2024 ഓഗസ്റ്റ് 1 വ്യാഴം വൈകുന്നേരം. മണർകാട് സെന്റ് മേരീസ് കത്തിഡ്രലിന്റെ തെക്കുവശത്തെ വഴിയിൽ പള്ളിമേടക്കു തൊട്ടുപിന്നിൽ മൈതാനത്തിനു ചേർന്ന് എതിരെവന്ന വാഹനത്തിനു കടന്നുപോകാൻ മണ്ണും കല്ലുമായിവന്ന ടിപ്പർ ലോറി വഴിയരികിലേക്കു ചേർത്തു. പെട്ടന്ന് പിൻചക്രം റോഡിൽ താഴ്ന്നു. വാഹനം ഇടതു വശത്തേക്ക് ചരിഞ്ഞു.ജെസിബിയെത്തി. ലോഡ് നീക്കി ലോറി മാറ്റി. വഴിയുടെ തെക്കേ അരികിലൊരു കുഴി രൂപപ്പെടുന്നു. ഇതിനിടെ മുകളിലെ മണ്ണും പാകിയിരുന്ന കരിങ്കൽ പാളികളും താഴേക്ക് പതിച്ചു. പതിയെ വഴിയരികിലെ കുഴി കിണറായി തെളിഞ്ഞു.
കിണർ കണ്ടത് പത്രങ്ങളിലും ചാനലുകളിലും വലിയ വാർത്തയായി. നാട്ടിൽ മാത്രമല്ല വാട്സ്ആപ്പ് ഗ്രൂപ്പുകളിലുംചർച്ചകളായി. വിശദീകരണങ്ങളുമായി. വാദങ്ങളും പ്രതിവാദങ്ങളും അവകാശവാദങ്ങളുമായി. അവകാശം സ്ഥാപിക്കാൻ ഒരുമ്പെട്ടിറങ്ങുന്നവർ നിരന്ന ചർച്ചകൾ ബഹുകേമമായി പൊടിപാറി. പെട്ടെന്നതിനെ കിണർ മൂടി വഴിയിലെ ഗതാഗതം പഴയപടി സുഗമമാക്കി ചർച്ചകളുടെ വഴിയടച്ചു
പിന്നെ കിണർ കഥകൾ തേടിയിറങ്ങി. കിണർ കണ്ടിട്ടുള്ള എൺപതു കഴിഞ്ഞിട്ടും ഓർമ്മ മങ്ങാത്തവർ, ചരിത്രരേഖകൾ, കുടുംബ ചരിത്ര പുസ്തകങ്ങൾ, സെറ്റിൽമെൻറ് രജിസ്റ്റർ, ഡ്രോയിങ്ങുകൾ, വസ്തുവിവര പട്ടികകൾ ഒക്കെയായി പൊതുമണ്ഡലത്തിൽ ലഭ്യമായ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ നിരവധി രേഖകൾ കണ്ടെത്തനായി. മുറിഞ്ഞ ഓർമ്മകളെ തുടർചർച്ചകളിലൂടെയും പലരുമായ പുനഃപരിശോധനകളിലൂടെയും മുഴുമിപ്പിച്ചു. കിണറുകൾ മൂടിതുറന്നു പുറത്തുവന്നു
കിണറുകൾ. ഭൂമിയുടെ സ്വാഭാവിക നീരുറവകളിൽനിന്നും ജലമെടുക്കാൻ ജലനിരപ്പിനു താഴെവരെ വൃത്താകൃതിയിൽ കുഴിച്ച് ചുറ്റും അരമതിൽകെട്ടി ശുദ്ധമായി സംരക്ഷിക്കുന്ന ജലാശയങ്ങൾ. വെള്ളംകോരാനാദ്യം പാളയും തൊട്ടിയും കപ്പിയും കയറും. പിന്നെ പമ്പുസെറ്റുകൾ, ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ വെളളത്തിന്റെ ഒഴുക്കുകൽ കണ്ടെത്തി പാറക്കെട്ടുകൾ തുരന്നു ഭൂഗർഭജലം ശേഖരിക്കുന്ന കുഴൽരൂപത്തിലുള്ള ബോർവെൽ അഥവാ കുഴൽക്കിണർ. പാറയില്ലാത്ത കടലോര പ്രദേശങ്ങളിൽ മണലിലൂടെ ആഴത്തിലേക്ക് പൈപ്പ് ഇറക്കിയ ട്യൂബ് വെൽ. വിവിധ ജലവിതരണ പദ്ധതികൾ.
ഭൂമിക്കടിയിലെ നിഗൂഢ ഇടങ്ങളിൽ ജലമുണ്ടെന്ന് മനനംചെയ്തു കണ്ടെത്തുന്ന കിണർകുത്തെന്ന സാങ്കേതികതയുടെ ചരിത്രവഴികളിൽ ഓരോ കിണറിനും ഒന്നിലേറെ കഥകളാവും പറയാനുണ്ടാവുക. കാതുചേർത്തുനിന്നാൽ മാത്രംമതി കേൾക്കാം ഓരോ കിണറിനും പറയാനുള്ള ഒന്നിലേറെ കഥകളുടെ ആവർത്തിക്കുന്ന മുഴക്കങ്ങൾ.
ഉതുപ്പാന്റെ കിണർ, കാരൂർ നീലകണ്ഠപ്പിള്ള,1946
സാഹിത്യത്തിലും സിനിമയിലും
1984 ൽ ഒഎൻവി കുറുപ്പ് ഭൂമിക്കു ഒരു ചരമഗീതവും കെ ജി ശങ്കരപ്പിള്ള കൊച്ചിയിലെ വൃക്ഷങ്ങളും എഴുതുന്നതിനു ഏതാണ്ട് നാല് പതിറ്റാണ്ടുമുമ്പ് 1946 ൽ കാരൂർ നീലകണ്ഠ പിള്ള എഴുതിയ ‘ഉതുപ്പാന്റെ കിണർ’ എന്ന ചെറുകഥ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു സമ്പാദിച്ചതുകൊണ്ട് ഇത്തിരി സ്ഥലംവാങ്ങി ഒരു കിണര്‍ കുഴിക്കുന്നു. കിണര്‍ നാട്ടുകാര്‍ക്കൊക്കെ പ്രയോജനമായി. നാട്ടിൽ കുഴല്‍വെള്ളം വരുന്നു. കിണര്‍ മൂടണം, നഗരസഭാ തീരുമാനിക്കുന്നു. കിണറിന്റെ മരണത്തിന് ഒരു ദിവസം മുമ്പേ കിണറ്റില്‍ ചാടി ഉതുപ്പാന്‍ ആത്മഹത്യ ചെയ്യുന്നു.
കഥാകൃത്തുതന്നെ കഥാപാത്രമായി നേരിട്ടെത്തുന്ന കെ എസ് രതീഷിന്റെ ‘തന്തക്കിണർ’ (2022) എന്ന കഥ ഒരു കിണറിന്റെ ചരിത്രമാണ്. അകാരണമായി കുട്ടിയെ മുറിവേൽപ്പിച്ച അച്ഛൻ അതിന്റെ കുറ്റബോധത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി പഴയ കിണർ വൃത്തിയാക്കാനിറങ്ങുന്നു. ആ കിണറാകട്ടെ അയാളുടെ അച്ഛൻ പണ്ട് ഇതേ കാരണംകൊണ്ട് സ്വയം കുഴിച്ചതും. ഭൂതകാല ചവറുകൾ അടിഞ്ഞുകൂടിയ കിണറുകൾ തെളിക്കുമ്പോൾ ചികഞ്ഞെടുക്കുന്നത് ദുരിതകാലങ്ങളുടെ ഓർമകളെയാണ്,
അബ്ദുള്ളകുട്ടി എടവണ്ണയുടെ ‘റിയാന്റെ കിണര്‍’ എന്ന പുസ്തകം ശുദ്ധജലക്ഷാമം നേരിടുന്ന ആഫ്രിക്കന്‍ ജനതയ്ക്കായി കിണര്‍ എന്ന സ്വപ്‌നം റൈൻ ഹെൽജാക്ക് (Ryan Hreljac) എന്ന ആറു വയസുകാരൻ കനേഡിയൻ ബാലന്റെ മനസില്‍ വേരൂന്നുന്നതുമുതല്‍ റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ വരെയുള്ള അവന്റെ യാത്രകളെക്കുറിച്ചാണ്. 1928 ൽ റാഡ്ക്ലിഫ് ഹാൾ എഴുതിയ ‘ഏകാന്തതയുടെ കിണർ’ ഇംഗ്ലീഷിലെ ആദ്യത്തെ ശ്രദ്ധേയമായ ലെസ്ബിയൻ നോവലായി വിലയിരുത്തപ്പെടുന്നു.
ഡീപ് വെൽ (2018).
മനുഷ്യന്റെ ജീവിതാസക്തികൾ തീർക്കുന്ന കസാഖ്സ്ഥാൻറെ ആഴക്കിണർ കാഴ്ചകൾ ഒരു ജാപ്പനീസ് ഹൈക്കുകവിതപോലെ അനുഭവമാക്കുന്ന ചലച്ചിത്രമാണ് ഡീപ് വെൽ (2018). കസാഖ്സ്ഥാൻ മുൻനിര എഴുത്തുകാരൻ അംബീഷ് കെക്കിൽബെയേവിന്റെ അതേപേരിലുള്ള നോവൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത് ഷാനബെക്ക് ഷെറ്റിറോവ്. കസാഖ് സ്റ്റെപ്പികളിലെ ഒരേയൊരു കിണറു പണിക്കാരനായിരുന്നു എൻസെപ്പ്. വരണ്ട മണ്ണിൽ ചെവിയോർത്തുകിടന്ന് പ്രകൃതിയുമായി സംവദിച്ചുകൊണ്ട് അയാൾ ജലസമൃദ്ധമായ ഇടങ്ങൾ കണ്ടെത്തി. കൂലിയും കാലവും അയാൾതന്നെ നിശ്ചയിച്ചു. അഹങ്കാരവും ധനമോഹവും പിടികൂടിയതോടെ അയാൾ ധനികരിൽ നിന്നുമാത്രം കരാറുകൾ സ്വീകരിച്ചു. അടുത്ത നാട്ടിൽനിന്നും കസാഖ് സ്റ്റെപ്പികളിൽ താമസിക്കാനെത്തിയ കരകൽപക് ചെറിയ തുകക്ക് ആഴമുള്ള കിണർ കുഴിക്കുന്നു. അയാളുടെ പ്രശസ്തി സ്റ്റെപ്പികളിൽ ഉടനീളം വ്യാപിക്കുന്നു. ആത്മാഭിമാനം മുറിപ്പെട്ട എൻസെപ്പ് നാട്ടിലെ ഏറ്റവും ആഴമുള്ള കിണർകുഴിച്ച് മഹാനാകാൻ ആഗ്രഹിക്കുന്നു. താൻ കുഴിച്ച കിണറ്റിലെ ഉറവ ഭേദിച്ചു അലറിപ്പരന്ന വെള്ളത്തിൻറെ ആഴങ്ങളിൽ അയാളും മുങ്ങിമറയുന്നു.
ഹെല്ലാരോ (2019)
അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ (2019) പെൺആനന്ദങ്ങളുടെ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്ന ഗുജറാത്തി ചിത്രമാണ്. കച്ച് ഗ്രാമത്തിലെ വെള്ളമെടുക്കാൻ പോകുന്ന കുറെ പെണ്ണുങ്ങൾ ആണധികാരം അനുവദിച്ചുനൽകുന്ന ഇത്തിരി ഇടങ്ങളിൽ കാലമർത്തിനിന്ന് ധോൽ താളത്തിനൊപ്പം പാട്ടുപാടി നൃത്തം ചെയ്തു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
മുരളീകൃഷ്ണന്റെ സംവിധാനത്തിൽ കഥ, തിരക്കഥ, സംഭാഷനാവും എഴുതി ഫാസിൽ നിർമ്മിച്ച സുന്ദരകില്ലാഡി (1998) കിണറിന്റെ കഥപറയുന്ന മലയാള സിനിമയാണ്. പുറംലോകവുമായി അകന്ന് കുടിവെള്ളം കിട്ടാക്കനിയായ സ്വപ്നഭൂമി ഗ്രാമത്തിൽ കിണർ കുഴിക്കാനെത്തുന്ന നാൽവർസംഘം. അവരുടെ മുന്നിൽ നാട്ടാചാരവിശ്വാസങ്ങൾ തീർക്കുന്ന പ്രതിസന്ധികൾ. ഒപ്പം സുന്ദരകില്ലാഡിയുടെയും ദേവയാനിയുടെയും പ്രണയവും.
വീട്ടറിവുകൾ
നീണ്ട കാത്തിരിപ്പിനൊടുവിൽ തെളിനീരായി നിറഞ്ഞു പൊട്ടുന്ന ഉറവ കിണറുകുത്തിന്റെ വലിയ സന്തോഷം. വീട്ടിൽ ആണ്ടുതോറും വേനൽവറുതിയിൽ കായികാദ്ധ്വാനമായി തുടങ്ങുന്ന കിണറുതേകൽ ആർപ്പും ഒച്ചയും കഴിപ്പും കുടിയും ഒക്കെചേർന്ന യവ്വനാഘോഷങ്ങളായിട്ടാവും അവസാനിക്കുക. തേകിത്തെളിഞ്ഞാൽ കിഴികെട്ടിയിടും. പരലുകൾ അലിയിച്ച് ലായനിയാക്കിയ പൊട്ടാസ്യം പെർമാംഗനേറ്റിന്റെ പിങ്ക് നിറവും പതിവ് ഓർമ്മ. അടിത്തട്ടിൽ നെല്ലിപ്പലക നിരത്തും. പച്ചക്കശുവണ്ടി ചതച്ചിടും. ആഴക്കിണറ്റിനടിയിൽ ശുദ്ധവായുവെത്താൻ ഇറങ്ങുംമുമ്പ് കത്തിച്ച തീപ്പന്തമെറിയുന്ന ഉദ്വേഗനിമിഷങ്ങൾ.
ഒരു വീട്ടിൽ രണ്ടു കിണർ പാടില്ലെന്നതും വീടിന്റെ നിഴൽ കിണറ്റിൽ വീഴരുതെന്നതും പഴമക്കാർ പകർന്ന കിണർ അറിവ്. കുട്ടികൾ എത്തിനോക്കരുതെന്നത് മുതിർന്നവരുടെ വിലക്ക്. കിഴക്കോട്ടു തിരിഞ്ഞ് തൊട്ടിതുടിച്ചു വെള്ളം കോരണം എന്നതു കണ്ടുപഠിച്ച പഴയ പാഠം. ഇനി അല്പം വാസ്തു. വീടിന്റെ വടക്കുകിഴക്ക് ഈശാനകോണിൽ കിണർ നിർമ്മിക്കണം. ജലസംഭരണി തെക്കുപടിഞ്ഞാറും.
വേനൽചൂടിൽ കിണറ്റുകര കാക്കക്ക് കമുകുപാളയിൽ വെള്ളംപകർന്നു. പയറും മത്തയും ചീരയും ഒക്കെയായി ആ നനവിലെ വേനൽപച്ചകൾ. ജാതിതടത്തിലേക്കു മാത്രമല്ല വെച്ചുകെട്ടിലെ ചകിരിക്കയറിൽ പടർന്നുകയറുന്ന നിരനിരയായി വെറ്റക്കൊടി ചുവടുനിരന്ന പുതയിട്ട പണകൾവരെയും കിണറ്റിൻകരയിൽനിന്നും കമുകുകീറിയ വെള്ളപ്പാത്തികൾ നീണ്ടു. നാട്ടുജീവിതത്തെ കിണർ നനച്ച് ചേർത്തുപിടിച്ചു.
നസ്രേത്തിലെ മറിയാമിന്റെ കിണർ
മതവിശ്വാസങ്ങളിലും ഗ്രന്ഥങ്ങളിലും
ബൈബിളിൽ കിണർ സങ്കല്പങ്ങളുടെയും ആശയങ്ങളുടെയും പ്രതീകമോ പ്രതിനിധാനമോ ആണ്. സഹിച്ചുനിൽക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ എല്ലാ സാമൂഹിക വിഭവങ്ങളെയും കിണർ പ്രതിനിധീകരിക്കുന്നു. ജീവന്റെ ഉറവിടമായും ഉപജീവനത്തിന്റെയും പരിപോഷണത്തിന്റെയും ജീവജല പ്രതിനിധാനമായും കിണറുകളും നീരുറവകളും വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം കാണാം.
അടിമപ്പെണ്ണായിരുന്നിട്ടും അബ്രഹാമിന്റെ സന്തതിയെ പ്രസവിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഹാഗാറിന്റെ അകക്കണ്ണ് തുറന്നപ്പോൾ കണ്ട നീരുറവ തെളിയുമ്പോഴും (ഉല്പത്തി 21:19), സഹോദരന്മാർ വലിച്ചെറിയുന്ന പൂർവ്വപിതാവ് ജോസഫ് പൊട്ടകിണറ്റിൽനിന്നും ഉയർത്തപ്പെടുമ്പോഴും കിണർ സ്വർഗ്ഗീയമായ കരുതലാവുന്നു. ഫെലിസ്ത്യര്‍ അസൂയ നിമിത്തം മൂടിക്കളഞ്ഞ അബ്രാഹാമിന്റെ കിണറുകള്‍ വീണ്ടും കുഴിക്കുന്ന യിസ്ഹാക്കിനെ ഉല്പത്തി പുസ്തകത്തിൽ (26:18) കാണാം.
മഹത്തായ ഗാനവും ഗാനങ്ങളുടെ ഗാനവുമായ ശലോമോൻറെ ഉത്തമഗീതത്തിൽ സ്നിഗ്ദ്ധമായ പ്രണയസല്ലാപ പരമ്പരക്കിടയിൽ പ്രിയൻ പ്രിയയോട് പറയുന്നു,"നീ തോട്ടങ്ങൾക്ക് നീരുറവ; ലബാനോനിൽ നിന്നൊഴുകുന്ന ഒഴുക്കുകൾ...”
താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കാൻ പഴയനിയമത്തിൽ പലയിടത്ത് പറയുന്നു (2 രാജാക്കന്മാർ18:31; സദൃശവാക്യങ്ങൾ 5:15). പ്രഭുക്കന്മാർ കുഴിച്ച കിണർ, ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ സംഖ്യാപുസ്തകത്തിലും (21:18),വറ്റിപോകാത്ത കിണർ ഉത്തമഗീതത്തിലും (4:15), ആഴമുള്ള കിണർ സുവിശേഷങ്ങളിലുമുണ്ട് (യോഹന്നാൻ 4:11).
ഹാഗറിനെ ദൂതൻ കണ്ടെത്തിയ സീനായിലെ കിണറ്റിൻകരപോലെ (ഉൽപത്തി 16:7), പാപിനിയായ സമരിയാക്കാരി സ്ത്രീയെ, ജീവജലം നൽകി നിത്യജീവന് അർഹയാക്കുന്ന യാക്കോബിന്റെ കിണറിൻകരപോലെ (യോഹന്നാൻ 4:5) കിണർ സമാഗമനത്തിന്റെ പവിത്രമായ ഇടവുമാണ്.
മരുഭൂമിയിൽനിന്നുവരുന്ന യഹോവയുടെ കാറ്റിൽ ഉറവവറ്റി ഉണങ്ങിപ്പോകുന്ന കിണറും (ഹോശേയ 13:15) ജീവജലത്തിന്റെ ഉറവയെ ഉപേക്ഷിച്ച് കുഴിച്ചിരിക്കുന്ന പൊട്ടക്കിണറുകളും (യിരെമ്യാവ് 2 : 13) പഴയനിയമത്തിലുണ്ട്. വെള്ളമില്ലാത്ത കിണർ പുതിയനിയമത്തിൽ പത്രോസെഴുതിയ രണ്ടാം ലേഖനത്തിലുമുണ്ട് (2 പത്രോസ്, 2:17).
ഇസ്രയേല്‍ പട്ടണമായ നസ്രത്തില്‍ മംഗളവാര്‍ത്താ ദേവാലയത്തിന്റെ ചാരത്താണ് ജലസമൃദ്ധിയാൽ ഒരിക്കലും ഉറവവറ്റാത്ത മറിയത്തിന്റെ കിണര്‍. നാലാം നൂറ്റാണ്ടില്‍ ഗബ്രിയേല്‍ ദൂതന്‍ മാതാവിനെ മംഗളവാര്‍ത്ത അറിയിച്ച സ്ഥലവും കിണറുംകണ്ടെത്തിയതും ദേവാലയം പണികഴിപ്പിച്ചതും റോമാ ചക്രവര്‍ത്തിനിയും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവുമായ ഹെലന്‍ രാജ്ഞി ആയിരുന്നു.
ദ്രോണർ പാണ്ഡവരുടെയും കൗരവരുടെയും ആചാര്യൻ ആയതിന് നിമിത്തമായ കിണർ മഹാഭാരതത്തിലുണ്ട്. കുമാരന്മാർ കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽവീണ പന്ത് ദ്രോണർ ധനൂർവിദ്യയിലൂടെ പുറത്തെടുക്കുന്നു. ഭീഷ്മർ ദ്രോണരെ തിരിച്ചറിഞ്ഞതും ദ്രോണർ മഹാഭാരത കഥയിലെ ദ്രോണാചാര്യരായതും പുരാണം. മൂകാംബിയിൽ നേദ്യമിടുന്ന കിണറിനെക്കുറിച്ചും ആ നേദ്യം നിരുദ്ധമെന്ന പണ്ഡിതമതം മറന്നു കട്ടുതിന്ന നമ്പൂതിരിയുടെ നാവിൽ വികടസരസ്വതി വിളയ്യാടിയതും ക്ഷേത്രപുരാണമറിയുന്ന കൂട്ടുകാരാരോ പറഞ്ഞുതന്ന കഥ.
മണിക്കിണറും മരണക്കിണറുംപോലെ ജലസ്രോതസുകളല്ലാത്ത വേറെയും കിണറുകളുണ്ട്. മലപ്പുറത്ത് തിരൂരിനടുത്ത തിരുനാവായയിൽ പണ്ടുകാലത്ത് നടന്നുവന്നിരുന്ന മാമാങ്കം ഉൽസവങ്ങളിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന ഗർത്തങ്ങളായിരുന്നു മണിക്കിണർ..
സംസം മക്കയിലെ മരുഭൂമിയിൽ വെള്ളം കിട്ടാതെ ദാഹിച്ചലഞ്ഞ ഹാജറ ബീവിയും മകൻ ഇസ്മായിലും കണ്ട ശുദ്ധജല ഉറവയാണ്. ഈ നീരുറവ സംസം കിണറായി മാറി എന്നത് ഇസ്ലാമിക വിശ്വാസം.
ഓർമ്മയിലെ കാഴ്ചകൾ
അമ്മവീട്ടിൽ കൊടൂപ്പറമ്പിലെ കുറുകെയിട്ട തടിപ്പാലത്തിൽ ചവിട്ടിനിന്നു പാളത്തൊട്ടിയിൽ വെള്ളം വലിച്ചുകോരുന്ന കെട്ടാത്ത കിണർ. തളിക്കുന്നേൽപ്പറമ്പിലെ വറ്റാകിണർ. ആണ്ടുവറുതിയിൽ വറ്റിയുണങ്ങുന്ന എറികാട്ടുവീട്ടിലെ കിണർ. ശബ്ദങ്ങൾ ഇരുട്ടിനൊപ്പം അരിഞ്ഞാണങ്ങളിലൂടെ അരിച്ചിറങ്ങി മുഴക്കങ്ങളായി പ്രതിധ്വനിക്കുന്ന വെട്ടിക്കാട്ട് സ്കൂളിലെയും കുന്നുംപുറത്തെയും ആഴകിണറുകൾ.
കിണറ്റിലെ ഇളക്കമില്ലാത്ത വെള്ളത്തിൽ ആരോരുമറിയാതെ കല്ലുകൾ പെറുക്കിയിട്ട്, ഒച്ചയും ഓളവും തീർത്തു രസിച്ച കുട്ടിക്കാലം. കിണറ്റിൻകരയിലെ നനവുള്ള സ്കൂൾ പ്രണയങ്ങൾ. കിണറ്റുകരയിൽനിന്നും പച്ചിലയെഴുത്തായി പള്ളിക്കൂടം ചുവരിൽകണ്ട കൗമാര സമവാക്യങ്ങൾ. അറിയാതെ കൈതട്ടി കിണറ്റിൽവീണ ചോറ്റുപാത്രങ്ങളുടെ തെന്നിതെന്നിയുള്ള ജലയാത്രകൾ. മുങ്ങിത്താന്ന തൊട്ടിയും തൊട്ടിയിൽ കെട്ടിയ മുറിക്കയറും പരതി കയറിന്നറ്റത്തു കൊളുത്തിയ പാതാളകരണ്ടിയുടെ ആഴക്കിണറ്റിനടിയിലെ തെരച്ചിലുകൾ.
തിങ്കളാഴ്ച നല്ല ദിവസത്തിലെ ജാനകിയമ്മയെപ്പോലെ മൂവന്തിയിൽ കയ്യിൽ മാമൂലിന്റെ മാറാലചുറ്റിയ ചൂലുമായായി ഒരിക്കലും വറ്റാത്ത പഴയൊരു കിണറിന്റെ കരയിൽ ഒരമ്മ നിൽപ്പുണ്ടായിരുന്നു. കൊടിയേറ്റം സിനിമയിൽ അമ്പലക്കുളത്തിൽ കൊടിയിറങ്ങിയ കമലമ്മയുടെ കാമനകൾ. പെരുമാനൂർ കുളക്കകരയിൽ ചത്തുപൊങ്ങിയ കല്യാണിയുടെ പെൺകുഞ്ഞിന്റെ അലറിക്കരച്ചിൽ. മീശ മാധവൻ സിനിമയിൽ മാളയുടെ മുള്ളാണി പപ്പൻ ഒളിച്ചിരുന്ന കിണർപോലെ മുള്ളുമുരിക്കും മരുതും അരികിൽ വളർന്ന തൊടലിയും കാരമുള്ളും ചൊറിവള്ളികളും പടർന്ന കുട്ടിക്കാലത്തെ വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ. അവ ആത്മഹത്യകളും പടുമരണവും പേരുചാർത്തിയ ശപ്തഗർത്തങ്ങളായി മാറി.
പുതുപ്പള്ളി കവലക്കടുത്ത് കറുകച്ചാൽ വഴിക്കരിയിൽ ബസ്റ്റാൻഡിന്റെ മൂലയിൽ ആയിരുന്നു കൗമാരഓർമ്മയിലെ മറ്റൊരു വലിയ കിണർ. ഇന്നത്തെ ബസ് സ്റ്റാൻഡ് അക്കാലത്തെ പ്രസിദ്ധമായ പുതുപ്പള്ളി ചന്തമൈതാനം. തിങ്കളും വ്യാഴവും അവിടെ ചന്തദിവസങ്ങൾ. മൈതാനത്തിന്റെ തെക്കുപടിഞ്ഞാറെ കോണിൽ ഇറച്ചിക്കടയും ഇറച്ചിക്കടക്ക് കിഴക്ക് നിരനിരയായ കടമുറികളും. ചന്തമൈതാനിയുടെ വടക്കുകിഴക്കേ മൂലയിൽ ആയിരുന്നു അഞ്ചാറ് കിണറിന്റെ വലിപ്പമുള്ള ആ കിണർ. നിരവധി തൂണുകളും തൂണുകളുടെ ബന്ധങ്ങളിൽ കപ്പിതൂക്കാനുള്ള സംവിധാനങ്ങളും. പല ആളുകൾക്ക് ഒരേസമയം വെള്ളം കോരാവുന്ന ആ കിണർ ഇല്ലാതായത് അവിടെ ഷോപ്പിംഗ് കോംപ്ലക്സ് ഉയർന്നപ്പോഴാണ്.
മുല്ലൂക്കിഴക്കേതിലെ തറവാട്ടുവീട്ടിന്റെ അടുക്കളപ്പുരയ്‌ക്കുള്ളിലെ കിണറ്റുതൂണിൽ ചാരിനിന്ന പൊട്ടുകുത്തിയ മെലിഞ്ഞപെണ്ണും അടക്കം പറയുന്നു. ആമലക്കുന്നിലെ അറിയാപെണ്ണുങ്ങൾ വേനൽവറുതിയിൽ നനച്ചുകുളിക്കാൻ എത്തുമായിരുന്ന താഴത്തുപറമ്പിലെ അരിഞ്ഞാണം വെട്ടാത്ത വറ്റാകിണർ. പണിത വീടിന്റെ വടക്കുകിഴക്ക് മൂത്താശാരി കമ്പുകുത്തിയിടത്ത് കുന്നേപ്പറമ്പിലെ കിണറുപണിക്കാരൻ ചെങ്കല്ലിൽ അരിഞ്ഞാണം വെട്ടിതീർത്ത തെളിനീർ കിണർ. ഇങ്ങനെ സിനിമയിലെന്നപോലെ കഥയും കാര്യവുമായി മിന്നിമറയുന്ന കിണർ കാഴ്ചകൾ.
ദേശകാഴ്ചകൾ
കുറുമല കെ വി സ്കറിയ
ദീർഘകാലം പള്ളി ഹൈസ്കൂളിൽ അധ്യാപകൻ, പള്ളി ഭരണസമിതി സെക്രട്ടറി, ആത്മീയ സംഘടന ഭാരവാഹി, തൊട്ടടുത്ത താമസക്കാരൻ ഇങ്ങനെ പലനിലകളിൽ വസ്തുതളും രേഖകളുമായി അടുപ്പവും ആഴത്തിൽ അറിവുമുള്ള കുറുമല കെ വി സ്കറിയ സാർ, പതിനഞ്ചാം വയസ്സിൽ പഠിത്തം നിർത്തി അപ്പൻ കാലായിൽ ചാക്കോ (കുറിയാക്കോസ്) ചേട്ടനൊപ്പം പള്ളിപ്പറമ്പിലെ ചായക്കടയിൽ കല്ലുമ്പിള്ള തള്ളാനെത്തിയതു മുതൽ 1959 നവംബർ 30 നു കട പൂട്ടുന്നവരെ പള്ളിക്കവല കണ്ടുകഴിഞ്ഞ കാലായിൽ കെ സി മാത്യു എന്ന തമ്പിച്ചായൻ.
കാലായിൽ കെ സി മാത്യു എന്ന തമ്പിച്ചായൻ.
സ്കറിയ സാറിനും തമ്പിച്ചായനും ഒരേ പ്രായം. ഇരുവർക്കും 86 വയസ്സ്. എട്ടുവയസ്സുവരെ ഇന്നത്തെ പള്ളിപറമ്പിലെ അന്നത്തെ സ്വന്തംവീട്ടിൽ കഴിഞ്ഞ തൊണ്ണൂറിന്റെ പടിവാതിലിൽ വല്യമ്മച്ചിയായി മകനോടൊപ്പം കഴിയുന്ന, ജീവിതത്തിൽ ഏറെക്കാലം പള്ളി കാര്യകർമ്മിയായിരുന്ന കാലായിൽ പാപ്പിചേട്ടന്റെ മകൾ ആലീസ് എന്ന ഏലിയാമ്മ ഫിലിപ്. ഇവർ പറഞ്ഞ കിണർകഥകൾ ചേർത്തുവെച്ചാൽ മൂടിയ കിണറിന്റെ മാത്രമല്ല ചുറ്റുമുണ്ടായിരുന്ന ഒത്തിരി കിണറുകൾ ചരിത്രമായി തെളിഞ്ഞുവരും. പള്ളിപ്പറമ്പിന്റെ പഴയ എട്ടു പതിറ്റാണ്ട് മൂവരുടെയും ഒളിമങ്ങാത്ത ഓർമ്മകളിലൂടെ മണ്ണും മനുഷ്യനും കന്നും മരങ്ങളും തൊടികളും കിണറുകളുമായി ഇവിടെ പുനരുദ്ധരിക്കുന്നു.
ആലീസ് എന്ന ഏലിയാമ്മ ഫിലിപ്
പള്ളി പുരയിടങ്ങളിൽ പലതും പലകാലങ്ങളിൽ പലരിൽനിന്നും സൗജന്യമായി കിട്ടിയതോ വിലകൊടുത്തു വാങ്ങിയതോ ആയിരുന്നു. ഇന്ന് പള്ളി ആശുപത്രി, സ്കൂളുകൾ, ക്യാന്റീൻ, പഴയ നേഴ്‌സിങ് സ്കൂൾ, പള്ളിക്കുതെക്കു മതിലിനുവെളിയിൽ ഇന്നുള്ള പഞ്ചായത്ത് വഴി, ഇവക്കിടയിലെ മൈതാനങ്ങൾ ഇവയെല്ലാം വെട്ടിക്കുന്നേൽ, നടുവിലേടം (അട്ടാർവേലിൽ), കല്ലക്കടമ്പിൽ, പോത്താനിക്കൽ, ആലുംമൂട്ടിൽ, കാലായിൽ പുരയിടങ്ങളും ഇവയിലെ കിണറുകളും ചേർന്നതാണ്. ചോറാറ്റിൽ പുരയിടവും രേഖകളിലും പള്ളിയങ്ങാടിയുടെ ചിത്രങ്ങളിലും വസ്‌തുവിവര പട്ടികയിലുമുണ്ട്.
ഇന്നത്തെ പള്ളി മൈതാനങ്ങളിൽ മാത്രമായി പണ്ട് ഒട്ടനവധി കിണറുകൾ. പൊങ്ങിവന്ന കിണർ അയർക്കുന്നം വഴിക്കും പഴയ വെട്ടിക്കുന്നേൽ അട്ടാർവേലി പുരയിടങ്ങൾക്കും പടിഞ്ഞാറുള്ള കല്ലക്കടമ്പിലെ കുഞ്ഞപ്പായി ചേട്ടന്റെ പുരയിടത്തിലായിരുന്നു. കപ്പടാ മീശയും നെറ്റിയിൽ ഇരുവശങ്ങളിൽനിന്നും പടർന്നു കയറിയ കഷണ്ടിയുമുള്ള വസൂരി ചികിത്സക്കാരനായ കുഞ്ഞപ്പായി ചേട്ടനും ഭാര്യക്കും കുട്ടായി, കുഞ്ഞൂഞ്ഞ്, ബേബി, ഏലിയാസ് ഇങ്ങനെ നാല് ആണും ഒരു പെണ്ണുമായി അഞ്ചുമക്കൾ. കല്ലക്കടമ്പിൽ പുരയിടത്തിലെ വറ്റാക്കിണർ പറമ്പുകൾ പള്ളി വാങ്ങുന്നതിനു മുമ്പുതന്നെ കീറിയെടുത്ത വലിയ പാളിക്കല്ലുകൾകൊണ്ട് അടക്കുകയായിരുന്നു.
ഇപ്പോഴത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിനും താഴെ ആയിരുന്നു ആലുംമൂട്ടിൽക്കാരുടെ കിണർ. പോത്താനിക്കൽ പറമ്പിലെ വറ്റാത്ത കിണർ അടുത്തുനിന്ന കാഫലമുള്ള വരിക്കപ്ലാവുപോലെ പലരുടെയും ഓർമ്മയിൽ ഇപ്പോളുമുണ്ട്. സ്കൂളിന്റെ മുന്നിൽ പഴയ ബാഡ്മിൻറൺ കോർട്ടിന്റെ കിഴക്കുണ്ടായിരുന്ന ആ കിണർ പള്ളി പറമ്പുവാങ്ങിയശേഷവും ഒത്തിരിക്കാലം ഉപയോഗിച്ചിരുന്നു.
പള്ളിപ്പറമ്പിലെ കിണറുകളിൽ പലതും ആശുപത്രികെട്ടിടത്തിനു തൊട്ടുപടിഞ്ഞാറ് കാലായിൽ പുരയിടങ്ങളിൽ ആയിരുന്നു. കാലായിൽ വീടുകൾ വെട്ടിക്കുന്നേൽ പുരയിടത്തിന്റെ പടിഞ്ഞാറു ആയിരുന്നതിനാൽ ‘പടിഞ്ഞാറേകാലായിലും’ തങ്ങളുടെ വീട്ടുപേരായി എന്നാണു കാലായിൽ കുറിയാക്കോസ് അച്ചൻ പറഞ്ഞത്. ഹൈസ്കൂളിനു തൊട്ടുള്ള വീടാണ് കാലായിൽക്കാരുടെ തറവാട്. തെക്കും പടിഞ്ഞാറും പണ്ട് കൃഷിയിറക്കിയിരുന്ന പാടങ്ങൾ ആയിരുന്നു. ബാസ്കറ്റ്ബാൾ കോർട്ടും ചുറ്റുമുള്ള സ്ഥലവും പണ്ടു കാലായിൽ കുഞ്ഞൂഞ്ഞു ചേട്ടന്റെ പുരയിടങ്ങൾ. അതിലും ഒരിക്കലും വറ്റാത്തൊരു കിണർ ഉണ്ടായിരുന്നു.
വെള്ളതലമുടി ഒതുക്കികെട്ടി അടുക്കിട്ടുടുത്ത വെള്ളമുണ്ടും ചട്ടയും ധരിച്ച് ഇടക്കിടെ ചിരിച്ച് ആലീസ് വല്യമ്മച്ചി അമൂല്യമായ ഓർമ്മപുസ്തകത്തിന്റെ താളുകൾ മറിച്ചു, അപ്പന് തങ്ങൾ മൂന്നു പെൺമക്കൾ. ആശുപത്രിയിരിക്കുന്ന വെട്ടിക്കുന്നേൽ പുരയിടത്തിനു പടിഞ്ഞാറ് അപ്പനും സഹോദരൻ കുഞ്ഞൂഞ്ഞിനുംകൂടി വീതംകിട്ടിയത് ഒരേക്കർ. ഇന്നത്തെ ക്യാന്റീനും മുന്നിലെ ഗ്രൗണ്ടുംചേർന്ന പുരിയിടത്തിൽ ഇരുവർക്കുമായി അന്ന് ഒരു കിണർ മാത്രം. പറമ്പ് പള്ളിക്ക് കൈമാറുമ്പോൾ ഇന്നത്തെ എൺപത്തെട്ടുകാരിക്ക് എട്ട് വയസ്സ്.
അട്ടാർവേലിൽ ഉണ്ണൂട്ടിചേട്ടൻ തന്റെ ആദ്യവിവാഹത്തിലെ ഏക മകളെ വെട്ടിക്കുന്നേലേക്ക് കെട്ടിച്ചയച്ചപ്പോൾ മകൾക്ക് വീതംനൽകിയ രണ്ടേക്കർ അട്ടാർവേലി പുരയിടം അങ്ങനെ വെട്ടിക്കുന്നേൽ പുരയിടമായി. പന്ത്രണ്ടര സെന്റ് സ്ഥലം ഓർമ്മയായി നിലനിർത്തി വെട്ടിക്കുന്നേക്കാർ പള്ളിയുമായി വെച്ചുമാറിയ കരോട്ടെ പള്ളിക്കും അയർക്കുന്നം റോഡിനും നേരെതാഴെയുള്ള ആ പുരയിടത്തിലായിരുന്നു പള്ളി ആശുപത്രിയുടെ പഴയ കെട്ടിടം. അട്ടാർവേലിൽ ഉണ്ണൂട്ടിചേട്ടന്റെ ശേഷിച്ച പുരയിടത്തിലായിരുന്നു കാലായിലെ ചാക്കോ ചേട്ടൻ ചായക്കട നടത്തിയിരുന്നതും കൃഷി ചെയ്തിരുന്നതും.
വെട്ടിക്കുന്നേൽ പുരയിടത്തിന്റെ വടക്കുകിഴക്കേ കോണിൽ പഴയ പള്ളി ആശുപത്രിയുടെ ഒറവയ്ക്കൽ വാർഡിനും അപ്പുറം വലിയ വാവട്ടവും ഇരുവശത്തുനിന്നും വെള്ളം കോരാൻ സംവിധാനങ്ങളുമുള്ള വലിയൊരു കിണർ ഉണ്ടായിരുന്നു. മാടക്കടയും സ്റ്റേഷനറിക്കടയും ബോർമ്മയും അടക്കം പള്ളിക്കവലയിലെ കടക്കാരെല്ലാം തോട്ടിയും കയറുമായിവന്നു കിഴക്കുവശത്തുനിന്നു വെള്ളംകോരും. ആശുപത്രിയിലേക്ക് വെള്ളമെടുത്തിരുന്നത് ഇപ്പുറത്തുനിന്നും. പള്ളിക്കവലയിൽനിന്നു കണിയാംകുന്നിലേക്കുള്ള വഴി വീതികൂട്ടുകയും ഒറവയ്ക്കൽ വാർഡുപൊളിച്ച് കാർ പാർക്കിംഗ് മൈതാനമാക്കിയ കാലത്ത് ആ കിണറും മൂടിക്കളഞ്ഞു.
പള്ളിപ്പറമ്പിൽ പള്ളിമാളികയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പള്ളിക്കിണർ കല്ലക്കടമ്പിൽ കുടുംബക്കാരുടെ തറവാട്ടു കിണറായിരുന്നുവെന്ന് കല്ലക്കടമ്പിൽ കുടുംബചരിത്രത്തിൻ്റെ ആമുഖത്തിലുണ്ട് പ്രുറം 27). ആദ്യമൊക്കെ പാളയും കയറും. എപ്പൊഴോ പാളക്കുപകരം തൊട്ടിയായി. അത്രതന്നെ വലിപ്പമുള്ള മറ്റൊരു കിണർ മദ്ബഹായുടെ വടക്ക് വെസ്ട്രി ടവറിലേക്ക് കയറുന്ന പടികൾക്കു വലത്ത് ഉണ്ടായിരുന്നു. മദ്ബഹായിലേക്ക് കയറുമ്പോൾ കല്ലിൽ കയറിനിന്ന് കാൽകഴുകാൻ പുരോഹിതർ ഉപയോഗിച്ചിരുന്ന കിണർ. വെള്ളം ഒലിച്ചിറങ്ങാതിരിക്കാൻ പൊക്കി കെട്ടിയിരുന്നു.
വെട്ടിക്കുന്നേൽ വല്യച്ചൻ മെതിയടിയിട്ടു വരുന്നതും മദ്ബഹയിൽ കയറുന്നതിനുമുമ്പ് കിണറ്റിൻകരയിലെ രണ്ട് കല്ലുകളിലൊന്നിൽ കയറിനിന്നു കിണറ്റിൽനിന്ന് കപ്യാർ കോരിവെച്ചിരിക്കുന്ന വെള്ളത്തിൽ കാലുകഴുകി പള്ളിയിലേക്ക് കയറുന്നതും കരിമ്പനത്തറ അച്ചന്റെ വർണ്ണനകൾക്കൊപ്പം കാലായിലച്ചന്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. മിന്നൽ പിണരുകളിൽനിന്നുള്ള വൈദ്യുതാഘാതം തടയാനും കെട്ടിടത്തെ സംരക്ഷിക്കാനുമായി ഏർപ്പെടുത്തിയ ആധുനിക ലൈറ്റ്നിംഗ് അറസ്റ്റർ സംവിധാനങ്ങളുടെ എർത്ത് ആ കിണറ്റിലെ വെള്ളത്തിലേക്ക് കൊടുത്തിട്ടായിരുന്നു വലിയ കോൺക്രീറ്റ് സ്ലാബുകൾകൊണ്ട് മൂടിയത്.
.പള്ളിക്ക് വടക്ക് അമ്മഅറിവ് ലൈബ്രറിക്കും കുർബാനപ്പണം കുറിക്കുകയും എണ്ണയും മെഴുകുതിരിയും വിൽക്കുകയും ചെയ്യുന്ന മുറിക്കും ഇടയിൽ 'പൊക്കത്തിൽ പള്ളിപ്പറമ്പിൽനിന്നും താഴെ പുരയിടത്തിൽനിന്നും വെള്ളംകോരാൻ കപ്പിയും കയറും തൊട്ടിയുമായി മറ്റൊരു കിണറും ഉണ്ടായിരുന്നു.
കോട്ടയം അയർക്കുന്നം റോഡിൽ കാവുംപടിക്കപ്പുറം പുത്തൻപുരപ്പടി വളവിൽ വഴിക്കിടത്തുണ്ടായിരുന്ന വാവട്ടം കൂടിയ കിണർ മണ്ണൂപ്പറമ്പിൽ സാബു ഐപ്പിനെപ്പോലെ പലരുടെയും ഓർമ്മയിൽ ഉണ്ട്. ഇരുവശങ്ങളിലും വെള്ളം കോരാൻ കപ്പിയും കയറും തൊട്ടിയുമായി നാട്ടുകാരുടെ ഈ പൊതുക്കിണറും വഴി വൈഡനിംഗ് കാലത്തെങ്ങോ മണ്ണിനടിയിൽ മറഞ്ഞു.
മായാത്ത കാഴ്ചകൾ
കേരളത്തിന്റെ ചരിത്രവഴികളിൽ മായാത്ത, മൂടാത്ത ചില കിണർകാഴ്ചകളും ഉണ്ട്. മഹാത്മാ അയ്യങ്കാളി പന്മനയിലെ കുറ്റിവട്ടത്ത് കുഴിക്കാനിറങ്ങിയ പൊതുകിണർ കേരളത്തിൽ ജാതിവിവേചനം നിലനിന്ന കാലഘട്ടത്തിൽ അതിനെതിരെ നടന്ന ചെറുത്തുനിൽപ്പായിരുന്നു. ഭൂരിഭാഗം വരുന്ന ഹരിജൻ നെൽകർഷകർക്കു മേൽജാതിക്കാർ വെള്ളം കോരിയിരുന്ന പൊതുകിണറുകൾ വിലക്കിയപ്പോഴായിരുന്നു 1931ൽ അയ്യങ്കാളി എട്ട് സെന്റ് സ്ഥലത്ത് ഈ കിണർ സ്ഥാപിച്ചത്..
തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറ ഐക്കരപ്പടിയിൽ റോഡിന്റെ ഒത്തനടുക്ക് ഒരിക്കലും വറ്റാത്ത ഒരു കിണറുണ്ട്. ഒരു നൂറ്റാണ്ടിലേറെക്കാലംമുമ്പ് നാട്ടിലെ കിണറെല്ലാം വറ്റിവരണ്ട് നട്ടംതിരിഞ്ഞ 1920കളിലെ വേനല്‍ക്കാലത്ത് ഐക്കരവീട്ടില്‍ പൗലോസ് എന്ന മധ്യവയസ്കന്‍ തന്‍റെ പുരയിടത്തിലെ താഴ്ന്നൊരിടം കണ്ടെത്തി 25 അടി താഴ്ചയില്‍ കുത്തിയതായിരുന്നു ആ കിണര്‍. 1972 ല്‍ റോഡിനായി പിഡബ്ല്യുഡിക്ക് സ്ഥലം വിട്ടുനൽകിയത് കിണര്‍ നിലനിര്‍ത്തുമെന്ന വ്യവസ്ഥയിൽ. റോഡ് വികസിച്ചതോടെ വശത്തായി നിലകൊണ്ട കിണര്‍ മധ്യഭാഗത്തായി. കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികൾ പുതിയകാലത്തിന്റെ പുതുവർണ്ണങ്ങൾ പൂശി കിണര്‍ പരിപാലിക്കുന്നു. ഇന്ന് ഐക്കരപ്പടി കോളേജുപടി മാത്രമല്ല കിണറുപടി കൂടെയാണ്.
ജലം ശേഖരിക്കുന്നതിന്റെയും വിതരണത്തിന്റെയും ചരിത്രത്തിലെ മാറ്റങ്ങളുടെ കടന്നുവരവ് കാരൂരിന്റെ ഉതുപ്പാന്റെ കിണർ എന്ന കഥയിലുണ്ട്. ഒരു നാട്ടുവഴിവോരത്താണ് “അഞ്ചോ ആറോ അരഞ്ഞാണവും മതിലും കൽത്തൂണുംകെട്ടി കിണറ്റുപാലവുംവെച്ച് അതിന്മേൽ ഒരു കുരിശടയാളത്തിന്റെ ഇരുപുറവുമായി, നാട്ടുവഴിയിലൂടെ നടക്കുന്നവർക്കു കാണത്തക്കവണ്ണം 'ഇങ്ങോട്ടു വരുവിൻ ഇവിടെ ആശ്വസിക്കാം' എന്നു രേഖപ്പെടുത്തി ഒരു കപ്പികൊളുത്തി ഒരു തൊട്ടിക്കയറുമായി” കാരൂരിന്റെ ഉതുപ്പാൻ മടിശീലയുടെ നെല്ലിപ്പലക കണ്ട് കിണറുകുത്തി. കുഴൽവെള്ളം കിട്ടിയപ്പോൾ കിണറിന്റെ കാര്യം എല്ലാവരും മറന്നു.
ഉതുപ്പാന്റെ കിണർ മുൻസിപ്പാലിറ്റി മൂടിയപോലെ നാട്ടുവഴിയോരത്ത് വീണ്ടും തെളിഞ്ഞ പഴയ കല്ലക്കടമ്പിൽപറമ്പിലെ കല്ലലരിഞ്ഞാണം വെട്ടിപ്പണിത കിണറും മൂടി. കിണർ മൂടാൻ ടിപ്പറുകൾ ചെകിടടപ്പായി കുത്തിത്തള്ളിയ സിമിന്റുകട്ടകളിൽ മണിക്കിണറിലെറിഞ്ഞ തലകൾ ദുസ്വപ്നമായി തെളിഞ്ഞു.
കാലത്തിൻറെ മറ്റൊരു കാഴ്ച കെ എസ് രതീഷിന്റെ തന്തക്കിണർ എന്ന കഥയിൽ ഉണ്ട്. അവിടെ അയാൾ ഉപേക്ഷിച്ച തന്തകിണറിലെ ചെളിയും കല്ലും നീക്കി തെളിച്ചെടുക്കുകയാണ്. പന്മനയിൽ കുറ്റിവട്ടത്തെ പൊതുകിണറും ഐക്കരപ്പടിയിലെ ഐസക്കിന്റെ വഴിക്കിണറും കാലംകാത്തുവച്ച ചരിത്രപാഠങ്ങൾ. രതീഷിന്റെ ‘തന്തക്കിണർ, അവസാനിക്കുന്നതും ഇങ്ങനെയാണ്, "അത്രയും ആഴത്തിൽ വീണതെല്ലാം എടുത്തുമാറ്റാൻ പ്രയാസമാണ്. അത് കിണറ്റിൽ ആയാലും, മനസ്സിലായാലും..."
തുടർവായന
അബ്ദുള്ളകുട്ടി എടവണ്ണ, റിയാന്റെ കിണർ, മാതൃഭൂമി ബുക്ക്സ്, 2014
രതീഷ് കെ എസ് (2022), തന്തക്കിണർ, കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ സംഘം, പുറം, 120 പുറം.
കാരൂർ നീലകണ്ഠപ്പിള്ള (1946), ഉതുപ്പാന്റെ കിണർ, (മേൽവിലാസം കഥാസമാഹാരം), കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ സംഘം.
കാരൂർ നീലകണ്ഠപ്പിള്ള (1978), ഉതുപ്പാന്റെ കിണർ, (കാരൂരിന്റെ കഥകൾ: വാല്യം 1), കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ സംഘം. പുറം 96-100.
മനോരമ ന്യൂസ് (2024), റോഡിനു നടുവില്‍ ഒരിക്കലും വറ്റാത്ത കിണര്‍; നൂറ്റാണ്ടിന്റെ ചരിത്രം 15 ഏപ്രിൽ 2024, https://www-manoramanews-com.cdn.ampproject.org/v/s/www.manoramanews.com/kerala/latest/2024/04/15/perennial-well-in-thiruvalla.amp.html?amp_gsa=1&_js_v=a9&usqp=mq331AQIUAKwASCAAgM%3D#amp_tf=From%20%251%24s&aoh=17274878658816&referrer=https%3A%2F%2Fwww.google.com&share=https%3A%2F%2Fwww.manoramanews.com%2Fkerala%2Flatest%2F2024%2F04%2F15%2Fperennial-well-in-thiruvalla.html
Rahul R, A well in Kerala hamlet stands as a symbol of caste resistance, 08 October 2023, https://www.newindianexpress.com/good-news/2023/Oct/08/a-well-in-kerala-hamlet-standsas-a-symbol-of-caste-resistance-2621844.html
...
ലേഖകന്‍ കുര്യന്‍ കെ തോമസ് from emalayalee Magazine