Image

അലാഹയാദു (മിനി വിശ്വനാഥന്‍)

Published on 28 October, 2024
അലാഹയാദു (മിനി വിശ്വനാഥന്‍)

ഞങ്ങളുടെ ഫ്ലാറ്റിൻ്റെ മുന്നിലുള്ള നടവഴിയിലൂടെയുടെയുള്ള നടപ്പിനിടക്കാണ് ഞാൻ ആ സ്ത്രീയെ ആദ്യമായി കണ്ടത്. വീതി കൂടിയ സാരി തലയിലൂടെ മുറുക്കിച്ചുറ്റി നെറ്റിയിൽ നീളത്തിലൊരു ഗോപിക്കുറി അലങ്കാരമായി പച്ചകുത്തി എനിക്കെതിരെ വരുന്ന പാതിവൃദ്ധയായ ആ സ്ത്രീയെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് അവരുടെ വിചിത്രവേഷം കൊണ്ട് മാത്രമായിരുന്നു. ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻസ്റ്റാളിലെ സുന്ദരികൾ ചേല ചുറ്റുന്നത് പോലെയാണ് അവർ സാരി തലയിലൂടെ ചുറ്റിക്കെട്ടുന്നത് എന്ന് മനസ്സിലായപ്പോൾ സ്വാഭാവികമായും അവരാരാണെന്നറിയാനുള്ള അകാംക്ഷ  എന്നിൽ ഉടലെടുത്തു. വീട്ടുജോലിക്കാരുടെ ശരീര ഭാഷയായിരുന്നില്ല അവരുടേത്. തലയുയർത്തിപ്പിടിച്ചുള്ള അവരുടെ നടത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒരാനയുടെ എടുപ്പുണ്ടായിരുന്നു. യൗവനത്തിൽ അതീവ സുന്ദരിയായിരിക്കും ഇവരെന്ന് ആ കണ്ണുകളും തലമുടിയും വിളിച്ചു പറഞ്ഞു.

എതിരേ കടന്നു പോവുമ്പോൾ പരസ്പരം പുഞ്ചിരിച്ച് സൗഹൃദ ഭാവത്തിൽ തലയാട്ടുന്നിടം വരെ
പരിചയം എത്തി നിൽക്കുമ്പോഴാണ് "നമസ്തേ മാഡം, കൈഫ ഹാൽ" എന്ന് ചോദിച്ച് അവർ സംസാരം തുടങ്ങിയത്. "കൈഫ ഹാൽ" എന്ന ചോദ്യത്തിൻ്റെ അർത്ഥമറിയാതെ ഞാൻ ഒരു നിമിഷം അവരെ തറച്ച് നോക്കി. അവരെന്നോട് എന്തോ ആവശ്യപ്പെടുകയാണെന്ന തോന്നലിൽ ഞാൻ പരുങ്ങി.

എൻ്റെ നോട്ടം അവരിൽ ചിരിയുണർത്തിയത് കടിച്ച് പിടിച്ച് കൊണ്ട്, "ഹൗ ആർ യു മാഡം " എന്ന് തൻ്റെ ചോദ്യത്തെ വിവർത്തനം ചെയ്തു. ഇതായിരുന്നോ  ഈ കൈഫ ഹാൽ എന്ന സമാധാനത്താൽ ഞാൻ സുഖമെന്ന് സൂചിപ്പിക്കുന്ന ഭാവത്തിൽ ചെറുതായി ഒന്നു ചിരിച്ചു കാണിച്ചു.

അവർക്ക് എന്നിൽ നിന്നും കൂടുതലെന്തോ അറിയാനുണ്ടെന്ന് മനസ്സിലായവപ്പോൾ എനിക്ക് ടെൻഷൻ കൂടി. ഹിന്ദി പോലും മര്യാദക്ക് അറിയാത്ത ഞാൻ എങ്ങിനെ ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന വേവലാതിയിൽ അവരെ ദയനീയമായി വീണ്ടും നോക്കി.

"കമല, മൈ സിസ്റ്റർ" എന്ന് പറഞ്ഞു കൊണ്ട് അവർ സംഭാഷണം ആരംഭിച്ചു. കമലയുടെ വല്യമ്മയുടെ മൂത്തമകൾ അറബ് വീട്ടിലെ ജോലി മതിയാക്കി ഇവിടെ കരാമയിൽ എത്തിയിട്ടുണ്ടെന്ന് കമല പറഞ്ഞത് എനിക്കോർമ്മ വന്നു. അവിടെ വെറുമൊരു  വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല അവരെന്നും ഇപ്പോഴും ആ വീട്ടുകാർ ഇവരെ സംരക്ഷിക്കാൻ തയ്യാറാണെന്നും പക്ഷേ ആൻ്റിക്ക് കുറച്ച് കാലം സ്വതന്ത്രയായി കരാമയിൽ ജീവിക്കണമെന്നതിനാൽ ഇങ്ങോട്ട് വന്നതാണെന്നും അവൾ പറഞ്ഞിരുന്നു.

അപ്പോഴിവർ ആന്ധ്രക്കാരിയാണെന്നും മലയാളത്തിൻ്റെ പൊട്ടും പൊടിയും മനസ്സിലാവുമെന്നുള്ള സന്തോഷത്തിലും, കമലയുടെ അടുത്ത ബന്ധുവായതിനാലും വീട്ടിലേക്ക് ക്ഷണിച്ചു. നാളെ വരാമെന്നും ബാഹുബലി സിനിമ കാണണമെന്നും അവർ ആംഗ്യത്താൽ എന്നോട് പറഞ്ഞു.

അടുത്ത ദിവസം രാവിലെ തന്നെ അവർ എണ്ണയിട്ട് മിനുക്കിയ മുടി ഒരു പന്തുപോലെ കെട്ടിവെച്ച് പച്ചനിറമുള്ള ചേല തലവഴി വാരിച്ചുറ്റി കൈയിൽ നിറയെ ചുവപ്പും പച്ചയും വളകൾ അണിഞ്ഞ് അറബിക് ഊദിൻ്റെ ഗന്ധം പരത്തി വീട്ടിലെത്തി.

സോഫയിലിരിക്കാതെ കാർപ്പറ്റിൽ പടിഞ്ഞിരുന്ന് അവർ എന്നെ നോക്കി വിശാലമായി ചിരിച്ചു. അപ്പോഴാണ് അവരുടെ നിരയൊത്ത വെളുത്ത് തിളങ്ങുന്ന പല്ലുകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. 
എന്തൊരു ഭംഗിയും ഐശ്വര്യവുമാണ് അവരെക്കാണാൻ എന്ന് ഉള്ളിലോർത്ത് ഉപചാര ഭാവത്തിൽ ചിരിച്ചു. മലയാളമല്ലാതെ മറ്റൊരു ഭാഷയും മര്യാദക്ക് അറിയാത്ത ഞാൻ എന്തു പറഞ്ഞ് സൗഹൃദം തുടരണമെന്നോർത്ത് വേവലാതിപ്പെട്ടു. എൻ്റെ പരിഭ്രമം കണ്ട് അവർ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ കണ്ണ് വിടർത്തി ടിവിക്ക് നേരെ കൈ ചൂണ്ടി, ബാഹുബലി എന്ന് മന്ത്രിച്ചു.

അക്കാലത്ത് വീട്ടിലെ ടി.വി യിൽ ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ബാഹുബലി ഓടുമായിരുന്നു. ഓരോ കുഞ്ഞും സ്കൂൾ വിട്ടു വന്നാൽ ആദ്യം ആവശ്യപ്പെടുന്നത് ബാഹുബലിയെയാണ്. എന്നെ തലവേദന എടുപ്പിച്ച് കൊണ്ട് അതിലെ ഓരോ ഡയലോഗും വീട്ടിലെ ചുവരുകൾക്ക് പോലും ഹൃദിസ്ഥവുമായിരുന്നു. രാവിലെത്തന്നെ ബാഹുബലിയെ എങ്ങിനെ സഹിക്കുമെന്നോർത്തെങ്കിലും
പ്രതീക്ഷയോടെ എന്നെ നോക്കുന്ന അവരുടെ കണ്ണിലെ നിഷ്കളങ്കതയിൽ ഞാൻ അലിഞ്ഞു പോയി. 
ടി.വി സ്ക്രീനിൽ പേരുകൾ തെളിഞ്ഞ് തുടങ്ങിയപ്പോൾത്തന്നെ അവരുടെ മുഖം വിടർന്നു.  നായികക്കൊപ്പം നീല പൂമ്പാറ്റകൾ പറന്നപ്പോൾ ഫറാഷ, ഫറാഷ എന്ന് വിളിച്ച് കൂക്കി ചെറിയ കുട്ടികളെപ്പോലെ മുന്നോട്ടേക്ക് ആഞ്ഞിരുന്നു. ആദ്യ രംഗം മുതൽ   വേവലാതിപ്പെട്ടു ജപമാലയിൽ വിരലോടിച്ചും കൈയടിച്ചും വായയിൽ വിരൽ വെച്ച് വിസിലടിച്ചും അവർ ആ സിനിമ അനുഭവിച്ചു തീർത്തു.

