"എന്താടോ, ഞാൻ പറഞ്ഞത് സത്യമായി വരികയാണല്ലോ!"
"അതെന്താണ് പിള്ളേച്ചാ?"
"അടുത്ത അമേരിക്കൻ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന്."
"അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. അമേരിക്കയുടെ ചരിത്രത്തിൽ പുതിയ ഒരദ്ധ്യായം സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിക്കൊണ്ട് ഒരു കറുത്ത വർഗ്ഗക്കാരിയായ ഇന്ത്യൻ വംശജ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേൽക്കും."
"എന്തടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത്? ഏറ്റവും പുതിയ സർവ്വേയൊക്കെ പറയുന്നത് ട്രംപ് തന്നെ എന്നാണല്ലോ."
"എന്റെ പിള്ളേച്ചാ, അതൊക്കെ ഇന്നലെ വരെയുള്ള ഒരു മീഡിയാ ഹൈപ്പ് അല്ലായിരുന്നോ! അടുത്ത പ്രസിഡന്റ് ആയി കമലാ ഹാരിസ് ആകും എന്ന കാര്യം ലോകത്തിലെ മിക്ക മീഡിയാകളും ഇന്ന് പ്രവചിച്ചു കഴിഞ്ഞു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പലരും പറയുന്നത്."
"താൻ പറയുന്നത് ചില പ്രത്യേക രാഷ്ട്രങ്ങളാണ്. അവർക്കു കമലാ ഹാരിസ് പ്രസിഡന്റ് ആയേ തീരു. അമേരിക്കയുടെ ശത്രു രാജ്യങ്ങളാണ് അതിൽ ഭൂരിഭാഗവും. അത് തന്നെയാണ് അമേരിക്കക്കാരായവരുടെ പ്രധാന ഉത്ക്കണ്ഠയും."
"എന്താണ് പിള്ളേച്ചൻ ട്രംപിനെ പിന്തുണയ്ക്കാൻ കാര്യം? ഒന്നുമല്ലെങ്കിൽ കമലാ ഹാരിസ് നമുക്കൊക്കെ ഒരു വലിയ പ്രചോദനമല്ലേ? അത് കൊണ്ട് മാറ്റി ചിന്തിച്ചുകൂടേ?"
"തുറന്നു പറയാമല്ലോ, എനിക്ക് ട്രംപിനെ പിന്തുണയ്ക്കണമെന്നു യാതൊരു നിർബ്ബന്ധവുമില്ല. പക്ഷേ, കമലാ ഹാരിസിന്റെ ചില നയങ്ങൾ എനിക്ക് യാതൊരു കാരണവശാലും അംഗീകരിക്കാനാവുന്നില്ല. അക്കാര്യത്തിൽ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അപ്പോൾ പിന്നെ അദ്ദേഹത്തെ പിന്തുണച്ചേ മതിയാവൂ."
"അതെന്താണ് പിള്ളേച്ചാ? ബാക്കിയുള്ളവർ കൂടി അറിയട്ടെ."
"ഒന്ന്: യുക്രെയിൻ യുദ്ധം തുടരേണ്ടത് അമേരിക്കയുടെ നയങ്ങൾക്ക് ആവശ്യമാണെന്ന് അവർ കരുതുന്നു. എന്താണ് ആവശ്യം എന്നവർ പറയുന്നില്ല. ശീത സമരം കൊടികുത്തി വാണ എൺപതുകളുടെ ആവശ്യം ഇന്ന് അമേരിക്കയ്ക്ക് ഇല്ല. നാറ്റോ ഇത്ര ധൃതി പിടിച്ച് യുക്രെയ്‌നിലേക്കു വ്യാപിപ്പിക്കേണ്ട ആവശ്യം അമേരിക്കയ്ക്കില്ല. ആ യുദ്ധം കൊണ്ട് ആർക്കും ഒരു ഗുണവുമില്ല. പിന്നെ എന്തിനാണ് ഇത് തുടരേണ്ട ആവശ്യം?"
"അത് പിള്ളേച്ചൻ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്. യുക്രയിനിനെ നമ്മുടെ പക്ഷത്തു നിർത്തി അവിടെ നമ്മുടെ ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിച്ചാൽ പിന്നെ റഷ്യയെ നമ്മുടെ ചൊൽപ്പടിയിൽ നിർത്താനാവും."
"എടോ, അതിന്റെ അർഥം 'ക്യൂബൻ മിസൈൽ ക്രൈസിസ്' സമയത്തു സോവിയറ്റ് യൂണിയൻ എടുത്ത നിലപാടിനെ നമ്മൾ ഇപ്പോൾ അംഗീകരിക്കുന്നു എന്നാണ്. എത്ര പണമാണ് അമേരിക്ക യുക്രെയിനിനു വേണ്ടി മുടക്കുന്നത്! ഇന്ന് നാറ്റോയുടെ ആവശ്യമേ ഇല്ല എന്ന ട്രംപിന്റെ നിലപാടല്ലേ ശരി? ഇന്ന് അമേരിക്കയുടെ മുഖ്യ ശത്രു യഥാർത്ഥത്തിൽ റഷ്യ അല്ല. അമേരിക്ക തന്നെ പാല് കൊടുത്തു വളർത്തി വലുതാക്കി കുടത്തിലെ ഭൂതം പോലെ വളർന്ന ചൈന ആണ്. ചൈനയെ നേരിടാൻ നാറ്റോ മതിയാവില്ല. യൂറോപ്യൻ രാഷ്ട്രങ്ങളെക്കാളുപരി ഇന്ത്യ-ആസ്‌ട്രേലിയ-ജപ്പാൻ കൂട്ടുകെട്ടാണ്. അവിടെ വേണ്ടത്. റഷ്യയുമായും സൗഹൃദത്തിൽ പോകേണ്ടത് ആവശ്യമാണ്. ട്രംപ് പറയുന്നതിൽ കാര്യമുണ്ടെടോ."
"എന്റെ പിള്ളേച്ചാ, അതൊക്കെ ഗഹനമായ വിദേശകാര്യ വിഷയങ്ങളാണ്. ഒരു പ്രസിഡന്റ് മാത്രമല്ലല്ലോ ആ വക കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അമേരിക്കയുടെ സാമ്പത്തികം മെച്ചപ്പെടുത്താനും ആരോഗ്യമേഖല നവീകരിക്കാനും തൊഴിൽ രംഗത്ത് കുതിച്ചു ചാട്ടം നടത്താനും കമലാ ഹാരിസ് വന്നേ മതിയാകൂ. നിരവധി മില്യൺ ചെറുകിട സംരംഭകരെ സൃഷ്ടിക്കുമെന്നാണ് അവർ പറയുന്നത്. പുതിയ സർവ്വേ അനുസരിച്ചു സ്ത്രീകളിൽ ഭൂരിഭാഗവും 'അബോർഷൻ' എന്ന ഒറ്റ കാര്യം കൊണ്ട് കമലയെ പിന്തുണയ്ക്കുന്നു എന്നാണ്. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ പോലും കമലാ ഹാരിസ് ഇപ്പോൾ ഇസ്രായേൽ അനുകൂല നിലപാടാണ് എടുക്കുന്നത്."
“അത് വോട്ടുബാങ്ക് ലക്‌ഷ്യം വച്ചുള്ള കളിയാണ്. യഥാർത്ഥത്തിൽ അവർ വളരെ പ്രോ-പാലസ്തീൻ നയമാണ് ഇതുവരെ പിന്തുടർന്നിരുന്നത്. കമലാ ഹാരിസ് പ്രസിഡന്റ് ആയി വന്നാൽ യുക്രെയിൻ യുദ്ധഭൂമി കൂടുതൽ കലുഷിതമാകുമെന്നതിനു സംശയമില്ല. ലോകസമാധാനത്തിനു വേണ്ടി കാര്യങ്ങൾ വഴിതിരിക്കാനുള്ള നയതന്ത്രജ്ഞതയോന്നും കമലയ്ക്ക് ഉണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ട്രംപ് അദ്ദേഹത്തിന്റെ നയങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നവയാണ്. അതിൽ മാറ്റമില്ല."
"പിള്ളേച്ചാ, പുതിയ സർവ്വേ അനുസരിച്ചു രാഷ്ട്രീയ നിലപാടുകളിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന പല സംസ്ഥാനങ്ങളും ഇപ്പോൾ കമലയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. അപ്പോൾ ട്രംപിന്റെ നില പരുങ്ങലിൽ ആണെന്നാണ് കരുതേണ്ടത്. സർവ്വേയിൽ ഒന്നര ശതമാനം വരെ കമലയ്ക്കു മുൻതൂക്കം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത പ്രസിഡന്റ് ആയി കമലാ ഹാരിസ് ചരിത്രം സൃഷ്ടിക്കും എന്നതിന് സംശയമില്ല."
"ഒരു സർവ്വേയിൽ ഒന്നര ശതമാനം ലീഡ് എന്ന് പറഞ്ഞാൽ ഒന്നുമില്ല. കാരണം സർവ്വേയിൽ മാർജിൻ പിശക് 3 ശതമാനം ഉണ്ടെന്നാണ് പറയുന്നത്. പിന്നെ 16 കോടിയിൽ പരം വരുന്ന സമ്മതിദായകരിൽ ആകെ മുപ്പതിനായിരം പേരുടെയാണ് അഭിപ്രായം ആരാഞ്ഞത്. പിന്നെ, അവസാന സമയം അഭിപ്രായം മാറ്റുന്നവരാണ് നല്ലൊരു ശതമാനവും. അതുകൊണ്ടു തന്നെ ട്രംപിന് അനുകൂലമായ ഒരു തരംഗമായിരിക്കും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ‘അമേരിക്കയെ ശക്തിപ്പെടുത്തി വീണ്ടും മഹത്തരമാക്കുക’ എന്ന ട്രംപിന്റെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു."
"പിള്ളേച്ചാ, മത്സരം കടുത്തുവരികയാണ്. ഒടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിൽ കമലാ ഹാരിസ് ജയിച്ചാൽ വീണ്ടും ജനുവരി 6 ആവർത്തിക്കുമോ?"
"ഏയ്, അങ്ങനെയുണ്ടാവാൻ സാധ്യതയില്ല. ജനുവരിയിൽ ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത് നമുക്ക് കാണാമെടോ."
"ആശിക്കാൻ പിശുക്കു വേണ്ടല്ലോ. പിന്നെ കാണാം പിള്ളേച്ചാ."
"ഇനി കാണുമ്പോൾ എന്റെ കയ്യിൽ നിന്നും ലഡ്ഡു വാങ്ങാൻ മറക്കരുത്!"
"ഹാ....ഹാ …..ഹാ...!"
___________________