ന്യൂയോര്‍ക്ക്: ഈടുറ്റ ചര്‍ച്ചകളും ഉജ്വലമായ പ്രഭാഷണങ്ങളും ചിന്തകളുടെ പുതിയ വാതായനങ്ങള്‍ തുറന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) സമ്മേളനത്തിന് തിരശീല വീണു. അമേരിക്കയിലെങ്ങുനിന്നുമുള്ള മലയാളി എഴുത്തുകാര്‍ പങ്കെടുത്തു . മോഹിനിയാട്ടവും വ്യത്യസ്തമായ നാടകവും സമ്പന്നമാക്കിയ കണ്‍വന്‍ഷൻ പങ്കെടുത്തവര്‍ക്ക് സാഹിത്യത്തിന്റെ പുതിയ അര്‍ത്ഥ തലങ്ങള്‍ അനുഭവവേദ്യമാക്കി.
കേരളത്തില്‍ നിന്നും വന്ന മുഖ്യാതിഥി ഇ. സന്തോഷ് കുമാര്‍ അമേരിക്കയോട് എതിര്‍പ്പുള്ള ചെറുപ്പകാലം ഓര്‍ത്തു. അമേരിക്കയില്‍ സ്വാതന്ത്ര്യം ഒരു പ്രതിമയാണെന്നായിരുന്നു ഒരു ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ പറഞ്ഞത്. തന്റെ പഞ്ചായത്തില്‍ സുവിശേഷകരായിരുന്നു അമേരിക്കയുമായി ബന്ധപ്പെട്ടവര്‍. അവരുടെ വലിയ വീടുകള്‍ എടുത്തുപറയാവുന്നവയായിരുന്നു. പിന്നീട് ജര്‍മ്മനിയിലെ നഴ്‌സുമാരുടെ വീടുകള്‍. 2012-ല്‍ ആദ്യമായി പാശ്ചാത്യരാജ്യത്ത് ചെല്ലുമ്പോള്‍ വ്യത്യസ്തമായ ധാരണകളായിരുന്നു. എല്ലാവരും വലിയ ധനികരും മറ്റും എന്നായിരുന്നു ധാരണ.
വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ എന്ന പേരില്‍ സഖറിയ എഴുതിയ ഒരു പരിപാടി ഏഷ്യാനെറ്റിനുവേണ്ടി അന്ന് ജര്‍മനിയില്‍ നിന്നു ചിത്രീകരിച്ചിരുന്നു.
ആദ്യകാലത്ത് പെണ്‍കുട്ടികളുടെ കുടിയേറ്റം അതിശയമായിരുന്നു. പള്ളി വികാരി ഒക്കെ ആയിരിക്കും അതിനു വഴിയൊരുക്കുക. ജര്‍മനിയില്‍ ചെന്ന് സ്‌നോ കണ്ടപ്പോള്‍ അത് അപ്പൂപ്പന്‍താടിയാണെന്ന് കരുതിയ പെണ്‍കുട്ടികള്‍. പലരും സ്‌കൂള്‍ പഠനം കഴിഞ്ഞ് പോയതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന ജര്‍മനിക്ക് വികസനത്തിന് നഴ്‌സുമാര്‍ ആവശ്യമുണ്ടായിരുന്നു. അവര്‍ അവിടെ പോയി പഠിച്ചു. നാലഞ്ചു വര്‍ഷം കഴിഞ്ഞായിരിക്കും തിരിച്ചുവരിക. അതിനിടെ ചിലര്‍ വീട്ടിലേക്ക് കത്തയയ്ക്കുന്നത് ഇടവക വികാരിയുടെ പേര്‍ക്കായിരിക്കും. കാരണം വീട്ടുകാര്‍ക്ക് വായിക്കാനറിയില്ല. നാട്ടില്‍ നിന്ന് വന്ന് ഒരു വികാരി അയച്ച കത്തില്‍ നിറയെ ഉപദേശങ്ങളാണ്. അവസാനം എഴുതി അമ്മച്ചി മരിച്ചുപോയി എന്ന്.
എങ്കിലും ക്രമേണ അവര്‍ അവിടെ വേരുറപ്പിച്ചു. അവരുടെ മക്കള്‍ ജര്‍മ്മന്‍കാരായി. ഒരു കഥയില്‍ മാന്ത്രികന്‍ മനുഷ്യനെ തത്തയാക്കുന്നു. പക്ഷെ അതിനെ മറ്റ് തത്തകള്‍ കൂട്ടത്തില്‍ കൂട്ടുന്നില്ല. തിരിച്ചൊട്ട് മനുഷ്യനാകാന്‍ അതിനു കഴിയുന്നുമില്ല. ഈ അവസ്ഥ ചില പ്രവാസികള്‍ക്ക് വന്നു ചേര്‍ന്നു. 60-കളിലും 70-കളിലുമൊക്കെ വരുന്നവര്‍ ഏകാന്തതിയില്‍ കഴിഞ്ഞു. ഓരോ പ്രവാസവും വ്യത്യസ്തമാണ്.
പത്തുവര്‍ഷം കഴിഞ്ഞ് 2022-ല്‍ യൂറോപ്പില്‍ ചെന്നപ്പോള്‍ സ്ഥിതി മാറി. അവിടെ നമുക്ക് തരാന്‍ പുതുതായി ഒന്നുമില്ല. അവിടത്തെ ഇന്റര്‍നെറ്റിന്റെ വേഗത പോലും ഇന്ത്യയിലേക്കാൾ കുറവ് . അവിടുത്തെ മാളുകളേക്കാള്‍ വലുതാണ് ലുലുമാള്‍- സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ നോവലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ നോവല്‍ അച്ചടക്കത്തിന്റെ കലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തില്‍ 1980 ആയപ്പോഴേയ്ക്കും നോവലിന്റെ പ്രാധാന്യം കുറഞ്ഞു. എന്നാല്‍ 2000 ആയപ്പോഴേയ്ക്കും നോവല്‍ ശക്തമായി തിരിച്ചുവന്നു. സാറാ ജോസഫ് 53-ാം വയസ്സില്‍ നോവലുമായി രംഗത്തുവന്നത് മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു.
പല മലയാളം നോവലുകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്താലും അതിനൊക്കെ ചെറിയ വിപണന സാധ്യതയേ ഉള്ളൂ. ആയിരമോ രണ്ടായിരമോ കോപ്പി. എന്നാല്‍ പള്‍പ്പ് ഫിക്ഷന്‍ വലിയ തോതില്‍ വിറ്റഴിയുന്നു. അതില്‍ നിന്ന് കിട്ടുന്ന ലാഭത്തില്‍ നിന്നാണ് പ്രാദേശിക ഭാഷയില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് പബ്ലീഷര്‍മാര്‍ പറയുന്നു. അതിനൊരു കാരണം ഇത്തരം കൃതികള്‍ക്ക് വലിയ സാഹിത്യ സമ്മാനങ്ങളൊക്കെ ലഭിച്ചേക്കാം എന്ന പ്രതീക്ഷയിലാണ്.
എന്തായാലും വിവര്‍ത്തന രംഗത്ത് സ്ത്രീകള്‍ മുന്‍നിരയില്‍ വന്നുവെന്നതും വലിയ മാറ്റമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാപന സമ്മേളനത്തില്‍ എട്ട് മുതിര്‍ന്ന അംഗങ്ങളെ ഫലകം നല്‍കി ആദരിച്ചു. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സരോജ വര്‍ഗീസ്, നീനാ പനയ്ക്കല്‍, ജോണ്‍ വേറ്റം, ഡോ. തോമസ് പാലയ്ക്കല്‍, സി.എം.സി, പീറ്റര്‍ നീണ്ടൂര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം. ഇവരില്‍ സി.എം.സിക്കുവേണ്ടി ജെ. മാത്യൂസ് ഫലകം ഏറ്റുവാങ്ങി.
ഏതാനും പുസ്തകങ്ങളും പ്രകാശനം ചെയ്തു. ചെറിയാന്‍ കെ. ചെറിയാന്റെ കവിതകള്‍, രതീദേവിയുടെ 'സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം', ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ഇംഗ്ലീഷ് പുസ്തകം, കൈലാഷ് യാത്ര- ഡിവൈന്‍ എക്‌സ്‌പെഡീഷന്‍സ് ഓഫ് എ ലൈഫ് ടൈം , സാംസി കൊടുമണ്ണിന്റെ 'ദി ഫസ്റ്റ് ബുക്ക് ഓഫ് എക്‌സോട്ടിക്', ലിന്‍ഡ അലക്‌സാണ്ടരുടെ 'ദി ഗേള്‍ ഹൂ ലവ്‌സ് തണ്ടര്‍ സ്‌റ്റോം' എന്നിവ.
ദിവ്യാ വാര്യരുടെ മോഹിനാട്ടകവും ഹൃദ്യമായി. ബിന്ദു ടിജി എഴുതി ഹരിദാസ് തങ്കപ്പന്‍ സംവിധാനം ചെയ്ത് ഡാളസ് ഭരതകലാ തീയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകം 'സ്ഥലത്തെ പ്രധാന കല്യാണം' വേറിട്ടതായി. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി അണിയിച്ചൊരുക്കിയതായിരുന്നു നാടകം.
ഞായറാഴ്ച സംഘടനാ പരിപാടികളോടെ സമ്മേളനം സമാപിക്കും.
പലരും പല പ്രതീക്ഷയോടെയാണ് ലാന സമ്മേളനത്തിനെത്തിയതെന്ന് പ്രസിഡന്റ് ശങ്കര്‍ മന ചൂണ്ടിക്കാട്ടി. അവയില്‍ കുറച്ചെങ്കിലും സഫലമായാൽ തങ്ങള്‍ ധന്യരായി. ഇപ്രാവശ്യം അമ്പതില്‍പ്പരം പേരാണ് കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തത്. അത് 200- 300 ആയി മാറണം.
സാഹിത്യം അനുഭവങ്ങളുടെ ലോകം തുറന്നു തരുന്നു. അത് കൂടുതല്‍ വിനയമുള്ളവരാക്കും, എല്ലാവര്‍ക്കും എഴുതാവുന്നതാണ്. എഴുത്ത് ജനാധിപത്യമൂല്യമുള്ളതായി. എഴുത്തുകാരുടെ എണ്ണം കൂടിയപ്പോള്‍ ചോദ്യം ഉയരുന്നു- ഇത്രയും എഴുത്തുകാര്‍ വേണോ?
എഴുത്തുകാരില്‍ ക്രമിനലുകളില്ല, കള്ളന്മാരില്ല. പരമാവധി കോപ്പിയടിക്കാര്‍ ഉണ്ടാകാം. ലോകത്തില്‍ എല്ലാവരും എഴുത്തുകാരായാല്‍ കള്ളന്മാരും ക്രമിനലുകലും ഇല്ലാത്ത കാലം വരും- ശങ്കര്‍ മനയില്‍ ചൂണ്ടിക്കാട്ടി.
(കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പിന്നാലെ)
see also
സമൂഹത്തിലെമുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ (ലാന സാഹിത്യോത്സവം രണ്ടാം ദിവസം : ഉമ സജി)
ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
എഴുത്തിടത്തിലെ രാഷ്ട്രിയ ഇടപെടലുകൾ (മാമ്മൻ സി മാത്യു)
മധുരമനോജ്ഞമായി ലാന സാഹിത്യോത്സവം
ലാന സാഹിത്യോത്സവം (കൂടുതല്‍ ചിത്രങ്ങള്‍)
മലയാളം ചെറിയ ഭാഷയല്ല, അപകര്‍ഷത വേണ്ട: ഇ. സന്തോഷ് കുമാര്‍
ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു