ജോർജ് ജോസെഫിന്റെ "നഴ്സിങ്ങും രണ്ടാം തലമുറയും" എന്ന ഈ ആഴ്ചയിലെ അമേരിക്കൻ വീക്ഷണമാണ് ഈ എഴുത്തിന്റെ പ്രചോദകം. ഈ എഴുതുന്നയാൾ ഒരു നേഴ്സ് ആയി ജർമനിയിലും ന്യൂ യോർക്കിലും അനേകം രോഗികൾക്ക് സുസ്രൂഷ നൽകുകയും നഴ്സിംഗ് ഡയറക്റ്റർ എന്ന നിലയിൽ അനേകം നഴ്സുമാരുടെ നേതൃത്വം വഹിക്കുകയും നൂറുകണക്കിനു നഴ്സുമാരെ ജോലിക്കുവേണ്ടി ഇന്റർവ്യൂ ചെയ്യുകയും ഒരു ആഡ്ജംക്ട് ഫാക്കൽറ്റിയെന്ന നിലയിൽ നഴ്സിംഗ് വിദ്യാർഥികൾക്ക് ശിക്ഷണം ചെയ്യുകയും ചെയ്ത ഒരാളാണ്. കൂടാതെ അമേരിക്കൻ സൈക്കയാട്രിക് നഴ്സസ് അസോസിയേഷനിലും ഇൻഡ്യൻ നഴ്സസ് അസോസിയേഷനിലും സേവനം നൽകുക വഴി നഴ്സിംഗ് രംഗത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്താൻ ഭാഗ്യം ലഭിച്ചവനുമാണ്. ഇവിടത്തെ കലാലയങ്ങളിൽ പഠിച്ചപ്പോളും ജോലി സംബന്ധമായും പ്രൊഫെഷണൽ സംഘടനകൾക്ക് വേണ്ടിയും വളരെയധികം പഠനങ്ങൾ വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ജോർജ് ജോസെഫിന്റെ ഓപ്പേഡിന് പ്രതികരിക്കണമെന്ന് തോന്നി.
ജോർജ് ജോസെഫ് ഉയർത്തിയ വിഷയം പല മാതാപിതാക്കന്മാരും ഭാവി സുരക്ഷിതത്വത്തിനായി മക്കളെ നഴ്സിംഗ് പഠിക്കുന്നതിന് പ്രേരിപ്പിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നുണ്ട് എന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട് പക്ഷെ ഒരു പ്രവണതയാണ് എനിക്ക് തോന്നിയില്ല. ഒരു പക്ഷെ ജോർജ് ജോസെഫ് കൂടുതൽ പ്രതികരണങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. എനിക്ക് പരിചയമുള്ള ഫിസിഷ്യന്മാരിൽ മിക്കവരും തങ്ങളുടെ മക്കളെ അവരുടെ മേഖലയിലേക്ക് തിരിയണം എന്നാഗ്രഹിക്കുകയും അതിനുള്ള വഴി കാണിക്കുകയോ ഒരുക്കുകയോ ചെയ്യുന്നവരാണ്. അതേ പോലൊരു കാഴ്ചപ്പാട് നഴ്സുമാരായ മാതാപിതാക്കളിൽ പൊതുവെ കണ്ടിട്ടില്ല. പഠിക്കാൻ മിടുക്കരാണെങ്കിൽ മെഡിസിൻ പഠിക്കാൻ പോകണമെന്ന താൽപ്പര്യം പല മാതാപിതാക്കന്മാർ പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ നഴ്സുമാരുടെ മക്കൾ നഴ്സ് ആകണമെന്ന് ആഗ്രഹിക്കുന്നവർ ചുരുക്കമാണെന്നാണെനിക്ക് തോന്നുന്നത് - ഒരു പക്ഷെ എന്റെ അനുമാനം ശരിയല്ലായിരിക്കാം.
ഈ അവസരത്തിൽ അല്പം അനുഭവങ്ങളും വസ്തുതകളും.
എന്റെ ബാല്യത്തിൽ എല്ലാ ദിവസവും രാവിലെ ഏഴു മണിയാകുമ്പോൾ നേഴ്സ് ഫിലോമിന തെക്കേ വശത്തെ വെട്ടു വഴിയിലൂടെ കിഴക്കുവശത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോകുന്നത് കാണാറുണ്ടായിരുന്നു. എന്റെ 'അമ്മ കിഴക്കേതിലെ ബേബി ചേടത്തിയോടു പറഞ്ഞത് ഞാൻ ഇപ്പോളും ഓർക്കുന്നു. "ചലവും മൂത്രവും തൊടുന്നവർ"; "കണ്ണീക്കണ്ട ആണുങ്ങളോട് തൊട്ടു പെരുമാറുന്നവർ" - അതാണ് നഴ്സുമാർ. ഞാൻ വലുതായികൊണ്ടിരുന്നപ്പോൾ, പഠിച്ച നഴ്സുമാർ ദൂരങ്ങളിൽ, അതായത് ബോംബെയിലും ഡൽഹിയിലും പോയി ജോലി ചെയ്ത് നല്ല ഭംഗിയുള്ള സാരിയുടുത്തു പുതിയ പെട്ടിയുമായി അവധിക്കു വരുന്നത് കാണുമ്പോൾ കൂതൂഹലം തോന്നിയിട്ടുണ്ട്. പക്ഷെ അന്നും നഴ്സിംഗ് എന്നത് പൊതുവെ നല്ല പെൺപിള്ളേർക്കുള്ള ജോലിയായി എനിക്കറിയാവുന്നവർ പറയാറുണ്ടായിരുന്നില്ല. അധികം വൈകാതെ എന്റെ കുടുംബത്തിലുള്ള രണ്ടു കസിൻ ചേച്ചിമാർ, നല്ല സ്വഭാവവും സ്നേഹവുമുള്ള രണ്ടു ചേച്ചിമാർ, വിദേശത്തേക്കു പോകുന്നതിനുമുമ്പ് യാത്ര പറയാൻ വന്നത് എന്റെ അമ്മയുടെ കാഴ്ചപ്പാട് മാറ്റുന്നതിന് സഹായകമായി. ഒരു ചേച്ചി സാംബിയയിലേക്കും മറ്റെയാൾ ജെര്മനിയിലേക്കും. രണ്ടും വിദേശ രാജ്യങ്ങൾ. പ്ലെയിനിൽ കയറി പറന്നു പോകേണ്ട രാജ്യങ്ങൾ. "നഴ്‌സായതു കൊണ്ട് മേഴ്സിക്കും ആനിക്കും ഫോറിനിൽ പോകാൻ പറ്റി" അതായിരുന്നു അന്ന് അമ്മയുടെ അഭിപ്രായം.
സ്റ്റെനോഗ്രാഫറായി ജെദ്ദയിലെ ഒരു ഡീസാലിനേഷൻ/പവർ പ്ലാന്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോളായിരുന്നു ഒരു നഴ്സിനെ വിവാഹം കഴിച്ചു ജർമനിയിലേക്ക് പോയത്. അന്ന് നഴ്സ് എന്ന ജോലി പെണ്ണുങ്ങൾക്കുള്ളതാണെന്ന മനമായിരുന്നു എന്നിലും. സൗദി അറേബ്യയിലെ പോലെ ഒരു ഓഫീസിൽ ഐ ബി എം ഇലക്ട്രിക് ടൈപ് റൈറ്ററിനും വാങ് കംപ്യൂട്ടറിനുമെടുത്തിരുന്നു ജോലി ചെയ്യാമെന്ന മോഹമായിരുന്നു മനസ്സിൽ. ജെർമൻകാരുടേതായ ഒരു സമൂഹത്തിൽ ഒരു ഇന്ത്യക്കാരനായ എന്നെ ആ നാട്ടിലെ പൊതു ജനം കണ്ടിരുന്നത് ശ്രീ ലങ്കയിൽ നിന്ന് വന്ന അഭയാർത്ഥിയായിട്ടായിരുന്നു അല്ലെങ്കിൽ ഇൻഡ്യയിൽ നിന്ന് വന്ന "വിർഷാഫ്ട്ട്ലിഹെ ഫ്ലൂഹ്ട്ലിങ്" അഥവാ "സാമ്പത്തികഅഭയാർഥി". നഴ്‌സായ ഭാര്യ, പക്ഷെ, ആ ചെറിയ പട്ടണത്തിൽ നഴ്‌സായി തന്നെ അറിഞ്ഞിരുന്നു. ജനം നഴ്സുമാരെ ഇഷ്ടപ്പെട്ടിരുന്നു; നന്ദിപൂർവ്വം പെരുമാറിയിരുന്നു. വളരെ അന്വേഷിച്ചിട്ടും എനിക്കൊരു ജോലി കിട്ടിയില്ല; ഒരു വർക്ക് പെർമിറ്റ് കിട്ടിയില്ല. അവസാനം ആശ്രയിച്ചത് ഭാര്യ ജോലി ചെയ്ത ഹോസ്പിറ്റലിലെ നഴ്സിംഗ് സ്‌കൂളിനെയാണ്. ഒഴുക്കോടെ ജർമ്മൻ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും സ്‌കൂൾ ഡയറക്റ്റർ സ്ത്രീ ചെറിയൊരു ഇന്റർവ്യൂവിനു ശേഷം സന്തോഷത്തോടെ എന്നെ നഴ്സിങ്ങിലേക്കു സ്വാഗതം ചെയ്തു. അന്നും ആർക്കോ വേണ്ടി നഴ്‌സാകുന്നു എന്ന പ്രതീതിയായിരുന്നു എന്നിൽ.
ക്ലിനിക്കൽ പ്രാക്റ്റിക്കലിനായി രോഗികളുമായി പെരുമാറാൻ തുടങ്ങിയത് നഴ്സിങ്ങിനോടുള്ള എന്റെ സമീപനത്തിന്റെ മാറ്റം കുറിക്കലായിരുന്നു. നിസ്സഹായരും നിരാലംബരുമായ, ചുറ്റുപാടുകളോ സ്വന്തം അസ്തിത്വത്തെ കുറിച്ചുള്ള അവബോധമോ ഇല്ലാതെ, ദീനരായി, ജീവച്ഛവങ്ങളായി കിടക്കുന്ന രോഗികൾ; നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജ്ജനവും പഴുത്ത ഡെക്യൂബിറ്റസ് അൾസറുമുള്ളവർ; കാൻസർ മാരകവ്യാധിയുമായി മല്ലിട്ട് ശരീരത്തിലും മനസ്സിലും വേദനയോടെ ജീവിതത്തിൽ ദിനങ്ങൾ എണ്ണുന്ന യുവതീയുവാക്കൾ; സങ്കീർണ്ണമായ മറ്റു ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യപ്പെട്ടവർ; കഴിഞ്ഞ കാലങ്ങളിൽ ഊർജ്ജസ്വലമായ ബാല്യങ്ങളും ഉൽപ്പന്ന ജീവിതവും നയിച്ചു ജീവിതത്തിന്റെ അവസാനം ഒന്നുമല്ലാതായി മാറിയ മനുഷ്യജീവികൾ! വിദ്യാർഥിയാണെങ്കിലും എന്റെ വളരെ ചെറിയ ശുസ്രൂഷ വലിയ സഹായമായി, ആശ്വാസമായി സ്വീകരിച്ച മനുഷ്യർ. മല-മൂത്രങ്ങളോടുള്ള അറപ്പിനേക്കാൾ അവരുടെ നിസ്സഹായാവസ്ഥയിൽ അൽപ്പമെങ്കിലും ആശ്വാസത്തിന്റെ സ്പര്ശനം കൊടുക്കാനുള്ള പ്രചോദനമായിരുന്നു തോന്നിയിരുന്നത്. മണിക്കൂറുകളായി ഒരേ പൊസിഷനിൽ, കിടന്ന സ്ഥലത്തെ പ്രതലത്തിന്റെ സമ്മർദ്ദവും വൃണങ്ങളുടെ വേദനയും താങ്ങാനാവാതെ അനങ്ങാൻ ശക്തിയോ കഴിവോ നഷ്ടപ്പെട്ട മിണ്ടാപ്രാണികളായ മനുഷ്യരെ മറ്റൊരു വശത്തേക്ക് മാറ്റുമ്പോൾ അവർ അനുഭവിച്ച ആശ്വാസം അവർക്ക് പ്രകടിപ്പിക്കാനായില്ലെങ്കിലും അവരുടെ കണ്ണിൽ ഞാൻ കണ്ടു; അല്ലെങ്കിൽ അവരുടെ മനസ്സിലുണ്ടായിരുന്നു. ജോലി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോഴും പല രോഗികളുടെയും സ്ഥിതി മനസ്സിന്റെ മുന്നിൽ നിൽക്കുമായിരുന്നു; അവർക്ക് ആശ്വാസമുണ്ടാകണേയെന്നു പ്രത്യാശിക്കുമായിരുന്നു. ഏകദേശം ഇരുപത്തിയഞ്ചാം തിയതി കിട്ടുന്ന ശമ്പളം കാത്തിരിക്കുമ്പോഴും ഒരു നാണയത്തിന്റെ മറുവശം പോലെ എനിക്ക് നിയോഗിക്കപ്പെട്ട രോഗികൾ മനസ്സിന്റെ ഒരു വശത്തു ഉണ്ടായിരുന്നു. വൈദ്യ ശാസ്ത്രത്തെയും ചികിത്സകളെയും അതിജീവിച്ച് മൃതശരീരമായി മാറിയ മനുഷ്യരെ ബോഡി ബാഗിലേക്കു മാറ്റി മോർഗിലേക്കു നീക്കുമ്പോളും എന്റെയുള്ളിൽ മുന്നിൽ നിന്നിരുന്നത് സഹാനുഭൂതിയായിരുന്നു.
മേല്പറഞ്ഞത് ഞാനെന്ന നഴ്സിംഗ് വിദ്യാർഥിയുടെയോ നഴ്സിന്റെയോ മാനസിക പ്രകടനമാണ്. നഴ്സിംഗ് പ്രാക്ടീസ് ചെയ്യുന്ന മിക്കവാറും നഴ്സുമാരുടെ അവസ്ഥ ഇത് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് നഴ്സിംഗ് എന്നത് ഒരു ജോലിയും ഒരു വിളിയും ഒരു സേവനവുമാണെന്ന് വിശേഷിപ്പിക്കുന്നത്.
നഴ്സിംഗ് എളുപ്പത്തിലുള്ള ഒരു ജോലിയല്ല.
ആരോഗ്യപരിപാലന സ്ഥാപനമനുസരിച്ച്, ഹോസ്പിറ്റലോ നഴ്സിംഗ് ഹോമോ ഔട്പേഷ്യന്റ് ക്ലിനിക്കോ എന്തുമാകട്ടെ ഓരോ നഴ്സിനും നന്നായി തിരക്കുണ്ടാകും വിധമുല്ല കേസ് ലോഡുണ്ടാകും. രോഗികളുടെ രോഗാവസ്ഥ പെട്ടെന്ന് മൂർച്ഛിക്കുകയോ അത്യാഹിതാവസ്ഥ ഉണ്ടാകുകയോ ചെയ്താൽ, മറ്റെല്ലാം മാറ്റിവച്ച് ആ ഒരു പേഷ്യന്റിനെ നോക്കണം; അതെ സമയം മറ്റു രോഗികൾക്ക് കൊണ്ടുക്കേണ്ട പരിചരണം വേണ്ടായെന്നു വയ്ക്കാനുമാവില്ല. അതിനിടയിൽ വേറൊരു പേഷ്യന്റിന്റെ സ്ഥിതി വഷളായാൽ അതും സംയമനത്തോടെ കൈകാര്യം ചെയ്യണം. "എനിക്ക് രണ്ടാകാൻ പറ്റിയിരുന്നെങ്കിൽ" എന്ന വാചകം ജർമനിയിലും ന്യൂ യോർക്കിലും ധാരാളം കേട്ടിട്ടുണ്ട്. ജോലിയിൽ നിന്ന് പുറത്തുവരുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി മുഴുവൻ വാർന്നു പോയ പ്രതീതിയുമായാണ്. ഒരു സാധാരണ ഇടത്തരക്കാരനോ ഇടത്തരക്കാരിക്കോ കിട്ടുന്നതിനേക്കാൾ മെച്ചമായ ശമ്പളം (ശരാശരി 77,600 ഡോളർ) ഉണ്ടെന്നത് തികച്ചും ആശ്വാസകരം തന്നെ.
അഞ്ചു ദശലക്ഷം പേരുടെ ശക്തിയോടെ, ആരോഗ്യരംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന നഴ്സിംഗ് പ്രൊഫെഷൻ കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധാർമ്മികവും സത്യസന്ധവുമായ പ്രൊഫെഷനായാണ് ഭൂരിപക്ഷം അമേരിക്കക്കാരും കാണുന്നതെന്നാണ് ഗാലപ് ഓരോ വർഷവും നടത്തിവരുന്ന സർവ്വേ പറയുന്നത്. ഏകദേശം അഞ്ചു ദശലക്ഷം പേർ ഉള്ള നഴ്സിംഗ് ആരോഗ്യപരിപാലനരംഗത്തെ ഏറ്റവും വലിയ ഗ്രൂപ്പാണ്.
അമേരിക്കൻ ജനതയിലെ വലിയൊരു ഭൂരിപക്ഷം പേരും നഴ്സിങ്ങിനെ സത്യസന്ധതയിലും ധാർമ്മികപെരുമാറ്റത്തിലും ഏറ്റവും ഉന്നതത്തിൽ നിൽക്കുന്ന പ്രൊഫെഷൻ ആയി കാണുന്നത് പുതുമയല്ല. 1999 മുതൽ ഈ വര്ഷം വരെ തുടർച്ചയായി ഇതേ ഫലം തന്നെയാണ് സർവ്വേ നടത്തുന്ന ഗാലപ്പിനു ലഭിച്ചത്. 9/11 ശേഷം നടന്ന ഒരു സർവ്വേ മാത്രമേ ഈ ഫലത്തിന് ആക്ഷേപമായുള്ളൂ. അമേരിക്കയിൽ ഇന്ന് നഴ്സുമാരുടെ സാന്നിധ്യം സാമ്പ്രദായികമായ ബെഡ് സൈഡിൽ മാത്രമായി ഒത്തുജീനിൽക്കുന്നതല്ല. തീർച്ചയായും ഹോസ്പിറ്റലിലും നഴ്സിംഗ് ഹോമിലും മറ്റു ആരോഗ്യപരിപാലന സ്ഥലങ്ങളിലും രോഗികൾക്ക് അവർക്കാവശ്യമായ ശുസ്രൂഷയ്ക്ക് നഴ്സുമാർ തന്നെ ഉത്തരവാദികൾ. നേഴ്സ് മാനേജർ, ഡയറക്റ്റർ മുതലായ നേതൃത്വ റോളുകൾ വഴി നഴ്സുമാരുടെ സൂപ്പർവിഷൻ, രോഗികൾക്കു ലഭിക്കുന്ന സേവനത്തിന്റെ ഉയർന്ന ഗുണ നിലവാരം, നയങ്ങളുടെ വികസനം എന്നിവയ്ക്ക് അവർ ചുക്കാൻ പിടിക്കുന്നു. ഓരോ സ്ഥാപനത്തിലെയും ചീഫ് നഴ്സിംഗ് ഓഫീസർ (CNO) നഴ്സിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വം മാത്രമല്ല സ്ഥാപനത്തിന്റെ തന്നെ നടത്തിപ്പിനും ഉന്നമനത്തിനുമുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സജീവ പങ്കു വഹിക്കുന്നുണ്ട്.
കമ്മ്യൂണിറ്റികളുടെയും പൊതുജനത്തിന്റെയും ആരോഗ്യകാര്യങ്ങളിലും തങ്ങളുടെ ക്ലയന്റുകളുടെ ആരോഗ്യത്തിന് ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന ശ്രമങ്ങളിലും നഴ്സുമാർ തന്നെ മുന്നിൽ. ഉന്നത വിദ്യാഭ്യാസം നേടി നേഴ്സ് പ്രാക്ടീഷണർ ആയവർക്ക് അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങൾ ഫിസിഷ്യന്മാരുടെ മേൽനോട്ടമില്ലാതെ രോഗികളെ ചികിത്സ നടത്തുവാനുള്ള അതോറിറ്റി അനുവദിച്ചിട്ടുണ്ടെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഡോക്ടർ ബിരുദം നേടിയ നഴ്സുമാർ വിദ്യാഭ്യാസമേഖലകളിലും ഗവേഷണരംഗത്തും ശോഭിക്കുന്നതും നമുക്ക് കാണാം.
എല്ലാ തരത്തിലും നഴ്സിംഗ് എന്ന പ്രൊഫെഷനെ വളരെ മൂല്യവത്തായ, സമൂഹത്തിൽ സാരമായ ഫലമുണ്ടാക്കുന്ന ഒന്നായാണ് പൊതു ജനം കാണുന്നത്. ഇരുപത്തിരണ്ടു വര്ഷമായി പൊതുജനം ഏറ്റവും അധികം വിശ്വസിക്കുന്ന പ്രൊഫെഷൻ. കുറെ ആളുകൾ ഇപ്പോഴും നഴ്സുമാരുടെ വൈവിധ്യമായ റോളുകളെ കുറിച്ചോ നിർണ്ണായക ചിന്തകൾക്കുശേഷം എടുക്കുന്ന ഗൗരവമായ തീരുമാനങ്ങളെ കുറിച്ചോ ഗ്രാഹ്യമില്ലാത്തവരാണ്. ഡോക്ടർമാരുടെ സഹായികളായും സ്വയം ഭരണാവകാശം (autonomy) ഇല്ലാത്തവരായും ഡോക്ടർമാരുടെ കീഴിലുള്ള ജോലിയായും കാണുന്നുണ്ട്. നഴ്സുമാരെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അവരിൽ ഇന്നും ചഞ്ചലമാണ്. ഇവിടത്തെ മലയാളി സമൂഹവിഭാഗത്തിലും വളരെയധികം പേർ, നിർഭാഗ്യമെന്നു പറയട്ടെ, ഇക്കൂട്ടത്തിലുള്ളവരാണ്. നഴ്സുമാർ മാലാഖമാരെന്നും ഡോക്ടർമാർ ദൈവങ്ങളെന്നും പറഞ്ഞു നടക്കുന്ന മലയാളികൾ ധാരാളം ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്.
നഴ്സിംഗ് ഒരു വിളിയാണ്. ആല്മാര്തമായ സേവനത്തിനുള്ള വിളി; രോഗത്തിന്റെ വിഷമം അനുഭവിക്കുന്നവർക്കും പുതിയ ജീവനും ജീവൻ പുറത്തു കൊണ്ടുവരുന്നവർക്കും ജീവിതത്തിന്റെ അന്ത്യത്തിലേക്കു നീങ്ങുന്നവർക്കും ആശ്വാസത്തിന്റെയും അനുകമ്പയുടെയും തെളിവിൽ അധിഷ്ഠിതമായ അറിവോടെയുള്ള സ്പര്ശനം നൽകുവാനുള്ള വിളി; പൊതു ജനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംഭാവന ചെയ്യുവാനുള്ള വിളി. ആ വിളി എല്ലാവര്ക്കും ലഭിക്കുകയില്ല. പക്ഷെ, അതർഹിക്കുന്നവർ, ഏതു സമ്മര്ദങ്ങളെയും അതിജീവിച്ച് നിശ്ചയമായും അത് കേൾക്കും.
see also: