Image

സ്മരണാഞ്ജലി.. വയലാർ രാമവർമ്മ (1928-1975) : പ്രസാദ് എണ്ണക്കാട്

Published on 27 October, 2024
സ്മരണാഞ്ജലി.. വയലാർ രാമവർമ്മ (1928-1975) : പ്രസാദ് എണ്ണക്കാട്

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
------------------------
ഈ വിശ്വതലത്തിൻ്റെ കർമ്മമേഖലകളിൽ
ജീവിതം നോവുമ്പോഴെന്നാത്മാവ് നൊന്തീടുന്നു'
...........
എനിക്കേറ്റവും പ്രിയപ്പെട്ട കവിയും ഗാനരചയിതാവും ആയിരുന്ന വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഇന്ന് 49 വർഷം.1928 മാർച്ച് 25ന് വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടിയുടേയും കേരളവർമ്മയുടേയും മകനായി ജനനം.യൗവ്വനാരംഭത്തിൽത്തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും പുരോഗമന സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടേയും പ്രവർത്തകനായി.ആദ്യ കൃതി 1949-ൽ പ്രസിദ്ധീകരിച്ച 'പാദമുദ്രകൾ'.തുടർന്ന് എനിക്കു മരണമില്ല,ഒരു ജൂഡാസ് ജനിക്കുന്നു,മുളങ്കാട്,എൻ്റെ മാറ്റൊലിക്കവിതകൾ,സർഗ്ഗസംഗീതം ,ആയിഷ തുടങ്ങിയ കവിതാസമാഹാരങ്ങൾ.1956-ൽ 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ വയലാർ ആ രംഗം കീഴടക്കി.ആദ്യരചന തുമ്പീ തുമ്പീ വാ വാ എന്നു തുടങ്ങുന്ന ഗാനം.മലയാള ചലച്ചിത്രഗാന ശാഖയുടെ സുവർണ്ണദശയുടെ തുടക്കമായിരുന്നു അത്.250 ലധികം ചിത്രങ്ങൾക്കായി ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.കവിതപോലെ മനോഹരവും അർത്ഥസമ്പുഷ്ടവുമായിരുന്നു എല്ലാ ഗാനങ്ങളും.
ഗാനങ്ങളിലൂടെ സാമൂഹ്യ വിമർശനത്തിനും മറന്നില്ല.അശ്വമേധം, എനിക്കു മരണമില്ല, വൃക്ഷം, സർഗ്ഗസംഗീതം,ഭൂമി സനാഥയാണ്,എൻ്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്,ഇത്താപ്പിരി,എന്നെ പുണ്യവാളത്തിയാക്കരുത്,താടക എന്ന ദ്രാവിഡ രാജകുമാരി,അദ്ധ്വാനത്തിൻ വിയർപ്പാണുഞാൻ തുടങ്ങി എത്രയെത്ര കവിതകൾ.പാമ്പുകൾക്ക് മാളമുണ്ട്,തലക്കു മീതേ ശൂന്യകാശം,ചക്രവർത്തി നീ, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു,ചന്ദകളഭം ചാർത്തിയുറങ്ങും, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,പത്മതീർത്ഥമേ ഉണരൂ തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങൾ.സർഗ്ഗസംഗീതം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.മികച്ച ഗാനരചനക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നാലു തവണയും ദേശീയ പുരസ്കാരം ഒരു തവണയും ലഭിച്ചിട്ടുണ്ട്.1975 ഒക്ടോബർ 27-ാം തീയതി വയലാർ വിപ്ലവത്തിന്റെ  29-ാം വാർഷിക ദിനത്തിൽ മൃത്യുവിൻ്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം കൂടി വിടർന്നു.സ്വർണ്ണച്ചിറകടിച്ച് ആ വെളിച്ചം സ്വർഗ്ഗത്തിലേക്ക് പറന്നു പോയി.പ്രിയകവിയുടെ ദീപ്തസ്മരണക്കുമുമ്പിൽ പ്രണാമം.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക