Image

തത്വാധിഷ്‌ഠിതം: 'വാഷിംഗ്‌ടൺ പോസ്റ്റ്' തീരുമാനം നിഷ്‌പക്ഷത ഉറപ്പിക്കാനെന്നു ജെഫ് ബെസോസ് (പിപിഎം)

Published on 29 October, 2024
തത്വാധിഷ്‌ഠിതം: 'വാഷിംഗ്‌ടൺ പോസ്റ്റ്' തീരുമാനം നിഷ്‌പക്ഷത ഉറപ്പിക്കാനെന്നു ജെഫ് ബെസോസ് (പിപിഎം)

ഈ വർഷം ഒരു പ്രസിഡന്റ് സ്ഥാനാർഥിയെയും പിന്തുണയ്‌ക്കേണ്ടതില്ല എന്ന തീരുമാനം 'വാഷിംഗ്‌ടൺ പോസ്റ്റ്' എടുത്തത് അത്തരമൊരു എൻഡോഴ്‌സ്‌മെന്റ് പക്ഷപാതപരമായി വ്യാഖ്യാനിക്കപ്പെടും എന്നതു കൊണ്ടാണെന്നു പത്രം ഉടമയായ ശതകോടീശ്വരൻ ജെഫ് ബെസോസ് പറഞ്ഞു.

തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ അതൊരു തത്വാധിഷ്‌ഠിത തീരുമാനം ആണെന്നും അതാണ് ശരിയെന്നും ആമസോൺ സ്ഥാപകൻ വ്യക്തമാക്കി.

"പ്രസിഡന്റ് സ്ഥാനാർഥിയെ പത്രം പിന്തുണച്ചാൽ തിരഞ്ഞെടുപ്പിന്റെ ഫലം മാറാൻ പോകുന്നില്ല," ബെസോസ് എഴുതി. "പത്രം പറഞ്ഞതു കൊണ്ട് ഞാൻ വോട്ട് ചെയ്യുന്നുവെന്നു പെൻസിൽവേനിയയിൽ ആരും പറയാൻ പോകുന്നില്ല.

"പത്രങ്ങളുടെ പിന്തുണ യഥാർഥത്തിൽ ഒരു ചായ്‌വ് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്രമല്ല എന്ന തോന്നൽ."

പോസ്റ്റിന്റെ തീരുമാനം അകത്തും പുറത്തും പൊട്ടിത്തെറി ആയിരുന്നു. പത്രാധിപ സമിതിയിലെ പല അംഗങ്ങളും രാജി വച്ചപ്പോൾ 200,000 വരിക്കാരെങ്കിലും പത്രം നിർത്തി. 

കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന പ്രഖ്യാപനത്തിന്റെ കരട് തയാറാക്കി ബെസോസിന്റെ അംഗീകാരത്തിനു പത്രാധിപ സമിതി കാത്തു നിൽക്കുമ്പോഴാണ് അതു വേണ്ടെന്ന തീരുമാനം ഉണ്ടായത്. ബെസോസിന്റെ ഭീരുത്വമാണ് ആ തീരുമാനമെന്ന് ഒരു മുൻ എഡിറ്റർ വിമർശിച്ചിരുന്നു.

പത്രങ്ങളെ ജനങ്ങൾ പണ്ടേപ്പോലെ വിശ്വസിക്കുന്നില്ലെന്നു ബെസോസ് പറഞ്ഞു. "വിശ്വാസ്യത ഉണ്ടാവാൻ കഠിനാധ്വാനം നടത്തേണ്ടതുണ്ട്. നമ്മൾ കൃത്യമായി എഴുതണം. അങ്ങിനെയാണ് എഴുതുന്നതെന്നു മറ്റുള്ളവർക്കു തോന്നണം. അക്കാര്യത്തിൽ നമ്മൾ പരാജയപ്പെടുന്നു എന്ന സത്യം കഴിക്കാൻ കയ്‌പുള്ള ഗുളികയാണ്.

"അധികം ആളുകളും കരുതുന്നതു മാധ്യമങ്ങൾ പക്ഷം പിടിക്കുന്നു എന്നാണ്. യാഥാർഥ്യങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്നവർ തോൽക്കുക തന്നെ ചെയ്യും."

ബെസോസിന് കമ്പനിയിലെ ഉദ്യോഗസ്ഥരെ ഡൊണാൾഡ് ട്രംപ് കണ്ടുവെന്നും പിന്നീട് അദ്ദേഹവും ബെസോസുമായി ധാരണ ഉണ്ടാക്കിയെന്നും എഡിറ്റർ-അറ്റ്-ലാർജ് റോബർട്ട് കഗാൻ ആരോപിച്ചത് പരാമർശിച്ചു ബെസോസ് പറഞ്ഞു: " ഞങ്ങളുടെ പ്രഖ്യാപനം വന്ന അന്ന് അങ്ങിനെയൊരു കൂടിക്കാഴ്ച ഉണ്ടായത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ ഞാൻ നെടുവീർപ്പിട്ടു. വിമർശകർക്ക് ഉപയോഗിക്കുന്ന ആയുധമാവും അതെന്നു എനിക്കു മനസിലായി. തത്വാധിഷ്‌ഠിത തീരുമാനമാണെന്നു പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല എന്ന സ്ഥിതിയായി."

Jeff Besos explains Washington Post decision 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക