ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തനഭസ്സിലെ 'പ്രാക്റ്റീഷണർ അക്കാഡമിക്' എന്നു വിശേഷിപ്പിക്കപ്പെടുന്ന മേതിൽ ദേവിക ഈയിടെ ഒരു ശരാശരി മലയാള പടത്തിലഭിനയിച്ചപ്പോൾ, കലാനിരൂപകർ നെറ്റി ചുളിച്ചു. കന്നിപ്രകടനത്തിനു മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹൻ ഒരുക്കിയ 'കഥ ഇന്നുവരെ' എന്ന പടത്തിലെ നാലു നായികമാരിലൊരാളായി ദേവിക എത്തിയപ്പോൾ നർത്തകിയ്ക്ക് അനുഭവപ്പെടാത്ത വേവലാതിയാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. എന്തേ, ഇങ്ങനെ? വിശദീകരിക്കേണ്ടത് ദേവികയാണ്...
ആദ്യമല്ല വെള്ളിത്തിരയിൽ
ഈയിടെ തിയേറ്ററുകളിലെത്തിയ 'കഥ ഇന്നുവരെ' എന്ന പടത്തിനു മുമ്പേ എൻ്റെ നിരവധി നൃത്താവതരണങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞാൻ തന്നെ സംവിധാനം ചെയ്തു, മധു അമ്പാട്ട് ചായാഗ്രഹണം നിർവഹിച്ച, 'അഹല്യ' അത്തരമൊരു സംരംഭമായിരുന്നു. 'സർപതത്വം', 'സ്ത്രീപ്രേക്ഷ', 'ദ ക്രോസ്സ്ഓവർ' മുതലായവയെല്ലാം വെള്ളിത്തിരയിൽ എത്തിയ എൻ്റെ ഷോർട് ഫിലിമുകളാണ്. ഒരുപാടു നിരൂപകർ വിലയിരുത്തിയ 'ദ ക്രോസ്സ്ഓവർ' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പോലും പ്രദർശിപ്പിക്കപ്പെട്ടു. അതിനാൽ 'കഥ ഇന്നുവരെ' വലിയ സ്ക്രീനിലെ എൻ്റെ പ്രഥമ ചലച്ചിത്രമെന്നു പറയാനാകില്ല. ഒരു ഫീച്ചർ ഫിലീമിൻ്റെ വിശാലമായ കാൻവസിൽ കമേഷ്യൽ രീതിയിൽ നിർമിച്ച ആദ്യ സിനിമ എന്നേ അതിനെ പറയാനാകൂ. സ്റ്റേജിൽ ഒരുപാടു ഗൗരവമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ഒരാൾക്ക് ലളിതമായ ഒരു കഥാപാത്രത്തെ സിനിമയിൽ ലളിതമായി കൈകാര്യം ചെയ്യുകയെന്നത് അത്ര ലളിതമായ കാര്യമല്ല! ഇഷ്ടത്തോടെ എല്ലാം ഒതുക്കി ചെയ്യേണ്ടേ? ആത്മാർത്ഥതയും, ആർജവവും ഒട്ടും ചോർന്നു പോകരുതല്ലൊ! സംവിധായകൻ്റെ പ്രതീക്ഷകൾക്കനുസരിച്ചു എല്ലാം ഭംഗിയായി ചെയ്തു. ഡബ്ബിങും ഞാനാണ് ചെയ്തത്. ആ സമയത്ത് ഞാൻ അഭിനയിച്ച ഭാഗം മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. സിനിമ മൊത്തം കണ്ടപ്പോൾ, സന്തോഷം തോന്നി. വിധി എഴുതേണ്ടത് ജനങ്ങളാണല്ലൊ. നല്ലതെന്നും, മറിച്ചുമുള്ള അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഒഴുക്കോടെ നായകനൊപ്പം
സ്ക്രീൻ ഫേസ് കെമിസ്ട്രിയുള്ള നടനാണ് ബിജു മേനോൻ എന്നും മറ്റുമാണ് പറഞ്ഞുകേട്ടിരുന്നത്. അദ്ദേഹം അധികം സംസാരിക്കാത്ത വ്യക്തി ആയതിനാലായിരിക്കാം, ഞാനും അദ്ദേഹത്തോടു കൂടുതൽ വർത്തമാനം പറഞ്ഞിട്ടില്ല. പക്ഷേ, ഒരുമിച്ചുള്ള അഭിനയം ഒഴുക്കോടെയും അനായാസമായുമാണ് പുരോഗമിച്ചത്.
ചെറിയ ഇടപെടലുകൾ
സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണല്ലൊ ഒരു സിനിമയുടെ പ്രധാന ശില്പികൾ. 'കഥ ഇന്നുവരെ'യുടെ സംവിധായകനും തിരക്കഥാകൃത്തും വിഷ്ണു മോഹനാണ്. എന്നിരുന്നാലും ചില ഇടങ്ങളിൽ പ്രത്യേക രംഗങ്ങളെ ബന്ധിപ്പിപ്പിക്കുവാനുള്ള ചില കൊച്ചു ഉപായങ്ങൾ ഞാൻ മുന്നോട്ടു വയ്ക്കുകയുണ്ടായി. സംഭാഷണങ്ങൾ ഇല്ലാതെ, മുഖഭാവങ്ങളിലൂടെ തന്നെ, പ്രകടമാക്കാൻ ഉദ്ദേശിക്കുന്ന സംഗതി പ്രേക്ഷകരിലേക്കെത്തിക്കാം എന്നും മറ്റുമുള്ള ചെറിയ ഇടപെടലുകൾ എൻ്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടുണ്ട്. അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കാൻ സന്നദ്ധതയുള്ള ആളായിരുന്നു സംവിധായകൻ. പല പ്രണയങ്ങൾ പറഞ്ഞുപോകുന്ന സിനിമയിലെ എൻ്റെ കഥാപാത്രത്തെ എനിയ്ക്കു പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു സംഗതിയാണ്.
സന്നദ്ധത മൂലം സിനിമയിൽ
കാവാലം നാരായണപ്പണിക്കരുടെ സ്മരണാർത്ഥമുള്ള 'അവനവൻ കടമ്പ പുരസ്കാരം' കഴിഞ്ഞ മാസം എനിയ്ക്കു നൽകിക്കൊണ്ടു വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞു, ദേവികയെപ്പോലെ സാഹസികയായ മറ്റൊരു നർത്തകിയെ അദ്ദേഹം കണ്ടിട്ടില്ലെന്ന്! ആ സന്നദ്ധത തന്നെയാണു 'കഥ ഇന്നുവരെ' ഏറ്റെടുക്കുവാനും കാരണമായത്. എൻ്റെ മികച്ച ശില്പവൈദഗ്ധ്യങ്ങളിൽ ഒന്നായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള 'സർപതത്വം' കണ്ടതിനൊടുവിൽ അദ്ദേഹം എനിയ്ക്കു നൽകിയ ഒരു കത്തിലും ഇപ്പറയുന്നതിനു അടിവരയിടുന്ന ചില പരാമർശങ്ങളുണ്ടായിരുന്നു. സർഗാത്മകമായി നല്ലൊരിടത്തു നിൽക്കുന്നയാൾ സാധാരണ ഗതിയിൽ മറ്റൊരു സംവിധായകനു വഴിപ്പെടാതെ, സ്വന്തമായി ഒരു പടം സംവിധാനം ചെയ്യുകയല്ലേ പതിവ്. വലിയ കലാകാരിയായ ദേവികയെ സിനിമയിൽ വേണ്ടപോലെ പ്രതിഷ്ഠിച്ചിട്ടില്ലയെന്നു പോലും എനിയ്ക്കു വേണ്ടപ്പെട്ട ചിലർ പരാതിപ്പെടുന്നു. ഒരു പ്രശസ്ത സംവിധായകൻ പറഞ്ഞു അവർ ദേവികയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്ന്! എന്നാൽ എൻ്റെ പ്രതികരണം മറ്റൊന്നാണ്. സംവിധായകൻ്റെ മനസ്സിൽ തൻ്റെ പടം എങ്ങനെയിരിക്കമെന്നൊരു ധാരണയുണ്ട്, അതിലേയ്ക്കു ഞാൻ ഇറങ്ങിചെല്ലുകയെന്നതാണു ശരി. ഞാൻ എന്നെ പ്രകടിപ്പിക്കുകയല്ലല്ലൊ വേണ്ടത്. എൻ്റെ പ്രതിഭ എന്താണെന്നതു മറ്റൊരു കാര്യമാണ്. മറ്റൊരാളുടെ നിർദ്ദേശങ്ങൾക്കു വഴിപ്പെടാനും എനിയ്ക്കിഷ്ടമാണ്. ഞാനെന്ന ഭാവം വിട്ടു സ്വയം രൂപപ്പെടുത്താനുള്ള ഒരവസരം. വിഷ്ണു മോഹൻ്റെ പടത്തിൽ എനിയ്ക്കു പത്തു ദിവസത്തെ ഷൂട്ട്. ഞാൻ സന്തുഷ്ടയാണ്. നൃത്ത പരിപാടികളുടെ തിരക്കുകൾക്കിടയിൽ ഒരു ചെയ്ഞ്ച്. അത്ര തന്നെ.
സ്റ്റേജും സെല്ലുലോയ്ഡും തമ്മിൽ
സ്റ്റേജ് വലിയൊരു സാധ്യതയാണ്. ഒരു ഇടത്തെ പല ഇടങ്ങളാക്കി ഒരു നർത്തകി മാറ്റുന്നുണ്ട്. മോഹിനിയാട്ടം കലാകാരിയായ ഞാനതു ചെയ്യുന്നതു പ്രേക്ഷക ഹൃദയങ്ങളിലാണ്. കൂടിയാട്ടവും കഥകളിയും പോലെ തന്നെ ഒരു മിനിമലിസ്റ്റിക് കലാരൂപമാണ് മോഹിനിയാട്ടം. അമൂർത്തതയെ ആസ്വാദകരുടെ ഉള്ളിലെത്തിക്കണം. ഒരു പെർഫോർമർ മാത്രമായല്ല, ഒരു ക്രിയേറ്റർ കൂടി ആയിക്കൊണ്ടാണ് വേദിയിൽ മിക്ക അവതരണങ്ങളും ഞാൻ നടത്തിയിട്ടുള്ളത്. ദീർഘകാലത്തെ പരിചയമുണ്ടെങ്കിലേ സ്ക്രിപ്റ്റും, സംഗീതവുമൊക്കെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയൂ. രണ്ടു മണിക്കൂർ നേരത്തെ കച്ചേരിയിൽ പ്രകടന മികവുകൊണ്ടു സദസ്യരെ ആകർഷിച്ചിരുത്തുകയെന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, ചലച്ചിത്ര നിർമാണം വലിയൊരു ടീംവർക്കാകുന്നു. ഓരോരുത്തരും ചെയ്യേണ്ടത് അതിൻ്റെ ചെറിയൊരു ഭാഗവും. 'കഥ ഇന്നുവരെ'യിൽ നായിക വേഷം അഭിനയിക്കുക എന്നതുമാത്രമായിരുന്നല്ലൊ എൻ്റെ ജോലി. മീഡിയം മാറുന്നതിനനുസരിച്ചു ദൃശ്യചാരുതയുടെ ദുർഗ്രഹമായ സൂക്ഷ്മാവസ്ഥ വ്യത്യാസപ്പെടുന്നു. റീയലിസ്റ്റിക് ഏക്ടിങും സ്റ്റൈലൈസ്ഡ് ഏക്ടിങും സ്റ്റേജിലും സിനിമയിലുമുണ്ട്. എല്ലാം അനായാസേന ചെയ്യാൻ സാധിക്കണം. സിനിമയിൽ നന്നായി അഭിനയിക്കുന്നവർ വേദികളിലെ നൃത്താഭിനയത്തിൽ വളരെ മോശമാകാറുണ്ട്. പ്രതിഭാശാലിയായ ഒരു ആർട്ടിസ്റ്റ് സ്റ്റേജിലും സിനിമയിലും ഒരുപോലെ വിജയമായിരിക്കണം!
