നവാഗതനായ സഞ്ജിത്ത് ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത് സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ത്രയം' സമീപകാലത്ത് മലയാള സിനിമകളില്‍ ഇറങ്ങിയ നിരവധി ത്രില്ലര്‍ സിനിമകളുടെ ഒടുവിലെ കണ്ണിയാണ്. ഒറ്റ രാത്രിയില്‍ അരങ്ങേറുന്ന കുറേ കുറ്റകൃത്യങ്ങളും അതേ തുടര്‍ന്നുണ്ടാകുന്നസംഭവ വികാസങ്ങളും ആ രാത്രിയുടെ ഒടുവില്‍ തന്നെ അവസാനിക്കുകയും നിഗൂഢമായതെല്ലാം വെളിപ്പെടുകയും ചെയ്യുന്ന ചിത്രം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രമാണ് 'ത്രയം'. 'ഗഗനചാരി' ക്കു ശേഷം ഇതേ ബാനറില്‍ പുറത്തിറങ്ങിയ ചിത്രമാണിത്.
ത്രില്ലര്‍ സിനിമകള്‍ പ്രേക്ഷകര്‍ വേഗത്തില്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ഇനമാണെന്ന് കണ്ടതിനാലാകണം പലരും ഈ വിഷയം കേന്ദ്രീകരിച്ച് ഇപ്പോള്‍ സിനിമകളെടുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍, റിവഞ്ച് ത്രില്ലര്‍. ഇന്‍വെസ്റ്റിഗേഷന് ത്രില്ലര്‍ എന്നിങ്ങനെ ത്രില്ലറുകള്‍ക്ക് ഏറെ ശാഖകളുണ്ട് എന്നു തന്നെ പറയാം. ഏതു ശ്രേണിയിലെടുത്താലും അത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ അങ്ങേയറ്റം പുതുമ നിറഞ്ഞതും ഉദ്വേഗം ജനിപ്പിക്കുന്നതുമാകണം. അല്ലെങ്കില്‍ വിഷയം പാളിപ്പോകാനുളള സാധ്യത ഏറെയാണ്.
ഇവിടെ ത്രയം എന്ന ചിത്രത്തില്‍ ത്രില്ലര്‍ സിനിമയ്ക്ക് ചേരുന്ന പ്രമേയം തന്നെയാണ് സംവിധായകന്‍ സ്വീകരിച്ചിട്ടുള്ളത്. ഒരു രാത്രിയില്‍ ഒരേ നഗരത്തില്‍ പല കുറ്റകൃത്യങ്ങളിലൂടെ കടന്നു പോകുന്ന കുറേ മനുഷ്യര്‍. ആ രാത്രി അവരെ സംബന്ധിച്ച് മനുഷ്യ ജീവിതത്തിന്റെ തന്നെ വിവിധങ്ങളായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു രാത്രിയാണ്. അവിടെ ചിലര്‍ക്ക് സാമ്പത്തിക നേട്ടത്തിനായുള്ള പരക്കം പാച്ചില്‍, മറ്റൊരാള്‍ക്ക് അത് പ്രണയത്തിന്റേതാണ്. ഇനിയും വേറെ ഒരാള്‍ക്ക് അത് രതിയും ലഹരിയുമായി മാറുന്നു. ഓരോ കൃത്യത്തിലും പങ്കാളികളാകുന്ന ഈ കഥാപാത്രങ്ങള്‍ ഓരോരുത്തരും തികച്ചും അവിചാരിതമായാണ് ആ രാത്രി കണ്ടു മുട്ടുന്നത്. അതും അത്യന്തം ഗുരുതരവും സങ്കീര്‍ണ്ണവുമായ സാഹചര്യത്തില്‍.ഒരാള്‍ക്കും ഒന്നില്‍ നിന്നും ഓടിയൊളിക്കാന്‍ കഴിയുന്നില്ല. ഓരോ കഥാപാത്രവും നടത്തിയ കുറ്റത്തിന്റെ പൊരുളന്വേഷിച്ചു പോകുമ്പോള്‍ അവരെല്ലാം തമ്മില്‍ പരസ്പരം കെട്ടുപിണയുന്നു. എങ്കിലും ആ രാത്രി തന്നെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ള രഹസ്യങ്ങള്‍ മറനീക്കി പുറത്തു വരികയും ചെയ്യുന്നു.
പ്രമേയത്തിന്റെ പുതുമയെ തിരക്കഥയുടെയും മേക്കിങ്ങിന്റെയും കരുത്തുറ്റ അടിത്തറയാക്കുന്നതില്‍ സംവിധായകന്‍ അല്‍പ്പം പിന്നിലായോ എന്നു സംശയിക്കണം. ത്രില്ലര്‍ സിനിമകളിലെ സീനുകളുടെ പതിവു മേക്കിങ്ങ് രീതി ഇതില്‍ മാറി പരീക്ഷിച്ചിട്ടുണ്ട് എങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതാണ് സത്യം. ആവര്‍ത്തിച്ചു വരുന്ന രംഗങ്ങള്‍ അല്‍പ്പം മുഷിവുണ്ടാക്കുന്നു.
അജു വര്‍ഗ്ഗീസ്, അനാര്‍ക്കലി മരക്കാര്‍, രാഹുല്‍ മാധവ്, നിരഞ്ജയ് മണിയന്‍ പിള്ളരാജു, ശ്രീജിത്ത് രവി, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, ഡെയ്ന്‍ ഡേവിസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എല്ലാവര്‍ക്കും ഏതാണ്ട് തുല്യമായ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും നല്‍കിയിട്ടുമുണ്ട്.
അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു നല്ല ത്രില്ലര്‍ മുവീയാണ് 'ത്രയം'. പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. തിയേറ്ററില്‍ തന്നെ കാണുകയും വേണം.