മൂടൽ മഞ്ഞ് റോഡിൽ വീണു കിടക്കുന്നു..പതിവു പോലെ പള്ളിയിൽ ബാങ്ക് വിളിക്കാനായി ഇറങ്ങിയതാണ്.ഗേയ്റ്റിൽ പത്രം വന്ന് കിടപ്പുണ്ട്.ബോക്സും പൈപ്പുമൊക്കെ വെച്ചിട്ടുണ്ടെങ്കിലും രാവിലെ പത്രക്കാരൻ പയ്യന്റെ മൂഡ് പോലെയാണ് കാര്യങ്ങൾ..ഓരോ ദിവസവും പത്രം വീണു കിടക്കുന്നതു കാണുമ്പോൾ അറിയാം അവന്റെ മൂഡ്. മര്യാദയ്ക്ക് ബോക്സിൽ തന്നെ പത്രം ഇട്ടിട്ടുണ്ടെങ്കിൽ അവന് അന്ന് പ്രശ്നമൊന്നും ഇല്ലെന്നുറപ്പ്. ഇല്ലെങ്കിൽ കാണുന്നയിടത്തേക്ക് പത്രം വലിച്ച് ഒറ്റ ഏറാണ്..
സ്കൂട്ടറിൽ പതിയെ റോഡിലേക്കെത്തി..മുകൾപ്പാലത്തിനായി റോഡ് പകുതിയിലേറെ അടച്ചു കെട്ടിയിരിക്കുന്നു.ആകെയുള്ള ബാക്കി സ്ഥലത്തു കൂടി വേണം വാഹനങ്ങളും വഴിയാത്രക്കാരുമൊക്കെ പോകാൻ..നേരം വെളുത്തു തുടങ്ങുന്നതേയുള്ളു റോഡ് തിരക്കിലേക്ക് പതിയെ നീങ്ങുന്നു, കുറച്ചു കൂടിക്കഴിഞ്ഞാൽ പൊടിപടലങ്ങളാൽ മുഖരിതമാകും..
മാസ്ക്കെടുത്ത് വെച്ചു..കഴിഞ്ഞ കാലത്തിന്റെ പേടി സ്വപ്നം പോലെ വീണ്ടും മാസ്ക്ക്. പുറത്തിറങ്ങാൻ കഴിയാതിരുന്ന ആ ഭയാനക നാളുകൾ മനസ്സിലൊരു ഭീതി സ്വപ്നമായി വീണ്ടും നിറഞ്ഞു.
പുറകെയും മുമ്പെയുമായി നടന്നു പോകുന്നവർ..നടക്കാനിറങ്ങിയ സ്ത്രീകളുടെ പുറകെ ഭർത്താക്കൻമാരുമുണ്ട്.നേരം വെളുത്തും സന്ധ്യ മയങ്ങും മുമ്പും മാത്രം സ്ത്രീ സ്വാതന്ത്ര്യം പറയാമെന്നുള്ള നാട്ടിൽ അകമ്പടിയില്ലാതെ നടക്കാൻ കഴിയുമോ..സുബഹിക്ക് തുടങ്ങുന്ന ജോലി ഇഷാ നമസ്ക്കാരത്തിന്റെ ബാങ്കോടെയാണ് പൂർണ്ണമാകുന്നത്.. എങ്കിലും ജോലി തീർന്നെന്ന് പറയണമെങ്കിൽ രാത്രി ഇഷാ നിസ്ക്കാരവും കഴിഞ്ഞ് പള്ളി പൂട്ടിയിട്ട് വേണം ഇറങ്ങാൻ..
അന്നു വൈകുന്നേരം രാത്രി പ്രാർത്ഥനയായ ഇശാ നിസ്ക്കാരവും കഴിഞ്ഞാണ് സൈദിന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവമുണ്ടാകുന്നത് . എല്ലാവരും പ്രാർത്ഥന കഴിഞ്ഞ് പോയിട്ടും ഒരാൾ പോകാതെയിരിക്കുന്നു, ഉസ്താദും നിസ്ക്കരിക്കാൻ വന്നവരുമൊക്കെ എപ്പോഴേ പോയിക്കഴിഞ്ഞു. അവസാനത്തെ ആളും ഇറങ്ങിയാലേ പള്ളി പൂട്ടി മുക്രി സൈദിന് പോകാൻ കഴിയൂ..
പള്ളിയിൽ ബാങ്ക് വിളിക്കുന്നത് മാത്രമല്ല അവസാന ആളും ഇറങ്ങിയെന്ന് ഉറപ്പായാലേ മുക്രിയ്ക്ക് ഇറങ്ങാൻ കഴിയൂ.. സമയ ബോധമില്ലാതെ ചിലർ പ്രാർത്ഥനയും കഴിഞ്ഞ് പിന്നെയും പോകാതെ ഇരിക്കുന്നതു കാണുമ്പോൾ ചിലപ്പോഴൊക്കെ വല്ലാതെ ദേഷ്യം തോന്നിയിട്ടുണ്ട്.എങ്കിലും അതെല്ലാം മനസ്സിലൊതുക്കും, വേറെ എവിടെയെങ്കിലുമായിരുന്നുവെങ്കിൽ ഇറക്കി വിടാമായിരുന്നു, പ്രാർത്ഥിക്കാൻ വരുന്നവരോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ? പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. മഴ ശക്തമായാൽ പോക്കും നടക്കില്ല, കുട എടുക്കാൻ മറന്നിരിക്കുന്നു..രാവിലെ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് വായിച്ചെങ്കിലും പറയുന്ന ദിവസം സാധാരണ മഴ പതിവില്ലാത്തതിനാൽ കുട എടുത്തില്ല..
പള്ളിയിൽ കുറെ നേരം അങ്ങുമിങ്ങും നടന്ന് മടുത്തപ്പോൾ പതിയെ ഒരു വാതിലിന്റെ അരികിൽ ഇരുന്നു..അയാൾ പോയിട്ടും കാര്യമില്ല. മഴ ഒന്ന് തോരാതെ ഇറങ്ങാൻ കഴിയില്ല.. പുറത്ത് തിമർത്തു പെയ്യുന്ന മഴയും അകത്തെ പള്ളിയ്ക്കകത്തെ ഫാന്റെ കാറ്റും നൽകിയ തണുപ്പിൽ സൈദിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..രാവിലെ സുബഹി നമസ്ക്കാരം മുതലുള്ള അലച്ചിലിന്റെ ക്ഷീണം കൊണ്ട് അയാൾ ഉറക്കത്തിന്റെ പടവുകളിലേക്ക് ഇറങ്ങി. സ്വപ്ന ലോകത്തിന്റെ ചിറകിലേറി സൈദു പറക്കാൻ തുടങ്ങുകയായിരുന്നു.. ഭാര്യയെയും നാല് പെൺ മക്കളെയും പോറ്റാനുള്ള പ്രാരബ്ദ്ധതയ്ക്കിടയിൽ ഇത്തരം അപൂർവ്വമായ അവസരങ്ങളിൽ മാത്രമാണ് അയാൾക്ക് സ്വപ്നം കാണാൻ സമയം കിട്ടുന്നത്.
പള്ളിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വേണം കാര്യങ്ങളെല്ലാം നടത്താൻ..ഒന്നിനൊന്ന് മൽസരിച്ച് വളരുന്ന പെൺമക്കളെ കാണുമ്പോൾ സൈദുവിന്റെ മനസ്സിൽ ആധിയാണ്. എല്ലാ അർത്ഥത്തിലും പള്ളിയിലിരിക്കുമ്പോഴാണ് ഒരു സമാധാനം. വീട്ടിൽ ചെല്ലുമ്പോൾ തുടങ്ങും സൈദുവിന്റെ ബീവി, മനുഷ്യാ, നിങ്ങൾക്ക് ഈ പെമ്പിള്ളാരുടെ വല്ല ചിന്തയുമുണ്ടോ, ഇനി പിള്ളേര് ആരുടെ കൂടെയെങ്കിലും ചാടിപ്പോയി കഴിഞ്ഞിട്ട് പറഞ്ഞിട്ടും കാര്യമില്ല..
അവൾ പറയുന്നതിലും കാര്യമില്ലാതില്ല, കാണുകയും കേൾക്കുകയും ചെയ്യുന്നത് അത്തരം വാർത്തകളല്ലേ? ‘’ എടീ,കെട്ടിക്കാത്തത് മാത്രമല്ല ചാടിപ്പോണത്, അപ്പുറത്തെ ഖാദറിന്റെ കെട്ടിയോള് അവനേം മൂന്നു പിള്ളേരേമിട്ടിട്ട് ഒരുത്തന്റെ കൂടെ ചാടിപ്പോയത് അവളെ കെട്ടിക്കാഞ്ഞിട്ടാ..’’
അതും ശരിയാണല്ലോ എന്ന് ബീവി ഓർത്തു, എന്നാ പിന്നെ നിങ്ങളെയും നാലെണ്ണത്തിനെയും ഇട്ടിട്ട് ഞാനും ആരുടെ കൂടെയെങ്കിലും പോകാം എന്ന് ഒരാലോചന ബീവിയിൽ വന്നെങ്കിലും അത് കെട്ടിയോനോട് പറഞ്ഞില്ല, അല്ലെങ്കിൽ തന്നെ പല വിധ കാരണങ്ങളാൽ ടെൻഷനടിച്ചിരിക്കുന്ന അങ്ങേർക്ക് ഇനി ഒരു ടെൻഷൻ കൂടി കൊടുക്കണ്ട എന്ന് അവരോർത്തു.
ഇത്തരം എല്ലാ പ്രാരാബ്ധങ്ങളിൽ നിന്നും മുക്തനായി, നാലു മക്കളുടെയും കല്യാണവും നടത്തി, എന്നാ പിന്നെ മലേഷ്യയിലേക്ക് കുടുംബ സമേതം ഒരു ടൂർ പൊയ്ക്കളയാം എന്ന് വിചാരിച്ച് ഫ്ളൈറ്റിൽ കയറുമ്പോഴാണ് ആരോ തലയിൽ തടകുന്നതായി തോന്നി അയാൾ കണ്ണു തുറന്നത്. അപ്പോഴാണ് ഫ്ളൈറ്റിലൊന്നുമല്ല , പള്ളിയുടെ മൂലയിലിരുന്ന് ഉറങ്ങിപ്പോയതാണെന്ന് മനസ്സിലായത്..
ഏതോ ദിവ്യമായ അനുഭൂതി ആ കൈകളിൽ നിന്നും അയാളിലേക്ക് പടരുകയായിരുന്നു..പച്ച ഷാളണിഞ്ഞ് ശുഭ്രവസ്ത്ര ധാരിയായ ആ മനുഷ്യനല്ലേ നേരത്തെ അവിടെയിരുന്ന് പ്രാർത്ഥിച്ചത്..
‘’എന്താണ്, സൈദ് സാഹിബേ, നിങ്ങളുടെ മനസ്സിലെ പ്രശ്നം, എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം, മക്കളുടെ കല്യാണം ശരിയാകാത്തതാണോ..’’
എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ, ഞാനെന്താണ് ഈ കേൾക്കുന്നത്..ഇതു വരെ നേരിട്ടു പരിചയം പോലുമില്ലാത്ത ആൾ തന്റെ പേര് വിളിക്കുന്നു..തന്റെ മനസ്സിലുള്ള പ്രശ്നങ്ങൾ മണിമണിയായി പറയുന്നു..ഇദ്ദേഹം സിദ്ധനല്ലെങ്കിൽ പിന്നെയാരാണ് സിദ്ധൻ..
പറയാൻ അടുത്തെങ്ങും ആരെയും കണ്ടില്ല..മഴ തോർന്നിരിക്കുന്നു..എങ്ങും കട്ട പിടിച്ച ഇരുട്ട് മാത്രം..നേരം ഒത്തിരി വൈകിയോ? താൻ കുറെ ഉറങ്ങിപ്പോയെന്ന് തോന്നുന്നു.. ..ഏതോ വിഭ്രമാത്കമായ വിറയലിൽ പള്ളി അടക്കുന്ന കാര്യം പോലും മറന്ന് മുക്രി പുറത്തിറങ്ങി ഒരോട്ടമായിരുന്നു
ചന്നം പിന്നം പെയ്യുന്ന മഴയും നനഞ്ഞ്, ഒരു വിധേന വീട്ടിലെത്തിയ മുക്രിയുടെ ഭാവം കണ്ട് ഭാര്യ അമ്പരന്നു.
‘’എന്തു പറ്റി നിങ്ങൾക്ക്, ഇന്ന് ഇഷാ നിസ്ക്കാരം കഴിഞ്ഞ് എന്തായിരുന്നു പരിപാടി..ഒത്തിരി താമസിച്ചല്ലോ.. റാത്തീബ് ഉണ്ടായിരുന്നോ?’’
ചില ദിവസങ്ങളിൽ പള്ളിയിൽ നേർച്ച റാത്തീബ് ഉണ്ടാകാറുണ്ട്, ആ ദിവസം മുക്രി താമാസിച്ചാണ് എത്തുക..
അതിന് മറുപടി പറയാൻ അയാൾക്ക് ശബ്ദമുണ്ടായില്ല, വല്ലാതെ വരണ്ട തൊണ്ടയിൽ നിന്നും നേർത്ത ഒരു ശബ്ദം പുറത്ത് വന്നു..’’ എടീ, നമ്മുടെ നാട്ടിൽ ഔലിയ വന്നു, നമ്മുടെ പള്ളിയിൽ ഔലിയ വന്നു..’’
പറഞ്ഞു തീർന്നതും അയാൾ കട്ടിലിലേക്ക് വീഴുകയായിരുന്നു..
അങ്ങനെയാണ് ഗ്രാമത്തെ പിടിച്ചു കുലുക്കിയ ഒരു ചരിത്രം ആരംഭിക്കുന്നത്. ഔലിയ അഥവാ സിദ്ധന്റെ ചരിത്രം..
പിറ്റേന്ന് മുതൽ ആളുകൾ സിദ്ധനെ കാണാൻ ക്യൂ നിന്നു. പള്ളിയിൽ തന്നെ തൽക്കാലം ഒരു മുറി കമ്മറ്റിക്കാർ ശരിയാക്കി കൊടുത്തു..എന്നാൽ പറഞ്ഞും കേട്ടും ഔലിയയെ കാണാൻ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.. സിദ്ധനും സന്ദർശകർക്കും കൂടി ഇരിക്കാൻ പള്ളിയിലെ മുറി പോരാതെ വന്നു..മാത്രമല്ല, മുറുക്കിത്തുപ്പുക എന്നത് സിദ്ധന്റെ ഒരു പ്രത്യേകതയായിരുന്നു. ആളുകളുടെ ഭക്തി കൂടിക്കൂടി വന്നപ്പോൾ മുറുക്കി തുപ്പലിലും അവർ ദിവ്യത്യം കണ്ടു..
പള്ളിയിലെ ഉസ്താദിന് ഇതൊന്നും അത്ര പിടിച്ചില്ല, യഥാർത്ഥ ദിവ്യൻമാർ ഇങ്ങനെയൊന്നും കാണിക്കില്ല, വളരെ മര്യാദക്കാരായിരിക്കും, ഇങ്ങനെ കാണുന്നിടത്തൊക്കെ തുപ്പി നടക്കുന്നയാളാണോ സിദ്ധൻ? ഉസ്താദ് പലരോടും ചോദിച്ചു. എന്നാൽ സിദ്ധന്റെ ജന പിന്തുണ കൂടിവരുന്നതു കണ്ട് ഉസ്താദ് പിന്നെ ഒന്നും മിണ്ടിയില്ല, എങ്കിലും ഉസ്താദിന്റെ മനസ്സിലെവിടെയോ ഒരു സംശയത്തിന്റെ കാർമേഘ പടലം ബാക്കി കിടന്നു.
അന്ന് രാത്രിയിൽ ഇഷാ നിസ്ക്കാരം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ മുക്രി വലിയ സന്തോഷത്തിലായിരുന്നു. ഏതോ കാര്യമോർത്ത് ഇടയ്ക്ക് അയാൾ ചിരിച്ചു. അതു കണ്ട് ബീവി ചോദിച്ചു.
‘’എന്താ മനുഷ്യാ, നിങ്ങൾക്കിന്ന് വലിയ സന്തോഷം, ആരോ കാര്യമായി കൈ മടക്ക് തന്ന മട്ടുണ്ടല്ലോ?’’
‘’അതൊന്നുമല്ല ബീവീ, എനിക്ക് രണ്ടു ദിവസമായി ഒരേ ആലോചന, ഭക്ഷണം കഴിഞ്ഞ് പറയാം..’’
ചോറ് വിളമ്പി കൊടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു ‘’പിള്ളേര് കഴിച്ചോ..’’
‘’എല്ലാവരും കഴിച്ചേക്കണ്, ഇനി നമ്മൾ രണ്ടു പേരുമേ കഴിക്കാനുള്ളു..’’
‘’ എന്നാ പിന്നെ, നീ കൂടെ ഇവിടിരിക്ക്..’’
‘’അതു വേണ്ട, ഞാൻ അടുക്കളയിലിരുന്നു കഴിച്ചോളാം..’’ ബീവി പറഞ്ഞു..അതാണ് ശീലം, അതാണ് നല്ലതും..
എല്ലാവരും കഴിച്ച് കഴിഞ്ഞ് ചിലപ്പോൾ ചോറ് അധികം ബാക്കിയുണ്ടാവില്ല, അത് പടച്ചോനും താനും മാത്രമല്ലേ അറിയൂ..എങ്കിലും അതിനെപ്പറ്റിയൊന്നും ബീവി ഇതു വരെ ആരോടും പരാതി പറഞ്ഞിട്ടില്ല.
‘’പിന്നെ, നമുക്ക് ഔലിയായെ ഇവിടെ വിളിച്ചു താമസിപ്പിച്ചാലോ?’’
കെട്ടിയോന്റെ വാക്ക് കേട്ടയുടനെ ബീബി ആദ്യം വിളിച്ചത് ‘’യാ അല്ലാ’’ എന്നാണ്. കാരണം ആറ് പേര് ഈ കൊച്ചു വീട്ടിൽ കഴിയുന്നത് എങ്ങനെയാണെന്നത് തങ്ങൾക്കും പടച്ച തമ്പുരാനും മാത്രം അറിയാം..വീട്ടിലെ രണ്ട് പൂച്ചക്കുട്ടികൾ സ്ഥലമില്ലാത്തതിനാൽ പുറത്താണ് കിടക്കുന്നത്. അപ്പോഴാണ് കെട്ടിയോന് പുതിയ ബോധോദയം. അല്ലെങ്കിലും കെട്ടിയോന് ഈയിടെയായി സിദ്ധനോട് അൽപം സ്നേഹം കൂടിപ്പോകുന്നോ എന്ന് ബീവിയ്ക്ക് സംശയം. ഊണിലും ഉറക്കത്തിലും ഔലിയ, ഔലിയ എന്ന മന്ത്രം മാത്രം.
‘’ നീ ബേജാറാകണ്ട, ഒന്ന് കാണാതെ ഒന്ന് ചെയ്യുന്നവനല്ല ഈ സൈദ്..’’
ഇങ്ങേര് എപ്പോഴും ഇതു തന്നെയാണ് പറയാറുള്ളതെന്ന് ബീവി ഓർത്തു, ഇങ്ങേർക്ക് എന്തിനാ ഒരു സമാധാനമില്ലാത്തത്? രണ്ട് കുട്ടികളായി കഴിഞ്ഞ് മൂന്നാമത്തെ കുട്ടി വേണോന്ന് ചോദിച്ചപ്പോഴും മൂപ്പര് ഇതു തന്നെയാ പറഞ്ഞത്. പറഞ്ഞ് പറഞ്ഞ് ഇപ്പോൾ നാല് കുട്ടികളായി, അടുത്തത് ഏതായാലും ആൺകുട്ടിയായിരിക്കുമെന്ന് പ്രലോഭനവുമായി നടക്കുകയാണിപ്പോൾ മൂപ്പര്..
‘’നമ്മുടെ പശുവിനെ കെട്ടിയിരുന്ന ഷെഡ്ഡ് വെറുതെ കിടക്കുകയല്ലേ.’’
അപ്പോഴാണ് ബീവിയും അക്കാര്യം ഓർത്തത്. മുമ്പ് പശു ഉണ്ടായിരുന്ന സമയത്ത് അതിനെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡാണ്. പിന്നെ തിരക്ക് കൂടി വന്നപ്പോൾ കുട്ടികളെയും പശുവിനെയും കൂടി നോക്കാൻ നോക്കാൻ സമയമില്ലാതായപ്പോഴാണ് പശുവിനെ വിറ്റത്.
‘’അവിടം ഒന്ന് ശരിയാക്കി എടുത്താൽ നമുക്ക് സിദ്ധനെ അവിടെ ഇരുത്താം..’’
അങ്ങനെയാണ് ഒരു വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജുമുആ നിസ്ക്കാരത്തിന് ശേഷം സിദ്ധനും പരിവാരങ്ങളും മുക്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. അത് പള്ളിക്കാർക്കും ഒരു ആശ്വസമായിരുന്നു ദൈനം ദിനം തിരക്ക് കൂടി വന്നതിനാൽ പള്ളിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോൾ കമ്മറ്റിക്കാർ ശരിക്കും കുഴഞ്ഞു പോയിരുന്നു. ഒഴിഞ്ഞു തരാൻ പറയാൻ സാധാരണ ആളാണോ? ആൾക്കാരുടെ മനസ്സെടുത്ത് അമ്മാനമാടുന്ന, മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്ന സിദ്ധൻ..ക്ഷിപ്ര കോപിയുമാണ്. അനിഷ്ടകരമായി എന്തെങ്കിലും ഉണ്ടായാൽ, തങ്ങളെ എങ്ങാനും ശപിച്ചാൽ..
പേടിച്ചു പേടിച്ചാണ് ആൾക്കാർ അടുത്തു നിന്നത്. മുറുക്കിത്തുപ്പൽ കൂടിക്കൂടി വന്നപ്പോൾ അതിനായി ഒരു കോളാമ്പി വാങ്ങി വെച്ചു. ചിലപ്പോൾ ആളുകളെ നോക്കുന്നതിനിടയിൽ എഴുന്നേറ്റ് ഒറ്റ ഓട്ടമാണ്. ഏതോ വെളിപാടുണ്ടാകുമ്പോഴാണത്രെ ഈ ഓട്ടം. പിന്നെ കുറച്ചു കഴിഞ്ഞേ വരൂ..
സിദ്ധൻ മുക്രിയുടെ വീട്ടിലേക്ക് മാറിയപ്പോഴാണ് കമ്മറ്റിക്കാർക്ക് ആശ്വാസമായത്. ഓരോ ദിവസവും തിരക്ക് കൂടിക്കൂടി വന്നു. പൊടിപ്പും തൊങ്ങലും വെച്ച് ആൽക്കാർ സിദ്ധന്റെ അപദാനങ്ങൾ പ്രചരിപ്പിച്ചു. അങ്ങനെ ഒരു ദിവസം സിദ്ധന് വെളിപാടുണ്ടായി പുറത്തിറങ്ങി ഓടുന്നതിനിടയിലാണ് പുറത്ത് നിൽക്കുകയായിരുന്ന മുക്രിയുടെ മക്കളെ സിദ്ധൻ കാണുന്നത്. ആ ഓട്ടത്തിനിടയിൽ അവരെ ഒന്ന് നോക്കാനും സിദ്ധൻ സമയം കണ്ടെത്തി. മൂത്തവൾ ജന്നത്തിനെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു..
മക്കൾ ഉമ്മയോടാണ് ആദ്യം അത് വെളിപ്പെടുത്തിയത്..’’ഉമ്മാ, ഔലിയായെ ഞങ്ങൾ നേരിട്ട് കണ്ടുമ്മാ..’’
‘’ശരിയാണോ’’ എന്ന അർത്ഥത്തിൽ ബീവിയുമ്മ മക്കളെ നോക്കി..
‘’ സത്യമായിട്ടും ഉമ്മാ കണ്ടു , എന്നെ നോക്കി ചിരിക്കുകയും ചെയ്തു..’’ ജന്നത്ത് പറഞ്ഞു.
‘’ങ്ഹാ, ഞാൻ വിശ്വസിച്ചു, എന്നാലും അധികം ചിരിക്കാനൊന്നും നിൽക്കണ്ട, ഔലിയ ആണെങ്കിലും മനുഷ്യനല്ലേ…’’
‘’ ഈ ഉമ്മാടെ ഒരു കാര്യം, എല്ലാത്തിനും സംശയമാ..’’ ജന്നത്തും അനിയത്തിമാരും അകത്തേക്ക് കയറിപ്പോയി.
പിന്നെയും സിദ്ധന്റെ കണ്ണുകൾ ജന്നത്തിനെ അറിയാതെയെന്നോണം തേടിയെത്തി. അപ്പോഴൊക്കെ ജന്നത്തും ഒരു പുഞ്ചിരി പകരം കൊടുത്തു. അന്ന് ഉമ്മ അങ്ങനെ പറഞ്ഞതു കൊണ്ട് ഇക്കാര്യമൊന്നു ആരോടും അവൾ പറഞ്ഞതുമില്ല.
തിരക്കൊഴിഞ്ഞ ഒരു രാത്രി സിദ്ധന് ഭക്ഷണം കൊണ്ട് കൊടുത്ത ശേഷം സലാം പറഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് സിദ്ധൻ മുക്രിയെ വിളിച്ചത്.
‘’എനിക്ക് ഒരു കാര്യം പറയാനുണ്ട്..’’
സിദ്ധന്റെ പതിവില്ലാത്ത വിളി കേട്ട് മുക്രി ഒന്ന് അമ്പരന്നു.. എന്തു പറയാനാണാവോ ഇവിടത്തെ താമസം പിടിക്കാതെ വന്നിട്ടാണോ..
‘’രണ്ടു മൂന്ന് ദിവസമായി ഞാൻ ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു..’’
സിദ്ധൻ കോളാമ്പിയിലേക്ക് ഒന്ന് മുറുക്കിത്തുപ്പി..
മുക്രി പിന്നെയും ആകാംക്ഷയുടെ മുൾമുനയിലായി..
‘ജന്നത്തിനെ എനിക്ക് നിക്കാഹ് ചെയ്തു തരുമോ’
തികച്ചും അപ്രതീക്ഷിതമായിരുന്നു ഔലിയയുടെ ചോദ്യം. അതു കൊണ്ടു തന്നെ പെട്ടെന്ന് മറുപടി പറയാനും കഴിഞ്ഞില്ല.
വല്ലാത്ത ഭാഗ്യം തന്നെയാണ്, നാട്ടിൽ എല്ലാവരും ആദരിക്കുന്ന ഒരാളാണ് ചോദിക്കുന്നത്..സന്തോഷം തന്നെ, പക്ഷേ ബീവിയോട് ഒന്ന് ചോദിക്കാതെ ഒന്നും പറയാനും വയ്യ..
‘’നിങ്ങളെന്തൊന്നാ മനുഷ്യേനെ പറയുന്നത്, സിദ്ധന്റെ നാടെവിടെയാണെന്നോ കുടുംബമേതാണെന്നോ വല്ലതുമറിയാമോ?’’
പടച്ചവനേ, ഇവളെന്തൊക്കെയാണ് ഈ പറയുന്നത്? ഒരു ദിവ്യനെക്കുറിച്ച് ഇങ്ങനൊക്കെ പറഞ്ഞാൽ എന്താണ് സംഭവിക്കുയെന്ന് പറയാൻ കഴിയില്ല. .
സിദ്ധന്റെ ഊരും പേരുമൊന്നും ആർക്കും അറിയില്ല, ആരോ വിളിച്ചത് കേട്ട് കബീർ ഔലിയ എന്ന് എല്ലാവരും വിളിക്കുന്നു, വടക്ക് എവിടെയോ ആണ് നാടെന്നു മാത്രം എല്ലാവർക്കും അറിയാം..അത് നേരിട്ട് ചോദിക്കാൻ ആർക്കും ധൈര്യവുമില്ല..എങ്കിലും ഒരാളുടെ നിക്കാഹ് കഴിഞ്ഞാൽ പിന്നെ ബാക്കി മൂന്ന് പേരുടെ കാര്യം നോക്കിയാൽ മതിയല്ലോ? കെട്ടു പ്രായം കഴിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് എത്ര നാളുകളായി..റബ്ബുൽ ആലമീനായ തമ്പുരാൻ ഒരു വഴി കാണിച്ചു തന്നതാകണം..
ഇങ്ങനെ പോയി മുക്രിയുടെ ചിന്തകൾ..
ആ രാത്രിയുടെ ഏതോ യാമത്തിൽ സൈദും ബീവിയും ചിന്തകളിലായിരുന്നു.. പുറത്ത് മഴ പെയ്യുന്നുണ്ടെങ്കിലും ആലോചനയുടെ ഉഷ്ണത്തിൽ വിയർത്തു കിടന്ന സൈദു കയ്യെടുത്ത് ബീവിയുടെ കയ്യിൽ വെച്ചു. തൽക്കാലം ഉള്ള കാര്യങ്ങൾക്ക് തീരുമാനമായിട്ട് ബാക്കി ആലോചിക്കാം.. മനസ്സിൽ പറഞ്ഞു കൊണ്ട് കയ്യെടുത്ത് മാറ്റി വെച്ചിട്ട് ബീവി നീങ്ങിക്കിടന്നു.
ബീവി ആ പ്രലോഭനത്തിൽ വീണില്ലെന്ന് കണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ സൈദു കൈ തിരിച്ചെടുത്തു.. ബീവിയുടെ കളിയാക്കിയുള്ള ചിരി ഇരുട്ടായത് കാരണം സൈദ് കണ്ടില്ല.
‘’ബീവി, എന്താണ് നിന്റെ തീരുമാനം?’’
‘’ആരാണ്, എന്താണ് എന്നൊക്കെ ഒന്നറിയട്ടെ, എന്നിട്ട് കുറച്ചു കഴിഞ്ഞിട്ട് വേണമെങ്കിൽ നമുക്ക് ആലോചിക്കാം..നമുക്ക് ഇത്തിരി കാശിന്റെ കുറവല്ലേയൂള്ളൂ, പെമ്പിള്ളാരെ കണ്ടാൽ ആരും കുറ്റമൊന്നും പറയില്ലല്ലോ..’’
ബീവി പറഞ്ഞപ്പോൾ സൈദ് ഓർത്തു, അത് ശരിയാണ്, ബീവിയുടെ മൊഞ്ച് പിള്ളേർക്കും കിട്ടിയിട്ടുണ്ട്..
‘’ ഒന്നു കൂടി നീ ആലോചിക്ക് ബീവി, ,ഓരല്ലേ ഇപ്പോൾ നാട്ടിലെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്.. ആരെങ്കിലും എന്തെങ്കിലും പുതുതായി തുടങ്ങണമെങ്കിൽ സിദ്ധൻ വേണം, കല്യാണത്തിന് സിദ്ധൻ ദുആ ചെയ്യണം , എന്തിന് സുന്നത്ത് കല്യാണത്തിന് വരെ മൂപ്പര് ചെന്നാലേ എല്ലാവർക്കും തൃപ്തിയാകൂ..’’
മുക്രി ശബ്ദം താഴ്ത്തി പറഞ്ഞു..
‘’ ഔലിയായോടുള്ള സ്നേഹം ഇത്തിരി കൂടിപ്പോകുന്നുണ്ടോ എന്നൊരു സംശയം..’’ എന്റെ, റബ്ബേ, ഇവളുടെ വർത്തമാനം മൂപ്പരെങ്ങാനും കേട്ടാൽ.. മുക്രി ബീവിയുടെ വായ പൊത്തി.
അപ്പോഴും ഔലിയയുടെ മുറിയിൽ വിളക്ക് കത്തുന്നുണ്ടായിരുന്നു. എപ്പോഴാണ് മൂപ്പരുടെ ഉറക്കമെന്ന് ആരും കണ്ടവരില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാണ് മൂപ്പരുടെ ഉറക്കമെന്ന് മാത്രം അറിയാം..സുബഹിക്ക് ഏഴുന്നേറ്റ് നോക്കിയാലും സിദ്ധന്റെ മുറിയിൽ വെളിച്ചം കാണാം..അതോ ഇനി മൂപ്പർക്ക് ഉറക്കമില്ലേ? ആരറിയുന്നു ദിവ്യൻമാരുടെ ഓരോ വഴികൾ..
തോരാതെ മഴ പെയ്തു കൊണ്ടിരുന്ന ഒരു ദിവസം രാത്രി. കൂട്ടിയിടിച്ചാലും അറിയാത്ത ഇരുട്ടിൽ ആരുടെയോ കൈ വന്ന് തന്നെ തോണ്ടി വിളിക്കുന്നതായി ജന്നത്തിന് തോന്നി.. രത്രിയിൽ ജനലിന് പുറത്തെ രൂപം കണ്ട് അവൾ അമ്പരന്നു.. ഉറക്കത്തിലോ ഉണർവ്വിലോ എന്ന് അവൾ സംശയിച്ചു..വെളുത്ത വസ്ത്രം ധരിച്ച ദിവ്യന്റെ രൂപം അവൾ ഇരുട്ടിലും തിരിച്ചറിഞ്ഞു. കൈ നീട്ടി അയാൾ വിളിക്കുന്നതായി അവൾക്ക് തോന്നി.
യാന്ത്രികമായി, അടുത്തുറങ്ങിക്കിടക്കുന്ന അനിയത്തിമാരെ ഉണർത്താതെ അവൾ പുറത്തിറങ്ങി..അയാളുടെ കൈകൾ അവളെ ചേർത്തു പിടിച്ചു.. ദിവ്യത്വത്തിന്റെ ആവരണം അഴിച്ചു വെച്ച് അയാൾ ഒരു പുരുഷനായി മാറി. അയാളിലേക്ക് ചേർന്നു നിന്ന നിമിഷം ദിവ്യത്തിന്റെ കാര്യം അവളും ആലോചിച്ചില്ല..
പിറ്റേന്ന് രാവിലെ ഗ്രാമം ഉണർന്നത് നടുക്കുന്ന വാർത്ത കേട്ടു കൊണ്ടാണ്. സിദ്ധനെ കാണാനില്ല..
ബാങ്കു വിളിക്കാൻ പോകാൻ ഉടുപ്പെടുക്കാനായി മുറിയിൽ വന്ന മുക്രിയാണ് ആദ്യം അറിയുന്നത്.. ഉറങ്ങിക്കിടന്ന സ്ഥലത്ത് ജന്നത്തിനെ കാണുന്നില്ല. അവിടെയെല്ലാം നോക്കിയിട്ടും ജന്നത്തിനെ കണ്ടില്ല, അയാൾ ആദ്യം ഓടിയത് സിദ്ധന്റെ മുറിയിലേക്കാണ്. ലൈറ്റ് തെളിഞ്ഞ് കിടപ്പുണ്ട്. കുറെ പേപ്പറുകൾ വാരി വലിച്ചിട്ടിരിക്കുന്നു..കുറെ ഡ്രസ്സുകളും കിടപ്പുണ്ട്..സിദ്ധനെയും മുറിയിൽ കാണാനില്ല..
‘’ എന്റെ റബ്ബേ..’’ മുക്രി തലയിൽ കൈ വെച്ചു..ഓടിയെത്തിയ ബീവി തല കറങ്ങി വീണു..അനിയത്തിമാരുടെ കരച്ചിൽ കേട്ടാണ് സുബഹി നമസ്ക്കാരത്തിന് പള്ളിയിൽ പോയവർ ഓടിയെത്തിയത്.. സിദ്ധൻ വന്ന വാർത്ത പ്രചരിച്ചതിനെക്കാൾ വേഗത്തിൽ സിദ്ധനെ കാണാനില്ല എന്ന വാർത്ത പ്രചരിച്ചു..
എത്രയോ വർഷങ്ങൾക്ക് ശേഷം ആദ്യമായി സൈദ് എന്ന മുക്രിയല്ലാതെ വേറെ ആരുടെയോ ശബ്ദമാണ് മൈക്കിലൂടെ സുബഹി ബാങ്കിന് ഒഴുകിയെത്തിയത്. എല്ലാവരും തിരക്കി, നമ്മുടെ സൈദിക്കയ്ക്ക് എന്തു പറ്റി..എവിടെ പോയാലും പ്രഭാതത്തിലെ ബാങ്ക് വിളിക്കാൻ സൈദുക്ക പള്ളിയിലുണ്ടാവും..എത്രയോ നാളുകളായി ആൾക്കാരെ ഉണർത്തിയിരുന്ന ശബ്ദമാണ്.. അതും കഴിഞ്ഞാണ് അടുത്തുള്ള അമ്പലത്തിൽ കൗസല്യാ സുപ്രഭാതം കേൾക്കുന്നത്.. അതും കഴിഞ്ഞാണ് സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നും മണിമുഴങ്ങുന്നത്..കാലങ്ങളായി നാടിന്റെ സൗഹാർദ്ദങ്ങളിൽ മുഴങ്ങുന്ന താളമാണ് തെറ്റിയത്..
കേട്ടവർ കേട്ടവർ സൈദിക്കയുടെ വീട്ടിലേക്ക് ഒഴുകിയെത്തി..ആരുടെയും പ്രേരണ കൂടാതെ സൈദിക്കയുടെ കൈകൾ ചേർത്തു പിടിച്ച് അവർ സൈദിക്കയെ ആശ്വസിപ്പിച്ചു.. എപ്പോഴോ ബോധം തെളിഞ്ഞ ബീവി സിദ്ധനെ പ്രാകി കൊണ്ടിരുന്നു. ‘ ’ ഞാനപ്പോഴേ പറഞ്ഞതല്ലേ, അയാൾ ആളത്ര ശരിയല്ലെന്ന്..പെണ്ണുങ്ങളെ നോക്കുന്നത് കാണുമ്പോഴേ അറിയാം ഓൻ ഹറാമി ആണെന്ന്.’’
അപ്പോഴും സിദ്ധനോടുള്ള ഇഷ്ടം മുഴുവൻ പോകാത്ത സൈദ് ഭാര്യയെ ഒന്ന് നോക്കി..ഇങ്ങനെയൊക്കെ പറയാമോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.. എന്തു വന്നാലും മൂപ്പർ ഒരു സിദ്ധനല്ലേ..മൂപ്പരുടെ സ്വഭാവം തന്നെ അങ്ങനെ ആയിരുന്നല്ലോ,ഇരുന്ന ഇരുപ്പിൽ നിന്ന് എഴുന്നേറ്റ് ഓടുക..പക്ഷേ, ഇത്തവണ മകളെ കൂടി ഓടിയത്ന്തി എന്തിനാണെന്നാണ് സൈദിന് മനസ്സിലാകാതിരുന്നത്..
എപ്പോഴത്തെയും പോലെ കുറച്ചു കഴിഞ്ഞ് തിരിച്ചു വരുമായിരിക്കും എന്ന് അപ്പോഴും സൈദ് പ്രതീക്ഷിച്ചു .ഇതൊക്കെ സിദ്ധന്റെ ഓരോ അത്ഭുത പ്രവർത്തനങ്ങളാവാം.. പരാതി അന്വേഷിക്കാനെത്തിയ പോലീസിന്റെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു.. ,എല്ലാവരും സംശയിച്ചു, ഇത്ര പെട്ടെന്ന് ആളെ പിടിച്ചോ..ആകാംക്ഷയോടെ സൈദും ആൾക്കാരും അടുത്തെത്തി.. സിദ്ധന്റെ അതേ രുപം..ഇൻസ്പെക്ടർ പറഞ്ഞു..’’ഇതാണ് സിദ്ധന്റെ ജേഷ്ടൻ കബീർ..’’
അപ്പോൾ സിദ്ധന്റെ പേരും കബീർ എന്നായിരുന്നല്ലോ,
‘’ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകളും അടിച്ച് കൊണ്ട് രണ്ടു മൂന്ന് വർഷം മുമ്പ് നാടു വിട്ടതാ സിദ്ധൻ, പലയിടത്തും സിദ്ധനായി ചമഞ്ഞ് തട്ടിപ്പ് നടത്തി ഒടുവിലാണ് ഇവിടെ വന്നത്, പോയ സ്ഥലങ്ങളിൽ നിന്നെല്ലാം വിവാഹവും കഴിച്ചിട്ടുണ്ട്.’’
സൈദ് വീഴാതിരിക്കാനായി അടുത്തുള്ള മാവിന്റെ അടുത്തേക്ക് ചേർന്നു നിന്നു..
’’ എന്റെ മോളേ, ജന്നത്തേ..’’ അയാളിൽ വല്ലാതെ സങ്കടം വന്നു നിറഞ്ഞു..അടുത്ത ഇരയെ കിട്ടുമ്പോൾ അവളെയും ഉപേക്ഷിച്ച് അയാൾ പോകുമല്ലോ എന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു..മക്കൾ നാലും പെണ്ണായപ്പോൾ ഒരു സങ്കടം തോന്നി എന്നതു സത്യമാണ്. ഒരു ആൺകുട്ടിയെ പടച്ചവൻ തന്നില്ലല്ലോ എന്നോർത്തിട്ടുമുണ്ട്. പക്ഷേ എല്ലാവരെയും സ്നേഹിച്ചിരുന്നു..മൂത്ത മോളെന്ന നിലയിൽ ജന്നത്തിനോടായിരുന്നു ഇഷ്ടക്കൂടുതൽ..അതു കൊണ്ടാവാം മറ്റു മക്കൾ പറയും.. ‘’ഓ, ഈ ബാപ്പായ്ക്ക് ആകെക്കൂടി ജന്നത്തിനെ മതി.’’
‘’ അതിനെന്താ, അവളല്ലേ ഞങ്ങളുടെ ആദ്യത്തെ മോൾ’’ ഉമ്മയും അവളുടെ സൈഡ് പിടിക്കാനെത്തും..
അന്വേഷണം കഴിഞ്ഞ് പോലീസ് പോകുമ്പോൾ സൈദിനെ വിളിച്ചു.എവിടെയാണെങ്കിലും ഞങ്ങളവനെ പൊക്കും..’’
പിന്നെയും കുറെ നാൾ എല്ലാവരുടെയും ഓർമ്മകളിൽ സിദ്ധൻ നിറഞ്ഞു നിന്നു.പുതിയ പുതിയ സംഭവങ്ങൾ വന്നപ്പോൾ ആൾക്കാർ പഴയത് പതിയെ മറക്കാൻ തുടങ്ങും..പക്ഷേ സൈദിനും ബീവിയ്ക്കും അതു പറ്റുമോ..ജന്നത്തിനെ ഓർക്കാത്ത ഒരു ദിവസവുമില്ല അവർക്ക്..ഓരോന്ന് പറഞ്ഞ് പറഞ്ഞ് രണ്ടു പേരും ഇടിയാകും..
’നിങ്ങളാണ് എല്ലാത്തിനും കാരണം, ഔലിയ വന്നേന്ന് പറഞ്ഞ് എല്ലാവരെയും അറിയിച്ചത് നിങ്ങളല്ലേ. പോരാത്തതിന് വീട്ടിൽ തന്നെ താമസവും ശരിയാക്കി കൊടുത്തു.’’
‘’ ഇതാരറിഞ്ഞു ബീവീ, ഇങ്ങനത്തെ ആളാണെന്ന്, പുറമെ കാണുമ്പോൾ സിദ്ധനെന്നല്ലേ ആരും പറയൂ..’’
പിന്നെയും എത്രയോ രാത്രികളിൽ അവരുടെ സങ്കടത്തിലും ദേഷ്യത്തിലും സിദ്ധനും ജന്നത്തും നിറഞ്ഞു നിന്നു.. ഒരാഴ്ച്ചയ്ക്ക് ശേഷം സൈദു വീണ്ടും പള്ളിയിൽ പോകാൻ തുടങ്ങി..ഒരിടവേളയ്ക്ക് ശേഷം വീണ്ടും സൈദിന്റെ ബാങ്ക് വിളി പ്രഭാതം മുതൽ അഞ്ചു നേരം ആളുകൾ കേട്ടു തുടങ്ങി..
എല്ലാ ദിവസവും പള്ളി പിരിയാൻ നേരം സൈദ് പള്ളിയിലൊന്ന് തിരയും..പുതിയ വേഷത്തിൽ സിദ്ധൻ അവിടെ വന്നിരിപ്പുണ്ടോ..
കാണുന്നവരോടൊക്കെ തിരക്കും, സിദ്ധനെയും ജന്നത്തിനെയും കണ്ടവരുണ്ടോ? പോലീസും അന്വേഷിക്കുന്നെണ്ടെന്നാണ് ഇൻസ്പെക്ടർ പറഞ്ഞത്..അവൾക്കാണെങ്കിൽ ഓരോ ആലോചനകൾ വന്നു തുടങ്ങുന്ന സമയമായിരുന്നു. ഇനി മറ്റുള്ളവരുടെ ആലോചനകൾ നടക്കാനും കുറച്ച് പ്രയാസമാകും. സിദ്ധനുമായി ഒളിച്ചോടിപ്പോയ ജന്നത്തിന്റെ അനിയത്തിയെന്നല്ലേ നല്ലവരായ നാട്ടുകാർ എല്ലാവരോടും പറയൂ..
വർഷം ഒന്ന് കഴിഞ്ഞു കാണണം, ഒരു ദിവസം രാത്രി ഇഷാ നിസ്ക്കാരവും കഴിഞ്ഞ് പള്ളിയും പൂട്ടി സൈദ് വീട്ടിലേക്ക് വരുമ്പോഴാണ് അതു കാണുന്നത്.. വീട്ടിലെ ഷെഡ്ഡിന് സമീപം കയ്യിലൊരു കുഞ്ഞുമായിരിക്കുന്ന പെൺകുട്ടി..മനസ്സിൽ വല്ലാത്തൊരു ആളൽ..ആരാണീ രാത്രി നേരത്ത്, സിദ്ധൻ ഒഴിപ്പിച്ചു വിട്ട വല്ല ബാധയുമാണോ?
നല്ല തണുപ്പിന് പുറമെ ഈ കാഴ്ച്ച കൂടിയായപ്പോൾ സൈദ് നല്ലതു പോലെ വിറച്ചു. രാത്രിയിൽ തനിക്ക് മുന്നിൽ നിന്ന് വിറക്കുന്ന ഭർത്താവിനെ കണ്ട് ബീവി വല്ലാതെ പേടിച്ചു
‘’എന്തു പറ്റി മനുഷ്യേനേ. നിങ്ങൾക്ക് പനി പിടിച്ചോ? ’’
മറുപടി പറയുവാൻ കഴിയാതെ സൈദ് ഷെഡ്ഡിന് മുന്നിലേക്ക് കൈ ചൂണ്ടി..ഇരുട്ടത്തും അവർ വ്യക്തമായി കണ്ടു, അവിടെയിരിക്കുന്ന വെളുത്ത രൂപം..യാ റബ്ബേ, ഇത് ഏതോ ശൈത്താൻ തന്നെ, എത്രയെണ്ണത്തിനെ സിദ്ധൻ ഒഴിപ്പിച്ചു വിട്ടെന്നാണ് പറയുന്നത്.. അതിലേതെങ്കിലും ഒരു ജിന്നോ ശൈത്താനോ ആയിരിക്കും.
മക്കളും പേടിച്ച് ഉമ്മയുടെ പുറകിൽ കൂടിയതല്ലാതെ പുറത്തേക്കിറങ്ങിയില്ല. അൽപമെങ്കിലും ധൈര്യമുള്ളത് ഏറ്റവും ഇളയവൾ ഹൈറുന്നിസക്കാണ്.
.’’വാ ഉമ്മാ, നമുക്ക് ഏതായാലും ഒന്ന് നോക്കാം, ഇഷാ കഴിഞ്ഞതല്ലേയുള്ളൂ.. പ്രേതവും പിശാചും ഇറങ്ങുന്ന സമയം ആയി വരുന്നതേയുള്ളൂ ’’
അവൾ പുറത്തേക്കിറങ്ങി ഷെഡ്ഡിനരികിലേക്ക് നടന്നു. ‘’വേണ്ട മോളേ, വല്ല ജിന്നോ ശെയ്ത്താനോ ആണെങ്കിൽ കേറിയാ പിന്നെ ഇറക്കാൻ വലിയ പാടാ..’’
ഉമ്മ പറഞ്ഞതൊന്നും കേൾക്കാതെ അവൾ പുറത്തിറങ്ങി..മഴ ചെറുതായി പെയ്യാൻ തുടങ്ങിയിരിക്കുന്നു.ഊർന്നു പോയ തട്ടം തലയിലേക്ക് വലിച്ചിട്ട് അവൾ ഷെഡ്ഡിന് മുന്നിലേക്ക് നടന്നു..
നേരിയ വെളിച്ചത്തിൽ സൂക്ഷിച്ച് നോക്കിയ അവൾ ഉച്ചത്തിൽ വിളിച്ചു..’’എല്ലാവരും ഓടി വായോ, ഇത് നമ്മുടെ കാണാതെ പോയ ജന്നത്ത് ജിന്നാണേ..’’
പേടി സന്തോഷത്തിലേക്ക് വഴി മാറി..വാപ്പയും ഉമ്മയും അനിയത്തിമാരുമൊക്കെ ഓടിയെത്തി.. ഉമ്മ ഓടി വന്ന് ജന്നത്തിനെ കെട്ടിപ്പിടിച്ചു, ‘’എവിടെയാരുന്നെടീ നീ, മനുഷ്യനെ വല്ലാതെ തീ തീറ്റിച്ചു കളഞ്ഞല്ലോ’’
അവളെ തിരികെ കിട്ടിയ സന്തോഷത്തിൽ, ഒളിച്ചോടി പോയതിന് പറയാൻ വെച്ചിരുന്ന വഴക്കൊക്കെ അവർ മറന്നു പോയി.. ‘’എവിടെ നിന്റെ സിദ്ധൻ..’’ ചോദിച്ചു കൊണ്ടു ജന്നത്തിന്റെ കയ്യിൽ നിന്ന് ഉമ്മ കൈക്കുഞ്ഞിനെ എടുത്തു..
‘’ഓര് മംഗലാപുരത്തേക്കാ എന്നെ കൊണ്ടു പോയത്, അവിടെയും പിടിക്കുമെന്നായപ്പോൾ അവിടുന്നും മുങ്ങി ,എന്നെ കൊണ്ടു പോയില്ലെന്ന് മാത്രം..’’
‘’ അവൻ അടുത്ത സ്ഥലത്ത് പോയി അവിടെയും സിദ്ധനായി പരിപാടി തുടങ്ങിക്കാണും, ഏതായാലും അവിടുന്ന് കല്യാണമൊന്നും കഴിച്ചില്ലല്ലോ’’
ബാപ്പ ചോദിച്ചു.
‘’അതിനുള്ള സമയമൊന്നും കിട്ടിക്കാണില്ല. ഇനി അടുത്ത സ്ഥലത്ത് നോക്കാൻ പോയതായിരിക്കും..’’ ഉമ്മ പറഞ്ഞു .’’നമുക്ക് ആൺ പിള്ളേരുണ്ടായില്ലല്ലോ..ഇവനെ നമുക്കായി പടച്ചവൻ തന്നതായിരിക്കും..’ ബീവി കുഞ്ഞിനെ ചേർത്തു പിടിച്ച് ഉമ്മ വെച്ചു.’
‘’ മോളേ. വീട്ടിലോട്ട് വാ..എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം..അന്ന് പള്ളിയിൽ നേർച്ചച്ചോർ ഉണ്ടായിരുന്നു.നെയ്ച്ചോറിന്റെയും ബീഫ് കറിയുടെയും ഗന്ധമടിച്ചപ്പോൾ ജന്നത്തിന്റെ വായിൽ ഗതകാലസ്മൃതിയുടെ വെള്ളമൂറി..എന്റെ റബ്ബേ, എത്ര നാളായി രുചിയോടെ ഒരു ഭക്ഷണം കഴിച്ചിട്ട് , വെളുപ്പിനേ മുതൽ മന്ത്രവാദമെന്നും പറഞ്ഞ് ഇരുന്നാൽ മൂപ്പർ വീട്ടിൽ വരുമ്പോൾ രാത്രിയാകും..എവിടെന്നെങ്കിലും കഴിച്ചിട്ടായിരിക്കും വരവ്.വീട്ടിലുള്ളവർ കഴിച്ചോ ഇല്ലയോ എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ലല്ലോ, ബാപ്പയുടെ വില അറിഞ്ഞത് അപ്പോഴാണ്.
പട്ടിണിയാണെങ്കിലും പരിവട്ടമാണെങ്കിലും ബാപ്പ ഭക്ഷണത്തിന് കുറവൊന്നും വരുത്തിയിട്ടില്ല.. മിക്കവാറും പള്ളിയിൽ നേർച്ചച്ചോർ കാണും..അതു കൊണ്ട് തന്നെ എന്നും ഇഷാ നിസ്ക്കാരം കഴിഞ്ഞ് ബാപ്പ പള്ളിയിൽ നിന്ന് വരാൻ കാത്തിരുന്നിരുന്നു..ചിലപ്പോൾ നെയ്ച്ചോറാകും ചിലപ്പോൾ തേങ്ങാച്ചോറാകും…അത്തറിന്റെ സുഗന്ധത്തോടൊപ്പം ബാപ്പ അടുത്തു വരുമ്പോൾ നല്ല നെയ്ച്ചോറിന്റെയും ബീഫിന്റെയും മണമായിരുന്നു..
ജന്നത്തിന് കുറ്റ ബോധം കൊണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല. ബാപ്പയും ഉമ്മയും തന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നെങ്കിലെന്ന് അവൾ വല്ലാതെ കൊതിച്ചു. തിരിച്ചു വരുമ്പോൾ ഇങ്ങനെയൊന്നുമല്ല അവൾ പ്രതീക്ഷിച്ചത്. വീട്ടിൽ കയറ്റുമോ എന്നു പോലും ഉറപ്പില്ലായിരുന്നു. പ്രായത്തിന്റെ എടുത്തു ചാട്ടത്തിന്റെ സമയത്ത് ഒരു ഉപദേശവും തലയിൽ കയറാത്ത സമയമാണ്..അനുഭവിക്കേണ്ടത് അനുഭവിച്ചു കഴിയുമ്പോഴാണല്ലോ മാതാപിതാക്കൾ പറഞ്ഞാതായിരുന്നു ശരിയെന്ന് തോന്നുക..
എന്തു ചെയ്താലും ക്ഷമിക്കുന്ന ആ കോടതിയിൽ അവൾ നെഞ്ചു ചേർത്ത് കണ്ണീരൊഴുക്കി. .’’എന്നോട്` ക്ഷമിക്കണേ,എന്റെ ഉമ്മാ, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നിങ്ങളെ മോശമാക്കിയതിന്, മൂന്ന് അനുജത്തിമാരെ കെട്ടിച്ചയക്കാനുള്ള വീട്ടിലേക്ക് ഒരു കൈക്കുഞ്ഞുമായി വന്നു കയറേണ്ടി വന്നതിന്..’’ അവൾ മനസ്സിൽ ഉമ്മയോട് മാപ്പിരന്നു.
ബാപ്പയും മനസ്സിൽ തികട്ടി വന്നതെല്ലാം മനസ്സിൽ തന്നെ ഒതുക്കി. മോളുടെ അവസ്ഥ അയാൾക്കും മനസ്സിലായി..ഇനി എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എന്താണുണ്ടാവുക എന്ന് പറയാനുമാവില്ല. ഇക്കാലത്ത് ജീവിതം തന്നെ അവസാനിപ്പിച്ചു കളയാൻ ശരിയായ ഒരു കാരണം പോലും വേണമെന്നില്ല..
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു.അതിനിടയിൽ വീടും സ്വത്തും ജീവനും കവർന്നെടുത്ത പ്രളയം വന്നു..പുറത്തിറങ്ങാനാവാതെ വീടുകളിൽ ബന്ധിക്കപ്പെട്ട, വേർപിരിഞ്ഞ ഉറ്റവർക്ക് അന്ത്യ ചുംബനം പോലും നൽകാനാവാതെ മനുഷ്യൻ നൊന്തു കരഞ്ഞ കോവിഡ് വന്നു..ബാങ്ക് വിളിക്കാൻ പോയിട്ട് പ്രാർത്ഥനയ്ക്ക് പോലും പള്ളിയിൽ പോകാൻ കഴിയാതെ വന്നെങ്കിലും അക്കാലത്തും മുക്രിയുടെ ജീവിതം മുന്നോട്ട് നീങ്ങി. എല്ലാം പടച്ച തമ്പുരാന്റെ അനുഗ്രഹം. ജോലി ചെയ്യാത്ത സമയത്ത് ശമ്പളം കൊടുക്കണ്ട എന്ന് പള്ളി കമ്മറ്റി തീരുമാനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ..
അതിനിടയിൽ ഓരോരുത്തരുടെയും നിക്കാഹും നടന്നു..എല്ലാമറിഞ്ഞു കൊണ്ട് വന്ന നല്ലവരായ മൂന്ന് മരുമക്കൾ..
‘’ എല്ലാം പടച്ചവന്റെ കൃപ, ജന്നത്ത് ഇറങ്ങി പോയപ്പോൾ എല്ലാം തീർന്നെന്ന് കരുതിയതാ, ബീവി, പടച്ചവന് ശുക്റ്..’’
പള്ളിയിൽ നിന്ന് വന്ന് ഉറങ്ങാൻ കിടക്കുമ്പോൾ സൈദ് പറഞ്ഞു..
‘’ എനിക്കും കൂടെ പറയണം നന്ദി, എല്ലാം തീർന്നെന്ന് കരുതിയ ഒരു രാത്രി,എനിക്ക് മറക്കാൻ പറ്റില്ല മനുഷ്യാ..’’
വെറ്റിലക്കറ പുരണ്ട ചുണ്ടുകൾ കാട്ടി ബീവി ചിരിച്ചു..
അതെ, മോൾ സിദ്ധനുമായി ഒളിച്ചോടിയ ദിവസം..പുറത്തിറങ്ങാൻ നാണക്കേടായി വീട്ടിലിരുന്ന ദിവസങ്ങൾ,, വളർന്നു വരുന്ന മൂന്ന് പെൺകുട്ടികളുടെ ഭാവി ചോദ്യ ചിഹ്നമായി നിന്ന ആ സമയത്ത് ഏതൊരു പിതാവും ആലോചിച്ചതേ താനും ആലോചിച്ചുള്ളു..അന്ന് ബീവിയെന്ന ഈ പെണ്ണ് തന്റേടം പകർന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കുടുംബം ലോകത്ത് ഇല്ല..
‘’ബീവീ, നിന്നെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചതിന് പടച്ചവനോട് തന്നെയേ ഞാൻ നന്ദി പറയൂ..’’ സൈദ് പറഞ്ഞു.
‘’അത് ശരി, അല്ലെങ്കിലും കാര്യം കഴിയുമ്പോൾ നമ്മളെപ്പോഴും കറിവേപ്പിലയാണല്ലോ..’’
ബീവി ചിരിച്ചു, മുറുക്കിച്ചുവപ്പിച്ച പല്ലുകൾ മനോഹരമായി തിളങ്ങി..
കുഞ്ഞുമോന്റെ കളിയും ചിരിയുമായിരുന്നു പിന്നെ സൈദിന്റെയും ബീവിയുടെയും ലോകം..ബാപ്പ ആരാണെന്ന് അവനോ നാട്ടുകാർക്കോ ചോദിക്കേണ്ടി വന്നിട്ടില്ല. സൈദ് അവന് ഉപ്പുപ്പ അല്ലായിരുന്നു,ബാപ്പ തന്നെ ആയിരുന്നു..എല്ലാവരുടെയും കല്യാണം കഴിഞ്ഞപ്പോഴും മോളോട് ചോദിച്ചതാണ്..’’മോളേ, ഇനി നിനക്കൊരു ജീവിതം വേണ്ടേ’’യെന്ന്..ഒരിക്കലും അവളതിന് സമ്മതിച്ചില്ല..കുഞ്ഞുമോൻ തന്നെയായിരുന്നു അവളുടെ ലോകം..
ഉപ്പുപ്പയുടെ കൂടെ കൂടിയതു കൊണ്ടാണോ മതജീവിതത്തോട് ആയിരുന്നു കുഞ്ഞുമോന് താൽപര്യം..തണുപ്പുള്ള വെളുപ്പിനും രാത്രിയിലുമൊക്കെ സൈദ് പള്ളിയിൽ പോകാൻ പ്രയാസപ്പെടുന്നതു കണ്ടപ്പോൾ ഒരു ദിവസം കുഞ്ഞുമോൻ ചോദിച്ചു..
‘’ബാപ്പാ, ഇനി ഞാൻ ബാങ്ക് കൊടുക്കാൻ പൊയ്ക്കോട്ടെ..’’
അങ്ങനെ എത്രയോ വർഷങ്ങൾ സൈദിന്റെ ശബ്ദത്തിൽ നാട്ടുകാർ കേട്ട ബാങ്ക് കുഞ്ഞുമോന്റെ ശബ്ദത്തിൽ ഭക്തി സാന്ദ്രമായി ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് ഒഴുകിയെത്തി.
ഒരു ദിവസം..അന്ന് നല്ല മഴയുണ്ടായിരുന്നു.. എന്നിട്ടും കുടയില്ലാതെയാണല്ലോ അവൻ പോയത്
ബാപ്പയും ഉമ്മയും അവനെ നോക്കി കാത്തിരുന്നു.. ജന്നത്ത് അവൻ വൈകുന്നതു കണ്ട് വല്ലാതെ പരിഭ്രമിച്ചു..
‘’ഇറങ്ങിയപ്പോഴും ഞാൻ പറഞ്ഞതാ, അവനോട് കുടയും കൊണ്ട് പോകാൻ..’’
കാത്തിരിപ്പിനൊടുവിൽ മഴ പെയ്തു തോരവേ മഴ നനഞ്ഞ് ചിരിച്ചു കൊണ്ട് അവനെത്തി..അവന്റെ കയ്യിൽ നനയാൻ തുടങ്ങുന്ന നെയ്ച്ചോറിന്റെ പൊതിയുണ്ടായിരുന്നു..
‘’എന്തേ മോനേ താമസിച്ചത്, മഴ തീർന്നിട്ട് കുറെയായല്ലോ?’’ ബാപ്പയുടെ ചോദ്യം തീരും മുമ്പ്, ജന്നത്തിന്റെ വഴക്ക് തുടങ്ങും മുമ്പ് അവൻ പറഞ്ഞു..
‘’ ബാപ്പാ, നിങ്ങളറിഞ്ഞോ വിശേഷം, നമ്മുടെ പള്ളിയിൽ ഔലിയ വന്നിരിക്കുന്നു..എല്ലാരും ഔലിയയെ കാണാൻ കൂടി നിൽക്കുകയാ..’’
ആരും ഒന്നും മിണ്ടിയില്ല.വർഷങ്ങൾക്കപ്പുറത്ത് ഇതു പോലെ ഒരു മഴയുള്ള രാത്രിയിൽ കേട്ട ശബ്ദത്തിലേക്ക് ബീവിയുടെ ഓർമ്മകൾ സമന്വയിച്ചു..
‘’ബീവിയുമ്മാ, അവിടെ ഇരിക്കാൻ ഔലിയാക്ക് സ്ഥലമില്ല, നമ്മൾക്ക് മൂപ്പരെ ഇങ്ങോട്ട് വിളിച്ചാലോ..’’
അതു കേട്ടതും കയ്യിൽ കിട്ടിയ വടിയുമായി ജന്നത്ത് അവനെ അടിക്കാനാഞ്ഞു..അവളെ പിടിച്ചു മാറ്റുമ്പോൾ ബീവിയുമ്മയുടെ വെറ്റിലക്കറ പുരണ്ട ചുണ്ടുകളിൽ ഒരു ചിരി പരന്നു..