യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിനായി 10,000ത്തോളം സൈനികരെ റഷ്യയിലേക്ക് ഉത്തര കൊറിയ അയച്ചതായി അമേരിക്ക. കിഴക്കൻ റഷ്യയിലേക്ക് അയച്ചിരിക്കുന്ന 10,000 ഉത്തരകൊറിയൻ സൈനികരിൽ ചിലരെയുക്രേനിയൻ അതിർത്തിയിലേക്ക് വിന്യസിച്ചതായി പെന്‍റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു. ഇതോടെ റഷ്യയുടെ യുക്രെയ്ൻ യുദ്ധം വ്യാപകമാകുമെന്ന ആശങ്ക ഏറുകയാണ്.
‘ഈ സൈനികരെ യുദ്ധത്തിൽ ഉപയോഗിക്കാനോ അതിർത്തിക്കടുത്തുള്ള റഷ്യയുടെ കുർസ്ക് ഒബ്ലാസ്റ്റിൽ യുക്രേനിയൻ സേനക്കെതിരായ പോരാട്ട പ്രവർത്തനങ്ങളെ പിന്തുണക്കാനോ റഷ്യ ലക്ഷ്യമിടുന്നുവെന്നും ഇതിൽ ഞങ്ങൾ കൂടുതൽ ആശങ്കാകുലരാണെന്നും’ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉത്തര കൊറിയൻ സൈനിക വിന്യാസം തന്‍റ രാജ്യത്തിന്റെ ദേശീയ സുരക്ഷക്കും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോൾ പ്രതികരിച്ചു. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള നിയമവിരുദ്ധ സൈനിക സഹകരണമാണിതെന്നും അദ്ദേഹം അപലപിച്ചു.
ഉത്തരകൊറിയൻ വിന്യാസം യുക്രെയ്ൻ സംഘർഷത്തിലെ ഗുരുതരമായ ഇടപെടലിനെ പ്രതിനിധീകരിക്കുന്നുവെന്നും യുദ്ധത്തിന്റെ അപകടകരമായ വികാസം ആണിതെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രതികരിച്ചു.