ഇക്കഴിഞ്ഞ ദിവസങ്ങങ്ങളില്‍ കടത്തനാടന്‍ കളരിയെ വെല്ലുന്ന രണ്ട് കിടിലന്‍ മലക്കം മറിച്ചിലുകള്‍ക്ക് കേരള രാഷ്ട്രീയം സാക്ഷം വഹിച്ചു. ഒന്ന് ഇരട്ട ചങ്കന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതാണെങ്കില്‍ മറ്റേത് താമരക്കുട്ടനായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടേതാണ്. രണ്ടും കുളമായ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടതാണ്. പൂരം കലക്കാന്‍ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാന്‍ ഇക്കഴിഞ്ഞ 26-ാം തീയതി കോഴിക്കോട്ട് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ പൂരം കലങ്ങിയിട്ടില്ലെന്ന് പിണറായി വാക്ക് മാറ്റി. 28-ാം തീയതി ഇറക്കിയ വാര്‍ത്താ കുറിപ്പിലും പൂരം കലങ്ങിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ തനിയാവര്‍ത്തനം.
പൂരം കലങ്ങിയില്ല, വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കാര്യങ്ങള്‍ അഗ്ര ലളിതമായിരുന്നില്ല. പോലീസ് വഴിയടച്ചതോടെ തിരുവമ്പാടി ദേവസ്വത്തിന്റെ രാത്രി എഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യം പകുതി വഴിയില്‍ നിര്‍ത്തി. ആനകളുടെ എണ്ണം ഒന്നാക്കി. അലങ്കാര ഗോപുരങ്ങളുടെ വിളക്കുകള്‍ അണച്ചു. വെളുപ്പിന് മൂന്നു മണിക്ക് ശേഷം നടക്കേണ്ട വെടിക്കെട്ട് ആരംഭിച്ചത് രാവിലെ 7.15-ന്. കളറാകേണ്ട വെടിക്കെട്ട് വെറും 'വെടീം പൊകേം' മാത്രമായി. രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ 5 മണിവരെ തൃശൂര്‍ നഗരത്തില്‍ അരക്ഷിതാവസ്ഥയായിരുന്നു. ഇതെല്ലം ജനം ലൈവായി ചാനലുകളില്‍ കണ്ടതാണ്. പൂരം കലങ്ങാന്‍ ഇത്രയൊക്കെ പോരേ..?
വാസ്തവത്തില്‍ എന്താണ് അന്ന് പൂരപ്പറമ്പില്‍ സംഭവിച്ചത് എന്ന് ഒന്നുകൂടി വിശദമാക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നതിനാല്‍ പൂരത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. സാധാരണയായി രാത്രിയില്‍ നടക്കുന്ന വെടിക്കെട്ട് പകല്‍ സമയത്ത് നടത്തിയത് പൂരപ്രേമികളുടെ നെഞ്ചില്‍ ഇടിത്തീയായി പതിച്ചു. പൂരം ചിലര്‍ മനപൂര്‍വം തടസപ്പെടുത്തിയെന്ന ആരോപണം ശക്തമായി. ഇതൊരു രാഷ്ട്രീയ പകപോക്കലാണോയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ച സജീവമായി.
കുടമാറ്റത്തിന് ശേഷം ജനങ്ങളെ ആവേശക്കൊടുമുടിയിലെത്തിക്കുന്നതാണ് വെടിക്കെട്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി ആരും കാണാത്ത കര്‍ശന നടപടികളാണ് അപ്രതീക്ഷിതമായി പോലീസ് എടുത്തത്. പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടൊരുക്കങ്ങള്‍ പൂര്‍ത്തിയായതിനെതുടര്‍ന്ന് തിരുവമ്പാടി ദേവസ്വത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ പോലീസുമായി തര്‍ക്കമുണ്ടായി.
സാധാരണ ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അനുവദിച്ചിരുന്ന മുന്‍കാല രീതികളില്‍ നിന്ന് വ്യത്യസ്ഥമായി വെടിക്കോപ്പുകള്‍ സെറ്റ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമേ പ്രവേശിക്കാവൂ എന്ന് പോലീസ് തനി മുട്ടാപ്പോക്ക് നിലപാടെടുത്തു. ഇതോടെ തിരുവമ്പാടി വിളക്കുകള്‍ കെടുത്തുകയും പൂരം നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. ഒടുവില്‍ റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടറും ഇടപെട്ട് ധാരണയായതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭച്ചത്.
ഇനി പറ പൂരം കലങ്ങിയോ ഇല്ലയോ..? ഒരു കാര്യം കൂടി. പൂരം അലങ്കോലപ്പെട്ടതിന്റെ പേരില്‍ തൃശൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണീ നടപടി. പൂരം കലങ്ങിയില്ലെങ്കില്‍ പിന്നെന്തിനാണ് എഫ്.ഐ.ആറും അന്വേഷണവും എന്ന അരിയാഹാരം കഴിക്കുന്നവരുടെ ചോദ്യത്തിനുള്ള മറുപടി ഈ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കിട്ടുമോ...വടക്കുംനാഥാ...
പൂരം അലമ്പായതിനെ തുടര്‍ന്ന് പൂരപ്പറമ്പിലേയ്ക്ക് സുരേഷ് ഗോപി, ആര്‍.എസ്.എസിന്റെ സേവന വിഭാഗമായ സേവാ ഭാരതിയുടെ ആംബുലന്‍സില്‍ വന്നിറങ്ങുന്നതും ഇതേ അരിയാഹാരം കഴിക്കുന്നവര്‍ കണ്ടതാണ്. തൃശൂര്‍ പൂരം മുടങ്ങിയ സമയത്ത് പൂര നഗരിയിലേക്ക് എത്തിയതെങ്ങനെയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പിണറായിയുടെ ''കടക്ക് പുറത്ത്...'' എന്ന ഉറഞ്ഞു തുള്ളല്‍ രീതിയില്‍ ''മൂവ് ഔട്ട്...'' എന്നാണ് മാധ്യപ്രവര്‍ത്തകരോട് കേന്ദ്ര മന്ത്രി പുങ്കവന്‍ ആക്രോശിച്ചത്.
ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നത്. ''പാര്‍ട്ടി ജില്ല അധ്യക്ഷന്റെ കാറിലാണ് അവിടെ പോയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കില്‍ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താന്‍ തയാറുണ്ടോ..?'' സുരേഷ് ഗോപി ചോദിക്കുന്നു. സി.ബി.ഐ എന്നാല്‍ നമ്മുടെ 'സെന്‍ട്രല്‍ ബോള്‍ട്ട് ഇടിച്ച്' പരിപ്പെടുക്കുന്നവരാണോ സാര്‍...
വേണ്ട, നമുക്ക് സി.ബി.ഐയെ വിളിക്കേണ്ട ആവശ്യമില്ല. സുരേഷ് ഗോപി തന്റെ കള്ളം തിരുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകള്‍ ആക്രമിച്ചതിനാല്‍ താന്‍ പൂരപ്പറമ്പിലേക്ക് ആംബുലന്‍സില്‍ പോയെന്നാണ് നിന്ന നല്‍പ്പിലുള്ള അദ്ദേഹത്തിന്റെ മലക്കം മറിച്ചില്‍. ആംബുലന്‍സില്‍ കയറിയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സമ്മതിച്ചു. എന്നാല്‍, പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യമത്രേ.
തന്റെ കാലിന് സുഖമില്ലായിരുന്നു. ഞാന്‍ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവര്‍ത്തനം (തിരഞ്ഞെടുപ്പ പ്രചാരണം) നടത്തിയത്. ആ കണ്ടീഷനില്‍ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് പോകാന്‍ പറ്റുന്നില്ല. അതിന് മുമ്പ് ഞാന്‍ കാറില്‍ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയപ്പോള്‍ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാര്‍, ഗുണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചു-സുരേഷ് ഗോപി തുടര്‍ന്നു.
''അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാന്‍ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാന്‍ ആംബുലന്‍സില്‍ കയറിയത്. ഇതിന് ഞാന്‍ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സി.ബി.ഐ വരുമ്പോള്‍ അവരോട് പറഞ്ഞാ മതി. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിക്കാന്‍. ഇവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും...' സുരേഷ് ഗോപിയുടെ ശാപം ഫലിക്കുമോ ആവോ.
പണ്ട് പണ്ട് ഈ സോഷ്യല്‍ മീഡിയയും മൊബൈലും ഇന്റര്‍നെറ്റും ചാനലുകളുമൊന്നുമില്ലാതിരുന്ന കാലത്ത്. പത്രവും റേഡിയോയും മാത്രമുണ്ടായിരുന്ന സമയത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് വായില്‍ തോന്നുന്നത് പറയാമായിരുന്നു. സംഗതി പുലിവാല് പിടിക്കാന്‍ പരുവത്തിലുള്ളതാണെങ്കില്‍ പിറ്റെ ദിവസം യാതൊരു സങ്കോചവുമില്ലാതെ അവര്‍ തലേന്ന് പറഞ്ഞത് വള്ളിപുള്ളി വിടാതെ നിഷേധിക്കുമായിരുന്നു. കഷ്ടം, അങ്ങനെയവര്‍ പ്രസ്താവിച്ചോ എന്ന് തെളിയിക്കാന്‍ അന്നൊരു മാര്‍ഗവുമില്ലായിരുന്നു.
ഇത്തരം നിഷേധിക്കല്‍ കലയുടെ ഉസ്താദായിരുന്നു ലീഡര്‍ കെ കരുണാകരന്‍. നിഷേധ പ്രസ്താവനയിറക്കുന്ന ലീഡര്‍, ''ഇതിന്റെ പിന്നില്‍ പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണ്...'' എന്നുകൂടി കൂട്ടിച്ചേര്‍ക്കുമായിരുന്നു. കെ കരുണാകരന്റെ ഇത്തരം രാഷ്ട്രീയ ഗിമ്മിക്കുകള്‍ ജനങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. എന്നാലിപ്പോള്‍ പിണറായിയുടെയും സുരേഷ് ഗോപിയുടെയുമാക്കെ മലക്കം മറിച്ചിലുകള്‍ കല്ലുവച്ച നുണകളാണ്. കാരണം അത് തെളിയിക്കാന്‍ ഇന്ന് ഡിജിറ്റല്‍ മാര്‍ഗങ്ങളേറെയുണ്ട്. നാട്ടുകാരെ എക്കാലവും പച്ചയ്ക്ക് വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന് സാരം.