എന്റെ കുട്ടിക്കാലത്തു ഞങ്ങൾ വീട് മാറി ചെന്ന സ്ഥലത്തിനടുത്തായിരുന്നു ഗവണ്മെന്റ് ആശുപത്രീ. രാവിലെയും വൈകീട്ടും അവിടേക്ക് നേഴ്‌സുമാർ ജോലിക്ക് വരുന്നതും പോകുന്നതും കാണാമായിരുന്നു. എന്റെ കുഞ്ഞുമനസ്സിൽ അപ്പോൾ മുതൽ ഒരു നേഴ്സാകണമെന്ന മോഹമുണ്ടായി. ആ മോഹം സഫലീകരിച്ച് ആന്ധ്രാപ്രദേശിലെ ഒരു ഹോസ്പിറ്റലിൽ നേഴ്‌സിങ് വിദ്യാർത്ഥിനിയായി പ്രവേശനം കിട്ടിയപ്പോൾ സന്തോഷമായി. രോഗികളുമായുള്ള ഇടപെടൽ, ഉത്തരവാദിത്തം അങ്ങനെ ഓരോ ചിന്തകൾ അപ്പോൾ മുതൽ അലട്ടാൻ തുടങ്ങി. എങ്കിലും വളരെ ഉയർന്ന മാർക്കോടെ പാസ്സാവാൻ കഴിഞ്ഞതുകൊണ്ട് ജോലിയൊക്കെ സുഖമായി നിർവ്വഹിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. പേടിപ്പിച്ചിരുന്നത് രാത്രി സമയങ്ങളിൽ ചിലപ്പോഴൊക്കെ ജോലി ചെയ്യേണ്ടിവരിക എന്നതാണ്.
എന്തായാലും ജോലിക്ക് ചേർന്നിട്ടു ഒന്ന് രണ്ടു മാസങ്ങൾ രാത്രി ജോലി എനിക്കായി നൽകിയില്ല. തെലുങ്ക് പറയുന്ന രോഗികൾ, വിശാലമായ വാർഡ് ഒത്തിരി രോഗികൾക്ക് ഒന്നോ രണ്ടോ നേഴ്‌സുമാർ മാത്രം. രാത്രിയാണെങ്കിൽ ഒരു നേഴ്‌സു മാത്രമായിരിക്കും. ഇടക്ക് ഒരു ഡ്യുട്ടി ഡോക്ടർ വന്നുപോകുന്നത് ആശ്വാസം. അതാണ് അവിടത്തെ അവസ്ഥ.
എന്തോ എന്റെ ജന്മാന്തരഗുരുത്വം, എനിക്ക് കിട്ടിയത് നല്ല ഒരു സൂപ്പർവൈസർ ആയിരുന്നു. ഒരു മകളെ പോലെ അവർ എന്നെ സ്നേഹിച്ചു. അതേപോലെ രാത്രിജോലി ചെയ്തിരുന്ന ഒരു കൂട്ടുകാരിയും പറഞ്ഞു രാത്രി ജോലിയെപ്പറ്റി ഭയപെടേണ്ടെന്നു . എന്തോ രാത്രി ജോലിയെ ഒരു ഭാർഗ്ഗവീനിലയത്തിലേക്ക് പോകുന്നപോലെ ആലോചിച്ച് ഞാൻ വെറുതെ പേടിച്ചിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി. അന്ന് രാവിലെ ഡ്യുട്ടിക്ക് ചെന്നപ്പോൾ ഓർഡർ കിട്ടി. നാളെ മുതൽ രാത്രി ജോലിയാണ്. എന്ത് ചെയ്യാം?. ജീവിക്കാൻ വേണ്ടിയല്ലേ ജോലി ചെയുന്നത്. അപ്പോൾ മുന്നിൽ വരുന്ന വെല്ലുവിളികളെ സ്വീകരിക്കുക തന്നെ. ജീസസ് എന്റെ രക്ഷകൻ എന്ന ചിന്ത ശക്തി പകർന്നു. രാത്രി എട്ടു മണിക്കാണ് ഷിഫ്റ്റ് തുടങ്ങുക. ഞാൻ പതിവുപോലെ എന്റെ ബാഗിൽ ബൈബിൾ എടുത്തുവച്ചു. ദൈവത്തോട് പ്രാർത്ഥിച്ചു. . ഡ്യുട്ടി നേഴ്സ് എനിക്ക് ജോലി കൈമാറി പിരിഞ്ഞുപോയി. സൂപ്പർവൈസർ വന്നു നിർദേശങ്ങൾ തന്നു. ഒന്നുകൊണ്ടും ഭയപ്പെടേണ്ട. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവരെ ഫോൺ ചെയ്യണം. അവരും രാത്രി വന്നു പോകും. അതേപോലെ ഡ്യുട്ടി ഡോക്ടർ വരും അദ്ദേഹം കുറച്ചു നേരം നിങ്ങൾക്ക് സഹായമായി ഇവിടെ ഉണ്ടാകും. എല്ലാറ്റിനും തലയാട്ടി ഞാൻ ഉത്തരവാദിത്തങ്ങൾ സ്വീകരിച്ചു.
മണിക്കൂറുകൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. സമയം പത്തുമണി. എല്ലാ രോഗികൾക്കും വേണ്ട മരുന്നുകൾ നൽകി. അവരുടെ ചാർട്ടുകൾ നോക്കി എന്താണ് വേണ്ടതെന്നു മനസിലാക്കി അതൊക്കെ ചെയ്തു. രോഗികൾ എല്ലാവരും അധികം ഗൗരവമുള്ള രോഗമുള്ളവരായിരുന്നില്ല. അവരൊക്കെ രാത്രി ഭക്ഷണം കഴിച്ച് ഉറക്കമായി. ഞാനും വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കണോ എന്ന ചിന്തയിലായിരുന്നു. കാരണം വാർഡ് ഇപ്പോൾ മിക്കവാറും നിശ്ശബ്ദമാണ്. ചില രോഗികളുടെ ചുമ മാത്രം കേൾക്കാം. വിശപ്പു തോന്നിയില്ല. എന്റെ കസേരയിലിരുന്നു വെറുതെ ചുറ്റും നോക്കി. ക്ളോക്ക് ടിക് ടിക് എന്ന് അടിക്കുന്നത് കേൾക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സൂപ്പർവൈസറെ വിളിക്കാൻ പറഞ്ഞിട്ടുള്ളു. എനിക്ക് പേടിയാണെന്ന് പറഞ്ഞു വിളിക്കാൻ പറ്റില്ല. സൗകര്യപ്പെട്ടാൽ അവർ വന്നുപോകാമെന്നു പറഞ്ഞിരുന്നു. ഡ്യുട്ടി ഡോക്ടർ വരുമായിരിക്കും. അപ്പോൾ ഷൂസിന്റെ ശബ്ദം. ആരായിരിക്കും എന്ന് ശങ്കിച്ചില്ല. ഡ്യുട്ടി ഡോക്ടർ ആയിരിക്കും. അതേപോലെ ഡോക്ടർ വന്നു. നല്ല ഉയരമുള്ള മെലിഞ്ഞ സുന്ദരനായ ചെറുപ്പക്കാരൻ. അയാളും എന്നെ ആരാധനയോടെ നോക്കുന്നതായി തോന്നി.
ഒരു സുന്ദരി നേഴ്സ് വന്നിട്ടുണ്ടെന്ന് കേട്ടു അത് നിങ്ങളാണ് അല്ലേ? എന്ന് അയാൾ എന്നോട് ചോദിച്ചു. ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ.അദ്ദേഹം എന്റെ മുന്നിലെ കസേരയിൽ ഇരുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട രോഗികൾ ഉണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം വാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ ഒരു പുഞ്ചിരിയോടെ പറഞ്ഞു. നാളെ രാവിലെ വരാം. സൂപ്പർവൈസർ കുറച്ച് കഴിയുമ്പോൾ വരും. അങ്ങനെ ഞാൻ തനിയെയായി. സൂപ്പർവൈസർ വന്നെങ്കിൽ എന്നാശിച്ചു. അവരെ നോക്കി നോക്കി ക്ഷമ പോയി. പക്ഷെ സമയം പ്രഭാതത്തോട് അടുക്കാൻ തുടങ്ങി. വാർഡ് ബോയ് വന്നു കർട്ടനുകൾ പതുക്കെ വലിച്ച് വെളിച്ചം വാർഡിൽ വരുത്തി. അവൻ ചോദിച്ചു സിസ്റ്റർ രാത്രി ഒറ്റക്കായിരുന്നോ?
ഉറക്കച്ചടവോടെ അതെയെന്ന് പറഞ്ഞപ്പോഴേക്കും സൂപ്പർവൈസർ ഓടി വന്നു ക്ഷമാപണം നടത്തി. മോളെ, അവർ അങ്ങനെയാണ് വിളിക്കാറ്, എനിക്ക് വരാൻ പറ്റിയില്ല. ഇന്നലെ രാത്രി നീ വിളിച്ചിരുന്നോ?. ക്ഷമിക്കു എനിക്ക് വേറെ എമർജൻസി ഉണ്ടായിരുന്നു. എല്ലാം ഓക്കേ ആയിരുന്നില്ലേ. ഡ്യുട്ടി ഡോക്ടർ എനിക്ക് ഫോൺ ചെയ്തിരുന്നു അദ്ദേഹത്തിന് വരാൻ പറ്റില്ലെന്ന്. അത് നിന്നെ അറിയിക്കാനും എനിക്ക് കഴിഞ്ഞില്ല.
അതുകേട്ട് അമ്പരന്ന ഞാൻ പറഞ്ഞു. ഡോക്ടർ പ്രകാശ് റെഡ്‌ഡി വന്നിരുന്നല്ലോ. സൂപ്പർവൈസർ ചോദിച്ചു ആര് ? പ്രകാശ് റെഡ്ഢി! നിനക്ക് ഉറപ്പാണോ? അതെ, നല്ല ഉയരത്തിൽ വെളുത്തു മെലിഞ്ഞു സുമുഖനായ ഒരു ചെറുപ്പക്കാരൻ. സൂപ്പർവൈസർ എന്റെ ദൈവമേ ...സൂപ്പർവൈസറുടെ പരവേശം കണ്ടു ഞാൻ പരിഭ്രമിച്ചു. എന്താണ് മാഡം, എന്താണ് പ്രശ്‍നം?. അവർ പറഞ്ഞു ഡോക്ടർ പ്രകാശ് റെഡ്‌ഡി ഈ വാർഡിൽ ജോലി ചെയ്തിരുന്ന ആളാണ്. അദ്ദേഹം ഒരു വര്ഷം മുമ്പ് ഒരു അത്യാഹിതത്തിൽ മരണപെട്ടു. അത് കേൾക്കലും എന്റെ ശക്തി മുഴുവൻ ചോർന്നുപോയി. ഞാൻ അന്ധാളിച്ചു നിന്നു. ഡോക്ടർ റെഡ്ഢിയുമായുള്ള ഓരോ നിമിഷവും ഞാൻ ആലോചിച്ചു. അദ്ദേഹം എത്ര ഡീസന്റായിട്ടാണ് പെരുമാറിയത്. വളരെ സൗമ്യതയോടെ. ദൈവമേ പ്രേതങ്ങൾ ആളുകളെ ഭയപെടുത്തുകയല്ലേ സാധാരണ ചെയ്യാറ്. ഇവിടെ പ്രേതങ്ങളെ പേടിച്ചിരുന്ന എനിക്ക് കൂട്ടായി ഒരു പ്രേതം തന്നെ വരുന്നു. അദ്ദേഹം പറഞ്ഞത് ഓർക്കുന്നു, ഇന്ന് ഡ്യുട്ടിയിലുള്ള ഡോക്ടർക്ക് വരാൻ കഴിയില്ല. നിങ്ങൾ ഭയപെടുമെന്നു കരുതി ഞാൻ വന്നതാണ്. ഒന്നും കൊണ്ടും ഭയപെടേണ്ടെന്നു പറഞ്ഞാണ് അദ്ദേഹം പിരിഞ്ഞത്. അപ്പോൾ എനിക്ക് തോന്നി എല്ലാ പ്രേതങ്ങളും നമ്മെ ഭയപെടുത്തുന്നവരല്ല. ചിലരൊക്കെ നമ്മെ സഹായിക്കാനും വരും..
**********