ദോശക്കല്ലെടുത്ത്
രാത്രി തന്നെ
എണ്ണത്തുണികൊണ്ട്
തുടച്ചു വെച്ചു...
അമ്മ ചെയ്യുന്നതു പോലെ..
ദോശമാവ്
നുരഞ്ഞു പൊങ്ങുന്നതും
മുറിയിലതിൻ്റെ പുളിച്ച മണം
പടരുന്നതും ഓർത്ത്
കിടന്നുറങ്ങി...
ഉണർന്നെണീറ്റപ്പോൾ
ദോശമാവെങ്ങും കണ്ടില്ല...
ശൂന്യതയെ ഉന്തി മാറ്റി
അടുക്കളയിലെത്തി ...
ദോശയ്ക്കുള്ള
അരിയില്ല, ഉഴുന്നില്ല.,
ഉലുവ പാത്രത്തിൽ
രണ്ട് മണി ഉലുവകൾ...
സഞ്ചിയും തൂക്കി
കടയിലെത്തിയപ്പോൾ
കടക്കാരൻ
അരിയ്ക്കും ഉഴുന്നിനുമുള്ള
ഓർഡർ കൊടുക്കുന്നേയുള്ളു...
കാൽച്ചുവട്ടിലൂടെ
അരിമണികളുമായി
ഉറുമ്പുകളുടെ
ഘോഷയാത്ര...
തിരിച്ചു വരുമ്പോൾ
മുണ്ടും ബ്ലൗസുമുടുത്ത
ചിട്ടിക്കാരി തിരമാലമ്മ...
അവരുടെ വലിയ മുലകൾ
പാതിയും ബ്ലൗസിനു പുറത്ത്
തുളുമ്പിച്ച്...
അടുത്ത ചിട്ടി തുടങ്ങുമ്പോൾ
എൻ്റെ പേരിടാൻ പറഞ്ഞു..
ചിട്ടി കിട്ടിയാൽ
മാവരയ്ക്കാൻ പറ്റിയ
ഈടു നിൽക്കുന്ന
മിക്സിയെക്കുറിച്ചോർത്ത്
പുളകം കൊണ്ടു നടന്നു ഞാൻ...
എന്തായാലും
വയലറ്റ് നിറത്തിലുള്ള
മിക്സി തന്നെ വാങ്ങണം...