നമ്മുടെ സുരേഷ് ഗോപി ഒരുപാട് മാറി. ഒരു സിനിമാ നടന്‍ മാത്രമായി തോക്കെടുത്ത് ഷിറ്റ് കളിച്ചുകൊണ്ടിരുന്ന പണ്ടത്തെ സുരേഷ് ഗോപിയല്ല ഇന്നത്തെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി. നടനില്‍ നിന്ന് ഒരു ബി.ജെ.പിക്കാരനായപ്പോഴും പിന്നെ രാജ്യസഭാംഗമായപ്പോഴും വലിയ മാറ്റങ്ങള്‍ സുരേഷ് ഗോപിയിലുണ്ടായി. ഇപ്പോള്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി വിലസുമ്പോഴും അദ്ദേഹത്തില്‍ മാറ്റങ്ങള്‍ സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിണാമം പൂര്‍ത്തിയായിട്ടില്ലെന്ന് ചിലര്‍ പറയുമ്പോള്‍ ''സുരേഷ് ഗോപിയുടെ കിളി പോയി...'' എന്നാണ് വേറെ ചില വിരുതന്‍മാരുടെ കമന്റ്.
ഇത് ചുമ്മാതങ്ങ് പറയുന്നതല്ല. പുള്ളിക്കാരന്റെ ബോഡി ലാംഗ്വേജും വര്‍ത്തമാനവും ഇപ്പോള്‍ വലിയ വാര്‍ത്തകളാവുന്നു, പ്രതിഷേധം വിളിച്ചുവരുത്തുന്നു...സ്വന്തം പാര്‍ട്ടിയില്‍നിന്ന് പോലും. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ചങ്ങനാശേരിയില്‍ നിന്ന് ചൂണ്ടിക്കാണിക്കുവാനുള്ളത്. സുരേഷ് ഗോപി പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാട് പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുകയാണിപ്പോള്‍.
ഇന്നലെ (ഒക്‌ടോബര്‍ 25) ചങ്ങനാശ്ശേരിയില്‍ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന ഇടത്തേക്ക് ഒരു മണിക്കൂര്‍ മുന്‍പേ എത്തിയെങ്കിലും സുരേഷ് ഗോപി വേദിയില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ലത്രേ. ഇതിനിടെ നിവേദനം നല്‍കാന്‍ എത്തിയവരെ ''ഞാന്‍ നിങ്ങളുടെ എം.പി അല്ല...'' എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി അധിക്ഷേപിച്ചു എന്നാണ് കണ്ണന്‍ പായിപ്പാട് തന്റെ പരാതിയില്‍ പറയുന്നത്.
തൃശൂര്‍ എം.പി മാത്രമല്ല കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. മന്ത്രിയുടെ പെരുമാറ്റം പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ മാനക്കേട് ഉണ്ടാക്കിയെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി കോട്ടയം ജില്ലാ നേതൃത്വത്തെയോ സംസ്ഥാന നേതൃത്വത്തെയോ അറിയിക്കാതെ നേരിട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു കണ്ണന്‍ പായിപ്പാട്. സുരേഷ് ഗോപിക്ക് എതിരായ പരാതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വം പറയുന്നത്. പരാതിക്ക് പിന്നാലെ വിവാദങ്ങളും പുകയുകയാണ്.
തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃശൂരില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ സുരേഷ് ഗോപി ബി.ജെ.പി അണികളോട് കയര്‍ക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രവര്‍ത്തകര്‍ എത്താതിനെ ചൊല്ലിയായിരുന്നു അന്ന് സുരേഷ് ഗോപി പ്രകോപിതനായത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പചാരണ പരിപാടികള്‍ ശരിക്കും കോമഡി ഷോകളായിരുന്നു.
മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയ സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ വിമര്‍ശനം നേരിടാന്‍ ഇടയാക്കിയിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരതമാതാവ് എന്ന് വിഷിച്ചതാണ് സ്വന്തം പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസുകാരുടെ മാതാവ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വിശദീകരണം നല്‍കി അദ്ദേഹം ഒരു വിധത്തില്‍ തടിയൂരി.
ജനപ്രതിനിധിയും കേന്ദ്രന്ത്രിയുമൊക്കെയാണെങ്കിലും പണത്തിന് മീതെ സുരേഷ് ഗോപിയും പറക്കില്ല. സിനിമാ നടന്‍ എന്ന ലേബലിലായിരിക്കും താന്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുക എന്നും അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും എന്നാണ് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞത്. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമത്രേ. അത് നല്ല കാര്യം. ആള് ചൂടനാണെങ്കിലും ശുദ്ധനാണ്. ദുഷ്ടന്റെ ഫലം ചെയ്യില്ല.
സ്‌പെയിനിന്റെ ദേശീയ വിനോദമാണ് 'ബുള്‍ ഫൈറ്റിങ്' അഥവാ കാളപ്പോര്. ചുവപ്പ് നിറത്തിലുള്ള തുണി കാട്ടിയാണ് കാളകളെ പ്രകോപിതരാക്കുന്നതെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് സുരേഷ് ഗോപിക്ക് കലിയിളകുന്നത്. കുറച്ചുനാള്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി പോയ കാഴ്ച ചാനലുകളും പത്രങ്ങളും ആഘോഷിക്കുകയുണ്ടായി.
തൃശൂര്‍ രാമനിലയത്തില്‍ വെച്ചായിരുന്നു സംഭവം. ''എന്റെ വഴി എന്റെ അവകാശം...'' എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി പോയത്. പിന്നീട് ട്രോളുകള്‍ കൊണ്ടായുരുന്നു സോഷ്യല്‍ മീഡിയ അദ്ദേഹത്തെ അഭിഷേകം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുയരുകയും ചെയ്തു.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെ.യു.ഡബ്ല്യു.ജെ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്) വിമര്‍ശിച്ചു. ലോകത്ത് എവിടെയും ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില്‍ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാന്‍ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്‍കിയെങ്കിലും കെസെടുക്കേണ്ടെന്നായിരുന്നു തൃശൂര്‍ സിറ്റി പോലീസിന്റെ തീരുമാനം. കേസെടുക്കാത്തത് പിണറായി-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് അനില്‍ അക്കര ആക്ഷേപിക്കുകയുണ്ടായി. അതേസമയം, തൃശൂര്‍ പൂര ദിനത്തില്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന സി.പി.ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷിന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പോലീസിന്റ അന്വേഷണവുമുണ്ടായി.
രണ്ട് മാസം മുമ്പ് മലയാള സിനിമാ മേഖലയില്‍ ഉയരുന്ന മീ ടൂ ആരോപണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''ഉയരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണ്. നിങ്ങള്‍ക്ക് അതില്‍ നിന്ന് പണം സമ്പാദിക്കാം. നിങ്ങള്‍ ഒരു വലിയ സ്ഥാപനത്തെ താഴെയിറക്കുന്നു. ആടിനെ വഴക്കുണ്ടാക്കി രക്തം കുടിക്കുന്നവരെപ്പോലെയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു...''
ഒരു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതില്‍ കേസിലും പെട്ടു സുരേഷ് ഗോപി. 2023 ഒക്ടോബര്‍ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഗതി കേസാവുകയും സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബോധപൂര്‍വമായ ലൈംഗികാതിക്രമം-ഐ.പിസി 354 വകുപ്പ് ചുമത്തിയാണ് നടക്കാവ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ആക്ടിലെ 119-എ വകുപ്പും ചുമത്തിയിട്ടുണ്ട്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
''ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി. പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. എനിക്ക് മോശമായി തോന്നിയതുകൊണ്ട് മാപ്പ് പറയേണ്ട. ചെയ്തത് മോശമാണെന്ന് തിരിച്ചറിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റ് തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞത് വിശദീകരണം ആയിട്ടേ തോന്നിയുള്ളു. മാപ്പായിട്ട് തോന്നിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും...'' എന്നാണ് മാധ്യമപ്രവര്‍ത്തക പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകയോട് വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്ന് പറഞ്ഞ സുരേഷ് ഗോപി മാപ്പപേക്ഷിച്ചിരുന്നു. പുരുഷ മാധ്യമ പ്രവര്‍ത്തകരോട് കട്ടകലിപ്പ്. വനിതാ മാധ്യമ പ്രവര്‍ത്തകരോട് എന്തെന്നില്ലാത്ത വാല്‍സല്യം...അതാണ് ഇഷ്ടന്റെ ഒരു ലൈന്‍.