കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം നേതൃത്വം ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
എഡിഎമ്മിനെ ദിവ്യ അപമാനിക്കാൻ ശ്രമിച്ചെന്ന് കോടതി;വിധിയിൽ ഗുരുതര നിരീക്ഷണം
കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കോടതിയുടേത് 38 പേജുള്ള വിധിപകർപ്പാണ്. എഡിഎമ്മിനെ അപമാനിക്കലായിരുന്നു പി പി ദിവ്യയുടെ ലക്ഷ്യമെന്ന് വിധിപകർപ്പിൽ എടുത്ത് പറയുന്നു. കേസിൽ പി പി ദിവ്യക്ക് വ്യക്തമായ പങ്കുണ്ട്. അപക്വമായ നടപടിയാണ് നവീൻ ബാബുവിനെതിരെ പി പി ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.
ദിവ്യ തകർത്തത് ഞങ്ങളുടെ ജീവിതം, പരമാവധി ശിക്ഷ ലഭിക്കണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ
പത്തനംതിട്ട: ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ജുഷ.
ഈ വേദിയിലല്ല അതു സംസാരിക്കേണ്ടതെന്ന് ദിവ്യയോട് കലക്ടര്‍ക്ക് പറയാമായിരുന്നു. കലക്ടര്‍ക്ക് വേറെ വേദിയൊരുക്കാമായിരുന്നു. റവന്യൂ വകുപ്പില്‍ ഏറ്റവും നല്ലനിലയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു. ഇക്കാര്യം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം. പമ്പുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ല. മനപ്പൂര്‍വം ഫയല്‍ താമസിപ്പിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ. നവീന്‍ബാബുവിനെ മരണശേഷം മോശക്കാരനാക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം നിങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതല്ലേയെന്ന് മഞ്ജുഷ പ്രതികരിച്ചു.
'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്‌തേ പറ്റൂ. ആത്മഹത്യയെങ്കില്‍ നോട്ട് ഉണ്ടാകേണ്ടതാണ്. പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനായി നിയമപോരാട്ടവുമായി ഏതറ്റം വരെയും പോകുമെന്നും' നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
ആഗ്രഹിച്ച വിധി ; ദിവ്യയെ നേരത്തേ പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു എന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. ദിവ്യയെ പൊലീസിന് തുടക്കത്തിലേ അറസ്റ്റ് ചെയ്യാമായിരുന്നു. വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് കുടുംബം ഇറങ്ങിയത്. ഏതറ്റം വരെ പോകാനും കുടുംബം ഒരുക്കമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നു. പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ ചെയ്തില്ല. ഈ നിമിഷവും അറസ്റ്റ് ചെയ്യാം. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനൊന്നുമല്ല. അതുകൊണ്ടു തന്നെ പാര്‍ട്ടി നേതൃതത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. കേസ് സത്യസന്ധമായ അന്വേഷണം നടക്കുക, പുതിയ കുറ്റപത്രം നല്‍കുക തുടങ്ങിയവയാണ് കുടുംബം ആഗ്രഹിക്കുന്നത് പ്രവീൺ ബാബു വ്യക്തമാക്കി.
പി പി ദിവ്യയ്ക്ക് ജാമ്യമില്ല ; മുൻകൂർ ജാമ്യാപേക്ഷ തള്ളി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു.
പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതില്‍ പേരുകളും പദവികളും തെറ്റായി നല്‍കിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
നവീന്‍ബാബു കൈക്കൂലി വാങ്ങിയെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് പിപി ദിവ്യ ചെയ്തതെന്നു കുടുംബം കോടതിയില്‍ പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎമ്മിനെതിരെ ഒരു പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അവര്‍ക്ക് കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാമായിരുന്നു. അല്ലെങ്കില്‍ സംരംഭകനെ കൊണ്ട് പരാതി നല്‍കിക്കാമായിരുന്നു. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി.ദിവ്യ യോഗത്തിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. മാധ്യമപ്രവര്‍ത്തകനെ വിളിച്ച് യോഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ദിവ്യ പിന്നീട് ആവശ്യപ്പെട്ടു. ദിവ്യയുടെ വ്യക്തിഹത്യയാണ് നവീന്‍ബാബുവിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് പി പി ദിവ്യ ഒളിവിൽ തുടരുകയാണ്.