ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.
അതുകൊണ്ട് തന്നെയാണ് 'ട്രൂത്ത് മാംഗല്യം' സമൂഹവിവാഹത്തില്‍ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടത്. പ്രിയപ്പെട്ടവനില്ലാതെ ശ്രുതി വന്നു, വേദിയിലെത്തിയ ശ്രുതിയെ മമ്മൂക്ക ചേർത്തുപിടിച്ചു, ശ്രുതിക്കും ജെൻസണിനും വേണ്ടി കരുതിവച്ചതെല്ലാം ശ്രുതിക്ക് തന്നെ മമ്മൂക്ക കൈമാറി. മലയാളികളെ മുഴുവൻ സന്തോഷത്താല്‍ ഈറനണിയിപ്പിച്ച മുഹൂർത്തങ്ങള്‍ക്ക് ആ സമൂഹവിവാഹവേദി സാക്ഷിയായി.
40 യുവതി യുവാക്കളുടെ വിവാഹം നടത്തുന്ന ചടങ്ങായിരുന്നു ട്രൂത്ത് മാംഗല്യം. ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂട്ടിയുടെ സുഹൃത്തുമായ സമദാണ് ചടങ്ങിന് നേതൃത്വം വഹിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ സംഭവിച്ചതിന് പിന്നാലെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ ജെൻസണ്‍ ചേർത്തുനിർത്തിയ വാർത്തകള്‍ മാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയപ്പോള്‍ ട്രൂത്ത് മാംഗല്യത്തിന്റെ വേദിയില്‍ അവർക്കായി ഒരിടം ഒരുക്കണമെന്ന് സമദിനോട് അഭ്യർത്ഥിച്ചത് മമ്മൂട്ടിയായിരുന്നു. അങ്ങനെ ജെൻസണിന്റയും ശ്രുതിയുടെയും വിവാഹത്തിന് തയ്യാറെടുക്കുമ്ബോഴായിരുന്നു വിധി വീണ്ടും വില്ലനായത്. വാഹനാപകടത്തില്‍ ജെൻസണ്‍ വിടപറഞ്ഞു.. എങ്കിലും ആ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെ ക്ഷണിക്കണമെന്നും അവരുടെ വിവാഹത്തിനായി കരുതിവച്ചത് കൈമാറണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ട്രൂത്ത് മാംഗല്യ വേദയില്‍ ഇന്ന് ശ്രുതി എത്തിയത്. "ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം"- ഇതായിരുന്നു ശ്രുതിയോട് മമ്മൂക്ക പറഞ്ഞ വാക്കുകള്‍.
മമ്മൂട്ടിക്കൊപ്പം വേദി പങ്കിടുന്ന ശ്രുതിയുടെ ദൃശ്യങ്ങള്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.