Image

സ്മൃതിവനം - ബാവ മാഷിൻ്റെ പുസ്തകം (ഷുക്കൂർ ഉഗ്രപുരം)

Published on 03 November, 2024
സ്മൃതിവനം - ബാവ മാഷിൻ്റെ പുസ്തകം (ഷുക്കൂർ ഉഗ്രപുരം)

പെരുങ്കടവ് പാലത്തിലേക്ക് യാത്ര പോകുന്ന സമയത്തൊക്കെ മനസ്സിലൂടെ കടന്നുപോകുന്ന ഒരു ചരിത്ര ശകലമുണ്ട്.  മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ വെള്ളക്കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സൈന്യം നാട് മുഴുവൻ ഭീതി വിതച്ച് അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കാലം. 

അരീക്കോട് MSP ക്യാമ്പിൽ നിന്നും മറ്റും കുതിച്ചെത്തുന്ന സൈന്യം തദ്ദേശവാസികളെ മർദ്ധിക്കൽ നിത്യസംഭവമാക്കിയിരുന്നു. അങ്ങനെയൊരിക്കൽ അരീക്കോട് നിന്നുള്ളവരും അയൽ ദേശത്തുകാരും പുഴയുടെ അക്കരെ ഒളിച്ചു താമസിക്കാൻ തുടങ്ങി. അക്കാര്യം അന്ന് ആരോ ബ്രിട്ടീഷ് സൈന്യത്തിന് ഒറ്റുകൊടുത്തു. കുനിയിൽ - കീഴുപറമ്പ് ഭാഗത്തേക്ക് കടന്നു കയറാനുള്ള വഴിയും അവർ പറഞ്ഞു കൊടുത്തു. അങ്ങനെ ബ്രിട്ടീഷ് സൈന്യം പെരുങ്കടവിലൂടെ പുഴ മുറിച്ചുകടന്ന് ഒളിവിൽ കഴിഞ്ഞവരെ ആക്രമിച്ചു. അതിൽ കുറെ പേർ ചെക്കുന്നിലേക്ക് ഓടി രക്ഷപ്പെടുകയും മറ്റു ചിലർ കൊണ്ടോട്ടി തങ്ങളുടെ അടുത്ത് പോയി അഭയം പ്രാപിക്കുകയും ചെയ്തു എന്ന് ഡോ. എ നുജൂം എഡിറ്റ് ചെയ്ത 'ചാലിയാർ രേഖകൾ' എന്ന പുസ്തകത്തിൽ കാണാം. 

ചുരുക്കത്തിൽ മനുഷ്യരുടെ വലിയ ചരിത്രമുള്ള ദേശത്തിൻ്റെ നാട്ടുകഥകളിൽ ഒരു ചരിത്രാധ്യായം രചിക്കുകയാണ് ബാവ മാഷിൻ്റെ സ്മൃതിവനം എന്ന ഈ കൃതി. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കയ്യിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തിട്ടും സ്വന്തം പണം മുടക്കി വാങ്ങിയ ചെരിപ്പ് ധരിക്കാൻ സ്വതന്ത്ര ഭരണഘടനയുള്ള നാടിൻ്റെ സാമൂഹിക വ്യവസ്ഥ അനുവദിക്കാതിരുന്ന കാലത്ത് നിന്നും തുടങ്ങിയതാണ് ബാവ മാഷിൻ്റെ സാമൂഹിക പുനർനിർമ്മാണ പ്രക്രിയ. ഒന്നാമധ്യായത്തിൽ കൃത്യമായി അക്കാര്യം എഴുതി വെക്കുന്നു അദ്ദേഹം. സാമൂഹിക ശ്രേണീകരണത്തിലെ വർണ്ണ അവർണ്ണ, കുലീന കുചേല, പണം ഉള്ളവർ (haves) പണം ഇല്ലാത്തവർ (have nots) വിഭാഗങ്ങളിലെ അന്തരത്തിൻ്റെ ആഴം എത്ര വലുതായിരുന്നു എന്ന് ആ അധ്യായത്തിലൂടെ ഗ്രഹിക്കാനാവും. ഒരു വ്യക്തി എന്നതിനപ്പുറത്തേക്ക് സമൂഹത്തിലെ സാധാരണ മനുഷ്യൻ്റെ പരിച്ഛേദമായി അദ്ദേഹത്തെ കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ശാലകളുടെ നിർമ്മാണത്തിലൂടെയും അതുവഴി വിദ്യാഭ്യാസ പ്രക്രിയയിലൂടെയും ഇത്തരം ചെരുപ്പിട്ട പുകിലുകളെ എന്നെന്നേക്കുമായി നാടുകടത്തി വിടാൻ അദ്ദേഹത്തിനായി എന്നത് വലിയൊരു നവോ പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് പറയേണ്ടി വരും. 

മാവൂർ ഗ്വാളിറയോൺസ് കമ്പനി നമ്മുടെ കുനിയിൽ ദേശത്തെ പോലുള്ള ഒരു നാട്ടുമ്പുറത്ത് എങ്ങനെയാണ് സാമൂഹിക മാറ്റം സൃഷ്ടിച്ചതെന്ന ചോദ്യം കൗതുകമായി തോന്നാമെങ്കിലും അക്കാലത്ത് അൻവാർ കോളേജ് നിർമ്മാണത്തിന് കമ്പനി നൽകിയ പതിനായിരം രൂപയുടെ സഹായം ഒട്ടും ചെറുതായിരുന്നില്ല എന്ന് വായിക്കുമ്പോൾ ആശയം വ്യക്തമാകും. അതിനുമപ്പുറത്ത് ആംഗലേയ ഭാഷയിൽ ഒരു കത്തെഴുതാൻ അല്ലെങ്കിൽ ഒരു കുറിപ്പടി തയ്യാറാക്കാൻ  പോലും അയൽ നാട്ടിലെ ആളുകളെ തേടിപ്പോകേണ്ടതായ ഒരു സാഹചര്യത്തിൽ നിന്നുകൊണ്ട് ഇന്നത്തെ കുനിയിൽ ദേശത്തെ നിർമിച്ചെടുക്കാൻ പരിശ്രമിച്ചതിൽ പ്രധാനിയാണ് അബ്ദുറഹിമാൻ മാസ്റ്റർ.  ഒരു വ്യക്തിയുടെ ചരിത്രം ദേശത്തിൻ്റെ ചരിത്രമായി മാറുന്നയിടത്താണ് ഈ കൃതിയുടെ പ്രാധാന്യം. 

"രവി കൂമൻകാവിൽ ബസ്സിറങ്ങി - ഏകാധ്യാപക വിദ്യാലയത്തിലെ വാദ്യാരായി" ജോലി ചെയ്യുന്നതിൽ വലിയ സാമൂഹിക പ്രാധാന്യം കൽപിച്ച് വായനക്കെടുത്ത മലയാളിയുടെ സാകൂതം നിറഞ്ഞ വായനയിലെ ഗൗരവത്തിലൂടെ ഖസാക്കിൻ്റെ കഥ ഇന്നും ഇതിഹാസമായി ജീവിക്കുന്നതുപോലുള്ള ഒരു സചേതനത്വം ഈ ഗ്രന്ഥത്തിൻ്റെ വരികൾക്കിടയിലും നമുക്ക് കാണാനാകും. ഒരുനാട്ടുമ്പുറത്തിൻ്റെ വളരെ ചെറിയ ഭാഗമായ ഗതാഗത സംവിധാനത്തിൽ പുരോഗതിയിൽ പോലും സ്വജീവതത്തിൻ്റെ കയ്യൊപ്പ് ചാർത്താനാകുക എന്നത് ഒരു ജീവിത സുകൃതമാണ്. അത്തരത്തിലുള്ള മനോഹരമായ ഒരുപാട് കാര്യങ്ങൾ ഒരു കഥാ പാരായണത്തിൻ്റെ ആഖ്യാന സുഖത്തോടെ രസച്ചരട് പൊട്ടാതെ വായിക്കാനാകുന്നു എന്നത് ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.

ബാവ മാഷ് അന്ന് കക്ഷത്ത് വെച്ചുനടന്ന ആംഗലേയ പത്രം 'മഅ്ന' അറിഞ്ഞു വായിക്കാനും വായിപ്പിക്കാനും അതിലെഴുതാനും കഴിയുന്ന അനേകം മനുഷ്യരെ പുതുതലമുറയിൽ സൃഷ്ടിക്കാനായി എന്നതാണ് മാഷിൻ്റെ അന്നത്തെ സാമൂഹിക പ്രവർത്തിൻ്റെ ആകെത്തുക.

പഠിച്ച് അധ്യാപക ജോലി ചെയ്ത് സമൂഹത്തോടുള്ള കടപ്പാട് വീട്ടുന്നതിന് പുറമെ അന്നത്തെ കാലത്ത് സിലബസിനപ്പുറത്തുള്ള മനുഷ്യ ജീവിതത്തിൻ്റെ പ്രകൃതി പാഠങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ക്രിയാത്മക സാമൂഹിക വൽക്കരണ പ്രക്രിയക്ക് വിദ്യാർത്ഥികളെ വിധേയമാക്കാൻ അദ്ദേഹം പരിശ്രമിച്ചു എന്നതും പുതുതലമുറയ്ക്ക് വലിയ പാഠം നൽകുന്നുണ്ട്. 

പുതുതലമുറ കേൾക്കാത്ത ജീവിത ഖിസ്സകളുടെ ഈടുറ്റ വരികളാണ് ബാവമാഷ് ഓരോ അധ്യായങ്ങളിലും കോറിയിട്ടിട്ടുള്ളത്. 

വായിച്ചറിഞ്ഞ് വിശകലനം ചെയ്ത് അതിൻ്റെ മാധുര്യമനുഭവിക്കേണ്ടത് വായനക്കാരനാണെന്ന് മാത്രം പറയുന്നു.

മനുഷ്യ ജീവിതത്തെ എഴുതപ്പെടുക എന്നത് വലിയ ഒരു അനുഗ്രഹമാണ്. ഒരു വ്യക്തിയുടെ ഓർമ്മയെഴുത്ത് സ്വജീവിത കഥകളിലൂടെ സ്വാനുഭവങ്ങളിലൂടെ സാമൂഹിക സാഹചര്യങ്ങളിലൂടെ ജീവിത കാലഘട്ടത്തിലെ ചരിത്ര ബിന്ദുക്കളിലൂടെ കടന്നുപോകയാൽ പല രീതിയിലുള്ള സാമൂഹിക ശാസ്ത്രപരവും ചരിത്രപരവുമായ നിരവധി പഠനഗവേഷണ പ്രവർത്തിനങ്ങളിലേക്ക് വെളിച്ചത്തിൻ്റെ വാതായനം തുറന്നിടൽ കൂടിയാണത്. 

പി.കെ അബ്ദുറഹിമാൻ മാസ്റ്റർ എന്ന ബാവ  മാഷിൻ്റെ 'സ്മൃതിവനം' എന്ന കൃതി ഒരു ദേശത്തിൻ്റെ വിദ്യാഭ്യാസ സംസ്ക്കാരിക ജീവിത ചരിത്രത്തിലേക്ക്കൂടി വെളിച്ചം വീശുന്ന ഒന്നാണ് എന്ന് പറയേണ്ടതുണ്ട്. അതിനുമപ്പുറത്ത് ആ ദേശത്തിൻ്റെ ചരിത്രത്തെ നിർമിക്കാൻ മനസ്സും ശരീവും അധ്വാനവും ആത്മാവും സമർപ്പിച്ച നിശബ്ദ വിപ്ലവകാരിയാണ് അബ്ദുറഹിമാൻ മാഷ്. ആ പരിപ്രേക്ഷ്യത്തിൽ അദ്ദേഹത്തിൻ്റെ എഴുത്തിന് വലിയ പ്രാധാന്യമുണ്ട്. ഇല്ലായ്മകളിൽ നിന്നും സ്വപ്രയത്നത്താൽ നേട്ടങ്ങൾ കൊയ്തെടുക്കുകയും അതിലൂടെ ലഭിച്ച ജീവിത സൗകര്യങ്ങളും മറ്റും തൻ്റെ സമകാലികർക്കും വരും തലമുറയ്ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിനും വേണ്ടി പ്രവർത്തിക്കുകയും കഠിനാധ്വാനത്തിൻ്റെ ഇടർച്ചകളില്ലാത്ത തുടർച്ചകളിലൂടെ തലമുറകൾക്ക് മാതൃക സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് ബാവ മാഷ്. അത്തരം ജീവിതം എഴുതപ്പെടുന്നതിലൂടെ ഗുണാത്മകമായ പല സന്ദേശങ്ങളും സമൂഹത്തിന് നൽകാനാകും. 

തൻ്റെ ദേശത്തിൻ്റെ വൈജ്ഞാനിക മണ്ഡലങ്ങൾ നിർമിച്ചെടുക്കുന്നതിലും ചരിത്രത്തിൽ നിന്നും ചരിത്രത്തിലേക്കുള്ള വൈജ്ഞാനിക ഗോപുരങ്ങളാക്കി അവയെ പ്രൗഢിയോടെ മാറ്റുകയും നിലനിർത്തുകയും ചെയ്തതിലെ നിഷ്കാമ കർമ്മിയുടെ നാമ പര്യായമാണ് ബാവമാഷ്. 

'വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നത് സ്ത്രീകളാണ്. എന്നാൽ ആദ്യം ഭക്ഷണം കഴിക്കുന്നത് പുരുഷൻമാരാണ്. പലപ്പോഴും സ്ത്രീകൾക്ക് കഴിക്കാൻ ഭക്ഷണം തികയാതെ വരുമ്പോൾ അവർ ഉണക്ക കപ്പ ഇടിച്ച്പൊടിച്ച് വേവിച്ച് പിട്ടാക്കി കഴിക്കുന്നു' എന്ന സാരാംശത്തിൽ ബഷീർ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ ജീവിച്ച സമൂഹത്തിലെ അക്കാലഘട്ടത്തിലെ കുടുംബ സാമൂഹിക സാമ്പത്തിക സാംസ്കാരിക സാഹചര്യങ്ങളും വ്യവസ്ഥകളും ഏതുരീതിയിലുള്ളതായിരുന്നെന്ന് ഈ ഒരു സാഹിത്യ സൃഷ്ടിയിലെ ചെറിയ വരികളിലൂടെ വായിച്ചെടുക്കാൻ കഴിയുന്നതുപോലെ 'സ്മൃതിവനം' വായിക്കുമ്പോൾ ബാവ മാഷിൻ്റെ ദേശത്തിൻ്റെ കഥ - സാമൂഹിക വിദ്യാഭ്യാസ ചരിത്ര വസ്തുതകളെ ഗ്രഹിച്ചെടുക്കാൻ നമുക്ക് എളുപ്പത്തിൽ സാധിക്കുന്നു. പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ പോരാടി പ്രയത്നിച്ച് മനോഹരമായി ജീവിച്ചു കാണിച്ച് നാളെയുടെ തലമുറക്കായി പ്രൗഢിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ചെടുത്ത് ഒരു മഹിത മാനവ സമൂഹത്തെ ക്രിയാത്മകമായി നിർമിച്ചെടുക്കുന്ന പ്രക്രിയയിൽ ജീവിതമർപ്പി മനുഷ്യനാണ് പി.കെ അബ്ദുറഹിമാൻ മാസ്റ്റർ. 

ഈ കൃതിയിലെ ഓരോ അധ്യായങ്ങളും വൈയക്തിക ജീവിതാനുഭവങ്ങൾക്കും ആഖ്യാനങ്ങൾക്കുമപ്പുറത്ത് അന്നത്തെ സാമൂഹിക ജീവിതത്തിൻ്റെ വർത്തമാനങ്ങളെ വരച്ചു കാണിക്കുന്നു. ചാലിയാർ നദീതീരത്ത് ആ ദേശത്തിൻ്റെ പുരോഗതിയുടെ അടയാളങ്ങളായി അൻവാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും പ്രോജ്ജ്വലമായി തലയുയർത്തി നിൽക്കാൻ കാരണക്കാരായവരിൽ പ്രധാനിയും ധൈഷണികമായി അന്നത്തെ മുന്നേറ്റങ്ങളെ നയിക്കുകയും ഗ്രഹിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ കൃതി എന്ന തലത്തിൽ ഈ പുസ്തകത്തിലെ വാചകങ്ങളെപ്പോലെ നിഷ്കളങ്കവും ഈടുറ്റതുമാണ് ഈ കൃതി, അതിനാൽ തന്നെ അത് വായിക്കപ്പെടേണ്ട ഒന്നാണ്. ഈ പുസ്തകം കൂടുതൽ വായിക്കപ്പെടുകയും നാടിൻ്റെ സകല ചിന്താമണ്ഡലങ്ങളിലും പുരോഗതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും ഒരു മുതൽക്കൂട്ടാവുകയും ചെയ്യട്ടെ. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക