Image

മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാഗ്-ശ്രീ നാരായണ ഗുരു മിഷന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം

സൈമണ്‍ വളാച്ചേരില്‍ Published on 31 October, 2024
മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാഗ്-ശ്രീ നാരായണ ഗുരു മിഷന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണും (മാഗ്) ശ്രീ നാരായണ ഗുരു മിഷന്‍ ഹൂസ്റ്റണും സംയുക്തമായി സംഘടിപ്പിച്ച ആനുവല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ കേരള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക മീറ്റിംഗുകളില്‍ പാനലിസ്റ്റായി എത്തിയ മന്ത്രി വീണാ ജോര്‍ജിനെ ഹൂസ്റ്റണിലെ ഒരു കുടുംബ ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെയാണ് മാഗ് സെക്രട്ടറി സുബിന്‍ കുമാരനും ട്രഷറര്‍ ബിജു ജോസും നേരില്‍ കണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയറിലേയ്ക്ക് ക്ഷണിച്ചത്.

ആരോഗ്യസംബന്ധമായ പരിപാടിയായതുകൊണ്ട് ആരോഗ്യ മന്ത്രിയെന്ന നിലയില്‍ത്തന്നെ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് മാഗിന്റെ ആസ്ഥാന മന്ദിരമായ സ്റ്റഫോര്‍ഡിലെ കേരളാ ഹൗസില്‍ ഒരുക്കിയ ഹെല്‍ത്ത് ഫെയറില്‍ വീണാ ജോര്‍ജ് പങ്കെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 27-ാം തീയതി രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ നടന്ന പരിപാടിയില്‍ കാര്‍ഡിയോളജി, പള്‍മണോളജി, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, എന്‍ഡോക്രൈനോളജി തുടങ്ങിയ വിഭാഗങ്ങളിലെ പന്ത്രണ്ടോളം സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും മറ്റ് പാരാ മോഡിക്കല്‍ സ്റ്റാഫുകളുമാണ് ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ പരിശോധനകളും ടെസ്റ്റുകളും നടത്തിയത്.

ഫ്രീ ഹെല്‍ത്ത് സ്‌ക്രീനിങ്, ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, ബി.പി ചെക്കിങ് തുടങ്ങി വിവിധ പരിശോധനകളില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ബ്ലഡ് ഡ്രൈവിലും നിരവധിപേര്‍ ഭാഗഭാക്കുകളായി. മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കലും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഹെല്‍ത്ത് ഫെയറിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ജഡ്ജ് സുരേന്ദ്രന്‍ പട്ടേലും സന്നിഹിതനായിരുന്നു. ശ്രീ നാരായണ ഗരു മിഷന്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ്അനിയന്‍ തയ്യില്‍, സെക്രട്ടറി ഷൈജി അശോകന്‍, ട്രഷറര്‍ രാജീവ് തങ്കപ്പന്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇക്കൊല്ലത്തെ മാഗിന്റെ 20-ാമത് പൊതുപരിപാടിയാണിത്. മാത്യൂസ് മുണ്ടയ്ക്കല്‍,  ആരോഗ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിയ സെക്രട്ടറി സുബിന്‍ കുമാരന്‍, ട്രഷറര്‍ ബിജു ജോസ്, മാഗ് ട്രസ്റ്റീസുമാരായ വിനോദ് വാസുദേവന്‍, ജോജി ജോസഫ്, സുജിത് ചാക്കോ, ലതീഷ് കൃഷ്ണന്‍, സന്തോഷ് ആറ്റുപുറം, ചാണ്ടപ്പിള്ള, മോന്‍സി കുര്യാക്കോസ്, ബീജോയ്, ബേബി എന്നിവരുടെ സേവനവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ഡോ. എല്‍സാ തമ്പി ചെറിയാന്‍ എം.ഡി (എന്‍ഡോക്രൈനോളജിസ്റ്റ്), ഡോ. ലക്ഷ്മി ഗോപാലകൃഷ്ണല്‍ എം.ഡി (ഇന്റേണല്‍ മെഡിസിന്‍), ഡോ. എസ്റ്റെഫാനിയ ഫെര്‍ണാണ്ടസ് (ഫെലോ ഇന്‍ ഗൈനെക്കോളജി ഓങ്കോളജി), ഡോ. അന്ന അസാറെ എം.ഡി (ഗൈനെക്കോളജി ഓങ്കോളജി ഫെലോ), ഡോ. ധന്യ വിജയകുമാര്‍ എം.ഡി (ന്യൂറോളജിസ്റ്റ്),  ഡോ. സുജിത് ചെറിയാന്‍ എം.ഡി (പള്‍മണോളജിസ്റ്റ്), ഡോ. സുനന്ദ മുരളി എം.ഡി (സൈക്യാട്രിസ്റ്റ്), ഡോ. പൂര്‍ണിമ ഹൃദയരാജ് എം.ഡി (കാര്‍ഡിയോളജിസ്റ്റ്), ഡോ. ബസന്ത് ആര്യ (കാര്‍ഡിയോളജിസ്റ്റ്), ഡോ. അരുണ്‍ ആന്‍ഡ്രൂസ് (സൈക്യാട്രി), ഡോ. നിഷ സുന്ദരഗോപാല്‍ ഡി.എം.എസ്, എം.എസ് (സ്‌മൈല്‍ റെയ്‌ഞ്ചേഴ്‌സ് ഡെന്റല്‍), ഡോ. ലാരി പുത്തന്‍പറമ്പില്‍ എം.ഡി (ഓപ്താല്‍മോളജിസ്റ്റ്-സൗത്ത് ഹൂസ്റ്റണ്‍ റെറ്റിന), ഡോ. സ്‌നേഹ സേവ്യര്‍ ഡി.എം.ഡി (ടെക്‌സാന്‍ സ്‌മൈല്‍ ഫാമിലി ആന്റ്‌കോസ്മിക് ഡെന്റിസ്ട്രി) എന്നിവരായിരുന്നു കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയറിലെ ഫിസിഷ്യന്‍ കെയര്‍ ടീം അംഗങ്ങള്‍. രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റ് തരുണ്‍ ഫിലിപ്പിന്റെ സേവനവുമുണ്ടായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ എങ്ങനെയാണ് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ വിജയപ്രദമായി നടത്തുന്നതെന്നറിയാന്‍ കൂടിയാണ് മന്ത്രി വീണാ ജോര്‍ജ് ഏറെ ആകാംക്ഷയോടെ ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയറില്‍ സംബന്ധിച്ചത്.  സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുമായും പരിശോധനയ്‌ക്കെത്തിയവരുമായും മന്ത്രി ആശയവിനിമയം നടത്തി. പരിപാടിയുടെ വിജയത്തിനു നേതൃത്വം വഹിച്ച രേഷ്മ വിനോദ്, അനില സന്ദീപ്, അനിത മധു, ആന്‍സി ക്രിസ്, മെര്‍ലിന്‍ സാജന്‍ എന്നിവ   പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

മാഗിന്റെ ഓഫീസിലെത്തിയ മന്ത്രി സന്ദര്‍ശക ഡയറിയില്‍ ആശംസാ കുറിപ്പെഴുതുകയും ചെയ്തു. ഇത് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമാണെന്നും അതിനാല്‍ പരിമിതികളുണ്ടെന്നും അടുത്ത തവണ ഔദ്യോഗികമായിത്തന്നെ മാഗിന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സൈമണ്‍ വളാച്ചേരില്‍
(നേര്‍കാഴ്ച ചീഫ് എഡിറ്റര്‍)

മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാഗ്-ശ്രീ നാരായണ ഗുരു മിഷന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക