ന്യു ജേഴ്‌സി: നവംബറിൽ അർജൻ്റീനയിലെ മോണ്ടി കാർലോയിൽ നടക്കുന്ന ലോക ഫിസ്റ്റ് ബോൾ ചാംപ്യൻഷിപ്പിനുള്ള അമേരിക്കൻ ടീമിൽ മലയാളി താരം ലിയ മാത്യു സ്ഥാനം നേടി.
ആലപ്പുഴ സ്വദേശി റെജി മാത്യുവിൻ്റെയും അനിലയുടെയും മകളാണ് ലിയ. പരമസിലാണ് ഈ കുടുംബം താമസിക്കുന്നത്. ലിയയ്ക്ക് ഒരു ചേച്ചിയുണ്ട്; മായ.
പാരമസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ട്രാക്ക് ഇനങ്ങളിലും നീന്തലിലും ശ്രദ്ധിച്ചിരുന്ന ലിയ 2017ൽ ആണ് ഫിസ്റ്റ്ബോൾ പരിശീലനം തുടങ്ങിയത്. 2018 ൽ ന്യൂജഴ്സിയിലെ റോക്സ്ബറി ടൗൺഷിപ്പിൽ നടന്ന അണ്ടർ 18 ലോക ചാംപ്യൻഷിപ്പിൽ അമേരിക്കൻ ടീമിൽ കളിച്ചിരുന്നു. ലിയ ഇപ്പോൾ റോവൻ സർവകലാശാലയിൽ മൂന്നാം വർഷ വിദ്യാർഥിയാണ്.
വോളിബോളിനോട് ഏറെ സാദൃശ്യമുള്ള ഫിസ്റ്റ്ബോൾ ഒരു ജർമൻ കായിക വിനോദമാണ്. അഞ്ചു പേരുടെ ടീമാണ് കളിക്കുന്നത്. വോളിയിലെപ്പോലെ കൈപ്പത്തി ഉപയോഗിക്കില്ല. ചുരുട്ടിയ മുഷ്ടിയാണ് ഉപയോഗിക്കുക. കൈയിൽ പത്തിയിലൊഴികെ കൊണ്ടാലും പ്രശ്നമില്ല. ഒരു തവണ ബൗൺസ് ചെയ്യാനും അനുവദിക്കും. മാത്രമല്ല പന്തിന് കട്ടികൂടുതലാണ്. ഇൻറർനാഷനൽ ഫിസ്റ്റ് ബോൾ അസോസിയേഷൻ ആണ് രാജ്യാന്തര സംഘടന.