Image

സ്വയമറിയാത്ത ദൈവം (കവിത: ഇയാസ് ചൂരൽമല)

Published on 29 October, 2024
സ്വയമറിയാത്ത ദൈവം (കവിത: ഇയാസ് ചൂരൽമല)

അസ്ഥിതത്തിന്റെ 
നനവ് തേടിയൊരു വേര് 
ഓടിയ വഴികളെല്ലാം 
തിരികെ നടന്നു 
ഭൂമിക്കുവെളിയിലേക്ക് 
തലയൊന്നു പൊക്കി

ഇരുളാർന്ന 
തരിശു നിലമതിൽ 
തനിച്ചായിരുന്നു 
നിൽപ്പെന്നുള്ള സത്യം 
ഭൂമിക്കടിയിലെ 
ദൂരം തിരയാത്ത 
സൗഹൃദങ്ങളിൽ നിന്നും 
പുറത്തെത്തിയപ്പോഴാണറിഞ്ഞത്

തലങ്ങും വിലങ്ങും വളർന്ന 
ചില്ലയിലെ കൂടും, പറവകളും 
പറഞ്ഞു തന്നപ്പോഴാണ് 
തിരികെ നടന്ന ദൂരമെത്ര 
കണക്ക് കൂട്ടിയിട്ടും 
കൂട്ടിമുട്ടാത്ത ആയുസിന്റെ 
കണക്കുകൾ ഒത്തുചേർന്നത്

നട്ട തലമുറയെ 
കണ്ടുമുട്ടിയില്ലെങ്കിലും 
തണലുകൊള്ളും 
തലമുറയുടെ 
ചിത്രത്തിലും, ചിരിയിലും 
ആശ്വാസം കൊണ്ടു

ഒന്നു രണ്ടു തവണ 
സൂക്ഷിച്ചു നോക്കിയപ്പോഴാണ് 
അടിവേരുകൊണ്ട് 
സൗഹൃദം പറഞ്ഞ 
കൂട്ടുകാർക്കൊന്നും 
ഉടലും തലയുമില്ലെന്നൊരു 
വാസ്തവം ഞെട്ടിച്ചു കളഞ്ഞത്!

അറുത്തുമാറ്റിയ തുടിപ്പിന്റെ
കനലണയാത്തതിൽ 
നനവ് തട്ടിമുളച്ച
ഇത്തിരി തലപ്പൊന്നടുത്തേക്ക് 
ചുണ്ടുവെച്ചൊരു 
സ്വകാര്യം പറഞ്ഞതിൽ 
വിത്തായ കാലം മുതലുള്ള 
ചിത്രങ്ങളൊക്കെയും നെറുകയിൽ 
ഒന്ന് മിന്നി തുടിച്ചു.

ആരോ പറഞ്ഞു വെച്ചൊരു 
വിശ്വാസവും, ദൈവവും 
തന്നിലുണ്ടെന്ന 
കാരണത്താലാണത്രേ 
ഒരീർച്ചവാളിന്റെ മൂർച്ചയും 
തന്നെ തിന്നാൻ തുനിയാത്തത്!

നനവ് പകർന്നൊരു 
ദൈവത്തെ കാണാൻ 
തലപൊക്കി നോക്കിയ 
വേരിൻ തലപ്പാവട്ടെ 
സ്വയം ദൈവമാണെന്നൊരു 
പരിഹാസ്യം കേട്ടതും 
വന്നവഴി തന്നെ മണ്ണിലേക്ക് 
തലപൂഴ്ത്തിയോടി...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക