ തയ്യാറാകാത്തവന്റെ ജീവിതത്തിലേക്ക് ഒരു തരി പ്രകാശംപോലെ എവിടുന്നെങ്കിലും ഒരു കിരണം വന്നു പതിക്കുമെന്നുള്ള പ്രാപഞ്ചിക സത്യം എനിക്കും തുണയായി വന്നു പതിച്ചു.

എയർ പോർട്ടിനു വെളിയിൽ ആരെയോ കാത്തിരിന്ന എന്റെ മുഖത്തേ സങ്കടവും ദയനീയാവസ്ഥയും എന്നിൽ നിന്നും വായിച്ചെടുത്തപോലെ അൽപം പ്രായമായ ഒരു മലയാളി ചേട്ടൻ എന്റെ അടുത്ത് വന്നു ചോദിച്ചു. മോനെ കൂട്ടിക്കൊണ്ടുപോകാൻ ആരും വന്നില്ലേ...?
"ഇല്ല"
"എന്നെ തിരക്കി ഇനി ആരും വരുമെന്ന് തോന്നുന്നില്ല."
"ആരോട് എന്ത് പറയണമെന്ന് എനിക്കറിയില്ല"
അറിയാതെ കണ്ണ് നിറയുന്നത് കണ്ടു അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാൻ മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുള്ള. പിന്നീട് എന്നെക്കുറിച്ചു അന്വേഷിച്ചു. ഞാൻ ശബരീനാഥ്, ആലപ്പുഴ സ്വദേശിയാണ്. എനിക്ക് വന്നു സംഭവിച്ച കാര്യങ്ങൾ വിവരിച്ചപ്പോൾ ആ മനുഷ്യൻ എന്റെ നിസ്സഹായത മനസ്സിലാക്കിയതുകൊണ്ടാകും അയാൾ എന്നെ സഹായിക്കാനായി തയ്യാറായത്. വർഷങ്ങളായി പ്രവാസജീവിതം നയിച്ചുപോകുന്ന ആളായതുകൊണ്ടായിക്കും അദ്ദേഹത്തിന് ഓരോ മനുഷ്യന്റെ നിസ്സഹായത്ത അവസ്ഥ നന്നായി മനസ്സിലാക്കൻ കഴിഞ്ഞതെന്ന് ഞാൻ വിശ്വസിച്ചു.

മുറിയിൽ കുറച്ചു ദിവസത്തിന് താമസ സൗകര്യങ്ങൾ ഒരുക്കിത്തരാമെന്നും എന്ത് ജോലിയും ചെയ്യാനുള്ള മനസും ഉൾക്കരുത്തും ഉണ്ടെങ്കിൽ ഇവിടെ ജീവിക്കാൻ സാധ്യമാകുമെന്ന ഉപദേശം എന്റെ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. കൂട്ടികൊണ്ടു പോകുന്ന വഴിയിൽ ഇടയ്ക്കു വെച്ച് അദ്ദേഹം ആഹാരം വാങ്ങി തന്നു, മറ്റൊന്നുകൂടി പറഞ്ഞു ഇവിടെയുള്ള പ്രവാസികൾ ചിലപ്പോഴൊക്കെ പറ്റിക്കപ്പെടും പക്ഷേ ആരോടും പരിഭവവും പരാതിയുമില്ല, വീണ്ടും ആളുകളെ സഹായിച്ചുകൊണ്ടിരിക്കും അത് ഈ മണ്ണിന്റെ പ്രത്യേകതയാണ്. മരുഭൂമിപോലെ ഒരു കാറ്റു വന്നു ചിലപ്പോൾ ഒരു കുഴി സമ്മാനിച്ചുപോകും മറ്റു ചിലപ്പോൾ ഒരു കുന്നു സമ്മാനിച്ചുപോകും. എല്ലാം ഒരു കഥപോലെ പരന്നുകിടക്കുന്നു. സമുദ്രം കടന്നു വരുന്നവർ മരുഭൂമിയിലിരുന്നു മലപോലെ സ്വപ്നം കാണുന്നു. എത്ര വിചിത്രമായ ലോകം അല്ലെ മോനേ... നീ ചെറുപ്പമാണ് ഇനിയും ഒരുപാടു ലോകത്തെക്കുറിച്ചും ആളുകളെക്കുറിച്ചും പഠിക്കാനുണ്ട്. ശരിയാണ് ഇക്ക പറഞ്ഞത്. ഇനിയും അനുഭവങ്ങളിയിലൂടെ ഒരുപാടു മനസിലാക്കാനുണ്ട്. ജീവിതത്തിന്റെ ലാഭ നഷ്ടങ്ങളുടെ കണക്കുകൾ പൂർണ്ണമായും തിട്ടപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടില്ല എന്ന സത്യം ഒരു ദീർഘ നിസ്സ്വാസത്തിന്റെ പിൻബലത്തോടെ അയവിറക്കി. മുഹമ്മദ് അബ്ദുള്ള തുടർന്നു ഇവിടെയുള്ള എല്ലാവരും അങ്ങനെ ഒക്കെ തന്നെയാണ്. വിശപ്പ് മറന്നു അദ്ധ്വാനിക്കും സ്വന്ത ബന്ധുക്കളുടെയും ജീവിതത്തെ ഹരിതാഭയിലേക്കു എത്തിക്കുകയും സ്വയം തരിശുഭൂമിയായി മാറുകയും ചെയ്യുന്ന പ്രതിഭാസം. രാവും പകലും പോലെ സുഖവും ദുഖവും ഇടകലർത്തി സമ്മിശ്രമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടു ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ ശിഖരത്തിൽ പൊങ്ങിയും താണും ഊഞ്ഞാലാടിക്കൊണ്ടു ഇപ്പോഴും ഞാൻ യാത്ര തുടരുന്നു.

മാതൃ ഭാഷയല്ലാതെ മറ്റൊരു ഭാഷയിൽ വാങ്ങിക്കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണ സാധനത്തിന്റെ വില തന്റെ മഹത്തായ രാജ്യത്തിന്റെ വിനിമയമൂല്യമായ രൂപയോട് താരതമ്മ്യം ചെയ്തുനോക്കികൊണ്ടു കണ്ണ് ഒന്ന് ഉള്ളിലേക്ക് വലിച്ചുകൊണ്ടും നാവിൻ തുമ്പിൽ കുറച്ചു വെള്ളമിറക്കികൊണ്ടും അതിനോട് കൊതിയില്ലായ്മയും ഇഷ്ടക്കേടും പ്രകടിപ്പിക്കുമായിരുന്നു. ആ അനിഷ്ടങ്ങൾ ചെന്നെത്തി നിൽക്കുന്നത് കുബ്ബൂസിലും തൈരിലും പാകിസ്താനി റൊട്ടിയിലുമായിരുന്നു. മൂന്നോ നാലോ ഗ്ലാസ് വെള്ളം കൂടി കുടിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം തന്നെ ലാഭിക്കാൻ സാധിച്ചിരുന്നു എന്നുള്ള വസ്തുനിഷ്ഠത പെറ്റയമ്മ അറിഞ്ഞാൽപ്പോലും സഹിക്കില്ലാരുന്നു. ആഗോളമാർക്കറ്റിൽ ക്രൂഡോയിലിന് ബാരലിന് കുത്തനെ വിലകൂടിയതോ കുറഞ്ഞതോ സെൻസെസ് സൂചിക താന്നു ജി ഡി പി റേറ്റ് അഞ്ചിൽ നിന്നും ആറിലേക്കു മാറ്റപ്പെട്ടു എന്ന വാർത്തകൾ കണ്ടത് തന്നിൽ ഒരു പ്രകമ്പനവും കൊള്ളിച്ചില്ല എന്ന് മാത്രവുമല്ല പട്ടിണികിടന്നു മരിക്കാതിരിക്കാൻ നാട് വിട്ടുപോന്നവനു ഇതൊക്കെ ഒരു വർത്തയാണോന്നു പുച്ഛമോതിക്കൊണ്ടു മനസ്സിലിങ്ങനെ കുറിച്ചിട്ടു.

താൻ ആരാണെന്നും എന്താണെന്നും തെളിയിക്കുന്ന രണ്ടു തുണ്ടു കടലാസുമായി ജോലിതേടിയുള്ള പ്രയാണം എത്ര എത്ര തെരുവുകളിലൂടെ കിലോമീറ്ററുകളോളം നടന്നുകൊണ്ടു എത്ര കെട്ടിടങ്ങളിൽ കയറിയിറങ്ങി. നാട്ടിൽ അനുഭവിച്ച ഹരിതാഭയും പച്ചപ്പിന്റെയും കുളിർമ ഓരോ തെരുവുകളിലെയും വെയിൽ തന്നിൽ നിന്നും വിയർപ്പു തുള്ളികളായി ഒപ്പിയെടുത്തിരുന്നു. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണൽകാറ്റുകൾ നേർകാഴ്ചയെന്നപോലെ കടന്നു പോയിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന പെരുംപാമ്പിനെപ്പോലെ നഗരവീഥിയിലെ ബസ് സ്റ്റോപ്പിൽ നിന്നും അടുത്ത ബസ് സ്റ്റോപ്പിലേക്ക് ഞാനും ഒരു ബസ് യാത്രികനായി അലഞ്ഞുതിരിഞ്ഞിട്ടുണ്ടായിരുന്നു.

വിസിറ്റ് വിസ അവസാനിക്കാറാകുകയും പോക്കറ്റ് കാലിയായിത്തുടങ്ങി. രണ്ടാഴ്ചക്കാലം ബാക്കി നിൽക്കുമ്പോൾ എന്നെ തേടി എന്റെ സ്വന്തം പടച്ചോനയച്ച അർബാബിന്റെ കോൾ വന്നു. അറബിയും മുറി ഇംഗ്ലീഷും ചേർത്തുകൊണ്ടുള്ള കോളായിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയിലെ കണക്കുകൾ പരിശോധിക്കാനായി ഇന്ത്യനും മലയാളിയുമായ ആളെ ആവശ്യമുണ്ടെന്നും മലയാളികളെ അതീവ വിശ്വസ്തനായതിലാലും അങ്ങനെയുള്ള ആളെ തേടികയാണെന്നും നാളെത്തന്നെ ജോലിയുടെ ശമ്പളവും മറ്റു കാര്യങ്ങളും നേരിട്ട് സംസാരിക്കാമെന്നും വാഗ്ദാനം നൽകി. ഫോൺ കോൾ വെക്കുന്നതിനു മുന്നേ കമ്പനിയുടെ പേരും അഡ്രസ്സും ഞാൻ കുറിച്ചെടുത്തിരുന്നു. പത്തുമണിക്ക് നേരിൽ കാണാമെന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. എനിക്ക് തന്നെ വിശ്വാസമാകാത്ത കാര്യം ഞാൻ എങ്ങിനെ മറ്റൊരാളോട് തുറന്നു പറയും അതുകൊണ്ടു ആരോടും പാരായാതെ പതിവുപോലെ ജോലി തെണ്ടനായി എന്ന രൂപേണ ഞാൻ അർബാബിന്റെ നിർദ്ദേശപ്രകാരമുള്ള റോളയിലെ കമ്പനി അഡ്രസ്സ് ലക്ഷ്യമാക്കി യാത്രയായി.

ചുവന്ന കെഫിയെഹും കന്തൂറയും ധരിച്ച മൊഹമ്മദ് ബിൻ അഹമ്മദ് ഹംദാൻ എന്ന അർബാബിനെ ഞാൻ ആദ്യമായി കണ്ടു. ഏതോ ഒരു ചില്ലുകൂട് പേടകത്തിലെന്നപോലെ ഞാനും അർബാബും എന്തൊക്കെയോ സംസാരിച്ചു ഇതിനിടയിൽ ഓഫീസ് ബോയ് എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ എനിക്ക് അറബിക് കാവും നന്നായി പഴുത്ത ഈത്തപ്പഴവും തന്നു പോയി. സംസാരിക്കുന്നതിനിടയിൽ എന്നോട് അർബാബ് കാവും ഈത്തപ്പഴവും കഴിക്കാൻ നിർദേശിച്ചു. പണ്ട് എന്റെ മൂത്ത വല്ല്യമ്മയുടെ മുറിയിൽ കയറുമ്പോൾ കിട്ടുന്ന വാസനപോലെ അരിഷ്ടത്തിന്റെയോ കൊട്ടൻചുക്കാദി തൈലത്തിന്റെയോ മണം എന്റെ നാസാരന്ത്രങ്ങളിൽ തുളച്ചുകേറിയെങ്കിലും ഒന്ന് മൊത്തി കാളകൂട വിഷം കുടിക്കുന്നപോലെ ഞാൻ ആ കാവ് തൊണ്ടയിലൂടെ അരിച്ചിറക്കി. അർബാബ് പറഞ്ഞു തന്റെ ഫാം ഹൗസിലെ ഈത്തപ്പഴമാണ് കഴിച്ചോളൂ. കോഴിക്കോടൻ ഹൽവപോലെ ക്ലാവുപിടിച്ച കിണ്ടിയിലെന്നപോലെ തട്ടും തടവുമില്ലാതെ ഈത്തപ്പഴം ആമാശയത്തിലേക്കു മുങ്ങാംകുഴിയിട്ടു. ആദ്യമായി നുകർന്ന അറബിക് കാവ് എന്റെ കുടലുമറിച്ചുകൊണ്ട് മനംപുരട്ടലുണ്ടാക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ അത് അർബാബിന്റെ മുന്നിൽ പ്രകടമാക്കിയില്ല.

പിന്നീട് ഞാൻ ചെയ്യേണ്ട ജോലിയെക്കുറിച്ചും എനിക്ക് തരുന്ന ശമ്പളത്തെക്കുറിച്ചും താമസസൗകര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞു മുഴുവിപ്പിച്ചു. എന്റെ മനസ്സും ശരീരവും എ. സി യുടെ തണുപ്പിനേക്കാൾ ഉപരി ജീവിതത്തിൽ വന്നു ചേരുന്ന സൗഭാഗ്യത്തിന്റെ വാക്കുകൾ മാത്രമായ ശീതികരണമായിരുന്നു അത് എന്നിൽ അനുഭവപ്പെടുത്തിയത്. എല്ലാം പറഞ്ഞത് സമ്മതം മൂളി ഞാൻ തൊഴുകൈകളോടെ വിനയപുരസ്സരം അർബാബിനു സലാം ചൊല്ലി നിൽക്കുമ്പോൾ സലാം മടക്കിക്കൊണ്ടു അർബാബ് മറ്റൊരു ചില്ലുകൂട് ചൂണ്ടിക്കാണിച്ചു പറഞ്ഞു നാളെ മുതൽ നിന്റെ ഇരിപ്പിടവും ലോകവും അവിടെയാണ്. അവിടെ നിനക്കൊരിണയായി ഒരു കമ്പ്യൂട്ടറും കാത്തിരിക്കുന്നുണ്ട്. രണ്ടു ദിവസങ്ങൾക്കു ശേഷം ജോലിയിൽ പ്രവേശിക്കാനും എനിക്ക് നിർദ്ദേശങ്ങൾ തന്നു. അറബാബിനോട് നന്ദി പറഞ്ഞു ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു. താമസ സ്ഥലത്തേക്കുള്ള യാത്രയിൽ അമ്മയെയും അനിയത്തിനെയും ഓർത്തു.

ചന്ദ്രൻപിള്ള സാറിനെയും മകനെയും പിന്നീട് ഞാൻ വിളിക്കാൻ മുതിർന്നില്ല. പക്ഷേ എന്റെ കുടുംബം എന്നിൽ പ്രതീക്ഷയർപ്പിച്ചു എന്റെ വിളിക്കൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. റൂമിലെത്തിയതിനു ശേഷം അബ്ദുള്ള ഇക്കയോട് ജോലികിട്ടിയെന്നും രണ്ടു ദിവസത്തിനകം കമ്പനിയിൽ ജോലിക്കു പ്രവേശിക്കണമെന്നും അവരുടെ തന്നെ ആക്കിക്കോമഡേഷനിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹാശിക്കുകൾക്കൊപ്പം അല്ലാഹുവിന്റെ അനുഗ്രവും നന്മയും നിനക്കുണ്ടാകും മോനെയെന്നു പറഞ്ഞു അദ്ദേഹം വാക്കുകളൊതുക്കി. ഇക്കയിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും സഹായങ്ങളും എങ്ങിനെ നന്ദി പറഞ്ഞാലും എനിക്കുള്ള കടപ്പാട് വീട്ടി തീർക്കാൻ കഴുന്നതായിരുന്നില്ല. അന്ന് രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു ഉപദേശ അഭുവ കഥപോലെ ഇക്ക പറഞ്ഞു. എന്റെ മൂത്ത മോന്റെ പ്രായമേ ശബരിനാഥാ നിനക്കുള്ളു, ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാതിരിക്കുക, ചെയ്യാൻ പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുക, കളവും തിരിവും കാണിക്കാതെ ചെയ്യുന്ന ജോലിയിൽ വിശ്വസ്ഥതയും കഠിനാധ്വാനവും കൈമുതലായി കൂടെ കൂട്ടുക. പിന്നെ നിനക്കുള്ളതെല്ലാം തനിയെ നിന്നിലേക്ക് തന്നെ വന്നു ചേരുകയും ചെയ്യും.
ഇക്ക ചോദിച്ചു നാട്ടിൽ വിളിച്ചിട്ടു മൂന്നു മാസമാകാറായില്ലേ?
"അതെ ഇക്കാ"
"വീട്ടിലെ അവസ്ഥയെന്തായെന്നൊന്നും എനിക്ക് അറിയില്ല എന്റെ അവസ്ഥ അവർക്കും ഇപ്പോഴും ഒരു നിശ്ചയവുമില്ല. പിന്നെ അമ്മയും അനിയത്തിയും ചന്ദ്രൻപിള്ള സാറിനെ വിശ്വസിച്ചു എന്നെ ഇങ്ങോട്ടു അയച്ചതുകൊണ്ടു മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നുണ്ടാകും. പക്ഷേ സത്യാവസ്ഥ അങ്ങനെ അല്ലെന്നു നമുക്ക് മാത്രമല്ലെ അറിയൂ. ഇവിടുത്തെ വിശേഷങ്ങൾ എല്ലാ പറഞ്ഞുകൊണ്ട് ശബരീനാഥാ നിന്റെ വീട്ടിലേക്കു ഒരു കത്തെഴുതുക. വരുന്ന ശനിയാഴ്ച നാട്ടിലേക്കു പോകുന്ന റഷീദിന്റെ കയ്യിൽ കൊടുത്തു വിടാം. അവൻ അത് നാട്ടിൽ എത്തിയതിനു ഷേവും നിന്റെ വീട്ടു ഡ്രെസ്സിലേക്കു അയച്ചോളും. വിശദമായി വിവരങ്ങൾ ഉൾപ്പെടുത്തി വീട്ടിലേക്കു ഒരു കത്തെഴുതി തയ്യാറാക്കി. രാത്രിക്കു തന്നെ റഷീദ് ഇക്കയെയും ഏൽപിച്ചു.

കമ്പനിയിൽ ജോലിക്കായി ഫയൽ മാത്രം കരുതി റോളയിലേക്കു ബസ് കയറി. എട്ടുമണിക്ക് തന്നെ കമ്പനിയിൽ എത്തിച്ചേർന്നു. എന്റെ ജോലിയുടെ ചുമതലകൾ കമ്പനികളുടെ കണക്കു വിവരങ്ങൾ പരിശോധിക്കലും റിപ്പോർട്ട് തയ്യാറാക്കലുകളുമായിരുന്നു. ചെയ്യേണ്ട ജോലിയുടെ നിർദ്ദേശങ്ങൾ തരുന്നതിനായി നോർത്ത് ഇന്ത്യൻ സഹപ്രവർത്തകൻ ഉണ്ടായിരുന്നു. ഓഫീസിന്റെ അടുത്ത് നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലം മാത്രമായിരുന്നു താമസ സൗകര്യമൊരുക്കി തന്നിരുന്നത്. വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും ഒരുപോലെ വന്നു ഭവിച്ചിരുന്നു. കുറച്ചുകാലം ജോലി സുഗമായി പോയിക്കൊണ്ടിരുന്നു. ടച്ച് സ്ക്രീൻ ഫോൺ വാങ്ങി. മണവേലി അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കു പൈസ എക്സ്ചേഞ്ച് വഴി എല്ലാ മാസവും അയച്ചുകൊണ്ടിരുന്നു. ഒരു വർഷത്തിന് ശേഷം അബ്ദുള്ള ഇക്കാ നാട്ടിലേക്കു പോകാൻ തയ്യാറായപ്പോൾ അനിയത്തി ശ്രീദേവിക്ക്ക്കായി ഫോൺ വാങ്ങി കൊടുത്തു വിട്ടു.

നാട്ടിലെത്തിയ അബ്ദുള്ള ഇക്കാ എന്റെ വീട് സന്ദർശിക്കുകയും അമ്മയെയും അനുജത്തിയേയും കാണുകയും ചെയ്തിരുന്നു. വീട്ടിൽ നിന്നുകൊണ്ട് തന്നെ എന്റെ വീഡിയോ കാൾ വിളിച്ചു അവരെ രണ്ടുപേരെയും കാണുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയിതു. അമ്മയെയും അനുജത്തിയേയും കൺകുളിർക്കെ കണ്ട എന്റെ മനസ്സിൽ മരുഭൂമിയിൽ മഴ പെയ്യിത അവസ്ഥയിരുന്നു. തിരിച്ചു വന്ന അബ്ദുള്ള ഇക്കയുടെ കയ്യിൽ എനിക്കായി 'അമ്മ തയ്യാറാക്കിയ ചമ്മന്തിപ്പൊടിയും കടുകുമങ്ങ അച്ചാറും ഉണ്ടായിരുന്നു. താമസ സ്ഥലത്തു നിന്നും ഞാൻ ഇക്കയുടെ റൂമിൽപ്പോയി. അതിൽ നിന്നും കുറച്ചു അവിടെ നൽകി ബാക്കിയുമായി തിരിച്ചു കമ്പനിയുടെ ആക്കിക്കോമഡേഷനിലേക്കു എത്തിച്ചേർന്നു. ഈ കാലയളവിൽ ഞാൻ സ്വന്തമായി ആഹാരം പാകം ചെയ്യാനും സ്വയം പര്യാപ്താനി തീർന്നിരുന്നു. അന്ന് രാത്രിയിൽ കുത്തരി ചോറിന്റെ കഞ്ഞിയും ചമ്മന്തിപ്പൊടിയും കടുകുമാങ്ങാ അച്ചാറും ജീവിതത്തിൽ അന്നുവരെ കഴിക്കാത്ത സ്വാദ് നൽകിയിരുന്നു. എത്ര പാചക വീരനാണെന്നു പറഞ്ഞാലും അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കി തരുന്ന ആഹാരത്തിന്റെ സ്വാദു ഒന്ന് വേറെ തന്നെയിരുന്നു.

രണ്ടു വർഷങ്ങൾക്കു ശേഷം നാട്ടിൽ ആദ്യമായി മറ്റു പ്രവാസികളെപ്പോലെ ഞാനും അവധി ആഘോഷിക്കാനായി നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളായിരുന്നു. വലിയ ബന്ധുജനങ്ങളുടെ അകമ്പടിയില്ലാതിരുന്നതിനാൽ അമ്മയ്ക്കു ഒരു വളയും അനിയത്തിക്കു ഒരു ജോഡി കമ്മലും വീട്ടിലേക്കു കുറച്ചു സാധനങ്ങളും വാങ്ങി. പിന്നെ ഒരു ഗൾഫുകാരന്റെ കയ്യിൽ പുതുമോടിക്കു കിട്ടിയതൊക്കെ എന്തൊക്കെയോ വാങ്ങി പെട്ടിയിൽ കരുതിവെച്ചിരുന്നു. മുപ്പത്തിയഞ്ചു ദിവസത്തെ അവധിയും കമ്പനി വക ടിക്കറ്റും കിട്ടി. കമ്പനിയുടെ ഡ്രൈവർ സുബൈർ എന്നെ എയർ പോർട്ടിൽ കൊണ്ടുവിട്ടു.  നക്ഷത്രങ്ങളുടെയും മേഘങ്ങളുടെയും ഇടയിലൂടെ പറന്ന പക്ഷിയിൽ കയറി ഞാൻ നാട്ടിലേക്കു യാത്രയായി.

നാട്ടിലെത്തിയതിനുശേഷം അമ്മയുടെയും ശ്രീദേവിയുടെയും ഒരുപാടു വിശേഷങ്ങൾ കാതോർത്തു കേട്ടിരുന്നു. രണ്ടു വർഷത്തെ വിശേഷങ്ങൾ രണ്ടു ദിവസം തോരാത്ത മഴപോലെ പെയ്യ്തൊഴിഞ്ഞു. പുതു ജീവൻ മുളപൊട്ടി മിഴികൾ തുറന്ന നാമ്പുകൾപോലെ നീലാകാശത്തേക്കു നോക്കി ഞാനും ഒന്ന് പിഞ്ചിരിച്ചു. ചില നിമിഷങ്ങളിലെ ചിരികൾ കാലത്തിന്റെ വേദനകളെ മറയ്ക്കുമ്പോലെ മായിച്ചിരുന്നു. മാമ്പല മഠം അമ്പലത്തിൽ കുടുംബസമേതം തൊഴുകയും 'അമ്മ നിശ്ചയിച്ച പൂജയും വഴിപാടുകളുമൊക്കെ നടത്തുകയും ചെയിതു. ദൂര യാത്രകൾ ഒന്നുമില്ലായിരുന്നു. മൂന്ന് നാലു ദിവസങ്ങൾക്കു ശേഷം ഞാൻ ചന്ദ്രൻ പിള്ള സാറിന്റെ വീട്ടിലേക്കു കാണാൻ പോയി കൂടെ അദ്ദേഹത്തിനായി വാങ്ങിയ വാച്ചും ഒരു സെറ്ററും അത്തറും ഒരു കവറിൽ ഉണ്ടായിരുന്നു. ചന്ദ്രൻപിള്ള സാറിനോട് കൂടുതൽ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല. സാർ എന്നെ പാഠങ്ങൾ പഠിപ്പിച്ചെങ്കിലും അനുഭവങ്ങളല്ലേ നമ്മളെ ജീവിതം പഠിപ്പിക്കുന്നത് എന്ന് ഞാൻ ഈ രണ്ടു വർഷങ്ങൾകൊണ്ട് മനസിലാക്കി കഴിഞ്ഞിരുന്നു. ചന്ദ്രൻ പിള്ള സാറിന്റെ മുഖത്തുള്ള വിഷമം എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. കൂടുതൽ നേരം നിന്ന് മുഷിച്ചിലാക്കാതെ ഞാൻ സാറിന് കൊടുക്കാനുള്ള കവർ ഏൽപ്പിച്ചു യാത്ര പറഞ്ഞു വീട്ടിലേക്കു തിരിച്ചു പൊന്നു.
എണ്ണിച്ചുട്ട ദിനരാത്രങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. തിരിച്ചുപോകുന്നതിന്റെ തയ്യാറെടുപ്പുകൾ ദിവസങ്ങൾക്കുള്ളിൽ നടന്നു. അമ്മയുടെ വക സ്പെഷ്യലുകൾ കടുകുമാങ്ങാ അച്ചാർ, ചമ്മന്തിപ്പൊടി, അവലോസ് ഉണ്ട, ഉണ്ണിയപ്പം, കാച്ചിയ വെളിച്ചെണ്ണ. തുടങ്ങിയ സാധനങ്ങൾ പെട്ടിയിൽ സ്ഥാനം പിടിച്ചിരുന്നു. സ്വപ്നങ്ങൾക്ക് ചിറകു തുന്നിച്ചേർക്കാനായി ഞാൻ വീണ്ടും മരുഭൂമിയിലേക്ക് യാത്ര തിരിച്ചു. സ്ഥിരാക്ഷരപ്പതിപ്പായി ജീവിതം തുടർന്ന് പോയിക്കൊണ്ടിരുന്നു. നാലു കൊല്ലം അർബാബിന്റെ വിശ്വസ്തനായി പണിയെടുത്തു. കടങ്ങളെല്ലാം തീർന്നു. കുറച്ചു സമ്പാദ്യങ്ങളിൽ ചേർത്തുവെച്ചിരുന്നു.

രണ്ടാമത്തെ വരവിൽ അനിയത്തി ശ്രീദേവിയുടെ കല്യാണ ഒരുക്കങ്ങൾ തീരുമാനിച്ചിരുന്നു. വകയിൽ അകന്നൊരു ബന്ധുവിന്റെ മകനായതിനാൽ ഞങ്ങളുടെ വീട്ടിൽ തന്നെ അമ്മയും അനിയത്തിയും മാത്രമുള്ള വീട്ടിൽ താമസത്തിനു തയ്യാറായി തന്നെയാണ് മുകുന്ദൻ വിവാഹത്തിന് സമ്മതം അറിച്ചിരുന്നത്. ഈ ഒരു നിബന്ധന മാത്രമായിരുന്നു ഞാൻ അമ്മയോട് അനിയത്തിയുടെ കല്യാണ നടക്കുബോൾ നിർദേശിച്ചിരുന്നത്. അവളുടെ കല്യാണം നല്ലരീതിയിൽ നടന്നു. ഞാൻ വീണ്ടും മരുഭൂമിയെന്ന സ്വപ്ന ഭൂമിയിലേക്ക് യാത്രയായി.

കമ്പനി ബിസിനസ്സ് എല്ലാം അവതാളത്തിലായി. ഒട്ടു മിക്ക കമ്പനികളിലും ജോലിക്കാരെ വിരിച്ചുവിട്ടു. അക്കൂട്ടത്തിൽ അബ്ദുള്ള ഇക്കയുടെ ജോലിയും നഷ്ടപ്പെട്ടു. അദ്ദേഹം നാട്ടിലേക്കു പോകുന്നതിനു മുൻപായി ഞാൻ റൂമിൽ ചെന്ന് കണ്ടിരുന്നു. എന്റെ ജീവിതത്തിലേക്ക് വഴികാട്ടിയ മനുഷ്യന് ഞാൻ കുറച്ചു പണം നൽകുമ്പോൾ അത് തീരാത്ത കടപ്പാടായിരിക്കുമെന്ന് എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഇക്ക വാങ്ങാൻ വിസമ്മതിച്ചെങ്കിലും നിർബന്ധപൂർവം നൽകി ഞാൻ യാത്രയാക്കി. എല്ലാ മേഖലയിലും പ്രവർത്തന മാന്ദ്യം സംഭവിച്ചു. അന്നും അർബാബ് എന്നെ കൈവിട്ടില്ല കാരണം ഞാൻ അർബാബിനു അത്രയ്ക്ക് വിശ്വാസയോഗ്യനായി തീരുകയും എന്നെ വിശ്വസിക്കുകയും ചെയ്തിരുന്നു.

നാളുകളേറെ കടന്നുപോയി. അപ്രതീക്ഷിതമായി നാട്ടിൽ നിന്നും എന്നെത്തേടിയെത്തിയ ഫോൺ കാൾ എന്റെ പാതിജീവൻ നടുക്കുന്നതായ അമ്മയുടെ മരണ വാർത്തയായിരുന്നു. ഈ സമയത്തു നാട്ടിൽ ജോലി നിർത്തിപോകാനുള്ള തീരുമാനം അർബാബിനോട് പറഞ്ഞപ്പോൾ വീണ്ടും ഒന്നു ആലോച്ചു തീരുമാനം എടുക്കു എന്തായാലും നിനക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം. ഈറനണിഞ്ഞുകൊണ്ടു നിൽക്കുന്ന എന്റെ കണ്ണുകൾ വീണ്ടും പ്രതീക്ഷ നിറച്ച വാക്കുകൾ ചേർത്തുവെച്ചു തുടർന്നു നിന്നെ ഞാൻ സഹായിക്കാമെന്നും പറഞ്ഞുകൊണ്ട് സന്തോഷപൂർവ്വം കുറച്ചു പണം എടുത്തു എന്നെ യാത്രയാക്കി. പിരിഞ്ഞു പോരുമ്പോൾ കിട്ടേണ്ടിയിരുന്ന എല്ലാം അലവൻസുകളും നാട്ടിലേക്കുള്ള ടിക്കറ്റും എനിക്ക് തന്നിരുന്നു. കമ്പനി ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കാറിൽ എന്നെ അവിടുത്തെ നാത്തൂരും ഡ്രൈവറുമായിരുന്ന സുബൈർ വിമാനത്താവളത്തിൽ എത്തിച്ചുതന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ് ഞാൻ തിന്ന ചോറിനു നന്ദിയായി അർബാബിനെ വിളിച്ചു 'മാസലാമാ' പറഞ്ഞില്ല, പകരം നിനക്ക് എപ്പോവേണമെങ്കിലും എന്നെത്തേടിവരാമെന്നു മാത്രം പറഞ്ഞു അർബാബ് ഫോൺ വെച്ചു. അല്ലേലും സാധാരണക്കാരന്റെ ജീവിതമെന്നു പറയുന്നത് മറ്റുള്ളവർ നമുക്ക് നേർക്ക് വെച്ചുനീട്ടുന്ന പ്രതീക്ഷ തന്നെയാണ്.

അമ്മയുടെ മരണാന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞിട്ടും വീട്ടിൽ ദുഖത്തിന്റെ നിഴലുകൾ തളംകെട്ടിനിന്നിരുന്നു. പല പദ്ധതികളും ആലോചനയിൽ കൊണ്ടുവന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. നാടിന്റെ ഭാഷ്യം മാറി മുഖമുദ്ര മാറി അങ്ങനെ എല്ലാം മാറിമറിഞ്ഞു. മതവും രാഷ്ട്രീയ കോമരങ്ങളും കൊമ്പിൽ തുണിചുറ്റി പേക്കോലം കെട്ടിയാടാൻ തുടങ്ങി. ഒരു വർഷക്കാലം ചെറുകിട കച്ചവടങ്ങളിലുമൊക്കെയായി കടന്നുപോയി. അല്ലേലും ഒറ്റമുറിയിലിരുന്നു സ്വന്തം നാട്ടിൽ കച്ചവടം സാധ്യത സ്വപ്നം കണ്ട സാധാരണ പ്രവാസിക്ക് എപ്പോഴും ഭ്രൂണാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ അവസ്ഥയായിരിക്കും. മോഹങ്ങൾ മാത്രമായി പ്രതീക്ഷയിൽ ജീവിക്കേണ്ടി വരുന്ന ഗതികേടുപിടിച്ച ദരിദ്ര നാരായണമാരായി മാറുന്ന കാലം അത് എന്നും അങ്ങനെത്തന്നെയാണെന്നു ഓർമിച്ചുകൊണ്ടു ഞാൻ ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി തീർത്തു.

അനിയത്തി ശ്രീദേവിക്ക് രണ്ടാമത്തെ കുട്ടി പെൺകുഞ്ഞു പിറന്നു. ഒരു കുടുംബം നിലനിർത്താനുള്ള വരുമാനമൊക്കെ മുകുന്ദനും ഉണ്ടായിരുന്നു. നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനും നന്മയ്ക്കു വേണ്ടി നാം ഒരിക്കലും കണക്കുകൾ സൂക്ഷിക്കാറില്ലല്ലോ. ചിലപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റാൻ വേണ്ടി നമ്മുടെ കാര്യങ്ങൾ വരെ മാറ്റി വെയ്ക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലുള്ള മരുഭൂമിയിലും ചില പച്ചപ്പുകൾ കാണാറുണ്ട്. അവ ജീവിക്കാൻ പാടുപെടുന്നതുപോലെ ഞാനും മുന്നോട്ടുള്ള ജീവിതത്തിനു മറ്റൊരു ഉപാധി കണ്ടെന്നനായി മാർഗം തേടുന്നതിനിടയിൽ സ്വപ്നഭൂമിയായ മരുഭൂമിയും അർബാബും ഓർമ്മയിൽ ഓടിയെത്തി. തുടങ്ങിയടുത്തു നിന്നുകൊണ്ട് തന്നെ വീണ്ടും തുടങ്ങാനായി തന്റെ എല്ലാമായിരുന്ന അർബാബിനെ വീണ്ടും വിളിച്ചു. പ്രതീക്ഷയുടെ കവാടങ്ങളിലേക്കു ചിറകു വിരിച്ചു പറക്കാനായി കടംവാങ്ങിയ പണവുമായി വീണ്ടുമൊരു വിസിറ്റ് വിസയും ടിക്കറ്റുമെടുത്തു പ്രവാസത്തിലേക്കു യാത്രയായി.

നാട്ടിലെ സ്ഥിതിഗതികൾ കെട്ടിടങ്ങൾ റോഡുകൾ മാറാതെ തുടരുമ്പോളും ആളുകൾ മാത്രമാണ് വ്യത്യാസപ്പെട്ടിരുന്നത്. പക്ഷേ ഇവിടുത്തെ സ്ഥിതിയും വളർച്ചയും വളരെയധികം മുന്നോട്ടു പോയിരുന്നു. വീണ്ടും ഷാർജ ഇന്റർനാഷണൽ എയർ പോർട്ടിൽ ഇറങ്ങുമ്പോൾ ആദ്യ യാത്രയുടെ ഓർമ്മകൾ സമ്മാനിച്ചെങ്കിലും ഇത്തവണ എനിക്ക് എന്നെ തന്നെ ഉരുവാക്കപ്പെടുത്താനും ജീവിതത്തെ സധൈര്യം മുന്നോട്ടുകൊണ്ടുപോകാനും പ്രാപ്തി നേടിയിരുന്നു. അർബാബിനെ ചെന്നുകണ്ടു കമ്പനിയിൽ ജോലിയുടെ കാര്യങ്ങൾ എല്ലാം തുടർന്നു. ആ ഒറ്റ മുറിയിൽ ജീവിതത്തെ അനുനയിപ്പിക്കുന്ന ആയിരം സ്വപ്നങ്ങളുണ്ട് ആയിരം പ്രതീക്ഷയുണ്ട് ഇന്നല്ലെങ്കിൽ നാളെ നടക്കുമെന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ജീവിത വായുവുമുണ്ട് എന്ന് വിശ്വസിച്ചു ഇന്നും എന്നെപ്പോലെ അറിയിരം പ്രവാസികൾ പ്രവാസലോകത്തു ജീവിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക