1970 കളുടെ പകുതിയിൽ കോട്ടയത്തെ ജവഹർ ബാലഭവന്റെ വിജയദശമി ദിവസത്തെ പുതിയ ക്ലാസുകളുടെ തുടക്ക വേള-----
മാതാപിതാക്കളുടെ കുട്ടില്ലാതെയാണ് മാത്യു സാറിന്റെ മുന്നിൽ തൊഴ്ത് വെറ്റിലയും പാക്കും നാണയവും ദക്ഷിണ നൽകി കാൽ തൊട്ട് വന്ദിച്ചത്.
നിറഞ്ഞ ചിരിയുമായി തുവെള്ള വേഷത്തിലെ സാറിനെ കണ്ടിട്ടുള്ളു. ആദ്യത്തെ വയലിൻ സാറിനോടൊപ്പം പോയി വാങിയപ്പോൾ , കിട്ടിയ സന്തോഷം പങ്കിട്ട മുത്തശ്ശി കൂടെയില്ല.
പിന്നെ മാത്യു സാറിനോപ്പം ബാലഭവനിലെ അരങേറ്റം
-"ശ്രീ ഗണനാഥാ സിന്ദൂര വർണ്ണാ
കരുണാ സാഗര കരി വദനാ
ലംബോദര ലകു മികരാ-"
മായ മൗളവ രാഗത്തിലെ ചിന്തുകൾ വായിക്കാൻ പഠിപ്പിച്ചാണ് സാർ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയത്
അതിന്റെ ഒപ്പം ഒരു സിനിമാ ഗാനം വായിക്കാനും സാറ് പഠിപ്പിച്ചു
- "നിത്യ വിശുദ്ധയാം കന്യാ മറിയമേ
നിൻ നാമം വാഴ്തപ്പെടട്ടെ
---------
കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന മേച്ചിൽ പുറങ്ങളിലൂടെ
അന്തിക്ക് ഇടയനെ കാണാതലയുന്ന
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ-"
എന്ന് വായിച്ച് നിർത്തിയ ആദ്യ വേദി.
മണർകാട്ടു നിന്ന് വരുന്ന സാറിന്റെ ഒപ്പം തിരുനക്കര തെക്കെ നട വരെ നടക്കുമ്പോഴാണ് ബേബി മാത്യു എന്ന ഗായകനായ മകനെ പറ്റി സാർ അഭിമാനത്തോടെ പറഞ്ഞിരുന്നത്.
പിന്നെ ബേബിയുമൊത്ത് ജില്ലാ തല മത്സര വേദികളിൽ ഒരുമിച്ചു.
കൂടുതൽ ശ്രദ്ധക്കും പരിശീലനത്തിനും വേണ്ടിയാണ് സാറിനൊപ്പം കലാക്ഷേത്രത്തിൽ എത്തിയത്.
യശശരീരനായ കൃഷ്ണൻ നായർ സാറ് തുടങ്ങി വെച്ച കോട്ടയം കലാ ക്ഷേത്രം.
-ജയ മഹിത കേരള കലാ ക്ഷേത്രം---"
എന്ന signature ഗാനം അക്കാലത്ത് ചമ്പക്കുളത്തു നാരായണൻ നായർ സാറും, മറ്റ് ചേർന്നു പാടുന്ന വെള്ളിയാഴ്ചകളിലെ സംഗീത അർച്ചന .
വയലനിൽ മാത്യുസാർ , ഗിഞ്ചറ തിരുവാർപ്പ് ശിവൻ ചേട്ടൻ, മൃദംഗത്തിൽ രാജാമണി സാറോ കൃഷ്ണൻ കുട്ടി ചേട്ടനോ, കൂടെ മുഖർ ശംഖിൽ മണി ചേട്ടൻ.
രാവിലെയോ വൈകിട്ടോ ക്ലാസ്സ് കഴിഞ്ഞ് പുളിമൂട് കവലയിലെ മാഗ് നറ്റ് ഹോട്ടലിൽ മാത്യു സാറിന്റെ രണ്ടു ദേശക്കും ചായക്കും ഒപ്പം ഇരുന്ന ദിവസങ്ങൾ.
അക്കാലത്ത് സാറിന്റെ ശിഷ്യന്മാരായിരുന്ന തിരുവാർപ്പ് ജയപ്രകാശ്,വയലിൻ ജേക്കബ് എന്നിവർ പേരെടുത്ത വയലിൻ വാദകരായി.
പാമ്പാടിയിൽ നടന്ന കോട്ടയം ജില്ലാ സ്ക്കൂൾ യുവജനോത്സവത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ -ഗണപതി സ്തുതിയായ
-വാതാപി ഗണപതീം ഭജേ-" ആണ് സാർ പരിശീലിപ്പിച്ചത്.
മത്സര ദിവസം രാവിലെ വയലിൻ ശ്രുതി പരിശോധിച്ച് കലാക്ഷേത്രത്തിലെ നാരായണൻ നായർ സാറിന്റെ കാൽ തൊട്ട് പോയപ്പോൾ ലഭിച്ച ഒന്നാം സമ്മാനം മാത്യു സാറിന്റെ കാൽക്കൽ വെച്ചപ്പോൾ ആ കണ്ണുകളിലെ തിളക്കം ഓർമ്മിക്കുന്നു.
അന്ന് രണ്ടാം സമ്മാനം ലഭിച്ച ജയപ്രകാശ് ഇന്ന് കോട്ടയം മെഡിക്കൽ കോളേജിന്റെ അഭിമാനമായ ഹൃദയ രോഗ വിദഗ്ദ്ധനും ഉത്തമ സ്നേഹിതനുമാണ്.
ബാല ജന സഖ്യ വേദികൾ, NSS വേദികൾ, കലോത്സവ വേദികൾ ഒക്കെ സാറിന്റെ പരിശീലനത്തിൽ തിളങ്ങിയ ഇടങളായി.
CMS ഹൈസ്ക്കൂളിലെ തിങ്കളാഴ്ച അസംബ്ളി വേദികളിൽ ഈ സമ്മാനങൾ വീണ്ടും തന്ന് അഭിനന്ദിച്ച വി.സി. വർഗീസ് സാർ എന്ന ഉണ്ണി സാർ എന്റെ ഉള്ളിൽ വളർത്തിയ ആത്മവിശ്വാസമാണ് തിരിഞ്ഞു നോക്കുമ്പോൾ കിട്ടിയ ഏറ്റവും വലിയ ഗുരുത്വം.
ഒരു ചെക്കോസ്ലോവാക്ക്ൻ വയലിൻ തിരഞ്ഞെടുത്ത് തന്നതും മാത്യു സാറ് തന്നെ.
കേരള സർവകലാശാലയിൽ (അന്നൊക്കെ തിരുവനന്തപുരം മുതൽ തൃശൂർ വരെ ഒറ്റ സർവകലാശാല മാത്രമേ ഉള്ളു M G യുണിവേഴ്സിറ്റി ഇല്ല) തന്ത്രി വാദ്യം ഈസ്റ്റേൺ രണ്ടാം സമ്മാനത്തിന് അർഹനായതും ഗുരുവിന്റെ അനുഗ്രഹം.
വയലിനും, സംഗീതവും വിട്ട് സഘം ചേരലിന്റെ കാലഘട്ടമായ 79 ലും 80 കളും ജീവിതം സംഘർഷഭരിതമായിരുന്നു.
എന്നാലും വിജയദശമി ദിവസം മാത്യു സാറിനെ കാണാൻ ബാല ഭവനിലോ, കലാക്ഷേത്രത്തിലോ എത്താൻ കഴിയുന്നത്, കാൽ തൊട്ട് വന്ദിക്കാൻ സാധിക്കുന്നത് മുജ്ജന്മ സുകൃതം.
ജോലി, തിരക്ക്, കുടുംബം, കട്ടികൾ ഇവയൊക്കെ വയലിൻ വായനയിൽ നിന്ന് അകറ്റിയപ്പോഴും വിജയദശമി ദിവസം പുജയെടുത്ത് കഴിഞ്ഞ് സാറിന്റെ മുന്നിൽ----
സാറ് നീട്ടി തരുന്ന വയലനിൽ
സാറിന്റെ പാട്ടിനൊപ്പം
-"സരള വരിശകൾ -" നാലു കാലത്തിൽ വായിച്ച് ഗീതവും വർണ്ണവും വായിച്ച് പിരിയും.
വലിയ മോഹത്തോടെയാണ് പാർവതിയെയും , നിധീഷിനെയും സാറിന്റെ ശിഷ്യരാക്കിയത്.
സാറിന്റെ വാക്കിൽ
- " പുജയെടുക്കുന്ന ദിവസം സരള വരിശകൾ വായിക്കുന്ന ശിഷ്യരായി-" അവർ തുടർന്നു.
പാമ്പാടി ആശുപത്രിയിൽ സാറ് ചികത്സക്ക് എത്തിയപ്പോൾ -" എന്റെ അഛന്റെ ഗുരുനാഥനാണ്-" എന്ന് അഭിമാനത്തോടെ പറഞ്ഞ എന്റെ മകൾ .
അവസാന കണ്ട വിജയ ദശമി ദിവസം മണർകാട്ടെ സാറിന്റെ വീട്ടിൽ എത്തി. തീരെ ക്ഷീണത്തിലായ സാർ കിടപ്പിലായിരുന്നു അകത്തെ മുറിയിൽ നിന്ന് വയലിൻ എടുത്ത് സാറിന്റെ പാദത്തിൽ ദക്ഷിണ അർപ്പിച്ചു.
സരള വരിശകൾ വായിച്ച് തുടങ്ങിയപ്പോൾ കട്ടിലിൽ കിടന്ന് സാറ് ഒപ്പം പാടാൻ തുടങ്ങി.
ശ്രീ ഗണനാഥ എന്ന മായാമൗള രാഗ ഗീതത്തിനൊപ്പം സാറ് ഏഴുന്നേറ്റ് ഇരുന്ന് പാടി.
---"സംഗീതമായിരുന്നു മാത്യുസാർ
. -ശുദ്ധ സംഗീതമായിരുന്നു-"
സരസ്വതിയെ , സംഗീതത്തെ ഉപാസിച്ച എന്റെ ഗുരുവിനെ ലക്ഷ്മി ദേവി അധികം കടാക്ഷിച്ചില്ല.
പക്ഷേ വലിയ ശിഷ്യ സമ്പത്ത്.
പുകൾപെറ്റവർ
അതു പോരെ?
അവർക്ക് ഒക്കെ സരസ്വതി ദേവിയുടെയും, ലക്ഷ്മി ദേവിയുടെയും അനുഗ്രഹം നേടി കൊടുക്കാൻ അദ്ദേഹത്തിനായി.
യസ്യ ദർശന മാത്രേണ
മനസ: സ്യാത് പ്രസന്നതാ
സ്വയം ഭു യാത് ധൃതി ശ്ശാന്തി
സ ഭവേത് പരമോ ഗുരു
എന്ന് ഗുരു ഗീത
(യാതൊരുവന്റെ ഭർശനം കൊണ്ട് മാത്രം പ്രസന്നതയും ക്ഷമയും ശാന്തിയും ലഭിക്കന്നുവോ അയാൾ പരമ ഗുരുവെന്ന് ഗുരു ഗീത)
ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച്, കർണ്ണാടക സംഗീതത്തെ ഉപാസിച്ച മാത്യു സാറിന്റെ ദർശനം പ്രസന്നതയും ശാന്തിയും നൽകുമായിരുന്നു. അതുകൊണ്ട് തന്നെ
പരമ ഗുരുവായി അദ്ദേഹത്തെ വണങ്ങാൻ ആവുന്നു.
സാറിന്റെ പാതയിൽ , സംഗീതത്തെ ഉപാസിച്ച് ജീവിതത്തിൽ മുന്നേറിയ ബേബിയെ വിധി വേട്ടയാടിയിട്ടും, സംഗീതത്തെ കൂട്ടുപിടിച്ച് മുന്നേറുന്ന കാഴ്ചക്ക് കാലം സാക്ഷിയായി.
കഴിഞ്ഞ അഞ്ചു വർഷങളായി പുജയെടുപ്പിന് മാത്യു സാറിന്റെ പാദങ്ങളിൽ തൊടാൻ ആവുന്നില്ല. ഈ ലോകം വിട്ടു പോയ സാർ നൊമ്പരമായി ഉള്ളിൽ .
-"സരസ്വതി നമസ്തുഭം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ-"
ഉള്ളിൽ തെളിയുന്ന മാത്യു സാറിന്റെ രൂപത്തിന്റെ പാദത്തിൽ തൊട്ട്, വെറ്റിലയും , പാക്കും നാണയവും ചേർത്ത് ദക്ഷിണ.
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ: