കണ്ണൂർ: പി.പി. ദിവ്യക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായില്ല.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചർച്ച ചെയ്യാനാണ് തീരുമാനം.
ഇന്ന് നടന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ദിവ്യയുടെ അറസ്റ്റും ജയില്‍വാസവും അടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്‌തിരുന്നു. എന്നാല്‍, സംഘടനാ നടപടി ഉടൻ വേണ്ടെന്നാണ് നേതൃത്വമെടുത്ത നിലപാട്. സംസ്ഥാന സെക്രട്ടറിയുടെ അടക്കം നിലപാട് തേടിയ ശേഷം തീരുമാനമെടുക്കാമെന്നും നിർദേശങ്ങളുയർന്നു. നിലവില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്. കടുത്ത നടപടികളെടുക്കുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും വിലയിരുത്തലുകളുണ്ടായി.
അതേസമയം, ദിവ്യയുടെ അറസ്റ്റില്‍ പോലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണെന്നും ദിവ്യക്കെതിരെ ഉള്ള നടപടി, പാർട്ടി ആലോചിച്ചോളാമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
ദിവ്യക്കെതിരായ സംഘടനാ നടപടി കണ്ണൂർ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പ്രതികരണം. സർക്കാർ ശരിയായ നടപടി സ്വീകരിച്ചു. കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം ഉദയഭാനു പറഞ്ഞു.
ഇതിനിടെയാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവരുന്നത്. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നല്‍കിയിട്ടുണ്ട്.