(ലാന സമ്മേളനത്തിൽ അവതരിപ്പിച്ചത്)
എന്താണു എഴുത്തിടം ?
കഥകൾ, കവിതകൾ, ലേഖനങ്ങൾ,തിരക്കഥകൾ, പത്രവാർത്തകൾ, നാടകരചനകൾ,
സൈബറിടങ്ങളിലെ എഴുത്തുകൾ,
അങ്ങനെ പലതും.
അല്ലെങ്കിൽ അവ ഒരുക്കുന്ന നമ്മുടെ മനസ്സിടവുമാകാം! ഇങ്ങനെ വിശാലമായ ഒരു സ്പേസ്, അതിൽ നിന്നും ഈ സദസ്സിനു അനുയോജ്യമായ ഒരു നിർവ്വചനം നമുക്ക് കണ്ടെത്താം.
രാഷ്ട്രീയം എന്ന വാക്കൂം നിർവ്വചിക്കേണ്ടതുണ്ട്. എഴുത്തുകാരന്റെ രാഷ്ട്രിയ ബോധ്യങ്ങളേയും കക്ഷിരാഷ്ട്രിയ നിലപാടുകളെയും വ്യത്യസ്ഥമായി കാണണം.
ഒരു എഴുത്തുകാരന്റെ രാഷ്ട്രിയ നിലപാടുകൾ അയാളുടെ
എഴുത്തിനേയും സ്വാധീനിക്കും. എഴുത്തുകാർ ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണു സംസാരിക്കുന്നത്. ഇടശ്ശേരിയെ പറ്റി പറയും പോലെ ഒരു ഹൃദയം ഉണ്ടായിപ്പോയതാണൂ ഒരു എഴുത്തുകാരന്റ് കുറ്റം.
അവന്റെ മനസ്സിടത്തിന്റെ പ്രതികരണങ്ങളും നാം വായിച്ചെടുക്കണം.
ഈ ലോകം ജീവിക്കാൻ പറ്റിയ ഇടമല്ല, മരിക്കാനേ കൊള്ളുള്ളു എന്ന് തീർച്ചയാക്കി അവസാന കവിത ഒരു തപാൽപെട്ടിയിൽ നിക്ഷേപിച്ച് ഇടപ്പിള്ളി യാത്രയായതിനെ പറ്റി കേസരി ബാലകൃഷണപിള്ള പറയുന്നത് ഈ ലോകത്തെ മഹത്തായ മൂന്ന് നാലു ആത്മഹത്യകളിൽ ഒന്നാണു അത് എന്നാണു. ഒരു തുണ്ട് കവിത കുപ്പായ്യതൊറുപ്പിൽ എഴുതിവെച്ച് താൻ ജീവിച്ച തെരുവോരത്ത് മഴയിൽ കുതിർന്ന് യാത്രയായ അയ്യപ്പനും, എറണാകുളത്ത് ബോട്ട് ജെട്ടിയിൽ പെട്ടിക്കടയിട്ട് സ്വന്തം പുസ്തകം വിറ്റ ബഷീറും, തിരക്കുള്ള ഒരു തുണിക്കടയിലേക്ക് കടന്ന് വന്ന് ഹാളിന്റെ നടുവിലേക്ക് കസേര വലിച്ചിട്ട് ഇരുന്ന് ആശയസംവാദം നടത്തിയിരുന്ന ചങ്ങമ്പുഴയും ഈ ലോകത്തിന്റെ മാന്യത ലംഘിക്കയും ഈ ലോകത്തോടുള്ള അവരുടെ അമർഷവും പരമമായ പുച്ഛവും പ്രകടിപ്പിച്ച് മറ്റൊരു ലോകംസ്ഥാപിക്കാനുള്ള വെമ്പൽ
പ്രകടിപ്പിക്കയുമായിരുന്നു
എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഒരു മരണത്തിന്റെ symptomatic ആയിട്ടുള്ള അർത്ഥം, ഒരു മരണം എതിന്റെ ലക്ഷണമാണെന്നും
ഒരു എഴുത്തുകാരൻ പുലർത്തുന്ന പ്രതിഷേധമോ വ്യാകരണഭംഗമോ അല്ലെങ്കിൽ അക്ഷരതെറ്റോ അർത്ഥമുള്ളതാണെന്നും അതിൽ രാഷ്ടിയ നിലപാടുകളുണ്ടെന്നും
വിവരിച്ച് തന്നിരുന്ന വിജയൻ മാഷ് വാക്കൂകൾക്ക് മൂർച്ഛയുണ്ടാവണം എന്ന് നമ്മെ ഓർമ്മപ്പെടുത്തി ആ
വേദിയിൽ വിടവാങ്ങി. സ്ത്രീസ്വാതന്ത്രത്തെ ഇല്ലാതാക്കുന്നു എന്ന് നാം പഴിക്കുന്ന പർദ്ദ പോലെയുള്ള ഒരു വസ്ത്രധാരണം സ്വീകരിച്ച്, ഒരു സ്ത്രീ എന്ന നിലയിൽ ഈ വസ്ത്രം
മുൻപുള്ളതിലേറെ എനിക്ക് സമാധാനവും സുരക്ഷിതത്വബോധവും നൽകുന്നു എന്ന് പറഞ്ഞ് നമ്മെ പരിഹസിച്ച കമല സുരയ്യയും തിരുവോണത്തിനു തെണ്ടിതിന്ന കവി ബാലൻ പണം ഉണ്ടാക്കാൻ ഞാൻ സീരിയലിലും അഭിനയിക്കും എന്ന നിലപാട് സ്വീകരിക്കുന്നതും
നാം മനസ്സിലാക്കാതെ പോകുന്നു.
വിഷയം പലതാവം. പ്രകൃതി, നാഷണാലിറ്റി, അഭയാർത്ഥി പ്രശ്നങ്ങൾ,ലിംഗവിവേചനം, സ്വത്വബോധ്യങ്ങൾ, സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഇങ്ങനെ പലതും,
ഇവയെ ചെറുക്കൂന്ന ബോധ്യങ്ങൾ വിമർശ്ശനങ്ങളായും ഏറ്റുപറച്ചിലായും ചിലപ്പോൾ മാന്യത ലംഘിച്ചും ആവിഷ്കരിക്കപ്പെടും. കാരണം അവൻ ഹൃദയം കൊണ്ട് സംസാരിക്കുന്നവനാണു !
പുസ്തകതാളുകളിൽ പതിഞ്ഞ രാഷ്ടിക നിലപാടുകളിൽ ചിലത് ഒന്ന് പരാമർശ്ശിക്കട്ടെ.
സമഗ്രാധിപത്യ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുന്ന "ആനിമൽ ഫാം" പോലുള്ള നോവലുകൾ രചിച്ച ജോർജ്ജ് ഓർവൽ, ബംഗാളിൽ ജനിച്ച് ബ്രിട്ടീഷ് പൗരനായി പിന്നീട് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ സംസാരിക്കാൻ തന്റെ പേരും ജീവിതശൈലിയും മാറ്റിയ ബളെയർ ഇതിവൃത്തമാക്കുന്നത് രാഷ്ട്രീയമാണു.
"നിങ്ങളറിഞ്ഞോ നിങ്ങളെങ്ങെനെ നിങ്ങളായെന്ന്" എന്ന് ആക്രോശിക്കുന്ന കവി കടമനിട്ട "പുഴുങ്ങിയ മുട്ടകൾ" എന്ന കവിതയിൽ പറയുന്നു- അടവെയ്ക്കാൽ എടുത്ത കോഴിമുട്ടകൾ തന്റെ ഭാര്യയോട് കേണപേക്ഷച്ചത്രേ, മനുഷ്യർ ഞങ്ങളെ ചൊല്ലി കടിപിടി കൂട്ടാൻ ഇടയുള്ള മനുഷ്യഗന്ധമുള്ള
ലോകത്തേക്ക് ഞങ്ങളെ വിരിയിക്കാതെ പുഴുങ്ങിയെടുത്ത് കൂട്ടമായ് നിന്റെ
ഇണയനുമൊത്ത്
അങ്ങ് വിഴുങ്ങാൻ!
ഈ ആക്ഷേപഹാസ്യം
രാഷ്ട്രിയമല്ലേ സംസാരിക്കുന്നത് ?
മിലൻ കുന്ദേരയൂടെ ആദ്യ നോവൽ
"the joke” ചെക്ക്ളോസ്ലോവേക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി രാഷ്ട്രിയം വശമില്ലാത്ത തന്റെ കാമുകിക്ക് തമാശയായി അയച്ച ഒരു പോസ്റ്റ്കാർഡ് സന്ദേശം.
“Optimism is the opium of the people! A healthy atmosphere stinks of Stupidity! Long live Trotsky !" ഈ തമാശയുടെ കെണിയിൽ പെട്ട് ഇയാളുടെ ജീവിതം പിന്നീട് ഒരു ദുരന്തമായി മാറുന്നു. പുറത്ത് നിൽക്കുന്നവർ പരിഹാസമായ് മാത്രം കാണുകയും ഒരു ദുരന്തത്തിനുള്ള അവകാശം പോലും നിഷേധിക്കയും അയാളെ കേവലം നിസാരതയ്ക്ക് വിധിക്കയും ചെയ്യുന്നു. ഇക്കാലത്തും ഒരു
മുഖ്യമന്ത്രിയെ സംബ്ന്ധിച്ച് ഒരു ഫോട്ടോ ട്രോളായ് ഇട്ടാൽ സമാനപ്രശ്നം നേരിടില്ലേ ?
The joke സെൻസറിംഗില്ലാതെ കമ്മ്യൂണിസ്റ്റ് രാജ്യത്ത് പുറത്തിറങ്ങി. എന്നാൽ പാശ്ചാത്യ ലോകത്തെ 82ലെ ഇംഗ്ലീഷ് പതിപ്പ് വല്ലാതെ
എഡിറ്റിംഗിനു വിധേയമായി എന്നത് മറ്റൊരു വിരോധാഭാസം. പിന്നീട് 92ൽ ഇത് പുനർപരിഭാഷചെയ്ത് പ്രസിദ്ധികരിച്ചു.
പാബ്ലോ നെരൂദ എന്ന ചില്ലിയൻ കവിയുടെ കവിതകളിൽ രാഷ്ട്രിയ നിലപാടുകളും സാമുഹികമാറ്റത്തിനുള്ള പ്രചോദനവും നാം കാണുന്നു. നെരുദയുടെ സുഹ്യത്തും കവിയുമായ ലോർക്ക വധിക്കപ്പെടുന്നു. ഈ മരണത്തെപ്പറ്റി ചോദ്യം ഉയർന്നപ്പോൾ മിലിറ്ററി ജനറൽ പറഞ്ഞ മറുപടി "മറ്റുള്ളവർ പിസ്റ്റൾ കൊണ്ട് ചെയ്തതിനേക്കാൾ നാശനഷ്ട്ം ഇയാൾ പേനകൊണ്ട് ചെയ്തിട്ടുണ്ട് " എന്നാണു.
മുഹമ്മദ് ഡാർവ്വിഷ് എന്ന പാലസ്തീന്യൻ കവി I come from there എന്ന കവിതയിൽ പറഞ്ഞ് അവസാനിപ്പിക്കുന്നു to make a single word - homeland !
നോബൻ ജേതാവ് അമർത്യസെൻ identity and violence എന്ന പുസതകത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ഘടകങ്ങൾ പലതും യുദ്ധസമാനമായ സ്വത്വങ്ങളാവുന്നു എന്നും അവയെ എങ്ങനെ മാനവികമായ് ചെറുക്കാമെന്നും ചർച്ച ചെയ്യുന്നു.
(Equality)
സമത്യത്തിനും (liberty) സ്വാതന്ത്രത്തിനും
ഇടയിലുള്ള പിരിമുറുക്കം കുറച്ച് (fraternity) സാഹോദര്യത്വം ധാർമ്മിക മാനദണഢമാക്കി social osmosis ലൂടെ ഇന്ത്യയെ നിർമ്മിക്കുന്ന അംബേദ്കറുടെ
രാഷ്ട്രീയ വീക്ഷണങ്ങൾ ചർച്ച ചെയ്യുന്ന അനേകം കൃതികളുണ്ട് എന്നതും ഓർമ്മപ്പെടുത്തട്ടെ.
പൗരത്വരാഷ്ട്രീയങ്ങൾ ചർച്ച ചെയ്യുന്ന എഴുത്തുകളും ശ്രദ്ധിക്കുക. അഭയാർത്ഥികളെ സൃഷ്ടിക്കുന്ന, പുറന്തള്ളപ്പെടാൻ വേണ്ടി മാത്രം അകത്ത് നിർത്തുന്ന (included in to be excluded out) രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കുന്ന നിലപാടുകളെ
ജോർജിയോ അഗമ്പനെ പോലുള്ള എഴുത്തുകാർ തുറന്നുകാട്ടുന്നു.
ഇന്ത്യയിൽ സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രിയം നാം എങ്ങനെ പരാമർശ്ശിക്കാതെ പോകും ? ഗ്ഗോൾവാക്കറുടെ we or our nation hood defined എന്ന പുസ്തകത്തിലെ വികലരാഷ്ടീയം നാം അടുത്തിടെ ഏറെ കേട്ടിരുന്നു.
ഈ രാഷ്ട്രിയത്തെ എതിർത്ത ഗൗരി ലംഗേഷ്, കൽബുർഗ്ഗി,ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽകർ തുടങ്ങി പല എഴുത്തുകാരും കൊല്ലപ്പെട്ടു.
പത്രമാധ്യമങ്ങളിലെ രാഷ്ട്രിയ ഇടപെടലുകളും പരിശോധിക്കേണ്ടതുണ്ട്.സാംസ്ക്കാരിക സ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഗോളസംഘടനയുടെ പത്രമായ എൻകൗണ്ടറിന്റെ പത്രാധിപരിൽ ഒരാളായ കവി സ്റ്റീഫൻ സ്പെൻസർ 1967ൽ ആ സ്ഥാനം രാജിവെച്ചത്
പത്രം സി ഐ എ ഫണ്ട് സ്വീകരിച്ച് നിലനിൽക്കുന്നു എന്ന് മനസ്സിലായപ്പോഴാണു. കേരളം കണികണ്ട് ഉണരുന്ന
മലയാള മനോരമയും ഇതേ ആരോപണം നേരിട്ട പത്രമാണു. പാർട്ടി മുഖപത്രങ്ങൾ കക്ഷിരാഷ്ട്രിയ നിലപാടുകൾ പുലർത്തുന്നു. നിഷ്പക്ഷ നിലപാടുകളുള്ള പത്രങ്ങളെ പത്രാധിപരുടെ പേരു വിളിച്ച് വിരട്ടി വരുതിയിലാക്കുന്നതും നാം കണ്ടിട്ടുണ്ട്. പത്രങ്ങൾ മുഖ്യമന്ത്രി കരുണാകരെനെ വീഴ്ത്തുന്നതും വി എസ്സിനെ വാഴ്ത്തി മുഖ്യമന്ത്രിയാക്കുന്നതും നാം കണ്ടൂ. യുറോപ്പിലെ പത്രങ്ങളായ The Times (UK), Le Firgo ( France) തുടങ്ങിയ ദിനപത്രങ്ങൾ രാഷ്ടിയ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
When Google met Wikileaks എന്ന ജൂലിയൻ അസാഞ്ചിന്റെ പുസതകത്തിൽ
ഗൂഗിൾ സി ഇ ഒ ഷ്മിഡ് വീട്ടുതടവിലായ അസാഞ്ചിനെ സന്ദർശ്ശിച്ച് നടത്തിയ സംവാദങ്ങളാണു വിഷയമാകുന്നത്. ഈ പുസ്തകം സമൂഹം അഭിമുഖീകരിക്കുന്ന രാഷ്ട്രിയ പ്രശ്നങ്ങളും ആഗോളശൃഖല സൃഷ്ടിച്ച സാങ്കേതിക പരിഹാരങ്ങളൂം ചർച്ച ചെയ്യുന്നു.
അസാഞ്ചിന്റെ അഭിപ്രായത്തിൽ
ഇൻടെർനെറ്റിന്റെ വിമോചന ശക്തി അതിന്റെ സ്വാതന്ത്രത്തേയും രാഷ്ട്രരാഹിത്യത്തേയും അടിസ്ഥാനമാക്കിയുള്ളതാണു. പല ദേശത്തേയും രാഷ്ട്രിയ മാറ്റങ്ങൾക്ക് കാരണമായ ഇടപെടലുകളുടെ ആവിഷ്കാരരീതി അസാഞ്ച്
ഈ പുസ്തകത്തിലൂടെ ലോകത്തോട് വെളിപ്പെടുത്തുന്നു. വിക്കി ലീക്സ് പ്രവർത്തനത്തിൽ സ്നോഡന്റെ പങ്കും ഇവിടെ പരാമർശ്ശിക്കട്ടെ. പൗരന്മാർ കൂടുതൽ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാകുകയും ഭരണകൂടങ്ങൾ കൂടുതൽ അതാര്യമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വിക്കിലീക്സ് വെളിപ്പെടുത്തലുകൾക്ക് ഏറെ പ്രസക്തിയുണ്ട്. കേരളത്തിൽ നിന്നും "സി പി ഐ(എം) ഇൻസൈഡർ" എന്ന് വിക്കിലീക്സ് പരാമർശ്ശിക്കുന്ന ജോൺ ബ്രിട്ടാസ് നടത്തുന്ന പാർട്ടി സംബന്ധമായ ചില രഹസ്യ വെളിപ്പെടുത്തലുകളും കേബിൾസ് പുറത്തു വിടുന്നുണ്ട്.
കക്ഷി രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരുമുണ്ട്. നാം ഏറെ ആദരിക്കുന്ന ചില എഴുത്തുക്കാർ ഡൽഹിൽ നിന്നും കേരളത്തിലെത്തുമ്പോൾ കക്ഷിരാഷ്ട്രിയങ്ങൾക്ക് വഴങ്ങി അക്കാദമി തലപ്പത്തുള്ള സ്ഥാനമാനങ്ങൾ സ്വീകരിച്ച് തങ്ങളുടെ പ്രതികരണശേഷി പണയം വെയ്ക്കുന്നു എന്നതും പറയാതെ വയ്യ ! പത്മശ്രീ നിരസിച്ചും തന്റെ പ്രതികരണങ്ങൾക്ക് മൂർച്ഛകൂട്ടിയ സുകുമാർ അഴിക്കോടും ഇതേ നാട്ടിൽ തന്നെയാണു ജീവിച്ചിരുന്നത് എന്ന് ഓർമ്മപ്പെടുത്തട്ടെ. എഴുത്തുകാർ എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്നല്ല. അവരുടെ രാഷ്ട്രയമായ പ്രതികരണങ്ങൾ എല്ലാം ശരിയാണു എന്നുമല്ല. നമ്മെ സ്വാധീനിക്കുന്നത് അയാളുടെ ഏതെങ്കിലും കൃതിയോ പ്രതികരണമോ ആണു. അതിനു അർത്ഥം ആ വ്യക്തിയെ ആകെ നാം അംഗീകരിച്ചു
എന്നല്ലല്ലോ. എന്നാൽ അവർ പ്രതികരിക്കും എന്ന് വായനക്കാർ കരുതുന്ന വിഷയങ്ങളിൽ വേദികൾ നഷ്ടപ്പെടും എന്ന് കരുതി അവർ മൗനത്തിലാകുമ്പോൾ യഥാർത്ഥത്തിൽ അവർ അവരെ തന്നെ നഷ്‌ടപ്പെടുത്തുകയാണു !
അരാഷ്ടീയ നിലപാടും ഒരു രാഷ്ടിയമാണു. (lana )
മനുഷ്യൻ നിലനിൽക്കുന്ന geopolitical സ്പേസിൽ മനുഷ്യനെ സംബന്ധിക്കുന്നത് എല്ലാം രാഷ്ടിയമാണു.
മനസ്സിടവും എഴുത്തിടവും സൈബർഇടവുമെല്ലാം നമ്മുടെ ആവിഷ്കാരമാധ്യമങ്ങളും !
ഒരു എഴുത്തുകാരനെ സ്വാധീനിക്കുന്ന പല തരം രാഷ്ടിയ സ്വത്വ ബോധ്യങ്ങൾ ഉണ്ടാവാം. ഒരു വിഷയാവതരണത്തിൽ പരസ്പരം ചേർച്ചയില്ലാത്ത വിഷയങ്ങളെ ചേർത്ത് നിർത്തി ഒന്നിനെ മറ്റൊന്നിന്റെ നിഴലിൽ സ്ഥാപിച്ചെടുക്കുന്നത് ചിലപ്പോൾ ആ കൃതിയൂടെ അന്തസത്തെയെ ചോർത്തികളയാം. ആ പ്രതികരണം ഇവിടെ ഉചിതമോ എന്ന ആത്മപരിശോധനയും ഫിൽറ്ററിംഗും നന്നായിരിക്കും.
പണ്ട് കേസരിബാലകൃഷണപിള്ളയുടെ പ്രിന്റിംഗ് പ്രസ്സിൽ ചാക്ക് വിരിച്ച് കിടന്നുറങ്ങിയിരുന്ന ഒരു കൃഷണനും ഗോപാലനും ഉണ്ടായിരുന്നു. പിൽകാലത്ത് ഇവരാണു ഇന്ത്യൻ രാഷ്ട്രിയത്തിൽ
പിന്നീട് പി കൃഷണപിള്ളയും ഏ കെ ജി ആയും അറിയപ്പെടുന്നത്.
ഇവരുടെ രാഷ്ട്രിയബോധ്യങ്ങ്യൾ കേസരിയുടെ എഴുത്തിനെയോ അതോ കേസരിയുടെ എഴുത്തുകൾ ഇവരുടെ രാഷ്ടിയത്തെ രൂപപ്പെടുത്തിയിരുന്നോ എന്ന്
അറിയില്ല. പക്ഷേ,
ഇത്തരം സൗഹൃദങ്ങളുടേയും ആശയസംവാദങ്ങളിലൂടെയും നാം പരസ്പരം രൂപപ്പെടുകയാണൂ എന്ന് തിരിച്ചറിക.
see also
സമൂഹത്തിലെമുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ (ലാന സാഹിത്യോത്സവം രണ്ടാം ദിവസം : ഉമ സജി)
ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
എഴുത്തിടത്തിലെ രാഷ്ട്രിയ ഇടപെടലുകൾ (മാമ്മൻ സി മാത്യു)
മധുരമനോജ്ഞമായി ലാന സാഹിത്യോത്സവം
ലാന സാഹിത്യോത്സവം (കൂടുതല്‍ ചിത്രങ്ങള്‍)
മലയാളം ചെറിയ ഭാഷയല്ല, അപകര്‍ഷത വേണ്ട: ഇ. സന്തോഷ് കുമാര്‍
ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു