Image

ട്രംപും കമലയും കട്ടയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു ഒക്ടോബര്‍ സര്‍പ്രൈസ് റീക്യാപ്(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 24 October, 2024
 ട്രംപും കമലയും കട്ടയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു ഒക്ടോബര്‍ സര്‍പ്രൈസ് റീക്യാപ്(എ.എസ് ശ്രീകുമാര്‍)

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവരെ വല്ലാതെ പേടിപ്പെടുത്തുന്ന മാസമാണ് ഒക്ടോബര്‍. കാരണമുണ്ട്. 'കുപ്രസിദ്ധ'മായ ഒക്ടോബര്‍ സര്‍പ്രൈസിന്റെ ഇരയായവരാണ് 2016-ല്‍ ഹിലരി ക്ലിന്റനും 2020-ല്‍ ഡൊണാള്‍ഡ് ട്രംപും. അതിനാല്‍ തന്റെ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കുറി കമലാ ഹാരിസിന് ഒക്ടോബര്‍ ആദ്യം തന്നെ ഹിലരി മുന്നറിയിപ്പും നല്‍കുകയുണ്ടായി. ഹില്ലരി ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ കാംപെയ്ന്‍ ചെയര്‍മാനും ബില്‍ ക്ലിന്റെന്റെ കാലത്ത് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന ജോണ്‍ പോഡെസ്റ്റയുടെ ഇമെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് ഹിലരിയുടെ ഓവല്‍ ഓഫീസ് സ്വപ്നം തട്ടിത്തെറിപ്പിച്ചത്.

2016 ഒക്ടോബറിലാണ് ഹിലരിയുടെ ഇമെയിലുകള്‍ ചോര്‍ന്നത്. വിക്കിലീക്സ് പുറത്തുവിട്ട ഇമെയില്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അന്നത്തെ എഫ്.ബി.ഐ ധയറക്ടര്‍ ജെയിംസ് ബ്രിയെന്‍ കോമെ ജൂനിയര്‍ യു.എസ് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കുകയുണ്ടായി. നവംബര്‍ 8-ാം തീയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്ക 11 ദിവസം മുമ്പായിരുന്ന കോമെയുടെ നടപടി. ഇതോടെ ജനസമ്മിതിയില്‍ മുന്നിലായിരുന്ന ഹിലരിയുടെ ലീഡ് പിന്നോക്കം പോവുകയും അവര്‍ പരാജയപ്പെടുകയുമായിരുന്നു.  

ഹില്ലരിയുടെ സ്വകാര്യ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 350 ഇമെയിലുകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച അതേ ദിവസമാണ് പോഡെസ്റ്റയുടെ ഇമെയിലുകള്‍ പ്രത്യക്ഷപ്പെട്ടത്. 2008-16 കാലയളവില്‍ അയച്ച പോഡെസ്റ്റയുടെ രണ്ടായിരത്തോളം ഇമെയിലുകളാണ് വിക്കിലീക്സ് അന്ന് പുറത്തുവിട്ടത്. എന്നാല്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ ഇ-മെയില്‍ ചോര്‍ച്ചയ്ക്ക് കുറ്റപ്പെടുത്തിയത് റഷ്യയെ ആണ്.

സിറിയ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയുമായി ഇടഞ്ഞ റഷ്യയുടെ, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമം ആണ് ഇതെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി വക്താക്കള്‍ വാദിച്ചത്. എന്നാല്‍ അമേരിക്കന്‍ ആരോപണം തള്ളിയ റഷ്യ, വിക്കിലീക്സ് ഒരു സ്വതന്ത്ര സംഘടനയാണെന്നും അതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും വിദേശകാര്യ വക്താവിലൂടെ മോസ്‌കോയില്‍ അറിയിക്കുകയുണ്ടായി.

അതേസമയം 2016-ല്‍ ഹിലരിയോടേറ്റുമുട്ടിയ ട്രംപിന് ഒക്ടോബറിലെ ഹോളിവുഡ് ടേപ് വിവാദം ഏശിയില്ല. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, അതായത് 2016 ഒക്ടോബര്‍ 7-നാണ് വിവാദ ടേപ്പ് പുറത്തയത്. ആക്സസ്സ് ബോളിവുഡിന്റെ ഷോയ്ക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡില്‍ ആങ്കര്‍ ബില്ലി ബുഷുമായുള്ള സംഭാഷണമദ്ധേ ട്രംപ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുകയുണ്ടായി. 2015 സെപ്റ്റംബറില്‍ റെക്കോഡ് ചെയ്ത വീഡിയോയാണ് ഒക്ടോബറില്‍ സംപ്രേഷണം ചെയ്തത്. ട്രംപോ ട്രംപിന്റെ അനുയായികളോ ഇത് മൈന്‍ഡ് ചെയ്തില്ല. ട്രംപ് പ്രസിഡന്റാവുകയും ചെയ്തു.

എന്നാല്‍ 2020-ലെ ഒക്ടോബര്‍ സര്‍പ്രൈസ് ട്രംപിനെ കുടുക്കി. ട്രംപിന്റെ ഇന്‍കം ടാക്സ് നികുതി വെട്ടിപ്പിന്റെ കണക്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടത് അദ്ദേഹത്തിന് ഇടിത്തീയായി. യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷവും വൈറ്റ് ഹൗസിലെ ആദ്യ വര്‍ഷവും ആദായനികുതിയായി ട്രംപ് അടച്ചത് 750 ഡോളര്‍ മാത്രമാണ്.

അതേസമയം, 2017-ല്‍ ട്രംപിന്റെ കമ്പനികള്‍ ഇന്ത്യയില്‍ 1,45,400 ഡോളര്‍ നികുതിയടച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപും എതിരാളി ജോബൈഡനും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പു സംവാദം 2020 സെപ്റ്റംബര്‍ 30-ന് നടക്കാനിരിക്കെ തലേദിവസമാണ്  ട്രംപിന്റെയും അദ്ദേഹത്തിന്റെ വിവിധ കമ്പനികളുടെയും 20 വര്‍ഷത്തെ നികുതി രേഖകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.

സെപ്റ്റംബര്‍ 20-ലെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനിടെ 10 വര്‍ഷവും ട്രംപ് ആദായനികുതി നല്‍കിയിട്ടേയില്ല. കച്ചവടമെല്ലാം നഷ്ടമായിരുന്നുവെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. വ്യാജ വാര്‍ത്ത എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിലെ ആദ്യ 2 വര്‍ഷം ട്രംപിന്റെ  വിദേശവരുമാനം 7.3 കോടി ഡോളറായിരുന്നു. ഒക്ടോബര്‍ ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.  ഒടുവില്‍ 2020 നവംബര്‍ 3-ന് നടന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍ ട്രംപിന്റെ കാര്യത്തില്‍ ഒക്ടോബര്‍ സര്‍പ്രൈസ് യാഥാര്‍ത്ഥ്യമായി.

ഒക്ടോബര്‍ സര്‍പ്രൈസിന് നിരവധി പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം മാറ്റിമറിക്കാന്‍ സാധ്യതയുള്ളതും തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ സംഘടിപ്പിക്കപ്പെടുന്നതുമായ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസത്തിലെ സുപ്രധാന വെളിപ്പെടുത്തലോ അല്ലെങ്കില്‍ സംഭവമോ ആണ് ഒക്ടോബര്‍ സര്‍പ്രൈസ്. ഇത് ചിലപ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാവാം അല്ലെങ്കില്‍ സൃഷ്ടിക്കപ്പെടുന്നതുമാവാം.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രംഗത്ത് 1800-കളുടെ തുടക്കം മുതല്‍ ഇപ്പോള്‍ ഒക്ടോബര്‍ സര്‍പ്രൈസ് എന്നറിയപ്പെടുന്ന രീതിയെ 'റൂര്‍ബാക്കിംഗ്...' അല്ലെങ്കില്‍ 'റൂര്‍ബാച്ചിംഗ്...' എന്ന് വിളിച്ചിരുന്നു. എന്നാല്‍ റൊണാള്‍ഡ് റീഗന്റെ 1980-ലെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്ന്‍ മാനേജരായി പ്രവര്‍ത്തിച്ച വില്യം കേസിയാണ് 'ഒക്ടോബര്‍ സര്‍പ്രൈസ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അതോടെ ഈ പദത്തിന് ഇന്നത്തെ നിലയിലുള്ള രാഷ്ട്രീയ മാനം കൈവരികയും ചെയ്തു.

ഏതായാലും തിരഞ്ഞെടുപ്പിന് ഇനി വെറും 12 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇത്തവണ ഒരു ഒക്ടോബര്‍ സര്‍പ്രൈസിന് സാധ്യതയുണ്ടോയെന്ന് ലോകജനത ഉറ്റുനോക്കുന്നുണ്ട്. 2016-ല്‍ ജനകീയ വോട്ടുകളില്‍ മുന്നിലായിരുന്നിട്ടും ഇലക്ടറല്‍ വോട്ടുകള്‍ ഹിലാരിയെ ചതിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ ഇലക്ടറല്‍ വോട്ട് ആരെ തുണയ്ക്കുമെന്ന് കാത്തിരുന്നു കാണാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക