സന്തോഷത്തിന്റെ പൂത്തിരികളുമായി ദീപങ്ങളിൽ വിരിഞ്ഞ താളമായ് ഒരു പാട്ട് .!
" ദ്വാദശിയിൽ മണിദീപിക തെളിഞ്ഞൂ ...
മാനസമേ ഇനി പാടൂ..."
ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്ക്കുവേണ്ടി മൺചിരാതൊരുക്കുന്ന മലയാളികൾക്കായി ... അവരുടെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് .!
2000 ത്തിൽ ശ്രീ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ' മധുരനൊമ്പരക്കാറ്റ് ' എന്ന സിനിമക്കു വേണ്ടി യൂസഫലി കേച്ചേരി എഴുതിയ മനോഹര വരികൾ !
തമിഴ് സംഗീത ലോകത്തു നിന്നു വന്ന് മലയാളികളുടെ ഈണങ്ങളുമായി, മലയാളത്തിന്റെ സംഗീത ജീവിതവുമായി ഒക്കെ വളരെയധികം ഇഴുകിച്ചേർന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായ ശ്രീ വിദ്യാസാഗറിന്റെ ഈണം .
'വെണ്ണിലാ ചന്ദനക്കിണ്ണം ' മുതൽ കേട്ടു വരുന്ന വിദ്യാജി യുടെ പാട്ടുകളോടുള്ള ആരാധന . അതേ, വിദ്യാജിയുടെ വേറിട്ടു നിൽക്കുന്ന അദ്ഭുത മാന്ത്രിക സംഗീതം .
ഭംഗിയുള്ള വരികൾക്ക് അതിനൊത്ത സംഗീതവും കൂടി ചേർന്നപ്പോൾ ... ആഹാ.. മനസ്സിൽ ഒരു മഴ പെയ്തിറങ്ങിയ ഫീൽ .! 'ഘടം ' എന്ന വാദ്യോപകരണം ഇത്ര നന്നായി ഉപയോഗപ്പെടുത്തിയ വേറൊരു പാട്ടും കേട്ടിട്ടില്ല . കണ്ണടച്ചു ഹെഡ് സെറ്റ് വച്ച് ഈ പാട്ടു കേട്ടാൽ അതു മനസ്സിലാകും . മലയാളി അല്ലാത്ത ഒരാൾ ഈ പാട്ടിൽ കാട്ടിയ മാന്ത്രികത . ആദ്യത്തെ ആ ഹമ്മിംഗിൽ തന്നെ പാട്ടിന്റെ മുഴുവൻ ഗുണവും മനസ്സിലാകും . ഘടം ബേസ് ഗിത്താർ കോംമ്പിനേഷനും കൂടി ആയപ്പോൾ .. പറയാൻ വാക്കുകളില്ല .
'ഹിന്ദോള ' രാഗത്തിൽ മഴവില്ലു വിരിയും പോലൊരു ഗാനം . ദാസട്ടന്റെ ആ എൻട്രി - എങ്ങനെ അതു വിവരിക്കും..?. കുളിരു കോരുന്നൊരു തണുപ്പ് അരിച്ചെത്തും . പല്ലവിയിൽ ആദ്യത്തെ തവണ 'സംഗീതം ' എന്ന വാക്കു വരുമ്പോൾ ദൂരെ എവിടെയോ കടലിരമ്പുന്ന ഒരു തോന്നൽ .! . ഓരോ തവണയും ദാസേട്ടന്റെ പാട്ട് എന്നെ ഏതോ സ്വപ്ന ഭൂവിൽ ഇറക്കി നിർത്തുകയാണല്ലോ ദൈവമേ...
ആ സ്വപ്നം പൂക്കുന്ന താഴ്‌വരയിൽ നിന്നൊന്നു കരകയറാനാകാതെ എനിക്കവിടെ മുഴുകി നിൽക്കാനേ കഴിയുന്നുള്ളൂ..
" മാരിയിലും മാരതാപം തെന്നി തെന്നൽ തന്നൂ പൂങ്കുളിര്.."
ഈ സമയത്ത് ഒരു ഇടി വീഴുന്നതു പോലും സുജാത ചേച്ചിയുടെ ശബ്ദത്തിലൂടെ നമ്മൾ അറിയും . തേൻപുഴ ഒഴുകുന്നതുപോലെയാണ് സുജാത ചേച്ചിയുടെ മധുരാലാപനം . മനസ്സിൽ ഇടിവെട്ടി മഴ പെയ്യാൻ വേറെന്തു വേണമിനി . ?. ഇടയ്ക്കുള്ള ആ ഓടക്കുഴൽ നാദം . ആഹാ... നമ്മൾ വേറെ ഏതോ ഒരു ലോകത്തെത്തും തീർച്ച .
" കലാലോലം കണ്ണുകൾ കളിച്ചെണ്ടായ് കല്പനാ .. നറുതേനോ നിൻ സ്വരം നിലാ പൂവോ നിൻ മനം, ....."
ആ പശ്ചാത്തല സംഗീതം എല്ലാ പ്രതിബന്ധങ്ങളേയും ഭേദിച്ച് ദൂരെ ഏതോ കോട്ടകൊത്തളങ്ങൾക്കുള്ളിൽ മനോഹരമായി ലാസ്യ നടനമാടുന്ന നായിക ( സംയുക്ത വർമ്മ) നമ്മുടെ ഹൃദയം കവരും . നായികയും നായകനും ( ബിജു മേനോൻ ) ആ സമയത്ത് പ്രണയബദ്ധരായിരുന്നു എന്നതിനാലാണോ അവരുടെ കെമിസ്ട്രി ഇത്രയും ഒത്തുവന്നത്..? ആയിരിക്കാം..
"വാർകുഴലിൻ നീർ കണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ്...."
അനുപല്ലവി വേറെ ലവൽ ...
"ആശകളിൽ തേനലയായ്... "
'നിൻസ്വരം ' എന്നു കേൾക്കുമ്പോഴുണ്ടാകുന്ന ഒരു സുഖം...! മലയാളികളുടെ ഹരിചന്ദന മഴ തന്നെയാണിത് എന്ന് എന്റെ പക്ഷം . കാസർഗോഡ് ബേക്കൽ കോട്ടയിൽ ചിത്രീകരിച്ച ഇതിന്റെ ഓരോ ഫ്രെയിമും ഓരോ കഥ പറയും .
" ദീപ് ജലാവോ ദീപ് ജലാവോ ആജ് ദിവാലി രേ.."
ദീപാവലിയെക്കുറിച്ച് 6-ാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിൽ ഇങ്ങനെ പഠിച്ചു എന്നല്ലാതെ, ദീപാവലി എന്നാൽ ദീപങ്ങൾ കൊളുത്തി വയ്ക്കുന്ന ഒരു ഉത്സവമായി ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ല . ദീപാവലി ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് ദോശയും കടലക്കറിയും കഴിക്കലും അന്ന് വൈകിട്ട് എല്ലായിടത്തും പടക്കം പൊട്ടുന്ന ഒച്ച കേൾക്കുമെങ്കിലും പടക്കം പൊട്ടിക്കാനും പൂത്തിരി കത്തിക്കാനുമൊന്നും കയ്യിൽ കിട്ടിയിട്ടില്ല . എന്നാൽ വിവാഹ ശേഷമുള്ള മുംബൈ ജീവിതത്തിൽ ദീപാവലി ആഘോഷങ്ങൾ കണ്ടപ്പോൾ , അന്ന് റേഡിയോയിൽ നിന്നും ദൂരദർശനിലെ ചിത്രഗീതത്തിലേക്ക് ചേക്കേറിയിരുന്ന സിനിമാ പാട്ടുകളിലൂടെ അടുത്തറിഞ്ഞ ഈ പാട്ടാണ് ആദ്യമായി മനസ്സിലേക്കോടിയെത്തിയത് .
അസംഖ്യം വൈദ്യുത വിളക്കുകളും മൺചിരാതുകളും കൊണ്ട് എങ്ങും പ്രകാശപൂരിതമായ ദീപാവലി കാഴ്ചകൾ..! രംഗോളി വരയ്ക്കലും മധുര പലഹാരങ്ങളും പുതു വസ്ത്രങ്ങളും ആശംസകളുമൊക്കെയായി രണ്ട് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഉത്തരേന്ത്യൻ ഉത്സവം . ! "ദീപ് ജലാവോ " - എന്ന പാഠവും 'ദ്വാദശിയിൽ ' എന്ന പാട്ടും മാത്രം പരിചയമുണ്ടായിരുന്ന എന്റെ ദീപാവലിക്കാഴ്ചകളെ സമ്പന്നമാക്കിയ മുംബൈ ദീപാവലികൾ..!
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നാട്ടിൽ ഒരു ദീപാവലിക്കാലം..! എന്റെ ബാല്യ കൗമാര ദീപാവലികളിൽ നിന്നെല്ലാം വളരെയധികം മാറ്റങ്ങൾ... അന്ന് ഓടിട്ട വീടുകൾ ആയിരുന്ന എല്ലാ വീടുകളും ഇന്ന് ടെറസ്സ് വീടുകൾ ആയി മാറുകയും ദീപാവലി ദിനത്തിൽ എല്ലാവരും മൺചിരാതുകൾ ഒരുക്കുകയും വർണ്ണ വിളക്കുകൾ തെളിയിക്കുകയും ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു . എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമായി മാറിയ നല്ല മാറ്റം.!.
പക്ഷേ , എവിടെ എങ്ങനെയൊക്കെ ദീപാവലി ആഘോഷിച്ചാലും എന്റെ മനസ്സിലെ ആദ്യ ദീപാവലി കാഴ്ച ദ്വാദശിയിൽ മണിദീപിക തെളിഞ്ഞതു തന്നെ😄 .
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ (2)
പാരാകെ.. ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭ നന്ദനവനിതന്‍ സംഗീതം...
ആ ...
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
വാര്‍കുഴലില്‍ നീര്‍കണങ്ങള്‍..
മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകൾ... തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്...
കലാലോലം കണ്ണുകള്‍... കളിച്ചിന്തായ് കല്പന
നറുംതേനോ നിന്‍ സ്വരം.. നിലാപ്പൂവോ നിന്‍ മനം..
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍... സാന്ത്വനം
കിനാവാകും മഞ്ചലില്‍ വരൂ നീയെന്‍ ജീവനില്‍
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
മഞ്ഞണിയും മല്ലികയോ..
മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്
മാരിയിലും.. മാരതാപം..
തെന്നിത്തെന്നി തെന്നല്‍ തന്നു.. പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ.. നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍.. മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം.. കുയില്‍പ്പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ....
പാരാകെ.. ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭ നന്ദനവനിതന്‍ സംഗീതം...
ആ ...
Read More: https://emalayalee.com/writer/297