കൊച്ചി: സിനിമ സെറ്റുകളിൽ മദ്യത്തിൻ്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടൻമാർ മദ്യപിച്ചാണു സൈറ്റിൽ എത്തുന്നത്. ഇവരിൽ നല്ലൊരുപങ്കും ലഹരിമരുന്നു ഉപയോഗിക്കുന്നതായിഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ ആരോപിച്ചു.
ഹേമകമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന സിനിമ മേഖലയിലെ ലഹരിയുടെ ദു.സ്വാധീനവും ചൂഷണവും ഞെട്ടലുളവാക്കുന്നതാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി വിലയിരുത്തി.
തൊഴിൽ മേഖലകളിൽ ഗുരുതര പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ലഹരി ചൂഷണം നിയന്ത്രിക്കാൻ കർശന നടപടി സർക്കാർ സ്വീകരിക്കണം.
തൊഴിൽ മേഖലയിലെ ലഹരി ആധിപത്യം അവസാനിപ്പിക്കാനും, ഐ ടി പാർക്കുകൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങൾ മദ്യവൽക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാനും തയ്യാറാകണം.
ലഹരി സംഘങ്ങൾക്കുള്ള രാഷ്ട്രീയ ഉദോഗ്യസ്ഥ സംരക്ഷണവും അധികൃതരുടെ അനാസ്ഥയുമാണ് എല്ലാ മേഖലകളിലും ലഹരി മാഫിയ തഴച്ചു വളരാൻ ഇടയാക്കുന്നത്. എല്ലാവിധ ലഹരിയുടെയും വ്യാപനം തടയുന്നതിനും ലഹരി മാഫിയയെ അമർച്ച ചെയ്യാനുമുള്ള നടപടികൾ വേഗത്തിലാക്കണം.
ലഹരി വിമുക്ത തൊഴിലിടവും തൊഴിലാളികളുമെന്ന സന്ദേശവുമായി കേരള മദ്യവിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന ജനകീയ ക്യാമ്പയിൻ കൂടുതൽ വ്യാപകമാക്കാൻ സമിതി തീരുമാനിച്ചതായി നേതാക്കളായ അഡ്വ .ചാർളി പോളും, ഷൈബി പാപ്പച്ചനും വ്യക്തമാക്കി.