രാഷ്ട്രീയ പീഡനവും കൊടും ദാരിദ്ര്യവും ഉൾപ്പെടെയുള്ള ദുരിതങ്ങളിൽ നിന്നു പലായനം ചെയ്യുന്നവർക്ക് അഭയം നൽകുന്ന രാജ്യമായിരുന്നു അമേരിക്ക. എന്നാൽ ഇനി അങ്ങിനെ തന്നെ ആവണമെന്നില്ല -- നവംബർ 5 തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും.
കുടിയേറ്റക്കാരുടെ രാജ്യമെന്ന കീർത്തി പാശ്ചാത്യ ജനാധിപത്യ രാഷ്ട്രത്തിനുണ്ടെന്നു ‘ന്യൂ യോർക്ക് ടൈംസ്’ ചൂണ്ടിക്കാട്ടുന്നു. അഭയം തേടി വരുന്നവർക്കു വാതിൽ തുറന്നു കൊടുക്കേണ്ട കടമ യുഎസിനുണ്ട്. എന്നാൽ ഇമിഗ്രെഷൻ അഭിഭാഷകരും പണ്ഡിതരും മുൻ ഫെഡറൽ ഉദ്യോഗസ്ഥരും പറയുന്നത് നിലവിൽ പൊളിഞ്ഞു കിടക്കുന്ന ഈ സംവിധാനം ഇന്നത്തെ രീതിയിൽ തുടരാനാവില്ല എന്നാണ്. അതിനോട് യോജിക്കുന്ന ഡൊണാൾഡ് ട്രംപും കമലാ ഹാരിസും വ്യത്യസ്തമായ രീതിയിലാണ് പക്ഷെ അതിനെ സമീപിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാട് കടത്തുകയും അഭയാർഥികളെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നു ട്രംപ് ഉറപ്പു നൽകുന്നു. പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കൊണ്ടുവന്ന ഫലപ്രദമായ നിയന്ത്രണങ്ങൾ തുടരുമെന്നു ഹാരിസ് വാക്കു നൽകുന്നു.
തെക്കൻ അതിർത്തി കടന്നു വരുന്ന ഏതു അഭയാർഥിക്കും സംരക്ഷണത്തിനു അപേക്ഷിക്കാൻ അവകാശം നൽകുന്ന രാജ്യമാണ് യുഎസ്. മതം, വംശം, രാഷ്ട്രീയ അഭിപ്രായം, ദേശീയത എന്നിങ്ങനെയുള്ള ഘടകങ്ങളുടെ പേരിൽ പീഡനം അനുഭവിക്കുന്നവർക്കു യുഎസ് അഭയം നൽകി വന്നു. കമ്മ്യുണിസ്റ് ഭരണകൂടങ്ങളിൽ നിന്നു പലായനം ചെയ്തവർ അതിൽ ഏറെയുണ്ട്.
പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് ആ സംവിധാനം പൊളിച്ചെഴുതാൻ തുടക്കം കുറിച്ചു. അഭയം തേടി വരുന്നവർക്ക് അകത്തു കടക്കാൻ കഴിയാത്ത വിധം നിയമങ്ങൾ കർക്കശമാക്കി. കുടിയേറ്റ കോടതികളുടെ കൈകൾ കെട്ടുകയും ചെയ്തു. 2020ൽ കോവിഡ് വ്യാപിച്ചതോടെ അറിയപ്പെടാത്ത ആരോഗ്യ നിയമം കൊണ്ടു വന്നു പ്രവേശനം പാടെ നിഷേധിച്ചു.
കുടിയേറ്റ നിയമം പുതുക്കാൻ ഇരു കക്ഷികളും യോജിച്ചുണ്ടാക്കിയ ബിൽ കോൺഗ്രസിൽ തടഞ്ഞിട്ടത്തും ട്രംപ് തന്നെ. ബൈഡൻ ഭരണകൂടത്തിന്റെ കൈകെട്ടാനും പിന്നാലെ വരുന്ന തിരഞ്ഞെടുപ്പിൽ അത് മുതലാക്കാനും ആയിരുന്നു ലക്‌ഷ്യം.
പരിഷ്കരണം ഇല്ലാതായതോടെ അഭയാർഥികളുടെ അപേക്ഷകൾ കുന്നുകൂടി. 2024ൽ തീർപ്പുണ്ടായത് 3% അപേക്ഷകളിലാണ്.
ബൈഡൻ ഭരണത്തിൽ അഭയാർഥികളുടെ വരവ് വർധിച്ചു. സംവിധാനം പരാജയമായി എന്ന കാഴ്ചപ്പാട് അങ്ങിനെയാണ് ഉണ്ടായത്.
ജനങ്ങളിലും അഭയാർഥികൾക്കെതിരായ ചിന്താഗതി വളർന്നു. വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നു ഭൂരിപക്ഷം പേരും ചിന്തിക്കുന്നു.
ട്രംപ് വീണ്ടും വന്നാൽ അഭയാർഥികൾ പിന്നെ യുഎസ് മണ്ണിൽ കാലുകുത്തുകയില്ലെന്നു മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഹാരിസ് വന്നാൽ കുറച്ചു നിയന്ത്രണങ്ങൾ ഉണ്ടാവാം, പക്ഷെ വാതിൽ കൊട്ടിയടക്കില്ല.
US asylum system will change drastically