വിഭിന്നമായ ആർട്ടും ക്രാഫ്റ്റും
പല രീതിയിലും നൃത്തത്തെ കാണുന്നവരുണ്ട്. അര മണിക്കൂർ അവതരണ നേരത്തു നിരവധി തവണ വസ്ത്രങ്ങൾ മാറുക, കൂടെ കുറെ വിദ്യാർത്ഥികളെ കൂട്ടുക, ചുറ്റുപാടും അനേകം സഹകാരികളുണ്ടാകുക... അത്തരത്തിലുള്ളൊരു സമീപനമല്ല എൻ്റേത്. ഞാൻ ഉപയോഗിക്കുന്നത് വളരെ വിഭിന്നമായ ആർട്ടും ക്രാഫ്റ്റുമാണ്. വേഷം മാറിയിട്ടോ, ഗ്ലാമറൈസ്ഡ് ചലങ്ങൾകൊണ്ടോ ഒന്നും നേടാനാകില്ല. വേണ്ടത് സൃഷ്ടിപരതയുള്ളതും ധിഷണാപരവുമായ പങ്കാളിത്തമാണ്. പ്രേക്ഷകരുടെ മനോനിലവാരമാണ് ഇവിടെ വളരെ നിർണായകമായ ഘടകം. അഭിനിവേശം ചാലകശക്തിയായി നിലകൊള്ളുമ്പോൾ, പ്രതിപാദനങ്ങളുടെ ജനകീയത, അതിനാൽ ലഭിയ്ക്കുന്ന പ്രതിഫലം തുടങ്ങിയവ വലിയ വിഷയങ്ങളാകുന്നില്ലല്ലൊ.
ക്ലീഷേയിൽ വീഴരുത്
സ്വന്തമായി ഒരു ഐറ്റം എഴുതുന്നു, സംവിധാനം ചെയ്യുന്നു, സാക്ഷാൽകരിക്കുന്നു, അതിനെക്കുറിച്ചു ചർച്ചകളിൽ ഏർപ്പെടുന്നു എന്നുള്ളതൊക്കയാണു നൃത്തമേഖലയിൽ സാധാരണ നടന്നുവരുന്ന കാര്യം. മറ്റുള്ളവർ ഒരുക്കുന്ന ഇനങ്ങൾ ആരും കാണാൻ പോകാറില്ല. എനിയ്ക്കു കൂടുതൽ സൗകര്യമായി തോന്നുന്നൊരു തരം അവതരണവുമായി മാത്രം ഞാൻ മുന്നോട്ടു പോകുമ്പോൾ ഞാനൊരു ക്ലീഷേയിൽ വീണുപോകാൻ സാധ്യതയുണ്ട്. എന്നാൽ മറ്റൊരാൾ എന്നെ സംവിധാനം ചെയ്യുകയാണെങ്കിൽ ആ വ്യക്തിയ്ക്ക് ഒരുപക്ഷേ എന്നിൽനിന്നു വിഭിന്നമായ ഔട്ട്പുട്ട് ലഭിയ്ക്കും. അങ്ങനെയുള്ള വിളികൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. മറ്റു മുതിർന്ന നർത്തകിമാരെ സംവിധാനം ചെയ്തു അവരിൽനിന്നു വൃത്യസ്തമായ പ്രകടനങ്ങൾ കണ്ടെത്താൻ എനിയ്ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മുടെ നൃത്തമേഖലയിൽ ഇതൊന്നും നടക്കില്ല. ഓരോരുത്തരും തൻ്റെയിടത്തു സുരക്ഷിതയാണ്. വിദ്യാർത്ഥികളുണ്ട്, ഓർക്കസ്ട്രയുണ്ട്, പരിപാടികളുണ്ട്, സ്ഥിരമായ സദസ്സുകളുമുണ്ട്. ആയതിനാൽ വിട്ടുകൊടുക്കൽ മനോഭാവം ഒട്ടുമില്ല പലർക്കും. എക്കാലത്തും നൃത്ത വൃത്തങ്ങളിലെ സംഭാഷങ്ങളെല്ലാം സങ്കുചിത മനസ്സുകളുടെ ബഹിർഗമനങ്ങളായാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്. കലാസാംസ്കാരിക രംഗങ്ങളിൽ നിരവധി കൂട്ടുപ്രവർത്തനങ്ങളിൽ ഭാഗഭാക്ക് ആയതുകൊണ്ടായിരിക്കാം ഇത്തരം സംഗതികൾ എന്നെ അലോസരപ്പെടുത്തുന്നത്. സഹപ്രവർത്തന ചിന്തകൊണ്ടുകൂടിയാണ് 'കഥ ഇന്നുവരെ'യിലെ റോൾ അഭിനയിക്കാമെന്നു ഏറ്റതും. അതൊരു മുഴുനീള കഥാപാത്രമൊന്നുമല്ലല്ലൊ!
ഗവേഷണങ്ങൾ, ഉദ്യമങ്ങൾ
എൻ്റെ ഗവേഷണങ്ങൾ മോഹിനിയാട്ടത്തിൽ നിന്നു തുടങ്ങി ഒരുപാടു വിശ്വവിശാലമായ തത്വശാസ്ത്രങ്ങളിലേയ്ക്കു മാറുന്നവയാണ്. മോഹിനിയാട്ടത്തിൽ എൻ്റെ ഗവേഷണ വിഷയം 'സെമിയോട്ടിക്സ് ഓഫ് ജെസ്റ്റേഴ്സ്' എന്നതായിരുന്നു. എന്തുകൊണ്ടാണ് നാം കൈമുദ്രകൾ ചെയ്യുന്നത്, ചിഹ്നശാസ്ത്രം എങ്ങനെയാണു വളർന്നു വികസിച്ചത്, ആരൊക്കെയാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്, അതിൻ്റെ പരിണാമ ഘട്ടങ്ങൾ എന്തൊക്കെയാണ്, പുതിയ മുദ്രകൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ മുതലായവയായിരുന്നു. കൂടാതെ, കേരള താളങ്ങളും അവ എങ്ങനെ നമ്മുടെ പാഠ്യപദ്ധതിയിലേക്കു കൊണ്ടുവരാമെന്നതും പി.എച്ച്.ഡി-യ്ക്കുള്ള ഗവേഷണ വിഷയമായിരുന്നു. അതിനു ശേഷം, ഐ.എസ്.ആർ.ഒ-വിൻ്റെ കീഴിൽ ആസ്ട്രോണമിക്കൽ സൈൻ ലേഗ്വേജ് വികസിപ്പിച്ചെടുക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെട്ടു. 'ദ ക്രോസ്സ്ഓവർ', 'സ്ത്രീപ്രേക്ഷ' മുതലായവയെല്ലാം അങ്ങനെയാണ് പിറവികൊണ്ടത്.
പഠനവൈകല്യമുള്ളവർക്കും, ചെവി കേൾക്കാത്തവർക്കും ഒരു ശാസ്ത്രീയമായ കൈത്താങ്ങാവുക എന്നതായിരുന്നു ഉദ്ദേശ്യം. ബധിരർക്ക് നൃത്തം ആസ്വദിക്കാൻ ഉതകുന്ന തരത്തിൽ കലാരൂപത്തെ മാറ്റിയെടുക്കുന്നതുൾപ്പെടെ ഇതുവരെ മോഹിനിയാട്ടത്തിൽ നാൽപതോളം വർക്കുകൾ സ്വന്തമായി സൃഷ്ടിച്ചു അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം വയസ്സു മുതൽ ഞാൻ കോറിയോഗ്രാഫി ചെയ്തു തുടങ്ങിയിരുന്നു. നാൽപത്തിയെട്ടാം വയസ്സിലും ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും നൃത്ത സംവിധാനകലയുടെ സർഗവഴികൾ തന്നെ. 'ഹൃദയസൂത്രം', 'ചിലപ്പതികാരം', 'ഗോപികാകൃഷ്ണ സംവാദം', 'ശ്രീചക്രം', 'പീലിപ്പാട്ട്'... പട്ടിക നീണ്ടുപോകുന്നു. പലതും ഇതുവരെയും ഡോക്യുമെൻ്റ് ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. സർഗ തരംഗങ്ങൾ നിലക്കാതെയെത്തുന്നു. സൃഷ്ടിമണ്ഡലത്തിൽ എൻ്റെ അതിർത്തി ആകാശമാണ്!