ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. ദീപാവലി എന്നും ദീവാളി എന്നും പലരും വിളിക്കുന്നു. ദീപങ്ങൾ കൊണ്ട് രാത്രി പകലാവുന്ന ദിവസം. കന്യാകുമാരി മുതൽ കാശ്മീർ വരെ നീളുന്ന ഇന്ത്യയുടെ ആഘോഷമാണ് ദീപാവലി . തിന്മയുടെ മേൽ നന്മയുടെ വിജയമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ദിവസം. മധുര പലഹാരങ്ങൾ സമ്മാനമായി നൽകി ഈ ദിവസം ആഘോഷമാക്കുന്നു. ഹിന്ദു ജൈന സിഖ് മതവിശ്വാസികൾ ദീപം മൺചിരാതുകളിൽ കൊളുത്തിയും ആഘോഷിക്കുന്നു.
തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ്ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
ഐതീഹ്യം എന്തുതന്നെ ആയാലും തിന്മ എന്ന ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമായാണ് ദീപാവലി ആഘോഷം.
സന്ധ്യ സമയത്തു ദീപങ്ങൾ കത്തിച്ചു വീടുമുഴുവനും പ്രകാശപൂരിതമാക്കും. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം.
എന്റെ കുട്ടികലത്തു മുത്തശ്ശി എന്നും ദീപാവലി നാളിൽ എണ്ണതേച്ചു കുളിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. മുത്തശ്ശി പറഞ്ഞ കഥയിൽ നിന്നും ഓർമ്മ വരുന്നത് നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചു കൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ മുഴുവന്‍ എണ്ണ പുരട്ടി ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്ത ഫലം ലഭ്യമാകും എന്നും, ദൈവ അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.
എണ്ണ തേച്ച് കുളിക്കുന്നതിനോടൊപ്പം , കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു. പക്ഷേ പൊതുവിലുള്ള ആശയം മനുഷ്യന്റെ അഹംഭാവം മാറ്റി പുതിയ ഒരു നല്ല മനുഷ്യനാവുക എന്നതാണ്. അതാണ് ദീപം ചെയ്യുന്നതും ഇരുട്ടിൽ നിന്നും നമ്മെ വെളിച്ചത്തിലേക്ക് നയിക്കുന്നു.
ഏവർക്കും എന്റെ ദീപാവലി ആശംസകൾ .