ദിലീപിന്റെ 150-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റർ പുറത്തിറക്കിയത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് എന്ന നടനില്‍ നിന്ന് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു കുടുംബ ചിത്രമാണ് "പ്രിൻസ് ആൻഡ് ഫാമിലി ". ദിലീപ്-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നുവെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ 85 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം. ദിലീപിന്റെ 150-ാത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-ാത്തെ ചിത്രവുമാണിത്.