കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ച് 154 പേര്‍ക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.