Image

രഹസ്യകുടുക്ക (ഇമലയാളി കഥാമത്സരം 2024: സജിത ചന്ദ്രിക)

Published on 28 October, 2024
രഹസ്യകുടുക്ക (ഇമലയാളി കഥാമത്സരം 2024: സജിത ചന്ദ്രിക)

അവൾ ആ വീട്ടിലേക്ക് താമസിക്കാനെത്തുന്നത് ആരും ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു കുടുക്കയുമായിട്ടായിരുന്നു. അതിൽ മുഴുവൻ രഹസ്യങ്ങളായിരുന്നു. ഒന്ന് കിലുങ്ങിയാൽ പോലും മറ്റുള്ളവരുടെ കാതുകളിലേക്ക് എത്തിച്ചേരുന്നവ. അതീവ സൂക്ഷ്മതയോടെ അവൾ ആ കുടുക്കയെ സുരക്ഷിതമാക്കി വയ്ക്കാനുള്ള ശ്രമങ്ങൾ അനുനിമിഷം നടത്തികൊണ്ടിരുന്നു. ചിന്തകളിൽ എപ്പോഴും ആ കുടുക്കയുടെ സ്ഥാനവും അതിനുള്ളിലെ രഹസ്യങ്ങളും കൃത്യമായൊരു കണക്ക്കൂട്ടലിൽ അവൾക്കൊപ്പം ഉണ്ടായിരുന്നു.ഇടയ്ക്കിടെ ചില ആവശ്യങ്ങൾക്ക് കുടുക്കയെടുത്തു കുടഞ്ഞിടേണ്ടതായും വരാറുണ്ട്. അതീവ ജാഗ്രതയോടെ ചുമരുകളുടെ കാതുകളിൽ വിരൽ വച്ച് മറച്ചുപിടിച്ച് അതിലെ രഹസ്യങ്ങളെ ആരും കേൾക്കാതെ പതിയെ കുടഞ്ഞിട്ടു. ആവശ്യം കഴിഞ്ഞാലുടൻ അതീവ ശ്രദ്ധയോടെ തിരിച്ചു നിക്ഷേപിച്ചു.

ഉയർന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ഫ്ലാറ്റ് ആയതിനാൽ ഇരുട്ട് കൂട്ടിനൊരിക്കലും കടന്ന് വരാറില്ല. വാഹനങ്ങളുടെ വെളിച്ചം ജനാലപ്പാളികളിലൂടെ അനുവാദമില്ലാതെ എത്തിനോക്കാനും വരും. കട്ടിയുള്ള രണ്ട് കർട്ടനുകൾ തൂക്കിയിട്ടിട്ടും പതുങ്ങിയും നൂഴ്ന്നും വെളിച്ചം മുറിക്കുള്ളിലേക്ക് പ്രവേശിക്കാറുമുണ്ട്.പാതിരാത്രികളിൽ എല്ലാവരും ഉറങ്ങിയെന്ന് തോന്നുമ്പോൾ ജനാലയിലൂടെ കടന്നുവരുന്ന  സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് കുടുക്കയിലെ രഹസ്യങ്ങളെ എണ്ണിതിട്ടപ്പെടുത്തും. ദിവസം കൂടുംതോറും കൂടിക്കൂടി വരികയാണല്ലോ? പാതി എണ്ണിത്തീർക്കുമ്പോഴേയ്ക്കും നെഞ്ചിനകത്തേയ്ക്കു ഇരച്ചുകയറുന്ന ഭയത്തിൽ അവളൊന്നുലയും,ചുമരിനോരത്തെ മൂലയിലേക്ക് പതുങ്ങും,ഭീതിയോടെ ചുറ്റും നോക്കി കുടുക്കയെ നെഞ്ചോടു ചേർത്തുപിടിച്ചു ഉറക്കം നടിച്ചു കിടക്കും. അവൾ പോലുമറിയാതെ രഹസ്യകുടുക്ക അവളുടെ ഹൃദയത്തേയും ചേർത്ത് പിടിച്ച് ഗാഢ നിദ്രയിലേക്ക് വീണുപോയിട്ടുമുണ്ടാകും. മനസ്സ് ഇടയ്ക്ക് ഞെട്ടി ഉണരും. പിന്നെയും മയങ്ങും.

പിറ്റേന്ന് ജനാലയിലൂടെ കയറിവരുന്ന വെയിലേറ്റുണരുമ്പോൾ അവളുടെ രഹസ്യങ്ങൾ സ്വയം രക്ഷ നേടിയിട്ടുണ്ടാകും .ഒന്നും ചോർന്നുപോയില്ലെന്നുറപ്പു വരുത്തി മറ്റുള്ളവർക്ക് മുൻപിൽ വെളുക്കെ ചിരിക്കാനും വർത്തമാനം പറയാനും അവൾ ശ്രദ്ധിക്കും.

രഹസ്യകുടുക്കയെക്കുറിച്ചുള്ള എന്തെങ്കിലും അറിവ് മറ്റുള്ളവർക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്നവൾ വെറുതെ വേവലാതിപ്പെടും.എപ്പോഴാണ് താനുറക്കത്തിലേക്കു വീണിട്ടുണ്ടാകുക എന്ന് ചിന്തിക്കും. ഒരു രഹസ്യം മറയ്ക്കാൻ മറ്റൊരു നുണയെ അവൾക്ക് ഈയ്യിടെയായി കൂട്ടുപിടിക്കേണ്ടതായും വന്നിട്ടുണ്ട്. നുണയെ വളരെയധികം ശ്രദ്ധിക്കണം.ജാഗ്രതയോടെ പോറലൊന്നും ഏൽപ്പിക്കാതെ കൂടെ കൊണ്ടുനടക്കണം.ഒരു നുണയെ സംരക്ഷിക്കാൻ മറ്റൊരു നുണയെ കൂടി തുണയാക്കിയതിൽ അവൾക്കൽപ്പം നിരാശയും തോന്നി.അങ്ങനെ അസന്തുലിതമായ അവളുടെ ജീവിത വഴിയിൽ ചിലതെല്ലാം ഭീഷണിയായി മാറിയിരിക്കുന്നു.

അടുത്ത ഫ്ലാറ്റിൽ ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കാനെത്തിയത് അവളിൽവീണ്ടും പരിഭ്രാന്തി ഉണ്ടാക്കി.അയാൾ പുതിയൊരു വെല്ലുവിളിയായി മാറുമെന്നത് അവൾക്കുറപ്പായിരുന്നു .അയാളുടെ ചുമരിന്റെ കാതുകൾ അവളുടെ മൊഴികൾക്കായി കാതോർത്തിരിക്കുന്നുണ്ടായിരിക്കുമല്ലോ?

അവൾ അയാളെ ഭയന്നു.ഒറ്റയ്ക്കുള്ള എല്ലാത്തിനും സഹജമായ നിഗൂഢഭാവമാണല്ലോ? ചോദ്യങ്ങൾ കൊണ്ടയാൾ അവളെ വീർപ്പുമുട്ടിക്കും.ഉത്തരത്തിനുവേണ്ടി അവൾക്ക് പരതേണ്ടതായും വരും.മാറ്റിയോ മറിച്ചോ പറഞ്ഞാൽ പിന്നെ കുടുക്ക തകർന്നു തരിപ്പണമായാലോ?

അയാളും അവളും പരസ്പരം പരിചയപ്പെട്ട സായാഹ്നം ഇരുണ്ടമേഘങ്ങൾ നിറഞ്ഞതായിരുന്നു. പക്ഷികൾ കൂട്ടത്തോടെ തലങ്ങും വിലങ്ങും ചേക്കേറാനുള്ള തിരക്കിലുമായിരുന്നു. സന്ധ്യയാകുമ്പോൾ എല്ലാത്തിലും ഒരു പരിഭ്രമം പരകായ പ്രവേശം നടത്തുന്നുണ്ടെന്നത് അവൾക്ക് മാത്രം തോന്നിയതായിരിക്കണം.

എന്താ പേര്? 

അയാളുടെ പൗരുഷം നിറഞ്ഞ ശബ്ദം ആ നീളൻവരാന്തയുടെ ജനലിനോരത്ത് അവളെ ചേർത്ത് നിർത്തി.

 അയാളുടെ ചോദ്യത്തിൽ അവൾക്ക് പതറേണ്ടതായി വന്നു. കുറേ നാളുകളായി അവൾക്ക് ആ പേരിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ. ഒരു നിമിഷം അവൾ പരിഭ്രമത്തെ വിഴുങ്ങി. എത്ര ചികഞ്ഞിട്ടും ഓർമയിൽ അവളുടെ പേരുമാത്രം കാണുന്നില്ല.

ഒരു ചെറിയ പുഞ്ചിരിയെ ചുണ്ടിൽ വരുത്തി പരിഭ്രമത്തെ മനഃപൂർവം ഒളിപ്പിച്ച് അവൾ പറഞ്ഞു 'രഹസ്യ'

ആഹാ! മനോഹരമായ പേര്. 

അയാൾ പൂർണ സംതൃപ്തിയോടെ പറഞ്ഞു.

ഞാൻ സത്യപാലൻ, അയാൾ സ്വയം പരിചയപ്പെടുത്തി. അയാളുടെ ഫോൺ പെട്ടെന്ന് ശബ്‌ദിച്ചു .തല്ക്കാലം അവൾ നിരവധി ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

സത്യവും നുണയും രഹസ്യയും ഒരുമിച്ചു കൈകോർത്തു. അയാൾ റൂമിന് പുറത്തേയ്ക്കും അവൾ അകത്തേക്കും കടന്നു. 

പിന്നീട് അവൾ അവളുടെ പേര് ഓർത്തെടുക്കാൻ ശ്രമപ്പെട്ടു. വ്യർത്ഥമായിരുന്നു. ഒരു സൂചനപോലും അവൾക്ക് കിട്ടിയില്ല. ആർക്കും ഉപയോഗമില്ലാതിരുന്നതിനാൽ അതും കൈമോശം വന്നിരിക്കുന്നു

അന്നത്തെ ദിവസം അവൾക്ക് പോലീസ് സ്റ്റേഷനിൽ പോകേണ്ടതായിവന്നു.സ്റ്റേഷൻ വരാന്തയിൽ നിന്നും ഒരു രഹസ്യംകൂടി അവൾക്ക് ലഭിച്ചു.ചുറ്റുപാടും നോക്കി പരിചയക്കാർ ആരുമില്ലെന്നുറപ്പുവരുത്തി തോൾ ബാഗിലേക്ക് അതിനെയും എടുത്തിട്ടിട്ട്  ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തിൽ വേഗത്തിൽ നടന്നുനീങ്ങേണ്ടതായും വന്നു. ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ എന്ന ശങ്ക അവളെ നിരന്തരമായി വേട്ടയാടികൊണ്ടിരുന്നു.

പരിചയക്കാർ ആരുമില്ലാത്ത നഗരമായിട്ട്പോലും അവൾ ആരെയൊക്കെയോ ഭയപ്പെട്ടു.

അവൾക്കെല്ലാവരെയും ഭയമായിരുന്നു. വേറൊന്നുമല്ല , ആ രഹസ്യം അവളുടെ അഭിമാനത്തെ ഉലച്ചുകളഞ്ഞേക്കുമോ എന്നൊരു ഉൾഭയം. അവളിലെ ആത്മാഭിമാനം വളരെ ഉയർന്നനിലയിലാണ്. അവൾ നിഷ്കളങ്കയും നിരപരാധിയുമാണ്. അവളിലേക്ക്‌ വന്ന് ചേർന്നതാണ് രഹസ്യങ്ങൾ. ഇപ്പോൾ അതിനെ പരസ്യമായി വലിച്ചെറിയാൻ പറ്റാത്ത അവസ്ഥയിലുമാണ്.

ചുറ്റിലും ചോദ്യങ്ങൾ ഉണ്ട്,  ഉത്തരങ്ങൾ അവളിലേക്ക് മാത്രം പതുങ്ങുന്നത്.

ഏത് സ്ഥലത്തു പോയാലും കുറച്ചുകൂടി മുന്നിലേക്കോ പിന്നിലേക്കോ നടന്ന് മറ്റൊരു സ്റ്റോപ്പിൽ നിന്നും ബസിൽകയറുകയെന്നത് ഇപ്പോൾ അവൾ ഒരു ശീലമാക്കിയിരിക്കുന്നു. മൂക്കിന് മുകളിലേക്ക് അൽപ്പം കൂടി മാസ്കിനെ ഉയർത്തിയിട്ടിട്ടാണ് അവൾ ബസിലേക്ക് കയറാറുള്ളത്.എന്നിട്ട് അരികുവശത്തെ സീറ്റ് തെരഞ്ഞെടുക്കും.വേറൊന്നിനുമല്ല കണ്ണടയ്ക്കു മുകളിലൂടെ കാഴ്ചകൾ കാണുകയാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം.അവളുടെ മനസ്സിലിപ്പോൾ കാഴ്ചകളെക്കാളും നിറഞ്ഞിരിക്കുന്നത് ചിന്തകളാണ്.അടുത്തിരിക്കുന്നവർ കുശലം പറയാൻ വന്നാൽ കേൾക്കാത്തഭാവത്തിൽ ദൂരേയ്ക്ക് കണ്ണ്നട്ടിരിക്കും. 

രഹസ്യങ്ങളുടെ ചുരുളുകൾ ആരും നിവർത്തിനോക്കാൻ ഇടവരുതരുതല്ലോ? 

ചിലപ്പോൾ ഏതെങ്കിലും വാക്കുകൾക്കൊപ്പം അറിയാതെ പുറത്തേയ്ക്കു ചാടിയാലോ വാക്കുകളെ മനസ്സിന്റെ ഉള്ളറകളിലേക്ക് നീക്കിവച്ച് നീക്കിവച്ച് ഇപ്പോൾ ആവശ്യത്തിനുപോലും വാക്കിന് വേണ്ടി പരതേണ്ടിയും വന്നിരിക്കുന്നു.

സത്യവും നുണയും കലർന്നിരിക്കുന്നതിനാൽ രഹസ്യകുടുക്കയ്ക്ക് ഭാരം വർധിച്ചിരിക്കുന്നു

നീ ഒരുപാട് മാറിപ്പോയിരിക്കുന്നു. നീയെത്ര വാചാലയായിരുന്നു. ഈ വാക്കുകൾ പറഞ്ഞു അവളുടെ മൗനത്തെ അധിക്ഷേപിക്കാൻ ഈ നഗരത്തിൽ ആരുമില്ലാത്തത് വളരെ നന്നായെന്നവൾ ഇടയ്ക്കിടെ ചിന്തിച്ചു.

പറഞ്ഞുകൂട്ടിയ നുണകളെ നിരന്തരം മനഃപാഠമാക്കേണ്ടതായും വന്നു. 

 ബാഗുകളും പഴ്സുകളും സൂക്ഷിക്കണമെന്ന കണ്ടക്ടറുടെ ഉറക്കെയുള്ള മുൻകരുതലുകളിൽ അവൾ ബാഗിനെ ഒന്നുകൂടി നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ചു. മാറിമാറി വന്നിരിക്കുന്ന ഹ്രസ്വദൂര സഹയാത്രികരുടെ ഇറങ്ങിപോകലിനുശേഷം തന്റെ ബാഗിനുള്ളിൽ ആ രഹസ്യം സുരക്ഷിതമല്ലേ എന്ന് ഓരോ വട്ടവും ഉറപ്പുവരുത്തി. വീട്ടിൽ തിരിച്ചെത്തിയാലുടൻ രഹസ്യഅറയ്ക്കുള്ളിൽ അതിനെ ഒളിപ്പിച്ചു വയ്ക്കണം. ചുറ്റുമുള്ള എല്ലാവരും ഉറങ്ങിയെന്ന് പലവട്ടം ഉറപ്പുവരുത്തിയതിനുശേഷം അതിനുള്ളിലെ രഹസ്യമെന്താണെന്നു അറിയണം. അത്രയും നേരം അവളനുഭവിക്കുന്ന വീർപ്പുമുട്ടലിൽ ചിലപ്പോൾ അവൾക്ക് ശ്വാസംമുട്ടലനുഭവപ്പെടാറുമുണ്ട്.

എത്രനാളായി ഈ രഹസ്യവും ചുമന്ന് നടക്കുന്നു. അവൾ വിരലുകളെടുത്തു മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു.

ആദ്യമായി രഹസ്യത്തെ ഒളിച്ചു കടത്തിയ ദിവസം അവളോർത്തു. തെറിച്ചുപോയേക്കാവുന്ന ഒരു സങ്കടത്തിന്റെ ചീളിനെ അവൾ മഴയിലേക്കിറക്കിവിട്ടിട്ടാണ് ആ രഹസ്യത്തെ സംരക്ഷിച്ചത്.

എവിടെപ്പോയി?? 

മുന്നിലുള്ള പരിചയക്കാരിയുടെ ചോദ്യത്തിന് മുന്നിൽ ആദ്യമൊന്ന് പകച്ചു. 

അടുത്ത ഫ്ളാറ്റിലെതാമസക്കാരിയാണ്.ഉത്തരങ്ങളൊന്നും കരുതിവച്ചിരുന്നില്ലല്ലോ? 

മാസ്കിനുള്ളിൽ ആ അമ്പരപ്പ് ഞെട്ടറ്റ്‌ വീണതൊന്നും അവർ മനസിലാക്കിയിട്ടുണ്ടാകില്ലെന്നുള്ള ഉറപ്പിൽ പോലീസ് സ്റ്റേഷനെ പോസ്റ്റ് ഓഫീസാക്കി മാറ്റി പറഞ്ഞു തൽക്കാലത്തേക്ക് രക്ഷപ്പെട്ടു. പിന്നെയും അവർ ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരങ്ങളെ അളന്നുമുറിച്ചു കൃത്യതയോടെ അവർക്ക് മുന്നിൽ വിളമ്പിക്കൊടുത്തു അവരെ തൃപ്തിപ്പെടുത്തി. 

ഈ രഹസ്യകുടുക്കയുമായി ഇവിടേയ്ക്ക് വരേണ്ടിയിരുന്നില്ല.. എല്ലാം എറിഞ്ഞുടച്ചു സമാധാനം വേണമെന്ന് അവളാഗ്രഹിച്ചു.  

" ഇത് അതീവഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ നിനക്കൊരിടത്തും താമസിക്കാനുള്ള സ്ഥലംപോലും കിട്ടില്ല" ആ താക്കീതിന്റെ സ്വരത്തിലാണ് അതിനെയും ചുമന്ന് ഇവിടേയ്ക്ക് വരേണ്ടിവന്നത്.

അവളുടെ സത്യസന്ധത ആ രഹസ്യകുടുക്കയ്ക്കുള്ളിൽ വീണുപോയിരിക്കുന്നു. തിരഞ്ഞു കണ്ടെത്തണം.

നീ  വലിയ കുറ്റവാളിയൊന്നുമല്ലല്ലോ? 

കണ്ണാടിയുടെ മുന്നിൽ നിന്നും പ്രതിച്ഛായയോട് അവൾ രഹസ്യം ചോദിക്കും.മറുഭാഗത്തുള്ളവൾ വിളറിച്ചിരിക്കും. കണ്ണിറുക്കി പറയും. ഇതൊരു വലിയ കുറ്റമൊന്നുമല്ല.ഒരു നുണ മറയ്ക്കാൻ നീ ഒരുപാട് നുണകൾ പകരം കണ്ടെത്തണമെന്ന് മാത്രം!!

നിനക്കിതൊട്ടും ചേരുന്നില്ല..അഴിച്ചുമാറ്റണം.

കോടതിവരാന്തയുടെ സിമന്റ്ബെഞ്ചിൽ ഇരിയ്ക്കുമ്പോഴാണ് കൂടെ പഠിച്ച ഒരുത്തൻ അവളുടെ മുന്നിൽവന്ന് നിന്ന് ചിരിച്ചത്. കടവാവലുകൾപോലെ കറുത്തകുപ്പായക്കാർ തിരക്കുകൂട്ടുന്ന ആ വരാന്തയിൽ നിന്ന് അവൾ വെളുത്ത കുപ്പായത്തിനു വേണ്ടിപരതുകയായിരുന്നു

ഹോ! ഇവനെങ്ങനെയാ ദൈവമേ എന്നെ ഈ മാസ്കിനുള്ളിൽ നിന്നും കണ്ടെത്തിയതെന്ന ചോദ്യം ദൈവത്തിനെറിഞ്ഞു കൊടുത്തിട്ട് അവൾ നിന്ന് വിയർത്തു.

എന്താണിവിടെ ?? 

വീണ്ടും ആ ചോദ്യത്തിന് മുന്നിൽ അവളുടെ ഉത്തരം നീതിതുലാസിൽ പൊങ്ങുകയും താഴുകയും ചെയ്തു.അവളുടെ അഭിമാനം അവളുടെ ഉത്തരത്തിൽ വിലകുറഞ്ഞു പോയേക്കുമോ എന്ന് അവൾ ഭയന്നു. അവൾ ഉത്തരത്തിനെ മറ്റൊരു ചോദ്യത്തിൽ മുക്കിയെടുത്ത് വെളുപ്പിച്ച് തല്ക്കാലം രക്ഷപ്പെട്ടു. 

വാക്കുകളെ വളരെ കരുതലോടെ ഉപയോഗിച്ചു. എവിടെയും വീണ് ചിതറരുതല്ലോ? 

അവളുടെ ഓരോ നീക്കത്തിലും രഹസ്യങ്ങളുടെ പാടുകളില്ലാതെ നടക്കാൻ ശ്രദ്ധിച്ചു. അവൾ ഒരിടത്തും കൂടുതൽ നേരം ചെലവഴിച്ചില്ല. രഹസ്യകുടുക്കയിലെ നാണയങ്ങൾ കിലുങ്ങിയാലോ? 

കൂടെ താമസിക്കുന്ന ഫ്ളാറ്റിലെ താമസക്കാരികൾ പരിചയപ്പെടാൻ വന്ന ദിവസം. ഓരോരുത്തരും അവളെ അടിമുടിയുഴിഞ്ഞു നോക്കി. ചിലരുടെയൊക്കെ കണ്ണുകൾ മൈക്രോസ്കോപ്പിലിട്ടു വീക്ഷിച്ചു. 

വിഷാദത്തിന്റെ ഞൊറിവുകളിൽ കഞ്ഞിപ്പശ ച്ചേർത്തു നേർരേഖയിൽ നിർത്താൻ പാടുപെടുന്ന സാധാരണക്കാർക്കിടയിലേക്ക് ഇടിച്ചുകയറിവരുന്ന പൊങ്ങച്ചക്കാരികളോട് പുച്ഛമാണെന്നു പറയാതെ പറഞ്ഞു. 

താമസസ്ഥലത്തിന്റെ ചുമരുകളിൽ ക്യാമറകണ്ണുകൾ അവളെതുറിച്ചുനോക്കുന്നുണ്ടാകുമെന്ന് അവൾ ഭയന്നു.

അടിമുടി ഉഴിഞ്ഞുപോയ കണ്ണുകളൊന്നും തന്റെ രഹസ്യകുടുക്ക കണ്ടെത്തിയിട്ടുണ്ടാകില്ലെന്നു അവൾ സ്വയം സമാധാനിച്ചു..... 

അടുത്ത വീട്ടിലെ താമസക്കാരൻ ഇടയ്ക്കിടെ ആവശ്യങ്ങൾ പറഞ്ഞു വാതിലിൽ മുട്ടി. രഹസ്യ വാതിൽ തുറന്നില്ല.

കുറേ നാളുകൾക്കുശേഷം വാക്കുകളെ എല്ലാം ഞെരുക്കിയമർത്തി ഒരു  യാത്രയ്ക്ക് പോകാൻ തീരുമാനിച്ചു.

രഹസ്യകുടുക്കയുടെ വായ്‌ ഒന്നുകൂടി അവൾ അമർത്തിയടച്ചു...അവൾക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. വെള്ളത്തിലേക്ക് കുതിർന്നു വീഴുന്നതുപോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നതുപോലെ.. 

മണ്ണിൽ പുതഞ്ഞ ശൂന്യമായ കുടുക്കയുടെ തെളിവുകളൊക്കെയും തിര വിഴുങ്ങിയതിനാലാകും ചുറ്റും കൂടി നിന്നവരൊക്കെ പറഞ്ഞു. 

പാവം 'നിഷ്കളങ്ക' രക്ഷപ്പെട്ടല്ലോ..

അവൾ അവളുടെ പേര് തിരിച്ചു കിട്ടിയ സന്തോഷത്തിൽ നിഷ്കളങ്കയായി ചിരിക്കുകയായിരുന്നു.

Join WhatsApp News
Sajeesh 2024-10-29 02:21:36
വളരെ മനോഹരം ഹ്രദയപർശിയായതു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക