റിലീസ് ദിവസം മുതല്‍ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം.
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി. സെപ്റ്റംബർ 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 75.25 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത്.
ഇപ്പോഴിതാ ചിത്രം ഒ ടി ടിയിലേക്കെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ ഒന്നിനാണ് ചിത്രം ഒ ടി ടിയിലെത്തുക. ആസിഫ് അലിയുടെ കരിയറിലെ ആദ്യ 75 കോടി ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണ്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.