ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മലയാള ചലച്ചിത്രമാണ് ആട്ടം. ദേശീയതലത്തിലും ആട്ടം എന്ന സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
എഴുപതാമത് ദേശീയ അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് ആട്ടം. ആട്ടത്തിന്റെ സംവിധായകനായിരുന്നു ആനന്ദ് ഏകര്‍ഷി. ഇപ്പോള്‍ ഇതാ ആനന്ദ് ഏകര്‍ഷി തൂവാനത്തുമ്ബികള്‍ എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം തൂവാനത്തുമ്ബികള്‍ എന്ന സിനിമ ലോകത്തിലെ ഏറ്റവും മികച്ച ലവ് സ്റ്റോറിയാണ്. ബിഫോര്‍ സണ്‍റൈസ്, എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദി സ്‌പോട്ട്‌ലെസ്സ് മൈന്‍ഡ്, നോട്ട്ബുക്ക് തുടങ്ങിയ സിനിമകള്‍ ആഘോഷിക്കപ്പെടുമ്ബോള്‍ എനിക്ക് ഇപ്പോഴും തോന്നാറുണ്ട് പത്മരാജന്‍ സാറിനെ ലോകം ഇനിയാണ് ആഘോഷിക്കാന്‍ പോകുന്നത് എന്ന്. തൂവാനത്തുമ്ബികള്‍ പോലൊരു ലവ് സ്റ്റോറി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയട്ടെ ഒരു 200 തവണയെങ്കിലും ഈ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അതൊരു ബൈബിള്‍ പോലെയാണ്.’
‘ഒരു ക്രിസ്തീയ വിശ്വാസിക്ക് ക്ലേശം വരുമ്ബോള്‍ എങ്ങനെയാണോ ബൈബിളിലേക്ക് പോകുന്നത്, അതുപോലെ ക്രിയാത്മകമായതും പ്രണയപരമായതുമായ ക്ലേശങ്ങള്‍ വരുമ്ബോള്‍ ഞാന്‍ ഈ സിനിമയിലെ ഏതെങ്കിലും രംഗം കാണും. ആ ലോകത്തേക്ക് കയറുമ്ബോഴുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു സിനിമാ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അത് വല്ലാത്ത ഒരു ധൈര്യമാണ് നമുക്ക് നല്‍കുന്നത്. ക്ലാര, മഴ അങ്ങനെയൊരു തരത്തിലല്ല ഞാന്‍ പറയുന്നത്. ആ ചിത്രത്തില്‍ തങ്ങള്‍ എന്ന കഥാപാത്രത്തെ സമീപിച്ചിരിക്കുന്ന രീതി നോക്കാം. ക്ലാര എന്ന സെക്സ് വര്‍ക്കറിനോട് നമുക്ക് സഹാനുഭൂതി തോന്നും. ആ സെക്‌സ് വര്‍ക്കറിനെ തേടി ചെല്ലുന്നയാളെയും നമുക്ക് മനസിലാകും. എന്നാല്‍ തങ്ങള്‍ എന്ന ഇന്നത്തെ ഭാഷയില്‍ പിംപ് എന്നൊക്കെ പറയുന്ന കഥാപാത്രത്തിനോട് നമുക്ക് എങ്ങനെയാണ് ഒരു അടുപ്പം തോന്നുന്നത്.’
‘എങ്ങനെയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമായി എഴുതുന്നത്, തീര്‍ത്തും ഒരു മനുഷ്യനായി. ക്ലാരയോട് ജയകൃഷ്ണന് പ്രണയം തോന്നിയിട്ട് വിവാഹം കഴിക്കാന്‍ പോകുമ്ബോള്‍ തങ്ങളുടെ ബിസിനസ് നഷ്ടപ്പെടുമല്ലോ, തങ്ങള്‍ ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. അത്തരത്തില്‍ തങ്ങളുടെ കൂടെ വിഷമം മനസിലാകും വിധം കഥാപാത്രങ്ങളെ നോണ്‍ ജഡ്ജ്മെന്റലായി സമീപിക്കുക എന്നത് ഒരു വെളിപാടായിരുന്നു,’ആനന്ദ് ഏകര്‍ഷി പറഞ്ഞു.