ആദ്യകാഴ്ചയിലെ  ഗൗരവക്കാരിയായ വല്യമ്മ ഇമേജ് അവരുടെ ബാഹുബലി കാണലോടെ എൻ്റെ മനസ്സിൽ അലിഞ്ഞില്ലാണ്ടായി. സിനിമ കഴിഞ്ഞതോടെ കാല് നീട്ടിയിരുന്ന് തൻ്റെ കൈയിലെ ചെറിയ പേഴ്സ് തുറന്ന്  അതിനകം സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം ഒരു ചെറിയ കടലാസ് പുറത്തെടുത്ത് പേഴ്സ് അടച്ചു.

അതിന് ശേഷം എന്നെ നോക്കി "മേഡം കുല്ലു മാ" എന്ന് പറഞ്ഞ് വെള്ളം വേണമെന്ന അംഗ്യം കാട്ടി. ചായ ? എന്ന എൻ്റെ ചോദ്യത്തിന് സമ്മത ഭാവത്തിൽ തലയാട്ടിയതിന് ശേഷം കണ്ണടച്ച് കൈവിരലുകൾ കൊണ്ട് എന്തൊക്കെയോ കണക്ക് കൂട്ടി.

ഞാനുണ്ടാക്കിയ  ചായ നന്നായിട്ടുണ്ടെന്ന് എന്നോട് പറഞ്ഞതിന് ശേഷം കൈയിലുള്ള പേപ്പർ എനിക്ക് നേരെ നീട്ടി, ഈ നമ്പറിൽ ഫോൺ വിളിച്ചു തരാമോ എന്ന് ചോദിച്ചു. ഏതോ ഒരു ലാൻഡ് ഫോൺ നമ്പറായിരുന്നു അത്. അതുകൊണ്ട് തന്നെ ഞാൻ വേഗം ഡയൽ ചെയ്ത് മറുപുറത്തെ സ്വരത്തിനായി ചെവിയോർത്തു. അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം ഗാംഭീര്യമുള്ള ഒരു സ്ത്രീ സ്വരത്തിൽ " ഹലൂ " എന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ ഫോൺ ആൻ്റിക്ക് കൈമാറി.
(അതിനിടെ എപ്പോഴോ ഞാനവരെ ആൻ്റീ എന്ന് വിളിച്ചു തുടങ്ങിയിരുന്നു.)

ആ ശബ്ദം കേട്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു. വികാരവായ്പോടെ "മാമാ" എന്ന് വിളിച്ച് തേങ്ങി. മറുതലയിലെ അല്പനേരത്തെ നിശബ്ദത സംശയത്തിന് ശേഷം "മറിയാ"എന്ന വിളി ഫോൺ റിസീവർ കടന്ന് ഹാളിലേക്ക് വ്യാപിച്ചു.

ഞാനിതുവരെ കേട്ടിട്ടില്ലാത്ത തീർത്തും വിചിത്രമായി എനിക്ക് തോന്നിയ ഭാഷകളാൽ അവർ പരസ്പരം കരയുകയും ചിരിക്കുകയും കുശുകുശുക്കുകയും ചെയ്യുന്നത് കേട്ടുകൊണ്ട് ഞാൻ എൻ്റെ വീട്ടുജോലികളിൽ മുഴുകുകളും ചെയ്തു.

സമയം പന്ത്രണ്ട് മണിയോടടുത്തപ്പോൾ കമല വീട്ടിലെത്തി. 
അവളെ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. ആൻ്റിയോട് സംസാരിക്കാൻ ഒരാളായല്ലോ! ഭാഷയും ഭാഷാശാസ്ത്രവും പഠിച്ചതിനൊന്നും അർത്ഥമില്ലാതാവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

"അമ്മമ്മാ" എന്ന് പതിയെ വിളിച്ച് കൊണ്ട് അവൾ നിലത്തിരുന്ന് സംസാരിക്കുന്ന ആൻ്റിയുടെ തലയിൽ മൃദുവായി ഒന്ന്  സ്പർശിച്ചു !

എനിക്കൊപ്പം അകത്ത് വന്ന് ആൻ്റിയുടെ കഥകൾ പറഞ്ഞു തുടങ്ങി...

ശേഷം അടുത്ത ലക്കത്തിൽ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക