Image

അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )

Published on 29 October, 2024
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )

എബിസിഡി യിൽ ദുൽഖർ സൽമാന്റെ അമ്മയായി വേഷമിട്ടിട്ടും 'രണത്തിൽ' പൃഥ്വിരാജിനൊപ്പവും ' മൺസൂൺ മംഗോസിൽ' ഫഹദ് ഫാസിലിനൊപ്പവും അഭിനയിച്ചിട്ടും, സജിനി സക്കറിയയെ കൂടുതൽ പ്രേക്ഷകരും തിരിച്ചറിയുന്നത് അക്കരക്കാഴ്ചകൾ എന്ന സിറ്റ്കോമിലെ റിൻസി ആയിട്ടാണ്. തന്നിലെ കലാകാരിയെ വാർത്തെടുത്ത അമേരിക്കൻ മണ്ണിൽ കൂടുതൽ കലാപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനാണ് ഇവരുടെ ആഗ്രഹം. നാടകത്തിലെയും മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും അനുഭവങ്ങളും കുടുംബവിശേഷങ്ങളും ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നു... 

 അമേരിക്കയിലേക്ക്? 

1959ൽ പപ്പ ഫിലിപ്പ് കുരുവിള ബഹറിനിൽ പോയതുകൊണ്ട് പ്രവാസജീവിതം ഞങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. അദ്ദേഹം മിഡിൽ ഈസ്റ്റിൽ സൗദി ഒഴികെ എല്ലാ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മമ്മി റബേക്ക കുരുവിളയാണ് എന്റെ ഏറ്റവും വലിയ ശക്തി.പപ്പാ ഇന്ന് ജീവിച്ചിരിപ്പില്ല.മമ്മി ഇപ്പോഴും കൂടെയുണ്ട്.

1986 ൽ അമ്മയുടെ സഹോദരൻ സ്പോൺസർ ചെയ്താണ്  അമേരിക്കയിൽ വന്നത്. വന്നുടനെ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്നതുകൊണ്ട് ആദ്യകാലത്ത് അമേരിക്കൻ മലയാളികൾ നേരിടുന്ന ക്ലേശങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.1990ൽ അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. ഭർത്താവ് ജോൺ സക്കറിയ ഫിനാൻഷ്യൽ അഡ്വൈസറായി ജോലി ചെയ്യുകയാണ്.മകനും ആ മേഖലയിലാണ്.റാന്നിക്കടുത്ത് കുമ്പളംപൊയ്ക എന്ന സ്ഥലത്താണ് ഭർതൃഗൃഹം.


വിദ്യാഭ്യാസകാലയളവിൽ കലാരംഗത്ത് പ്രവർത്തിച്ചിരുന്നോ?

 ദോഹയിലെ സ്‌കൂളിലാണ് ആദ്യം ചേർന്നത്.ഒന്നാം ക്ലാസ് ആയപ്പോൾ നാട്ടിലേക്ക് വന്നു. വീട് തിരുവല്ലയിലാണെങ്കിലും വളർന്നതൊക്കെ തിരുവനന്തപുരത്താണ്.സെന്റ് തോമസ് സ്‌കൂളിൽ നിന്നാണ് എസ്എസ്എൽസി പാസായത്. ബാംഗ്ലൂർ ജ്യോതിനിവാസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും മാർ ഇവാനിയോസ് കോളജിൽ നിന്ന്  ബി.എസ്.സിയും (മാത്‍സ്) പൂർത്തിയാക്കി. സ്‌കൂളിൽ വച്ച് ഒരു നാടകത്തിൽ അഭിനയിച്ചതാണ് നാട്ടിൽ വച്ചുള്ള ഏക കലാപ്രവർത്തനം.

സജിനിയിലെ കലാകാരിയെ വാർത്തെടുത്തത് അമേരിക്കയാണോ?

അങ്ങനെ വേണം കരുതാൻ.ന്യൂജേഴ്‌സിയിൽ വന്നതുമുതൽ ഇവിടത്തെ പള്ളിയുടെ ക്വയറിൽ സജീവമാണ്.ഒരു കാരൾ സർവീസിന് പാടാൻ നിന്നപ്പോൾ അതുകണ്ട പി.ടി.ചാക്കോ (മലേഷ്യ) എന്ന വ്യക്തിയാണ് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്.അങ്ങനെ, അദ്ദേഹം ചെയ്ത മ്യൂസിക്കൽ പ്ലേയിൽ അഭിനയിച്ചു.പിന്നീട്, ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഫൈൻ  ആർട്സ് മലയാളം എന്ന പേരിലൊരു ക്ലബ് തുടങ്ങി.അതിലെ നാടകം കണ്ടാണ് അക്കരക്കാഴ്ചകൾ ഒരുക്കിയ അബിയും അജയനും അതിലെ റിൻസി ആകാൻ ക്ഷണിച്ചത്. അതിനുമുൻപ് രാജീവ് അഞ്ചലിന്റെ ഒരു പ്രോജക്ടിൽ സഹകരിച്ചിരുന്നു.

അക്കരക്കാഴ്ചകളിലെ അനുഭവം?

ടെലിവിഷൻ രംഗത്ത് കാര്യമായ പരിചയം ഇല്ലാത്തവരായിരുന്നു ഞങ്ങൾ എല്ലാവരും.അതുകൊണ്ട്,ടീം ഒന്നടങ്കം കൂളായിരുന്നു. ഒരു ടെൻഷനുമില്ലാതെ പരസ്പരം സഹകരിച്ചും ചർച്ചചെയ്തും ആസ്വദിച്ചുമാണ്  ആ വേഷം ചെയ്തത്. ഓരോ സിറ്റുവേഷൻ പറഞ്ഞിട്ട് അതനുസരിച്ച് ചെയ്യാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അഭിനയിക്കുകയാണെന്ന് ചിന്തിക്കാതെയാണ് പലപ്പോഴും  ഞങ്ങൾ പെർഫോം ചെയ്തിരുന്നത്.റിയൽ ലൈഫിലെ ഡയലോഗുകൾ ഉപയോഗിച്ചതുകൊണ്ടാകാം ഇപ്പോഴത്തെ തലമുറ പോലും അത് ഏറ്റെടുക്കുന്നത്. 

നാടകവും ടെലിവിഷനും ബിഗ് സ്ക്രീനും തമ്മിലുള്ള വ്യത്യാസം?

നാടകത്തിൽ അഭിനയിക്കുമ്പോൾ അതുകാണുന്ന വളരെ കുറച്ച് പ്രേക്ഷകർ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളു.'അക്കരക്കാഴ്ചകൾ' ചെയ്തതോടെ കേരളത്തിലും ബാംഗ്ലൂരിലും എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വച്ച് മലയാളികൾ ഓടിവന്ന് അവരുടെ സ്നേഹം അറിയിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.പൃഥ്വിരാജിന്റെ രണം,ദുൽഖർ സൽമാന്റെ എബിസിഡി,ഫഹദ് ഫാസിലിന്റെ  മൺസൂൺ മാംഗോസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ തന്നെ ചിത്രീകരിച്ചതുകൊണ്ടാണ് ആ അവസരങ്ങൾ സ്വീകരിക്കാൻ സാധിച്ചത്. ഓരോ ചിത്രങ്ങളും പുതിയ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ട്. ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചം എന്ന ചിന്തയില്ല.ഇതുവരെ ലഭിച്ച വേഷങ്ങൾ ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത്. 

എബിസിഡിയിൽ ദുൽഖറിനും ഗ്രിഗറിക്കുമൊപ്പം?

ദുൽഖറിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്.ഞങ്ങളുടെ വീട്ടിൽ കുറച്ചുഭാഗം ഷൂട്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ച് മടുത്തെന്നുപറഞ്ഞപ്പോൾ, ദുൽഖറിന് അപ്പവും മുട്ടക്കറിയും ഉണ്ടാക്കിക്കൊടുത്തതാണ് മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മ. അക്കരക്കാഴ്ചകളിൽ ഞങ്ങളോടൊപ്പം അഭിനയം പഠിച്ചുവന്ന ഗ്രിഗറിയും ആ ചിത്രത്തിലൂടെ മലയാളസിനിമയിൽ വേരുറപ്പിച്ചതാണ് മറ്റൊരു സന്തോഷം.പണ്ടത്തെ അതേസ്‌നേഹമാണ് ഗ്രിഗറിക്ക് ഇപ്പോഴും.

ജോലി?

ഞാനിവിടെ റിലേഷൻഷിപ്പ് ബാങ്കറായാണ് പ്രവർത്തിക്കുന്നത്.കസ്റ്റമേഴ്‌സിനെ അക്കൗണ്ട് തുറക്കാനും അനുബന്ധ കാര്യങ്ങൾക്കും സഹായിക്കുന്നതും അവരുമായി ഇടപഴകുന്നതും എനിക്കിഷ്ടമാണ്.

സംഘടനകളിൽ സജീവമാണോ?

ഫോമാ,കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി പോലുള്ള അസ്സോസിയേഷനുകളിൽ ചേർന്ന്  പ്രവർത്തിക്കാറുണ്ട്. പള്ളിയുടെ കാര്യങ്ങളിലും സജീവമാണ്. മിത്രാസിന്റെ പരിപാടികളിലും കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി സഹകരിക്കുന്നുണ്ട്.

നടിയെന്ന നിലയിൽ സംതൃപ്തി തോന്നിയ അനുഭവം?

വിഷാദത്തിലൂടെ കടന്നുപോകുമ്പോൾ അക്കരക്കാഴ്ചകൾ കാണുന്നത് വലിയ ആശ്വാസമാണെന്ന് പലരും പറഞ്ഞത് വളരെ സന്തോഷം നൽകിയ അനുഭവമാണ്. പരിചയംപോലുമില്ലാത്ത ആളുകളുടെ ജീവിതത്തിൽ സാന്ത്വനം പകരാൻ കലയിലൂടെ സാധിക്കുന്നത് സാർത്ഥകമായി കരുതുന്നു.കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സമയത്ത് വർഷങ്ങൾക്കിപ്പുറം ആരാധാകരെ സമ്പാദിക്കുന്ന പരമ്പരയായി അത് മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. യൂട്യൂബിൽ കണ്ട് പുതുതലമുറയിൽപ്പെട്ടവരും ജോർജേട്ടനെയും റിൻസി ചേച്ചിയും നെഞ്ചോട് ചേർക്കുന്നത് വലിയൊരു അംഗീകാരമായി കാണുന്നു.സഹോദരങ്ങളായ ആൻ മാത്യൂസും(ഡോളി), ഫിലിപ്പ് കുരുവിളയും  (സജീവ് ) ഡോക്ടർമാരാണ്. ഡോളി അക്കരക്കാഴ്ചകളിൽ ഒരു എപ്പിസോഡ് ചെയ്തിരുന്നു.

കുടുംബത്തിന്റെ പിന്തുണ?

അക്കരക്കാഴ്ചകളുടെ  സമയത്ത് മക്കൾ ചെറുതായിരുന്നു. പപ്പയും മമ്മിയുമാണ് ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ അവരെ നോക്കിയിരുന്നത്.ഭർത്താവും മക്കളും അന്നുമിന്നും കട്ട സപ്പോർട്ടാണ്.മക്കളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു.മകൻ അലക്സ്, മരുമകൾ ശിവോൺ, മകൾ ലൂത്ത്, മരുമകൻ ജെറി, ചെറുമകൾ സവാന.രണ്ടുവയസുകാരി സവാനയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്നതാണ് ഇപ്പോൾ എന്റെ പ്രധാന വിനോദം.

ഭാവിപരിപാടികൾ?

ഫൈൻ ആർട്സ്  മലയാളത്തിന്റെ അടുത്ത നാടകം നവംബർ  രണ്ടിനാണ്. ക്ലബ്ബിൽ അംഗങ്ങളല്ലാത്ത കലാകാരന്മാരെ കണ്ടെത്തിയും അവസരം നൽകാറുണ്ട്. 500 പേർക്ക് ഇരിക്കാവുന്ന സ്‌കൂൾ ഓഡിറ്റോറിയമാണ് ബുക്ക് ചെയ്തിരിക്കുന്നത്. പ്രവേശനം ടിക്കറ്റ് നല്കിക്കൊണ്ടായിരിക്കും. ജോലി കഴിഞ്ഞ് വന്നിട്ടാണ് അതിന്റെ പ്രാക്ടീസ് നടത്തുന്നത്.വാരാന്ത്യങ്ങളിലും റിഹേഴ്സൽ തിരക്കാണ്.രണ്ടുമണിക്കൂർ ദൈർഘ്യമുള്ള നാടകം കാണാതെ പഠിച്ചുവേണം ചെയ്യാൻ.  അഭിനയം ഒക്കെ വിട്ട് വീട്ടുകാര്യങ്ങൾ നോക്കി മാത്രം ഇരുന്നാലോ എന്ന് ഭർത്താവിനോടും മക്കളോടും ചോദിച്ചതാണ്. ഈ ഭാഗ്യം എല്ലാവർക്കും  ലഭിക്കില്ലെന്നായിരുന്നു അവരുടെ ഉപദേശം. അത് സത്യവുമാണ്. ആരോഗ്യമുള്ള കാലത്തോളം കലയിലൂടെ നമ്മുടെ സംസ്കാരം പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹം.പ്രേക്ഷകർ നൽകുന്ന സ്നേഹവും പ്രോത്സാഹനവുമാണ് അതിനുള്ള ഊർജ്ജം.എവിടെച്ചെന്നാലും റിൻസി ചേച്ചി എന്നുപറഞ്ഞ് ആരെങ്കിലും പരിചയപ്പെടാൻ വരുന്നത് സന്തോഷമുള്ള കാര്യമാണ്.ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ എല്ലാവർക്കും സാധിക്കില്ലല്ലോ!

see also: ജോസ് വലിയകല്ലുങ്കൽ: അക്കരക്കാഴ്‌ച നൽകിയ താരപദവി (മീട്ടു റഹ്മത്ത് കലാം) 

അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
അക്കരക്കാഴ്ചകളിലെ 'റിൻസി' (മീട്ടു റഹ്മത്ത് കലാം )
Join WhatsApp News
George Thumpayil 2024-10-29 03:44:34
Very nice Sajini.
Sajini Sachariah 2024-10-29 14:10:22
Thank you. 🙏🏼
Mini 2024-10-29 15:40:53
Rrrrincy chechy ... Wish they continued akkarakazhakal. It's our all-time favorite tv show.
M A ജോർജ്ജ്. 2024-10-29 17:57:58
കിട്ടുന്ന ഓരോ ഡോളറിനും പ്രത്യേകം കണക്കു വെയ്ക്കുന്ന ഇൻഷുറൻസ് ഏജൻ്റ് ജോർജും , മക്കളുടെ കാര്യം കഴിഞ്ഞിട്ട് മതി സമ്പാദ്യം എന്നു പറയുന്ന റിൻസിയും ഒരിയ്ക്കലും മറക്കാത്ത കഥാപാത്രങ്ങളാണ്. അഭിനന്ദനങ്ങൾ.
Mary mathew 2024-10-29 21:27:05
Never forget Rincy and George Thekkummuttil Then Gregory and two kids ,Appachan,come back
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക