എന്തിനാണ് കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടർ ജോലിക്കായും മറ്റൊരു കൂട്ടർ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തിൽ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യാവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതുകൊണ്ടാണ് അവർ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ കിട്ടാത്തതുകൊണ്ടാണ് അന്യനാട്ടിൽ പോയി ജീവിക്കുന്നത്. അതിനർത്ഥം നമ്മെക്കാൾ വളർന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടിൽ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കിൽ ആരും അന്യരുടെ വീട്ടിൽ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കുപോകുന്നവരുടെയും സ്ഥിതി. തങ്ങൾക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാൻ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരിൽ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവർക്ക് അവരർഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരൻമ്മാർക്കൊപ്പം നൽകുന്നവരാണ് കുടിയേറ്റ രാജ്യങ്ങളിൽ മിക്കവയും. മിക്ക പാശ്ചാത്യ രാജ്യങ്ങളും പൗരത്വമുൾപ്പെടയുള്ളവയാണ് കുടിയേറ്റക്കാർക്ക് നൽകുന്നത്.
കുടിയേറ്റക്കാർ എന്ന വാക്കിനർത്ഥം തന്നെ കൂടുതേടി വന്നവർ എന്നതാണ്. സ്വന്തം കുടിനുള്ളതിനേക്കാൾ സുരക്ഷയും സൗകര്യങ്ങളും മറ്റൊരു കൂട്ടിനുള്ളിൽ ലഭിക്കുമെന്നതുകൊണ്ടാണ് കൂടുതേടി പക്ഷികൾ പോലും പോകുന്നത്.
എന്നാൽ എല്ലാ സൗകര്യങ്ങളും നേടിക്കഴിഞ്ഞാൽ കഴിഞ്ഞാൽ ആ രാജ്യത്തെ കുറ്റപ്പെടുത്തുന്നതോ കളിയാക്കുന്നതോ ആയ പ്രവണത ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഉണ്ടായിരുന്നു. അവരുടെ സംസ്കാരത്തെയും വസ്ത്രധാരണ രീതിയെയുമായിരുന്നു ഏറെപ്പേരും പരിഹസിച്ചിരുന്നതാണ് കുറ്റപ്പെടുത്തിയിരുന്നതും. മണ്ടൻമ്മാർ എന്നായിരുന്നു മിഡിൽ ഈസ്റ്റിൽ ഉള്ളവരെ കളിയാക്കിയിരുന്നതെങ്കിൽ തുണിയുടുക്കാത്തവരെന്നായിരുന്നു പാശ്ചാത്യരെ വിളിച്ചിരുന്നത്. ഒരു ഗതിയുമില്ലാത്തപ്പോഴാണ് നാമിവിടെ പോയതെന്ന ഉൾബോധമുള്ളപ്പോഴും അവരുടെ വസ്ത്രധാരണം നമ്മുടെ നാട്ടിൽ അനുകരിക്കാൻ തുടങ്ങിയപ്പോഴുമാണ് ആ കളിയാക്കൽ അൽപ്പം ശമിച്ചത്. ഇപ്പോൾ അവരെക്കാൾ മോശമായി അവിടെയും ഇവിടെയും എവിടെയും നമ്മുടെ പിൻമുറക്കാർ വസ്ത്രം ധരിക്കാൻ തുടങ്ങിയപ്പോൾ ആ വിമർശനാവും ഇല്ലാതെയായി.
ചുരുക്കത്തിൽ നമ്മുടെ കണ്ണിൽ തടി കഷണമിരുന്നിട്ടാണ് മറ്റുള്ളവരുടെ കണ്ണിലെ കരട് കണ്ടുകൊണ്ടിരുന്നത് എന്ന് തന്നെ പറയാം.
കാലം മാറിയെങ്കിലും കോലം മാറാത്തവരാണ് നമ്മിൽ ഏറെപ്പേരും. അതിൽ ജനറേഷൻ വ്യത്യാസമില്ല എന്നതാണ്.
പരമാർത്ഥം. ലോകം വളർന്നെങ്കിലും നമ്മുടെ സ്വഭാവ രീതികൾ അതുപോലെ തുടരുന്നു എന്നതാണ്മറ്റൊരു വസ്തുതയും. ഈ അടുത്ത കാലത്ത് ലണ്ടൻ നഗരത്തിലും കാനഡയിലെ ചില പ്രദേശത്തും മലയാളികൾ കാട്ടിക്കൂട്ടിയ ചില കൊപ്രങ്ങളാണ് ഇത് പറയാൻ കാരണം. ഓണാഘോഷവേളയിലായിരുന്നു മലയാളികൾ ലണ്ടനിൽ നടത്തിയ കോപ്രായങ്ങൾ. മുണ്ടും മടക്കിക്കുത്തി തെരുവുകളിലും ബസ്സുകളിലും ഉച്ചത്തിൽ സംസാരിച്ചുകൊണ്ടും സ്വദേശികളെ പുച്ഛത്തോടെ നോക്കിയുള്ള പരിഹാസ ചിരിയോടെയുള്ളതായിരുന്നു അവരുടെ പ്രവർത്തികൾ. തങ്ങൾ ചെയ്തത് എന്തോ മഹത്തായ പ്രവർത്തികളാണെന്ന രീതിയിൽ അത് വിഡിയോയിൽ എടുത്തു സോഷ്യൽ മീഡിയയിൽ കൂടി പുറം ലോകത്തെ അറിയിക്കുകയും ചെയ്തു. പണ്ട് ഇങ്ഗ്ലീഷുകാർ തങ്ങളെ അടിമകൾ ആക്കിയതിന് പ്രതികാരം ചെയ്യുകയാണ് ഇതെന്ന രീതിയിലായിരുന്നു അവരുടെ കമന്റ് ആ പ്രവർത്തിയിൽ കൂടി അവർ എന്തോ മഹത്തായ കാര്യമാണ് കേരളത്തിനും ഇന്ത്യക്കും ചെയ്തതെന്നാണ് അവരുടെ പ്രവർത്തിയിൽ മനസ്സിലാക്കുന്നത്. അവർ ചിന്തിക്കുന്നതും അതുതന്നെയാണ്. ഇവരുടെ ഈ മാന്യതയില്ലാത്ത പ്രവർത്തി അവിടെയുള്ള ആളുകളെ പ്രകോപിപ്പിക്കുകവരെയുണ്ടായി. അതിൽ സ്വദേശികൾ ചിലരുടെ മുണ്ടുകൾ ഊരിയെടുത്തുകൊണ്ട് ഓടിപ്പോകുകവരെയുണ്ടായി. അത്രക്കെ അസഹനീയമായിരുന്നു വത്രേ അവരുടെ പ്രവർത്തികൾ.
നമ്മുടെ ആഘോഷങ്ങൾ അന്യ നാട്ടിൽ നടത്തുന്നതിൽ തെറ്റില്ല. അത് മാന്യവും മര്യാദയോടെയുമായിരിക്കണമെന്ന് മാത്രം. നമ്മുടെ സംസ്ക്കാരാവും രീതികളും മറ്റുള്ള നാട്ടിൽ ചെയ്യുമ്പോൾ അത് ആ നാടിന്റെ സംസ്ക്കാരത്തെ മറികടന്നുകൊണ്ടും ഹനിച്ചുകൊണ്ടും ആ നാട്ടുകാരെ പരിഹസിച്ചുകൊണ്ടും ആകരുത്. അതിനു വിരുദ്ധമായ പ്രവർത്തികൾ ആരു ചെയ്താലും അത് അവരുടെ മാതൃ രാജ്യത്തെയാണ് നാണം കെടുത്തുന്നത്. ഇത്തരം പ്രവർത്തിയിൽ കൂടി ഇവർ എന്ത് സന്ദേശമാണ് നൽകുന്നത്. മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ് ഇത്തരം പ്രവർത്തികൾ. ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നു എന്ന് കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യക്കാർ ഇന്നും അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നത് മെച്ചമായ ജീവിതത്തിനാണെന്ന് ചിലപ്പോഴെങ്കിലും നാം മനസ്സിലാക്കണം. നാം കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ രാജ്യമാണ് നമ്മുടെ മാതൃ രാജ്യത്തെക്കാൾ നമ്മുക്ക് ജീവിക്കാൻ വക നൽകുന്നതെന്ന ബോധം ഉണ്ടാകണം. അവരെ പരിഹസിക്കുമ്പോൾ അവരുടെ ഔദാര്യത്തിലാണ് നാമിവിടെ ജീവിക്കുന്നതെന്ന ചിന്തയുമുണ്ടാകണം. ഒട്ടകത്തിന് തല ചായ്ക്കാൻ സ്ഥലം കൊടുത്തത് യജമാന്റെ മഹാമനസ്ക്കതയാണ്. അത് ഒട്ടകത്തിന്റെ അവകാശമായി കാണരുത്. അത് തന്നെയാണ് ഇവിടെയും ചിന്തിക്കേണ്ടത്. അതിനർത്ഥം അടിമയായി ജീവിക്കുക എന്നതുമല്ല.
ബ്രിട്ടീഷുകാർ അവരുടെ നാട്ടിലെക്കെ പോയപ്പോൾ നമ്മുടെ വിലപ്പെട്ട പല സാധനങ്ങളും കൊണ്ടുപോയി. എന്നാൽ അവർക്ക് കൊണ്ടുപോകാൻ കഴിയാത്തതാണ് മലയാളീകളുടെ ഇത്തരം പരമ്പരാഗത കലാരൂപങ്ങൾ അത് നാം അവിടെ ചെന്ന് കാണിച്ചുകൊടുക്കുന്നുണ്ട്. ജസ്ത്യാലുള്ളത് തൂത്താൽ പോകില്ല എന്ന് പറയുംപോലെ നമ്മുടെ സ്വഭാവ രീതികൾ അതേപടി അവിടെ കാണിക്കുന്നത്. പഠിച്ചതല്ലേ പാടു അപ്പോൾ ഇതല്ല ഇതിനപ്പുറവും നാം കാണിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. നമ്മെ അംഗീകരിക്കുന്നതുകൊണ്ടാണ് അവർ നമ്മെ അവരോടൊപ്പം ഇരുത്തുന്നത്. അതാണ് അവരുടെ മഹത്വം. അവരെ നാം ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക. നാം മഹാതായിപറയുന്ന ആർഷഭാരത സംസ്ക്കാരം അതാണ് ഇവർ ഇന്ന് ചവിട്ടിമെതിക്കുന്നത്. സംസ്ക്കാരം അത് വിലക്കുവാങ്ങാനോ കവർന്നെടുക്കാനോ കഴിയില്ല. അത് പാരമ്പരയാമായി കിട്ടുന്നതാണ്.