യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് 102 ടണ്‍ സ്വര്‍ണം കൂടി തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍നിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് 102 ടണ്‍ സ്വര്‍ണം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ സൂക്ഷിക്കാനുള്ള തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ അവസാനം വരെ 855 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കരുതിവെച്ചിട്ടുള്ളത്. ഇതില്‍ 510.5 ടണ്‍ ഇന്ത്യയില്‍തന്നെയാണ് നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. വിദേശത്ത് സൂക്ഷിക്കുന്നതിന്റെ റിസ്‌ക് കുറയ്ക്കാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
സ്വര്‍ണ കൈമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയായിരുന്നു നീക്കം. രാജ്യത്തേക്ക് എത്തിക്കുമ്ബോള്‍ നികുതി വിമുക്തമാക്കേണ്ടതുണ്ട്. ഇതിന് മുമ്ബ് കഴിഞ്ഞ മെയ് മാസത്തില്‍ യുകെയില്‍നിന്ന് 100 ടണ്‍ സ്വര്‍ണം കൊണ്ടുവന്നതായി സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്ക് പുറത്ത് നിലവില്‍ 324 ടണ്‍ സ്വര്‍ണമാണുള്ളത്. യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവയുടെ സുരക്ഷിത സങ്കേതിങ്ങളിലാണ് ഇത്രയും സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളത്. 1697 മുതല്‍ ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കായി സ്വര്‍ണം സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ്.
ആയിരം കിലോഗ്രാം ആണ് ഒരു ടണ്‍. ഇതുപ്രകാരം 1,02,000 കിലോഗ്രാം സ്വര്‍ണമാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിച്ചത്.