ലാന സാഹിത്യോത്സവം 2024 ന് നവംബർ 1-3 വരെ ന്യൂയോർക്കിലെ എൽമൊണ്ടിലെ അക്ഷര നഗരിയിൽ ആരംഭിച്ചു. എൽസിയോഹന്നാൻ ശങ്കരത്തിൽ ഗീതാഞ്ജലിയുടെ ഒരു ഭാഗം വായിച്ചുകൊണ്ട് സാഹിത്യോത്സവവേദി സജീവമാക്കി. കൺവെൻഷൻ ചെയർമാൻ മനോഹർ തോമസ് സ്വാഗതം ആശംസിച്ചു.
ലാന പ്രസിഡന്റ് ശങ്കർ മനയുടെ അദ്ധ്യക്ഷതയിൽ പ്രശസ്തനോവലിസ്റ്റും ചെറുകഥാകൃത്തും സാഹിത്യ അക്കാഡമി അവാർഡ് ജേതാവും ആയ ഈ സന്തോഷ്കുമാർ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ലാന നേതൃത്വനിരയിലെ ഏഴ് അംഗങ്ങൾ ആറ് ജ്ഞാനപീഠം അവാർഡ് ജേതാക്കളുടെ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ ഉദ്ധരിച്ചുകൊണ്ടും ഒരംഗം ജ്ഞാനപീഠം ലഭിച്ചില്ലെങ്കിലും അതോടൊപ്പം എന്നും നില്ക്കുന്ന ബഷീർ കൃതിയിലെ വാക്കുകൾ അടർത്തിയെടുത്തുകൊണ്ടും ഉത്ഘാടനം വ്യത്യസ്തമാക്കി.
ലോകസമൂഹത്തെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതിൽ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, പല ഭാഷകളും മരണത്തിലേക്ക് പോയതും, ഭാഷ രാജ്യങ്ങളുടെ രൂപീകരണത്തിനും സ്വാതന്ത്ര്യത്തിനും കാരണമായതിനെക്കുറിച്ചും സന്തോഷ്കുമാർ പറഞ്ഞു. കേരളസംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ നവംബർ ഒന്നിനുതന്നെ ലാനയുടെ സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചത് ഭാഷയോടുള്ള ആദരവുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് മുൻ ലാന പ്രവർത്തകരായിരുന്ന ഡോ. എം എസ് ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മാമ്പലം എന്നിവർക്ക് ശ്രീ കെ. കെ. ജോൺസൺ സ്മരണാഞ്ജലി അർപ്പിച്ചു.
പ്രശസ്തകവിയും ചലച്ചിത്ര നിർമ്മാതാവും ആയ ജയൻ കെ സിയുടെ "റിതം ഓഫ് ദമാം" എന്ന ചലച്ചിത്രത്തിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കേരള കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതിന് അനുമോദനം അർപ്പിച്ചു.
തുടർന്ന് അനിലാൽ ശ്രീനിവാസൻ (ലാന അഡ്വൈസറി ബോർഡ് ചെയർമാൻ), സാമുവൽ യോഹന്നാൻ (ലാന സെക്രട്ടറി), ജോസ് ഓച്ചാലിൽ (മുൻ ലാനപ്രസ്ഡന്റ്), ജെ മാത്യൂസ് (കൺവെൻഷൻ വൈസ് ചെയർമാൻ, മുൻ ലാനാ പ്രസിഡന്റ്), ഷിബു പിള്ള(ലാന ട്രഷറർ), സാംസി കൊടുമൺ (കൺവെൻഷൻ ട്രഷറർ, മുൻ ലാന സെക്രട്ടറി), അബ്ദുൾ പുന്നയൂർക്കുളം ( മുൻ ലാന സെക്രട്ടറി), രാജു തോമസ് (സെക്രട്ടറി, കേരള സെന്റർ, കൺവെൻഷൻ കമ്മിറ്റി മെമ്പർ) എന്നിവർ ആശംസ അർപ്പിച്ചു.
കോരസൺ വർഗ്ഗീസും ഉമ സജിയും അവതാകരായി സാഹിത്യോത്സവത്തെ നയിച്ചു.
ജേക്കബ് ജോൺ (കൺവെൻഷൻ ജനറൽ കൺവീനർ, ലാനയുടെ പ്രോഗാം കോർഡിനേറ്റർ) ഉത്ഘാടനച്ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ അംഗങ്ങൾ അവരവരുടെ കവിതകൾ ആലപിച്ചു.
ഉമ സജി