Image

ഐ വി ശശി ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷം : പ്രസാദ് എണ്ണക്കാട്

Published on 24 October, 2024
ഐ വി ശശി ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷം : പ്രസാദ് എണ്ണക്കാട്

മലയാള സിനിമയിൽ എക്കാലത്തെയും 'രാജശില്പി'(Master craftsman) ആയിരുന്ന ഐ വി ശശി ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷം.ചിത്രകാരൻ കൂടിയായ ശശി സിനിമയിലെത്തുന്നത് കലാസംവിധായകനായി. പിന്നീട് രണ്ടര പതിറ്റാണ്ട് കാലം മലയാള സിനിമയിലെ നിറ സാന്നിധ്യം.ആദ്യ ചിത്രം 'ഉത്സവം'തന്നെ മികച്ച സംവിധായകൻ എന്ന് തെളിയിച്ചു. തുടർന്ന് അനുഭവം, ആലിംഗനം, അഭിനന്ദനം, അംഗീകാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ.അവളുടെ രാവുകൾ എന്ന ചിത്രത്തോടെ 'ഹിറ്റ്മേക്കർ'പദവിയിലെത്തി.ആ ചിത്രത്തിലെ നായിക സീമ ജീവിതത്തിലും നായികയായി എന്നു മാത്രമല്ല ആജീവനാന്തം ദാമ്പത്യം തുടർന്നു.സമൂഹത്തിലെ, രാഷ്ട്രീയത്തിലെ,ഭരണതലത്തിലെ അപചയങ്ങൾ തുറന്നുകാട്ടുന്ന ഈ നാട്, ഇനിയെങ്കിലും, അങ്ങാടി,അഹിംസ,ആവനാഴി തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി.കൊമ്മേഴ്സ്യൽ വിജയങ്ങൾ മാത്രമല്ല കലാമൂല്യമുള്ള ചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ആരൂഢം, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ,അഭയംതേടി തുടങ്ങിയ ചിത്രങ്ങളിലൂടെ ഐ വി ശശി തെളിയിച്ചു.മലയാളത്തിൽ നൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു.പുറമേ തമിഴിൽ ഏഴും ഹിന്ദിയിൽ മൂന്നും തെലുങ്കിൽ രണ്ടും ചിത്രങ്ങൾ.'ആരൂഢം' മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.'അനുഭവം' മികച്ച കലാസംവിധായകനാക്കി.'മൃഗയാ'മികച്ച സംവിധായകനുമാക്കി.1921, ആൾക്കൂട്ടത്തിൽ തനിയെ എന്നീ ചിത്രങ്ങളും സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.ചിത്രങ്ങൾക്ക് സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന പേരു നൽകുന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത ആയിരുന്നു.സീമയടക്കം മറ്റു പലർക്കും പുരസ്കാരങ്ങൾ  നേടിക്കൊടുത്തത് ഐ വി ശശി ചിത്രങ്ങൾ ആയിരുന്നു. ടി ദാമോദരൻ, എം ടി, പത്മരാജൻ, ഷെരീഫ്, ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം മികച്ചവയായിരുന്നു. കേരള സർക്കാർ സമഗ്രസംഭാവനക്കുള്ള ജെ സി ഡാനിയൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.ഐ വി ശശിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക