കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഇജാസി (26) നെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.10നാണ് പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.